ബര്‍ന്നബാസിനും ശെൌലിനും പ്രത്യേക ജോലി
13
അന്ത്യൊക്ക്യയിലെ സഭയില്‍ കുറെ പ്രവാചകരും അദ്ധ്യാപകരും ഉണ്ടായിരുന്നു. ബര്‍ന്നബാസ്, നീഗര്‍ എന്നു വിളിക്കപ്പെടുന്ന ശിമോന്‍, കുറേനക്കാരനായ ലൂക്യൊസ്, രാജാവായ ഹെരോദാവിനോടൊപ്പം വളര്‍ന്ന മനായേന്‍, ശെൌല്‍ എന്നിവര്‍. അവരെല്ലാം കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചും കഴിയുകയായിരുന്നു. പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു, ബര്‍ന്നബാസിനെയും ശെൌലിനെയും എനിക്കു വിട്ടുതരിക. അവര്‍ക്കു പ്രത്യേകമായി ഒരു ജോലിയുണ്ട്. അതു ചെയ്യാന്‍ ഞാന്‍ അവരെ തെരഞ്ഞെടുത്തിരിക്കുന്നു.”
സഭ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. അവര്‍ ശെൌലിന്‍റെയും ബര്‍ന്നബാസിന്‍റെയും മേല്‍ കൈവച്ച് അവരെ അയച്ചു.
ബര്‍ന്നബാസും ശെൌലും കുപ്രൊസില്‍
ബര്‍ന്നബാസും ശെൌലും പരിശുദ്ധാത്മാവിനാല്‍ അയയ്ക്കപ്പെട്ടു. അവര്‍ സെലൂക്യയിലേക്കു പോയി. അനന്തരം അവര്‍ സെലൂക്യയില്‍നിന്നും കുപ്രസിലേക്കു കപ്പല്‍ കയറി. സലമീസില്‍ എത്തിയ അവര്‍ യെഹൂദപ്പള്ളികളില്‍ ദൈവസന്ദേശം പ്രസംഗിച്ചു. (യോഹന്നാന്‍ (മര്‍ക്കൊസ്) സഹായിയായി അവരോടൊത്തുണ്ടായിരുന്നു.)
അവര്‍ ദ്വീപിലാകമാനം ചുറ്റിസഞ്ചരിച്ച് പാഫൊസിലെത്തി. പാഫൊസില്‍ മായാജാലപ്രകടനം നടത്തിയിരുന്ന ഒരു യെഹൂദനെ അവര്‍ കണ്ടുമുട്ടി. ബര്‍യേശു എന്നായിരുന്നു അയാളുടെ പേര്. അയാള്‍ ഒരു കള്ളപ്രവാചകനായിരുന്നു. ദേശാധിപതിയായിരുന്ന സെര്‍ഗ്യൊസ് പെൌലൊസിനോടൊപ്പമായിരുന്നു അയാള്‍ താമസിച്ചിരുന്നത്. സെര്‍ഗ്യൊസ് ബുദ്ധിമാനായിരുന്നു. അയാള്‍ ബര്‍ന്നബാസിനെയും ശെൌലിനെയും തന്നോടൊപ്പം വിളിച്ചു. ദൈവസന്ദേശം കേള്‍ക്കാന്‍ അയാള്‍ ആഗ്രഹിച്ചു. എന്നാല്‍ മന്ത്രവാദിയായ ഏലീമാസ് ബര്‍ന്നബാസിനും ശെൌലിനും എതിരായിരുന്നു. (ഗ്രീക്കു ഭാഷയില്‍ ബര്‍ന്നേശു എന്നതിനുള്ള പേരാണ് ഏലീമാസ്.) ഗവര്‍ണ്ണര്‍ യേശുവില്‍ വിശ്വസിക്കുന്നത് തടയാന്‍ അയാള്‍ ശ്രമിച്ചു. എന്നാല്‍ ശെൌലില്‍ പരിശുദ്ധാത്മാവ് നിറഞ്ഞിരുന്നു. (ശെൌലിന്‍റെ മറ്റൊരു പേരാണ് പെൌലൊസ്.) പെൌലൊസ് ഏലീമാസിനെ നോക്കി പറഞ്ഞു, 10 “പിശാചിന്‍റെ മകനേ! നീ എല്ലാ നന്മയുടെയും ശത്രുവാകുന്നു. നിന്നില്‍ കപടതന്ത്രങ്ങളും കളവുമാണുള്ളത്. കര്‍ത്താവിന്‍റെ സത്യങ്ങള്‍ കള്ളങ്ങളാക്കാന്‍ നീ എപ്പോഴും ശ്രമിക്കുന്നു. 11 ഇപ്പോള്‍ ദൈവം നിന്നെ സ്പര്‍ശിച്ച് അന്ധനാക്കും. സൂര്യപ്രകാശം പോലും കാണാന്‍ കഴിയാത്തവിധം നീ കുറച്ചുനാളത്തേക്ക് അന്ധനായിത്തീരും.”
