പെൌലൊസ് എഫെസോസില്‍
19
അപ്പൊല്ലോസ് കൊരിന്തിലായിരുന്നപ്പോള്‍ പെൌലൊസ് എഫസോസിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു. എഫെസോസില്‍ അവന്‍ ഏതാനും ശിഷ്യന്മാരെ കണ്ടെത്തി. പെൌലൊസ് അവരോടു ചോദിച്ചു, നിങ്ങള്‍ വിശ്വസിച്ചപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചോ?”
ആ ശിഷ്യന്മാര്‍ അവനോടു പറഞ്ഞു, പരിശുദ്ധാത്മാവിനെപ്പറ്റി ഞങ്ങള്‍ ഒരിക്കലും കേട്ടിട്ടുകൂടിയില്ല!”
അതിനാല്‍ പെൌലൊസ് അവരോടു ചോദിച്ചു, “ഏതുതരം സ്നാനമാണ് നിങ്ങള്‍ക്കുണ്ടായത്?”
അവര്‍ പറഞ്ഞു, “യോഹന്നാന്‍റെ സ്നാനം.”
പെൌലൊസ് പറഞ്ഞു, “മാനസാന്തരപ്പെടുവാന്‍ തങ്ങള്‍ക്കാഗ്രഹമുണ്ടെന്നു തെളിയിക്കാന്‍ സ്നാനപ്പെടാന്‍ യോഹന്നാന്‍ ജനങ്ങളോടു പറഞ്ഞു, തനിക്കു പിന്നാലെ വരുന്നവനില്‍ വിശ്വസിക്കാന്‍ യോഹന്നാന്‍ അവരോടു പറഞ്ഞു, അതു യേശുവായിരുന്നു.”
ശിഷ്യന്മാര്‍ ഇതു കേട്ടപ്പോള്‍ അവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ സ്നാനം ചെയ്യപ്പെട്ടു. അപ്പോള്‍ പെൌലൊസ് അവരുടെ മേല്‍ കൈവയ്ക്കുകയും അവരില്‍ പരിശുദ്ധാത്മാവ് വരികയും ചെയ്തു. അവര്‍ വ്യത്യസ്തഭാഷകള്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. അവര്‍ പന്ത്രണ്ടോളം മനുഷ്യരുണ്ടായിരുന്നു.
പെൌലൊസ് യെഹൂദപ്പള്ളിയിലേക്കു പ്രവേശിച്ച് സധൈര്യം പ്രസംഗിച്ചു. അതവന്‍ മൂന്നു മാസത്തേക്കു തുടര്‍ന്നു. അവന്‍ യെഹൂദരുമായി സംസാരിക്കുകയും ദൈവരാജ്യത്തെപ്പറ്റിയുള്ള തന്‍റെ വചനങ്ങള്‍ സ്വീകരിക്കുവാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നിട്ടും ചില യെഹൂദര്‍ കടുംപിടുത്തക്കാരായിരുന്നു. അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ദൈവത്തിന്‍റെ വഴിയെ അവര്‍ ദുഷിച്ചു പറഞ്ഞു. എല്ലാവരും ഇക്കാര്യങ്ങള്‍ കേട്ടു. അതിനാല്‍ പെൌലൊസ് അവരെ വിട്ട് യേശുവിന്‍റെ ശിഷ്യന്മാരെയും കൂട്ടി പോയി. തുറന്നൊസിന്‍റെ വിദ്യാലയത്തിലേക്കാണ് പെൌലൊസ് പോയത്. അവിടെ അവന്‍ ആളുകളുമായി നിത്യവും സംസാരിച്ചു. 10 രണ്ടു വര്‍ഷം ഇതു ചെയ്തു. തന്മൂലം ആസ്യയിലെ രാജ്യത്തു വസിച്ച എല്ലാ യെഹൂദരും യവനക്കാരും കര്‍ത്താവിന്‍റെ വചനം കേട്ടു.
