ഹെരോദാവ് സഭയെ പീഢിപ്പിക്കുന്നു
12
അക്കാലത്ത് ഹെരോദാരാജാവ് സഭാംഗങ്ങളായ ചിലരെ ഉപദ്രവിക്കാന്‍ തുടങ്ങി. യാക്കോബിനെ വെട്ടിക്കൊല്ലാന്‍ ഹെരോദാവ് ഉത്തരവിട്ടു. യോഹന്നാന്‍റെ സഹോദരനായിരുന്നു യാക്കോബ്. യെഹൂദര്‍ക്ക് അതിഷ്ടമാണെന്ന് ഹെരോദാവ് കണ്ടു. അതിനാല്‍ പത്രൊസിനെയും തടവറയിലാക്കാന്‍ അയാള്‍ തീരുമാനിച്ചു. (പെസഹാ ദിവസങ്ങളിലായിരുന്നു അത് സംഭവിച്ചത്.) ഹെരോദാവ് പത്രൊസിനെ പിടികൂടി തടവിലാക്കി. പതിനാറു ഭടന്മാര്‍ പത്രൊസിനു കാവല്‍ നിന്നു. പെസഹാ ഉത്സവം കഴിയുംവരെ ഹെരോദാവിനു കാക്കണമായിരുന്നു. പിന്നീട് പത്രൊസിനെ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരാന്‍ അവര്‍ ആലോചിച്ചു. അതിനാല്‍ പത്രൊസിനെ തുറങ്കിലടച്ചു. എന്നാല്‍ സഭ പത്രൊസിനുവേണ്ടി തുടര്‍ച്ചയായി ദൈവത്തോടു പ്രാര്‍ത്ഥിക്കുകയായിരുന്നു.
പത്രൊസ് തടവറ വിടുന്നു
പത്രൊസ് രണ്ടു പട്ടാളക്കാര്‍ക്കിടയില്‍ കിടന്നുറങ്ങുകയായിരുന്നു. അവനെ രണ്ടു ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു. തടവറയുടെ കവാടത്തില്‍ അധികം ഭടന്മാരും കാവല്‍ നിന്നു. സമയം രാത്രിയായി. പത്രൊസിനെ പിറ്റേന്ന് ജനങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരാന്‍ ഹെരോദാവ് ആലോചിച്ചു. പെട്ടെന്ന്, കര്‍ത്താവിന്‍റെ ഒരു ദൂതന്‍ അവിടെ വന്നു. മുറിയിലാകെ പ്രകാശം പരന്നു. ദൂതന്‍ പത്രൊസിന്‍റെ പാര്‍ശ്വത്തില്‍ തട്ടി ഉണര്‍ത്തി. ദൂതന്‍ പറഞ്ഞു, “വേഗം എഴുന്നേല്‍ക്കൂ!” പത്രൊസിന്‍റെ കൈകളില്‍നിന്നും ചങ്ങല ഊരിവീണു. ദൂതന്‍ പത്രൊസിനോടു പറഞ്ഞു, “വസ്ത്രങ്ങളും ചെരുപ്പും ധരിക്കുക.” പത്രൊസ് അങ്ങനെ ചെയ്തു. “നിന്‍റെ മേല്‍ ഉടുപ്പു മാറ്റി എന്നെ പിന്തുടരുക.”
ദൂതന്‍ പുറത്തേക്കിറങ്ങി. പത്രൊസ് പിന്തുടര്‍ന്നു. ദൂതന്‍ ചെയ്യുന്നതെല്ലാം യഥാര്‍ത്ഥത്തിലായിരുന്നു. പക്ഷേ താനൊരു ദര്‍ശനം കാണുകയാണെന്നു പത്രൊസ് കരുതി. 10 പത്രൊസും ദൂതനും ഒന്നാമത്തെയും രണ്ടാമത്തെയും കാവല്‍ക്കാരെ കടന്നുപോന്നു. പിന്നീടവര്‍ തങ്ങളെ നഗരത്തില്‍നിന്നും വേര്‍തിരിക്കുന്ന ഇരുന്പുവാതിലിനടുത്തെത്തി. വാതില്‍ അവര്‍ക്കായി സ്വയം തുറന്നു. അവര്‍ പുറത്തു കടന്നു തെരുവു വരെ നടന്നു. അനന്തരം ദൂതന്‍ വേഗം അപ്രത്യക്ഷനായി.
11 അപ്പോള്‍ നടന്നതെന്താണെന്നു പത്രൊസിനു ബോദ്ധ്യമായി. അയാള്‍ കരുതി, “ദൈവം തന്‍റെ ദൂതനെ എന്‍റെ അടുത്തേക്ക് അയച്ചതാണെന്ന് എനിക്കിപ്പോള്‍ മനസ്സിലായി. അവന്‍ എന്നെ ഹെരോദാവില്‍നിന്നും രക്ഷിച്ചു. എനിക്കു കഷ്ടതകള്‍ ഉണ്ടാകുമെന്നു യെഹൂദര്‍ കരുതി. എന്നാല്‍ ദൈവം എന്നെ എല്ലാത്തില്‍നിന്നും രക്ഷിച്ചു.”