അപ്പോള്‍ ഏലീമാസിന് എല്ലാം ഇരുണ്ടതായി തോന്നി. അയാള്‍ തപ്പിത്തടഞ്ഞ് നടന്നു. ഒരു കൈ പിടിച്ചു വഴികാട്ടാന്‍ ഒരാളെ കിട്ടിയെങ്കില്‍ എന്നയാള്‍ ആശിച്ചു. 12 അതുകണ്ട ഗവര്‍ണ്ണര്‍ വിശ്വസിച്ചു. അയാള്‍ക്കു കിട്ടിയ കര്‍ത്താവിനെപ്പറ്റിയുള്ള ഉപദേശങ്ങളില്‍ അയാള്‍ അത്ഭുതപ്പെട്ടു.
പൌലോസും ബര്‍ന്നബാസും കുപ്രൊസ് വിടുന്നു
13 പെൌലൊസും അവനോട് ഒപ്പമുണ്ടായിരുന്നവരും പാഫൊസില്‍ നിന്നും കപ്പല്‍ കയറി. അവര്‍ പംഫുല്യയിലെ പെര്‍ഗ്ഗാനഗരത്തിലെത്തി. പക്ഷേ യോഹന്നാന്‍ (മര്‍ക്കോസ്) അവരെ വിട്ടു യെരൂശലേമിലേക്കു മടങ്ങി. 14 അവര്‍ പെര്‍ഗ്ഗായില്‍നിന്നുള്ള യാത്ര തുടര്‍ന്ന് അന്ത്യൊക്ക്യയിലേക്കു പോയി.
പിസിദ്യായിലെ നഗരമാണ് അന്ത്യൊക്ക്യാ. ശബ്ബത്തുദിവസം അവര്‍ അന്ത്യൊക്ക്യയിലെ ഒരു യെഹൂദപ്പള്ളിയില്‍ കടന്നിരുന്നു. 15 മോശെയുടെ ന്യായപ്രമാണവും പ്രവാചകരുടെ വചനങ്ങളും വായിച്ചു. അപ്പോള്‍ യെഹൂദപ്പള്ളിയിലെ പ്രമുഖര്‍ പെൌലൊസിനും ബര്‍ന്നബാസിനും ഒരു സന്ദേശമയച്ചു: “സഹോദരന്മാരേ, നിങ്ങളുടെ വചനങ്ങള്‍ ആളുകളെ രക്ഷിക്കും. അതിനാല്‍ നമ്മെ ശക്തിപ്പെടുത്താനുതകുന്ന എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി പറഞ്ഞാലും.”
16 പെൌലൊസ് എഴുന്നേറ്റു. അയാള്‍ കൈ ഉയര്‍ത്തി പറഞ്ഞു, “എന്‍റെ യെഹൂദസഹോദരന്മാരേ, ജാതികളില്‍ സത്യദൈവത്തെ നമസ്കരിക്കുന്നവരുമേ നിങ്ങള്‍ ദയവായി എന്നെ ശ്രദ്ധിച്ചാലും! 17 യിസ്രായേലിന്‍റെ ദൈവം നമ്മുടെ പിതാക്കന്മാരെ തെരഞ്ഞെടുത്തു. മിസ്രയീമില്‍ അന്യനാട്ടുകാരെ പോലെ കഴിഞ്ഞ കാലത്ത് മഹത്തായ ജനതയാകുവാന്‍ ദൈവം അവരെ സഹായിച്ചു. അതായത് ശക്തിയോടെ ദൈവം അവരെ ആ രാജ്യത്തുനിന്നും പുറത്തു കൊണ്ടുവന്നു. 18 പിന്നീട് നാല്പതു വര്‍ഷം ദൈവം മരുഭൂമിയില്‍ അവരുടെ എല്ലാ ദൌര്‍ബല്യങ്ങളും പൊറുത്തു കാത്തു. 19 കനാന്‍ ദേശത്തെ ഏഴു രാജ്യങ്ങള്‍ അവന്‍ തന്‍റെ ആളുകള്‍ക്ക് നല്‍കി. 20 നാനൂറ്റി അന്പതു വര്‍ഷങ്ങള്‍ കൊണ്ടാണിതെല്ലാം സംഭവിച്ചത്.
