പെൌലൊസും ബര്‍ന്നബാസും ഇക്കോന്യയില്‍
14
പെൌലൊസും ബര്‍ന്നബാസും ഇക്കോന്യയിലേക്കു പോയി. അവര്‍ യെഹൂദപ്പള്ളിയിലേക്കു കയറി. (എല്ലാ നഗരങ്ങളിലും അവര്‍ ഇതു തന്നെയാണു ചെയ്തത്.) അവര്‍ അവിടത്തെ ജനങ്ങളോടു സംസാരിച്ചു, അനവധി യെഹൂദരും, യവനരും അവരെ വിശ്വസിക്കുംവിധം പെൌലൊസും ബര്‍ന്നബാസും നന്നായി പ്രസംഗിച്ചു. എന്നാല്‍ യെഹൂദരില്‍ ചിലര്‍ വിശ്വസിച്ചില്ല. അവര്‍ ജാതികളെ ദുഷ്പ്രേരണ ചെലുത്തി വിശ്വാസികള്‍ക്കെതിരെ തിരിച്ചു.
എന്നാല്‍ പെൌലൊസും ബര്‍ന്നബാസും ഇക്കൊന്യയില്‍ വളരെക്കാലം താമസിക്കുകയും കര്‍ത്താവിനുവേണ്ടി ധൈര്യപൂര്‍വ്വം സംസാരിക്കുകയും ചെയ്തു. ദൈവത്തിന്‍റെ കാരുണ്യത്തെപ്പറ്റി അവര്‍ പ്രഭാഷണം നടത്തി. വീര്യപ്രവര്‍ത്തികള്‍ വഴി അവര്‍ പറയുന്നത് സത്യമാണെന്ന് തെളിയിക്കാന്‍ കര്‍ത്താവ് പെൌലൊസിനെയും ബര്‍ന്നബാസിനെയും സഹായിച്ചു. എന്നാല്‍ നഗരവാസികളില്‍ ചിലര്‍ യെഹൂദരോടു ചേര്‍ന്നു. മറ്റുള്ളവര്‍ പെൌലൊസിന്‍റെയും ബര്‍ന്നബാസിന്‍റെയും ഭാഗത്തായിരുന്നു. അങ്ങനെ നഗരം വിഭജിക്കപ്പെട്ടു.
ഏതാനും ജാതികളും യെഹൂദരും അവരുടെ നേതാക്കളും ചേര്‍ന്ന് പെൌലൊസിനെയും ബര്‍ന്നബാസിനെയും പീഢിപ്പിക്കാന്‍ ശ്രമിച്ചു. അവരെ കല്ലെറിഞ്ഞു കൊല്ലണമെന്നായിരുന്നു ശത്രുക്കളുടെ ഉദ്ദേശം. ഇക്കാര്യം മനസ്സിലാക്കിയ പെൌലൊസും ബര്‍ന്നബാസും നഗരം വിട്ടു. അവര്‍ ലുക്കവോന്യയിലെ ലുസ്ത്രയിലേക്കും ദെര്‍ബ്ബയിലേക്കും പോയി. പിന്നെ അവയ്ക്കു ചുറ്റുമുള്ള നഗരങ്ങളിലേക്കും. അവിടെയൊക്കെ അവര്‍ സുവിശേഷം പ്രസംഗിച്ചു.
പെൌലൊസ് ലുസ്ത്രയിലും ദെര്‍ബ്ബയിലും
ലുസ്ത്രയില്‍ കാലിനു കുഴപ്പമുള്ള ഒരാളുണ്ടായിരുന്നു. ജന്മനാ തന്നെ കാലു തളര്‍ന്ന അയാള്‍ ഇതുവരെയും നടന്നിട്ടില്ല. അയാള്‍ പെൌലൊസിന്‍റെ പ്രഭാഷണം ശ്രവിക്കുകയായിരുന്നു. പെൌലൊസ് അവനെ നോക്കി. ദൈവത്തിനു തന്നെ സുഖപ്പെടുത്തുവാന്‍ ആകുമെന്ന് അവന്‍ വിശ്വസിക്കുന്നതായി പെൌലൊസ് കണ്ടു. 10 അതിനാല്‍ പെൌലൊസ് വിളിച്ചുപറഞ്ഞു, “നിന്‍റെ കാലുകളില്‍ എഴുന്നേറ്റു നില്‍ക്കുക!” അയാള്‍ ചാടിയെഴുന്നേറ്റു നടക്കാന്‍ തുടങ്ങി.
