പെൌലൊസും ശീലാസും തെസ്സലൊനീക്കയില്‍
17
പെൌലൊസും ശീലാസും അംഫീപൊലിസിലും, അപ്പൊലോന്യയിലും കൂടി സഞ്ചരിച്ചു. അവര്‍ തെസ്സലൊനിക്കയില്‍ എത്തി. അവിടെ ഒരു യെഹൂദപ്പള്ളി ഉണ്ടായിരുന്നു. യെഹൂദരെ കാണുന്നതിന് പെൌലൊസ് അങ്ങോട്ടു കയറി. അങ്ങനെയായിരുന്നു അവന്‍റെ പതിവ്. മൂന്നു ശബ്ബ ത്തിലും പെൌലൊസ് യെഹൂദരുമായി തിരുവെഴുത്തുകളില്‍നിന്നും സംസാരിച്ചു. പെൌലൊസ് യെഹൂദര്‍ക്ക് തിരുവെഴുത്തുകള്‍ വിശദീകരിച്ചു. ക്രിസ്തു മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും വേണ്ടിയിരുന്നുവെന്ന് കാണിച്ചു. പെൌലൊസ് പറഞ്ഞു, “ഞാന്‍ നിങ്ങളോടു പറയുന്ന ഈ യേശു തന്നെയാണ് ക്രിസ്തു.” യഥാര്‍ത്ഥ ദൈവത്തെ ആരാധിച്ച ചില യവനക്കാര്‍ അവിടെ ഉണ്ടായിരുന്നു. ഏതാനും പ്രധാനപ്പെട്ട സ്ത്രീകളും, ബോദ്ധ്യം വന്ന അവരില്‍ പലരും പെൌലൊസിന്‍റെയും ശീലാസിന്‍റെയും കൂടെ ചേര്‍ന്നു.
എന്നാല്‍ അവിശ്വാസികളായ ചില യെഹൂദര്‍ അസൂയാലുക്കളായി. ചന്തസ്ഥലത്തിന്‍റെ ചുറ്റും അലഞ്ഞു തിരിഞ്ഞവരില്‍ നിന്നും അവര്‍ ഏതാനും ദുഷ്ടരെ വാടകയ്ക്കെടുത്തു. അവര്‍ അനേകം പേരെ കൂട്ടി നഗരത്തില്‍ കുഴപ്പങ്ങളുണ്ടാക്കി. ജനം പെൌലൊസിനെയും ശീലാസിനെയും തെരഞ്ഞ് യാസോന്‍റെ ഭവനത്തിലേക്ക് പോയി. അവര്‍ പെൌലൊസിനെയും ശീലാസിനെയും ജനമദ്ധ്യത്തില്‍ കൊണ്ടു വരാന്‍ ശ്രമിച്ചു. പക്ഷേ അവര്‍ക്ക് അവരെ കണ്ടെത്താനായില്ല. അതിനാലവര്‍ യാസോനെയും മറ്റേതാനും വിശ്വാസികളെയും നഗരനേതാക്കള്‍ക്കു മുന്നിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നു. ജനങ്ങള്‍ ആക്രോശിച്ചു, “ഇവരാണു ലോകമെങ്ങും കുഴപ്പമുണ്ടാക്കിയവര്‍. ഇപ്പോഴവര്‍ ഇവിടെയും എത്തിയിരിക്കുന്നു! യാസോന്‍ അവരെ തന്‍റെ വീട്ടില്‍ ഒളിപ്പിക്കുന്നു. അവരെല്ലാം കൈസര്‍ക്കെതിരായ കാര്യങ്ങള്‍ ചെയ്യുന്നു. യേശുവെന്നൊരു രാജാവ് വേറെയുണ്ടെന്നവര്‍ പറയുന്നു.”
നഗരനേതാക്കളും മറ്റുള്ളവരും ഇക്കാര്യങ്ങള്‍ കേട്ടു. അവര്‍ അസ്വസ്ഥരായി. അവര്‍ യാസോനെയും മറ്റുള്ളവരെയും കൊണ്ട് ചെറിയ പിഴ അടപ്പിച്ച് വെറുതെ വിട്ടു.