“അതിനു ശേഷം ശമൂവേല്‍ പ്രവാചകന്‍റെ കാലംവരെ ദൈവം നമുക്കു ന്യായാധിപതികളെ തന്നു. 21 പിന്നീടവര്‍ ഒരു രാജാവിനെ ചോദിച്ചു. കീശിന്‍റെ പുത്രനായ ശെൌലി നെ ദൈവം അവര്‍ക്കു നല്‍കി. ബെന്യാമീന്‍റെ കുടുംബത്തില്‍ പിറന്നവനായിരുന്നു ശെൌല്‍. അയാള്‍ നാല്പതു വര്‍ഷം രാജാവായിരുന്നു. 22 പിന്നീട് ദൈവം ശെൌലിനെ മാറ്റി ദാവീദിനെ അവരുടെ രാജാവാക്കി. ദാവീദിനെക്കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞു, ‘യിശ്ശായിയുടെ പുത്രനായ ദാവീദ് ചിന്തയില്‍ എന്നെപ്പോലെയാണ്. ഞാനാവശ്യപ്പെടുന്നതെന്തും അവന്‍ ചെയ്യും.’
23 “യിസ്രായേല്‍ക്കാരുടെ രക്ഷ കനായി ദൈവം ദാവീദിന്‍റെ സന്തതികളില്‍ ഒരുവനെ കൊണ്ടുവന്നു. അതു യേശു ആയിരുന്നു. ദൈവം അതു വാഗ്ദാനം ചെയ്തിരുന്നു. 24 യേശു വരുംമുന്പ് യോഹന്നാന്‍ യിസ്രായേലിലെ മുഴുവന്‍ ജനതയോടും മാനസാന്തരത്തെക്കുറിച്ചും സ്നാനത്തെക്കുറിച്ചും പറഞ്ഞു. 25 യോഹ ന്നാന്‍ തന്‍റെ ജോലി പൂര്‍ത്തിയാക്കാറായപ്പോള്‍ അവന്‍ പറഞ്ഞു, ‘ഞാന്‍ ആരെന്നാണ് നിങ്ങള്‍ കരുതുന്നത്? ഞാന്‍ ക്രിസ്തുവല്ല. അവന്‍ വരാനിരിക്കുന്നു. അവന്‍റെ ചെരുപ്പ് അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല.’
26 “എന്‍റെ സഹോദരന്മാരേ, അബ്രാഹാമിന്‍റെ കുടുംബത്തിലെ സന്തതികളേ, സത്യദൈവത്തെ ആരാധിക്കുകയും ചെയ്യുന്ന ജാതികളേ, ശ്രദ്ധിക്കുക! ഈ രക്ഷയെപ്പറ്റിയുള്ള വാര്‍ത്ത ഞങ്ങളിലേക്ക് അയച്ചിരിക്കുന്നു. 27 യേശുവായിരുന്നു രക്ഷകനെന്ന് യെരൂശലേമിലെ യെഹൂദരോ, യെഹൂദ നേതാക്കളോ മനസ്സിലാക്കിയിരുന്നില്ല. യേശുവിനെപ്പറ്റിയുള്ള പ്രവാചകരുടെ വചനങ്ങള്‍ എല്ലാ ശബ്ബത്തിലും വായിച്ചു കേള്‍പ്പിക്കാറുള്ളതാണ്. എന്നിട്ടും അവര്‍ക്കു മനസ്സിലായില്ല. യെഹൂദര്‍ യേശുവിനെ കഠിനമായി വിമര്‍ശിച്ചു. പ്രവാചകരുടെ വചനങ്ങള്‍ യാഥാര്‍ത്ഥ്യമായി. 28 യേശുവിനെ കൊല്ലുന്നതെന്തിനെന്ന് യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അറിയില്ലായിരുന്നു. എങ്കിലും യേശുവിനെ വധിക്കാന്‍ അവര്‍ പീലാത്തൊസിനോട് ആവശ്യപ്പെട്ടു.
29 “തിരുവെഴുത്തുകളില്‍ എഴുതിയതെല്ലാം യെഹൂദര്‍ അവനോടു ചെയ്തു. എന്നിട്ടവര്‍ യേശുവിനെ കുരിശില്‍ നിന്നിറക്കി കല്ലറയില്‍ അടക്കി. 30 പക്ഷേ ദൈവം അവനെ പുനരുജ്ജീവിപ്പിച്ചു. 31 അതിനുശേഷം കുറെ ദിവസങ്ങളില്‍, യേശുവിനോടൊത്തു ഗലീലയില്‍നിന്നും യെരൂശലേമില്‍ വന്നവര്‍ അവനെ കണ്ടു. ഇപ്പോഴവര്‍ ജനങ്ങളുടെ മുന്പില്‍ അവന്‍റെ സാക്ഷികളാണ്.