സ്കേവായുടെ പുത്രന്മാര്‍
11 അസാധാരണങ്ങളായ വീര്യപ്രവൃത്തികള്‍ക്ക് ദൈവം പെൌലൊസിനെ ഉപയോഗിച്ചു. 12 ചിലര്‍ പെൌലൊസ് ഉപയോഗിച്ചിരുന്ന തൂവാലകളും വസ്ത്രങ്ങളും എടുത്തുകൊണ്ടു പോയി. അവര്‍ ആ സാധനങ്ങള്‍ രോഗികളുടെ മേല്‍ ഇട്ടു. അവരിങ്ങനെ ചെയ്തപ്പോള്‍ രോഗികളുടെ രോഗം ഭേദമാ വുകയും അശുദ്ധാത്മാക്കള്‍ ഇറങ്ങിപ്പോവുകയും ചെയ്തു.
13-14 ഏതാനും യെഹൂദരും ചുറ്റിസഞ്ചരിച്ച് അശുദ്ധാത്മാക്കളെ ഒഴിപ്പിക്കുന്നുണ്ടായിരുന്നു. മഹാപുരോഹിതനായ സ്കേവായുടെ ഏഴു പുത്രന്മാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കര്‍ത്താവായ യേശുവിന്‍റെ നാമം ഉപയോഗിച്ചാണ് അവര്‍ അതിനു ശ്രമിച്ചിരുന്നത്. അവരെല്ലാം പറഞ്ഞു, “പെൌലൊസ് പറയുന്ന അതേ യേശുവില്‍ ഞാന്‍ നിങ്ങളോടു പുറത്തു പോകാന്‍ ആജ്ഞാപിക്കുന്നു!”
15 പക്ഷേ ഒരിക്കല്‍ ഒരു അശുദ്ധാത്മാവ് ഈ യെഹൂദരോടു പറഞ്ഞു, “യേശുവിനെ എനിക്കറിയാം, പെൌലൊസിനെപ്പറ്റിയും എനിക്കറിയാം. പക്ഷേ ആരാണു നിങ്ങള്‍?”
16 അപ്പോള്‍ അശുദ്ധാത്മാവ് ബാധിച്ചവന്‍ ആ യെഹൂദരുടെ മേല്‍ ചാടിവീണു. അവന്‍ അവരെക്കാളെല്ലാം ശക്തനായിരുന്നു. അവന്‍ അവരെ അടിയ്ക്കുകയും അവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. യെഹൂദര്‍ ആ വീട്ടില്‍ നിന്നും ഓടിപ്പോയി.
17 എഫെസോസിലുള്ള എല്ലാവരും യെഹൂദരും യവനക്കാരും ഇതറിഞ്ഞു. അവര്‍ക്കെല്ലാം ദൈവത്തോട് ആദരവു തോന്നിത്തുടങ്ങി. അവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമം വാഴ്ത്തിത്തുടങ്ങുകയും ചെയ്തു. 18 വിശ്വസിച്ചവരിലധികം പേരും വന്നു പരസ്യമായി തങ്ങള്‍ ചെയ്ത കാര്യങ്ങള്‍ ഏറ്റുപറഞ്ഞു. 19 വിശ്വാസികളില്‍ ചിലര്‍ മന്ത്രവാദം നടത്തിയിരുന്നു. അവര്‍ തങ്ങളുടെ മന്ത്രവാദപുസ്തകങ്ങള്‍ കൊണ്ടുവന്ന് എല്ലാരുടെയും മുന്നിലിട്ട് തീ കത്തിച്ചു കളഞ്ഞു. ആ പുസ്തകങ്ങള്‍ക്ക് ഏതാണ്ട് അന്‍പതിനായിരം നാണയങ്ങള്‍ വില വരുമായിരുന്നു. 20 ഇപ്രകാരം അതിശക്തമായ വിധത്തിലാണ് കര്‍ത്താവിന്‍റെ വചനം ജനങ്ങളെ സ്വാധീനിക്കുന്നത്. കൂടുതല്‍ പേര്‍ വിശ്വാസികളാവുകയും ചെയ്തു.