പെൌലൊസും ശീലാസും ബെരോവെയിലേക്ക്
10 അതേ രാത്രിയില്‍ തന്നെ വിശ്വാസികള്‍ പെൌലൊസിനെയും ശീലാസിനെയും ബെരോവെയിലേക്കയച്ചു. അവിടെ അവര്‍ എത്തിയപ്പോള്‍ ഒരു യെഹൂദപ്പള്ളിയിലേക്കു പോയി. 11 തെസ്സലോനിക്ക്യയിലേക്കാള്‍ നല്ല യെഹൂദരായിരുന്നു അവിടെ ഉണ്ടായിരുന്നത്. പെൌലൊസിന്‍റെയും ശീലാസിന്‍റെയും വാക്കുകള്‍ അവര്‍ ഔത്സുക്യത്തോടെ ശ്രവിക്കുകയും, തിരുവെഴുത്തുകള്‍ പരിശോധിക്കുകയും ചെയ്തു. അതിലെ കാര്യങ്ങള്‍ സത്യമാണോ എന്നറിയുവാന്‍ അവര്‍ ആഗ്രഹിച്ചു. 12 അവരിലധികം യെഹൂദരും വിശ്വാസികളായി. അനേകം പ്രധാന യവന സ്ത്രീപുരുഷന്മാരും വിശ്വാസികളായി.
13 എന്നാല്‍ ബെരൊവെയിലും പെൌലൊസ് ദൈവവചനം പ്രസംഗിച്ചു എന്നറിഞ്ഞ തെസ്സലൊനീക്ക്യക്കാര്‍ അവിടെയുമെത്തി. അവര്‍ ബെരൊവെക്കാരെ അസ്വസ്ഥരാക്കുകയും കുഴപ്പമുണ്ടാക്കുകയും ചെയ്തു. 14 ഉടനെ തന്നെ പെൌലൊസിനെ വിശ്വാസികള്‍ കടലിലേക്കയച്ചു. ശീലാസും തിമൊഥെയോസും അവിടെ തങ്ങി. 15 പെൌലൊസിനോടൊപ്പം പോയ വിശ്വാസികള്‍ അവനെ അഥേനയിലേക്കു കൊണ്ടുപോയി. അവര്‍ പെൌലൊസില്‍നിന്നും ശീലാസിനും തിമൊഥെയോസിനും ഒരു സന്ദേശം വാങ്ങി മടങ്ങി. “കഴിയുന്നത്ര വേഗം എന്‍റെയടുത്തെത്തുക” എന്നായിരുന്നു സന്ദേശം.
പെൌലൊസ് അഥേനയില്‍
16 പെൌലൊസ് അഥേനയില്‍ ശീലാസിനെയും തിമൊഥെയോസിനെയും കാത്തിരുന്നു. നഗരത്തില്‍ വിഗ്രഹങ്ങള്‍ ധാരാളം കണ്ട് കുപിതനായി. 17 യഥാര്‍ത്ഥ ദൈവത്തെ ആരാധിച്ച യെഹൂദരോടും യവനക്കാരോടും യെഹൂദപ്പള്ളിയില്‍ വെച്ചു പെൌലൊസ് സംസാരിച്ചു, നഗരത്തിലെ ചന്തസ്ഥലത്തുവെച്ചു അവന്‍ വഴിപോക്കരുമായും സംസാരിച്ചു. ഇതു അവന്‍ ദിവസേന ചെയ്തുപോന്നു. 18 ഏതാനും എപ്പിക്കൂര്യരായ ചിന്തകരും സ്തോയിക്കരായ ദാര്‍ശനികരും അവനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.