32 “ദൈവം നമ്മുടെ പിതാക്കള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്‍റെ സുവിശേഷം ഞാന്‍ നിങ്ങളോടു പ്രഖ്യാപിക്കാം. 33 നമ്മള്‍ അവരുടെ സന്തതികളാകുന്നു. ദൈവം ആ വാഗ്ദാനം നമുക്ക് യഥാര്‍ത്ഥമാക്കുകയും ചെയ്തു. യേശുവിനെ പുനരുജ്ജീവിപ്പിച്ചു കൊണ്ടാണവന്‍ അതു ചെയ്തത്. അതുകൊണ്ട് രണ്ടാം സങ്കീര്‍ത്തനത്തില്‍ നമ്മള്‍ വായിച്ചുട്ടുണ്ട്:
‘നീ എന്‍റെ പുത്രനാകുന്നു
ഇന്നു ഞാന്‍ നിന്‍റെ പിതാവായി.’ സങ്കീര്‍ത്തനങ്ങള്‍ 2:7
34 ദൈവം യേശുവിനെ പുനരുജ്ജീവിപ്പിച്ചു. യേശു ഒരിക്കലും കല്ലറയില്‍ പോയി ജീര്‍ണ്ണിക്കില്ല. ദൈവം പറഞ്ഞു:
‘ദാവീദിനു ഞാന്‍ വാഗ്ദാനം നല്‍കിയ വിശുദ്ധവും സത്യവുമായ അനുഗ്രഹങ്ങള്‍ ഞാന്‍ നിനക്കു തരും.’ യെശയ്യാവ് 55:3
35 എന്നാല്‍ മറ്റൊരിടത്ത് ദൈവം പറയുന്നു:
‘നിന്‍റെ പരിശുദ്ധന്‍ അഴുകിപ്പോകാന്‍ നീ അനുവദിക്കില്ല.’ സങ്കീര്‍ത്തനങ്ങള്‍ 16:10
36 “ജീവിച്ചിരുന്ന കാലത്തു തന്നെ ദാവീദ് ദൈവഹിതം നടപ്പാക്കി. എന്നിട്ടയാള്‍ മരിച്ചു. ദാവീദ് തന്‍റെ പിതാക്കന്മാരോടു കൂടെ സംസ്കരിക്കപ്പെട്ടു. അവന്‍റെ ശരീരം അഴുകിപ്പോവുകയും ചെയ്തു. 37 എന്നാല്‍ ദൈവം പുനരുജ്ജീവിപ്പിച്ചവന്‍ കല്ലറയില്‍ അഴുകിയില്ല. 38-39 സഹോദരന്മാരേ, ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ മനസ്സിലാക്കണം: യേശുവിലൂടെ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കപ്പെടും. മോശെയുടെ ന്യായപ്രമാണം നിങ്ങളെ പാപങ്ങളില്‍നിന്നും ന്യായീ കരിച്ചില്ല. എന്നാല്‍ യേശുവില്‍ വിശ്വസിക്കുന്നവര്‍ അവനിലൂടെ ന്യായീകരിക്കപ്പെടുന്നു. ചിലതൊക്കെ സംഭവിക്കുമെന്നു പ്രവാചകര്‍ പറഞ്ഞിട്ടുണ്ട്. 40 സൂക്ഷിച്ചിരിക്കുക! പ്രവാചകര്‍ പറഞ്ഞതൊന്നും നിങ്ങളെ ബാധിക്കാതിരിക്കാന്‍ നോക്കുക. പ്രവാചകര്‍ പറഞ്ഞത് ഇങ്ങനെയാണ്:
41 ‘സംശയാലുക്കളേ, ശ്രദ്ധിക്കുക!
നിങ്ങള്‍ വിസ്മയിക്കുക, എന്നിട്ട് പോയി നശിക്കുക,
എന്തെന്നാല്‍ നിങ്ങളുടെ കാലത്ത്
നിങ്ങള്‍ വിശ്വസിക്കാത്ത ചിലത് ഞാന്‍ ചെയ്യും.