പെൌലൊസ് ഒരു യാത്രയ്ക്ക് ആസൂത്രണം ചെയ്യുന്നു
21 ഇതിനു ശേഷം പെൌലൊസ് യെരൂശലേമിലേക്കു പോകാന്‍ പരിപാടിയിട്ടു. മക്കെദോന്യ, അഖായ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് യെരൂശലേമിലേക്കു പോകാനായിരുന്നു പരിപാടി. “യെരൂശലേമില്‍ ചെന്നതിനു ശേഷം പിന്നെ റോമാകൂടി സന്ദര്‍ശിക്കണം” എന്ന് പെൌലൊസ് കരുതി. 22 തിമൊഥെയോസും എരസ്തൊസും ആയിരുന്നു പൌ ലൊസിന്‍റെ രണ്ടു സഹായികള്‍. അവന്‍ അവരെ ആദ്യം മക്കെദൊന്യയിലേക്കയച്ചു. പെൌലൊസ് ആസ്യയില്‍ അല്പനാള്‍ തങ്ങി.
എഫെസൊസില്‍ കുഴപ്പങ്ങള്‍
23 എന്നാല്‍ അതിനിടെ എഫെസൊസില്‍ ചില കുഴപ്പങ്ങളുണ്ടായി. ദൈവത്തിന്‍റെ വഴിയെ ചൊല്ലിയുണ്ടായ കുഴപ്പങ്ങളാണവ. ഇപ്രകാരമാണതൊക്കെ സംഭവിച്ചത്: 24 ദെമേത്രിയാസ് എന്നൊരാള്‍ ജീവിച്ചിരുന്നു. അയാള്‍ ഒരു വെള്ളിപ്പണിക്കാരനായിരുന്നു. അര്‍ത്തെമിസ് ദേവതയുടെപോലെ ചെറിയ ബിംബങ്ങള്‍ അയാള്‍ ഉണ്ടാക്കി. ആ ജോലി ചെയ്തിരുന്നവര്‍ ധാരാളം പണം ഉണ്ടാക്കി.
25 ഇവരുമായും ഇതേ ജോലി ചെയ്തിരുന്ന മറ്റു ചിലരുമായും ദെമേത്രിയാസ് കൂടിക്കാഴ്ച നടത്തുകയുണ്ടായി. അയാള്‍ അവരോടു പറഞ്ഞു, “കൂട്ടരേ, നമ്മുടെ ഈ വ്യാപാരത്തില്‍നിന്നു നാം ധാരാളം പണമുണ്ടാക്കുന്നെന്ന് നമുക്കറിയാം. 26 പക്ഷേ പെൌലൊസ് എന്ന ഈ മനുഷ്യന്‍ ചെയ്യുന്നതെന്താണെന്നു നോക്കൂ! അവന്‍റെ വാക്കുകള്‍ ശ്രദ്ധിക്കൂ! അവന്‍ ആളുകളെ സ്വാധീനിച്ച് മാനസാന്തരപ്പെടുത്തി, അയാള്‍ എഫെസൊസിലും ആസ്യയിലെ മിക്കവാറും രാജ്യങ്ങളിലും അതു ചെയ്തു. മനുഷ്യനുണ്ടാക്കുന്ന ദൈവങ്ങളൊന്നും സത്യമല്ലെന്ന് പെൌലൊസ് പറയുന്നു. 27 പെൌലൊസിന്‍റെ ഈ വാക്കുകള്‍ ആള്‍ക്കാരെ നമ്മുടെ തൊഴിലിനെതിരെ തിരിച്ചേക്കാം. എന്നാല്‍ മറ്റൊരു പ്രശ്നം കൂടിയുണ്ട്: മഹനീയ ദേവതയായ അര്‍ത്തെമിസിന്‍റെ ദേവാലയം അപ്രധാനമെന്ന് ആളുകള്‍ ചിന്തിച്ചു തുടങ്ങും! അവളുടെ മാഹാത്മ്യം തകര്‍ക്കപ്പെടും. അര്‍ത്തെമിസ്, ആസ്യയിലും ലോകം മുഴുവന്‍ തന്നെയുമുളള മനുഷ്യരുടെ ആരാധനാപാത്രമാണ്.”