അവരില്‍ ചിലര്‍ പറഞ്ഞു, “താനെന്താണു സംസാരിക്കുന്നതെന്നുപോലും അയാള്‍ക്കറിയില്ല. അയാള്‍ എന്തു പറയാനാണു ശ്രമിക്കുന്നത്.” യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്പിന്‍റെ സുവിശേഷമായിരുന്നു പെൌലൊസ് പറഞ്ഞിരുന്നത്. അതിനാല്‍ അവര്‍ പറഞ്ഞു, “അവന്‍ മറ്റു ചില ദൈവങ്ങളെപ്പറ്റി പറയുന്പോലെ.”
19 അവര്‍ പെൌലൊസിനെ പിടിച്ച് അരെയോപഗസഭയില്‍ കൊണ്ടുവന്നു. അവര്‍ പറഞ്ഞു, “നിങ്ങള്‍ ഉപദേശിച്ചു വരുന്ന പുതിയ ആശയങ്ങള്‍ ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നാലും. 20 നിങ്ങളിപ്പോള്‍ പറയുന്ന കാര്യങ്ങളൊക്കെ ഞങ്ങള്‍ക്കു പുതുമയുള്ളതാണ്. മുന്പ് ഞങ്ങളിത് കേട്ടിട്ടേയില്ല. ഈ വചനങ്ങളുടെ അര്‍ത്ഥമറിയാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്.” 21 (എല്ലാ അഥേനക്കാരും അവിടെ താമസിച്ചിരുന്ന മറ്റു രാജ്യക്കാരും എല്ലാ പുതിയ ആശയങ്ങളെപ്പറ്റിയും സംസാരിക്കാന്‍ തങ്ങളുടെ സമയം മുഴുവന്‍ അവര്‍ ഉപയോഗിച്ചു.)
22 പിന്നീട് പെൌലൊസ് അരെയോപഗസഭയ്ക്കു മുന്പില്‍ നിന്നു. പെൌലൊസ് പറഞ്ഞു, “അഥേനക്കാരേ, നിങ്ങള്‍ എല്ലാ കാര്യത്തിലും വളരെ ഭക്തരാണെന്നു ഞാന്‍ കാണുന്നു. 23 നിങ്ങളുടെ നഗരത്തിലൂടെ കടന്നുപോകവേ, ഞാന്‍ നിങ്ങളുടെ ആരാധനാസ്ഥലങ്ങള്‍ കണ്ടു. ‘അജ്ഞാത ദൈവത്തിന്’ എന്നെഴുതിവച്ചിരിക്കുന്ന യാഗവേദി ഞാന്‍ കണ്ടു. നിങ്ങള്‍ അറിയാത്ത ദേവനെ ആരാധിക്കുന്നു. ഞാന്‍ നിങ്ങളോടു പറയുന്ന ദൈവവും അതു തന്നെ.
24 “ആ ദൈവമാണ് ഈ ലോകവും അതിലെ സകലവും സൃഷ്ടിച്ചത്. ആകാശത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താ വാണവന്‍. മനുഷ്യന്‍ നിര്‍മ്മിച്ച ആലയങ്ങളില്‍ അവന്‍ വസിക്കുന്നില്ല. 25 ജീവനും ശ്വാസവും മറ്റെല്ലാം തന്നെയും മനുഷ്യനു നല്‍കുന്ന ഒരുവന്‍ ഈ ദൈവമാകുന്നു. അവന് മനുഷ്യരില്‍ നിന്ന് ഒരു സഹായവും ആവശ്യമില്ല. ആവശ്യമുള്ളതെല്ലാം ദൈവത്തിനുണ്ട്. 26 ഒരു മനുഷ്യനെ (ആദാം) സൃഷ്ടിച്ചുകൊണ്ട് ദൈവം തുടങ്ങി. അവനില്‍ നിന്ന് ദൈവം, വ്യത്യസ്തരായ എല്ലാ രാജ്യങ്ങളിലെയും മനുഷ്യരെ സൃഷ്ടിച്ചു. ലോകത്തിലെന്പാടും വസിക്കാന്‍ ദൈവം അവരെ സൃഷ്ടിച്ചു. അവര്‍ എപ്പോള്‍ എവിടെ വസിക്കണമെന്ന് ദൈവം കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്.