11 പൌ ലൊസിന്‍റെ പ്രവൃത്തികള്‍ കണ്ട ജനം അവരുടെ ലുക്കവോന്യഭാഷയില്‍ വിളിച്ചു പറഞ്ഞു, “ദൈവങ്ങള്‍ മനുഷ്യരെപ്പോലെ ആയിരിക്കുന്നു! അവര്‍ നമ്മുടെ അടുത്തേക്ക് ഇറങ്ങി വന്നിരിക്കുന്നു!” 12 ജനം ബര്‍ന്നബാസിനെ “സിയൂസ്”* എന്നു വിളിക്കാന്‍ തുടങ്ങി. പെൌലൊസിനെ അവര്‍ “ഹെര്‍മെസ്” എന്നും വിളിച്ചു. കാരണം അയാളായിരുന്നു മുഖ്യപ്രഭാഷകന്‍. 13 സിയൂസ്ദേവന്‍റെ ദേവാലയം നഗരത്തിന് അടുത്തായിരുന്നു. ആ ദേവാലയത്തിലെ പുരോഹിതന്മാര്‍ ഏതാനും കാളകളെയും പുഷ്പഹാരങ്ങളെയും കവാടത്തിങ്കലേക്കു കൊണ്ടുവന്നു. അവനും ജനങ്ങളും അതുകൊണ്ടു പെൌലൊസിനും ബര്‍ന്നബാസിനും ബലിയര്‍പ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു.
14 എന്നാല്‍ ഇക്കാര്യം അറിഞ്ഞ അപ്പൊസ്തലന്മാരായ പെൌലൊസും ബര്‍ന്നബാസും തങ്ങളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി. എന്നിട്ടവര്‍ ആളുകള്‍ക്കിടയിലേക്ക് ഓടിക്കയറി വിളിച്ചുകൂവി. 15 “മനുഷ്യരേ, നിങ്ങളെന്തിനാണിതൊക്കെ ചെയ്യുന്നത്? ഞങ്ങള്‍ ദൈവങ്ങളല്ല! ഞങ്ങള്‍ക്കും നിങ്ങള്‍ക്കുള്ളപോലെ വികാരങ്ങളുണ്ട്! സുവിശേഷം നിങ്ങളോടു പറയാനാണ് ഞങ്ങള്‍ വന്നത്. ഈ ഉപയോഗശൂന്യമായ പ്രവൃത്തികളില്‍നിന്നും പിന്മാറാന്‍ ഞങ്ങള്‍ നിങ്ങളോടു പറയുന്നു. നിങ്ങള്‍ ജീവിക്കുന്ന സത്യദൈവത്തിലേക്കു തിരിയൂ. ആകാശവും ഭൂമിയും കടലും അവയിലുള്ളവയും സൃഷ്ടിച്ചത് അവന്‍ ഒരുവനാണ്.
16 “മുന്പ് ദൈവം എല്ലാ ജനതകളെയും അവരുടെ ഇഷ്ടത്തിനു വിട്ടിരുന്നു. 17 എങ്കിലും താനാണു സത്യമെന്നു അവന്‍ കാണിച്ചിരുന്നു: അവന്‍ നിങ്ങള്‍ക്കായി നന്മ ചെയ്തുകൊണ്ടേയിരുന്നു. നിങ്ങള്‍ക്ക് അവന്‍ ആകാശത്തുനിന്നും മഴ നല്‍കുന്നു. തക്ക സമയത്ത് നിങ്ങള്‍ക്ക് വിളവു തരുന്നു. നിറയെ ആഹാരം നിങ്ങള്‍ക്കു തരികയും മനസ്സിനെ ആഹ്ലാദം കൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു.”
18 പെൌലൊസും ബര്‍ന്നബാസും ജനങ്ങളോട് ഇതൊക്കെ പറഞ്ഞു. എന്നാലും തങ്ങള്‍ക്കു ബലിയര്‍പ്പിക്കുന്നതില്‍ നിന്ന് ജനങ്ങളെ അല്പമായി മാത്രമേ തടയാനായുള്ളൂ.