12 പത്രൊസിന് ഇതു ബോദ്ധ്യമായപ്പോള്‍ അയാള്‍ മറിയയുടെ വീട്ടിലേക്കു പോയി. യോഹന്നാന്‍റെ അമ്മയായിരുന്നു മറിയ. (യോഹന്നാന്‍ മര്‍ക്കൊസ് എന്നും അറിയപ്പെട്ടിരുന്നു.) അവിടെ അനേകംപേര്‍ കൂടിയിരുന്നു. അവര്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. 13 പത്രൊസ് പുറംവാതിലില്‍ മുട്ടി. രോദാ എന്നു പേരായ ഒരു പെണ്‍കുട്ടി വിളികേട്ടു. 14 പത്രൊസിന്‍റെ സ്വരം തിരിച്ചറിഞ്ഞ പെണ്‍കുട്ടി സന്തോഷിച്ചു. വാതില്‍ തുറക്കാന്‍കൂടി അവള്‍ മറന്നു. അകത്തേ ക്കോടിച്ചെന്ന് അവള്‍ അവരോടു പറഞ്ഞു, “വാതില്‍ക്കല്‍ നില്‍ക്കുന്നത് പത്രൊസാണ്!” 15 വിശ്വാസികള്‍ പറഞ്ഞു, “നിനക്കു ഭ്രാന്താണ്!” എന്നാല്‍ അവള്‍ അതു തറപ്പിച്ചു പറഞ്ഞു. അതിനാല്‍ അവര്‍ പറഞ്ഞു, “ഇത് പത്രൊസിന്‍റെ ദൂതനായിരിക്കും.”
16 എന്നാല്‍ പത്രൊസ് തുടര്‍ന്നും മുട്ടി. വാതില്‍ തുറന്ന വിശ്വാസികള്‍ പത്രൊസിനെ കണ്ടു. അവര്‍ അത്ഭുതപ്പെട്ടു. 17 പത്രൊസ് കൈയാംഗ്യം കാണിച്ച് അവരോടു മിണ്ടാതിരിക്കുവാന്‍ പറഞ്ഞു. ദൈവം തന്നെ തടവറയില്‍നിന്നും രക്ഷിച്ച വിവരം പത്രൊസ് വിശദീകരിച്ചു. അവന്‍ പറഞ്ഞു, “സംഭവങ്ങള്‍ യാക്കോബിനോടും മറ്റു സഹോദരന്മാരോടും പറയുക.” അപ്പോള്‍ പത്രൊസ് മറ്റൊരിടത്തേക്കു പോയി.
18 പിറ്റേന്ന് ഭടന്മാര്‍ വളരെ അത്ഭുതപ്പെട്ടു. പത്രൊസിന് എന്തു സംഭവിച്ചു എന്നവര്‍ ആകുലപ്പെട്ടു. 19 ഹെരോദാവ് പത്രൊസിനെ എല്ലായിടവും തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. അതിനാല്‍ പത്രൊസിനു കാവലിരുന്നവരെ ഹെരോദാവ് ചോദ്യം ചെയ്യുകയും പിന്നീട് അവരെ കൊല്ലാന്‍ കല്പിക്കുകയും ചെയ്തു.
ഹെരോദാവിന്‍റെ മരണം
പിന്നീട് ഹെരോദാവ് യെഹൂദ്യ വിട്ടു. അയാള്‍ കൈസര്യായിലെത്തി. അല്പനാള്‍ അവിടെ തങ്ങി. 20 സോര്യര്‍-സീദോന്‍ ദേശക്കാരോട് ഹെരോദാവിന് കടുത്ത കോപമായി. അവര്‍ ഒരു സംഘമായി ഹെരോദാവിനെ സമീപിച്ചു. രാജാവിന്‍റെ അടുത്ത സേവകനായ ബ്ളാസ്തൊസിനെ തങ്ങളുടെ പക്ഷത്താക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഭക്ഷണസാധനങ്ങള്‍ക്കായി തങ്ങളുടെ രാജ്യം ഹെരോദാവിന്‍റെ രാജ്യത്തെ ആശ്രയിക്കുന്നതു കൊണ്ട് അവര്‍ അയാളോടു സമാധാനം അഭ്യര്‍ത്ഥിച്ചു.
21 അവരെ കാണുന്നതിന് ഹെരോദാവ് ഒരു ദിവസം നിശ്ചയിച്ചു. ആ ദിവസം ഹെരോദാവ് രാജകീയ വസ്ത്രങ്ങളണിഞ്ഞിരുന്നു. തന്‍റെ സിംഹാസനത്തിലിരുന്ന് അയാള്‍ ജനങ്ങളോട് പ്രസംഗിച്ചു. 22 ജനങ്ങള്‍ ആക്രോശിച്ചു, “ഇതൊരു ദേവന്‍റെ ശബ്ദമാണ്. മനുഷ്യന്‍റേതല്ല!” 23 ഈ സ്തുതി അയാള്‍ സ്വീകരിക്കുകയും ദൈവത്തെ മഹത്വപ്പെടുത്താതിരിക്കുകയും ചെയ്തു. അതുകൊണ്ട് കര്‍ത്താവിന്‍റെ ഒരു ദൂതന്‍ വന്ന് അയാളെ രോഗിയാക്കി. അയാള്‍ പുഴു അരിച്ച് മരിച്ചു
24 ദൈവസന്ദേശം പരക്കുകയും അനേകരെ സ്വാധീനിക്കുകയും ചെയ്തു. വിശ്വാസികളുടെ സംഘം വലുതായി വലുതായി വന്നു.
25 യെരൂശലേമിലെ ജോലി തീര്‍ന്നപ്പോള്‍ ബര്‍ന്നബാസും ശെൌലും അന്ത്യൊക്ക്യയിലേക്കു മടങ്ങി. മര്‍ക്കൊസ് എന്നു മറുപേരുള്ള യോഹന്നാനും അവരോടൊത്ത് ഉണ്ടായിരുന്നു.