27 “മനുഷ്യര്‍ തന്നെ തെരയണമെന്ന് ദൈവം തീരുമാനിച്ചു. എല്ലായിടവും അവര്‍ തന്നെ തെരഞ്ഞു കണ്ടുപിടിക്കണമെന്ന് ദൈവം കാംക്ഷിച്ചു. എന്നാല്‍ അവന്‍ നമ്മളില്‍ നിന്ന് ഒട്ടും അകലെയല്ല. 28 ‘നമ്മള്‍ അവനോടൊത്തു വസിക്കുന്നു. നമ്മള്‍ അവനോടൊത്തു നടക്കുന്നു. നമ്മള്‍ അവനോടൊപ്പമാണ് നിങ്ങളുടെ സ്വന്തം’ ലേഖകര്‍ പറഞ്ഞിട്ടുണ്ട്. ‘നാം അവന്‍റെ സന്താനങ്ങളാണ്.’
29 “നമ്മള്‍ ദൈവത്തിന്‍റെ സന്താനങ്ങളാണ്. സ്വര്‍ണ്ണം, വെള്ളി, കല്ല്, ഇവകൊണ്ട് മനുഷ്യന്‍റെ സങ്കല്പത്തിലും കൈവേലയിലും ഉണ്ടാക്കപ്പെട്ട രൂപമാണ് ദൈവമെന്ന് നിങ്ങള്‍ കരുതരുത്. 30 മുന്പ് ആളുകള്‍ ദൈവത്തെ അറിഞ്ഞിരുന്നില്ല. പക്ഷേ ദൈവം അത് അവഗണിച്ചു എന്നാല്‍ ഇന്ന് ദൈവം എല്ലായിടങ്ങളിലുമുള്ള എല്ലാവരോടും മാനസാന്തരപ്പെടുവാന്‍ കല്പിക്കുന്നു. 31 ലോകത്തിലെ മുഴുവന്‍ ആളുകളേയും വിധിക്കുന്ന ദിവസം ദൈവം നിശ്ചയിച്ചിട്ടുണ്ട്. അവന്‍ നീതിപൂര്‍വ്വം പെരുമാറും. അതു ചെയ്യാന്‍ അവന്‍ ഒരു മനുഷ്യനെ നിയമിക്കും. വളരെപ്പണ്ടു തന്നെ ദൈവം ആ മനുഷ്യനെ തെരഞ്ഞെടുത്തു നിയോഗിച്ചുകഴിഞ്ഞു. അവനെ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്പിക്കുക വഴി ദൈവം എല്ലാവര്‍ക്കും അതു കാണിച്ചു കൊടുത്തു.”
32 യേശുവിന്‍റെ ഉയിര്‍ത്തഴുന്നേല്പിനെപ്പറ്റി കേട്ടപ്പോള്‍ ചിലര്‍ ചിരിച്ചു. അവര്‍ പറഞ്ഞു, “ഇതേപ്പറ്റി ഞങ്ങള്‍ നിന്നില്‍നിന്നു പിന്നെ കേട്ടുകൊള്ളാം.” 33 പെൌലൊസ് അവരെ വിട്ടുപോയി. 34 എന്നാല്‍ ചിലര്‍ പെൌലൊസില്‍ വിശ്വസിക്കുകയും അവനോടൊപ്പം ചേരുകയും ചെയ്തു. വിശ്വാസികളായി ചേര്‍ത്തവരില്‍ ഒരാള്‍ ദിയൊനുസ്യോസ് ആയിരുന്നു. അയാള്‍ അരെയോപഗസഭയിലെ അംഗമായിരുന്നു. മറ്റൊരു വിശ്വാസി ദമരിസ് എന്നൊരു സ്ത്രീയായിരുന്നു. മറ്റു ചിലരും വിശ്വാസികളായി ചേര്‍ന്നിരുന്നു.