ആരെങ്കിലും വിശദീകരിച്ചു തന്നാല്‍ പോലും നിങ്ങളത് വിശ്വസിക്കില്ല.’” ഹബക്കൂക്ക് 1:5
42 പെൌലൊസും ബര്‍ന്നബാസും യെഹൂദപ്പള്ളി വിടാറായപ്പോള്‍ ജനങ്ങള്‍ അവരോട് അടുത്ത ശബ്ബത്തുദിവസം വീണ്ടും വരണമെന്നും തങ്ങളോട് ഇക്കാര്യങ്ങള്‍ കൂടുതല്‍ പറയണമെന്നും ആവശ്യപ്പെട്ടു. 43 യോഗാനന്തരം അവിടെനിന്നും അനേകം യെഹൂദര്‍ പെൌലൊസിനെയും ബര്‍ന്നബാസിനെയും പിന്തുടര്‍ന്നു. യെഹൂദരും യെഹൂദമതത്തിലേക്കു മാറിവന്ന അനേകം പേരും അവരോടൊപ്പം ഉണ്ടായിരുന്നു. സത്യദൈവത്തെ ഈ മതം മാറിയവരും ആരാധിച്ചിരുന്നു. ദൈവത്തിന്‍റെ കാരുണ്യത്തിലുള്ള വിശ്വാസം തുടരാന്‍ പെൌലൊസും ബര്‍ന്നബാസും അവരെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
44 അടുത്ത ശബ്ബത്തുദിവസം നഗരത്തിലെ എല്ലാ ആളുകളും കര്‍ത്താവിന്‍റെ വചനങ്ങള്‍ കേള്‍ക്കാന്‍ ഒത്തുകൂടിയിരുന്നു. 45 യെഹൂദര്‍ അവിടെ എല്ലാവരെയും കണ്ടു. അവര്‍ അസൂയാലുക്കളായി. അവര്‍ നിന്ദ്യമായ വാക്കുകള്‍ ഉപയോഗിക്കുകയും പെൌലൊസിന്‍റെ വാക്കുകളെ എതിര്‍ക്കുകയും ചെയ്തു. 46 എന്നാല്‍ പെൌലൊസും ബര്‍ന്നബാസും വളരെ ധൈര്യത്തോടെ പറഞ്ഞു, “ദൈവസന്ദേശം യെഹൂദരായ നിങ്ങളോടാണ് ഞങ്ങള്‍ ആദ്യം പ്രസംഗിക്കേണ്ടത്. എന്നാല്‍ നിങ്ങളതു നിരാകരിക്കുന്നു. നിത്യജീവന് നിങ്ങള്‍ നിങ്ങളെത്തന്നെ അനര്‍ഹരാക്കുന്നു! അതുകൊണ്ട് ഞങ്ങളിതാ ജാതികളിലേക്കു തിരിയുന്നു! 47 ഇതു ചെയ്യാനാണു കര്‍ത്താവ് ഞങ്ങളോടാവശ്യപ്പെട്ടത്. കര്‍ത്താവ് പറഞ്ഞു:
‘ജാതികള്‍ക്കു പ്രകാശമാകുവാനാണു നിന്നെ ഞാന്‍ സൃഷ്ടിച്ചത്.
അങ്ങനെ ലോകം മുഴുവനും ഉള്ളവര്‍ക്ക് രക്ഷയുടെ മാര്‍ഗ്ഗം കാണിക്കാനും.’” യെശയ്യാവ് 49:6
48 പെൌലൊസിന്‍റെ ഈ വാക്കുകള്‍ കേട്ട ജാതികള്‍ സന്തുഷ്ടരായി. അവര്‍ കര്‍ത്താവിന്‍റെ വചനത്തെ ആദരിച്ചു. അനേകര്‍ ആ സന്ദേശത്തില്‍ വിശ്വസിച്ചു. നിത്യജീവനു തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു അവര്‍.
49 കര്‍ത്താവിന്‍റെ സന്ദേശം രാജ്യം മുഴുവനും പ്രചരിപ്പിക്കപ്പെട്ടു. 50 പക്ഷേ ഭക്തസ്ത്രീകളെയും നഗരനേതാക്കളെയും ഇളക്കിവിട്ട് യെഹൂദര്‍ പെൌലൊസിനെയും ബര്‍ന്നബാസിനെയും പീഢിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ അവര്‍ ബര്‍ന്നബാസിനെയും പെൌലൊസിനെയും നഗരാതിര്‍ത്തിക്കു പുറത്തേക്കു ഓടിച്ചു. 51 പെൌലൊസും ബര്‍ന്നബാസും തങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളഞ്ഞു. പിന്നീടവര്‍ ഇക്കോന്യയിലേക്കു പോയി. 52 എന്നാല്‍ അന്ത്യൊക്ക്യായിലുള്ള യേശുവിന്‍റെ ശിഷ്യന്മാര്‍ സന്തോഷം നിറഞ്ഞവരും പരിശുദ്ധാത്മാവില്‍ പരിപൂതരുമായിത്തീര്‍ന്നു.