19 അപ്പോള്‍ ഏതാനും യെഹൂദന്മാര്‍ അന്ത്യൊക്ക്യയില്‍നിന്നും ഇക്കൊന്യയിലേക്കു വന്നു. പെൌലൊസിനെതിരെ തിരിയാനവര്‍ ജനങ്ങളെ നിര്‍ബന്ധിച്ചു. അതിനാലവര്‍ പെൌലൊസിനെ കല്ലെറിയുകയും വലിച്ചിഴച്ചു പട്ടണത്തിനു പുറത്താക്കുകയും ചെയ്തു. തങ്ങള്‍ പെൌലൊസിനെ കൊന്നുവെന്ന് ജനങ്ങള്‍ കരുതി. 20 യേശുവിന്‍റെ ശിഷ്യന്മാര്‍ പെൌലൊസിനു ചുറ്റും കൂടുകയും അവന്‍ എഴുന്നേറ്റു പട്ടണത്തിലേക്കു മടങ്ങിപ്പോവുകയും ചെയ്തു. പിറ്റേന്ന്, അവനും ബര്‍ന്നബാസും ദെര്‍ബ്ബെനഗരത്തിലേക്കു പോയി.
സിറിയായിലെ അന്ത്യൊക്ക്യയിലേക്കു മടങ്ങുന്നു
21 പെൌലൊസും ബര്‍ന്നബാസും ദെര്‍ബ്ബയിലും സുവിശേഷം പ്രസംഗിച്ചു. അനേകംപേര്‍ യേശുവിന്‍റെ അനുയായികളായി. പെൌലൊസും ബര്‍ന്നബാസും ലുസ്ത്രാ, ഇക്കോന്യ, അന്ത്യൊക്ക്യാ എന്നിവിടങ്ങളിലേക്കു മടങ്ങി. 22 ആ നഗരങ്ങളില്‍ അവര്‍ യേശുവിന്‍റെ അനുയായികളെ ശക്തരാക്കി. വിശ്വാസികളായിരിക്കാന്‍ അവര്‍ അനുയായികളെ സഹായിച്ചു. പെൌലൊസും ബര്‍ന്നബാസും പറഞ്ഞു, “ദൈവരാജ്യത്തേക്കുള്ള നമ്മുടെ വഴിയില്‍ നമുക്ക് ഒരുപാട് സഹിക്കേണ്ടതുണ്ട്.” 23 ഓരോ സഭയ്ക്കും അവര്‍ മൂപ്പന്മാരെ നിയമിച്ചു. അവര്‍ മൂപ്പന്മാര്‍ക്കു വേണ്ടി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചവരാണ് ഈ മൂപ്പന്മാര്‍. അതിനാല്‍ പെൌലൊസും ബര്‍ന്നബാസും അവരെ കര്‍ത്താവില്‍ സമര്‍പ്പിച്ചു.
24 പെൌലൊസും ബര്‍ന്നബാസും പിസിദ്യായിലൂടെ കടന്നു. പിന്നെയവര്‍ പംഫുല്യ രാജ്യത്തെത്തി. 25 പെര്‍ഗ്ഗായില്‍ അവര്‍ ദൈവസന്ദേശം പ്രസംഗിക്കുകയും തുടര്‍ന്ന് അത്തല്യെയിലേക്കു പോവുകയും ചെയ്തു. 26 അവിടെനിന്നും അവര്‍ സിറിയായിലെ അന്ത്യൊക്ക്യായിലേക്കു പോയി. അവിടെവച്ചാണ് പെൌലൊസും ബര്‍ന്നബാസും വിശ്വാസികളാല്‍ ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടതും ഇപ്പോഴത്തെ ജോലിക്കു നിയോഗിക്കപ്പെട്ടതും. ഇപ്പോള്‍ അവര്‍ ആ പ്രവൃത്തി പൂര്‍ത്തീകരിച്ചിരിക്കുന്നു.
27 ഇവിടെ എത്തിച്ചേര്‍ന്ന പെൌലൊസും ബര്‍ന്നബാസും സഭ വിളിച്ചുകൂട്ടി. ദൈവം തങ്ങളോടു കൂടെ ചെയ്തതെല്ലാം അവര്‍ വിശ്വാസികളോടു പറഞ്ഞു, “അന്യദേശക്കാര്‍ക്കും (ജാതികള്‍) വിശ്വസിക്കത്തക്കവിധം ദൈവം ഒരു വാതില്‍ തുറന്നു.” 28 പെൌലൊസും ബര്‍ന്നബാസും ക്രിസ്തുവിന്‍റെ വിശ്വാസികളോടൊത്ത് വളരെനാള്‍ കഴിഞ്ഞു.