28 ഇതു കേട്ട് ആളുകള്‍ കോപിച്ചു. അവര്‍ ആക്രോശിച്ചു, “എഫെസൊസുകാര്‍ ആരാധിക്കുന്ന അര്‍ത്തെമിസ് വലിയവളാണ്!” 29 നഗരത്തിലെ ജനതയാകെ ഇളകി. അവര്‍ ഗായൊസ്, അരീസ്തര്‍ഹോസ് എന്നിവരെ പിടികൂടി. (മക്കെദൊന്യക്കാരായ ഇവര്‍ പെൌലൊസിന്‍റെ സഹയാത്രികരായിരുന്നു.) അപ്പോള്‍ എല്ലാവരും കൂടി മൈതാനത്തിലേക്ക് ഓടിയെത്തി. 30 അകത്തേക്കു ചെന്ന് അവരുമായി സംസാരിക്കാന്‍ പെൌലൊസ് ആഗ്രഹിച്ചെങ്കിലും യേശുവിന്‍റെ ശിഷ്യന്മാര്‍ അവനെ അതിന് അനുവദിച്ചില്ല. 31 രാജ്യത്തെ ചില നേതാക്കള്‍ പെൌലൊസിന്‍റെ സുഹൃത്തുക്കളായിരുന്നു. ആ നേതാക്കന്മാര്‍ അവനൊരു സന്ദേശമയച്ചു. മൈതാനത്തിനക ത്തേക്കു കടക്കരുതെന്നു അവര്‍ അവനോടു പറഞ്ഞു.
32 ആളുകളില്‍ ചിലര്‍ ചില കാര്യങ്ങളും മറ്റുള്ളവര്‍ വേറെ ചില കാര്യങ്ങളും വിളിച്ചു പറയുന്നുണ്ടായിരുന്നു. യോഗത്തില്‍ വലിയ ആശയക്കുഴപ്പമാണുണ്ടായത്. എന്തിനാണു തങ്ങളിവിടെ വന്നതെന്നു അധികം പേര്‍ക്കും അറിയുമായിരുന്നില്ല. 33 യെഹൂദര്‍ അലക്സന്തര്‍ എന്നൊരാളെ അവിടെ നിര്‍ത്തിയിരുന്നു. അവന്‍ ചെയ്യേണ്ടതെന്താണെന്നു ജനങ്ങള്‍ പറഞ്ഞു. എല്ലാം പ്രതിരോധിക്കേണ്ടതിലേക്കായി അലക്സന്തര്‍ ജനങ്ങളുടെ നേര്‍ക്കു കൈവീശി. 34 പക്ഷേ അലക്സന്തര്‍ യെഹൂദനാണെന്നറിഞ്ഞപ്പോള്‍ അവര്‍ അതേ കാര്യങ്ങള്‍ തന്നെ വിളിച്ചു പറഞ്ഞു. രണ്ടു മണിക്കൂറോളം അവര്‍ ബഹളം തുടര്‍ന്നു. അവര്‍ പറഞ്ഞു, “എഫെസൊസിന്‍റെ അര്‍ത്തെമിസ് വലിയവള്‍! അര്‍ത്തെമിസ് വലിയവള്‍ …!”
35 അപ്പോള്‍ നഗരകാര്യ ഗുമസ്തന്‍ ജനങ്ങളോട് അടങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടു, “എഫെസൊസുകാരേ, വലിയവളായ ദേവത അര്‍ത്തെമിസിന്‍റെ ദേവാലയം സൂക്ഷിക്കുന്നവരാണ് എഫെസൊസ് നഗരമെന്ന് എല്ലാവര്‍ക്കുമറിയാം. സ്വര്‍ഗ്ഗത്തില്‍ നിന്നു പതിച്ച അവളുടെ വിശുദ്ധശിലയ്ക്കും നമ്മള്‍ കാവല്‍ക്കാരാണെന്ന് എല്ലാവര്‍ക്കും അറിയാം. 36 ഇതു ശരിയല്ലെന്ന് പറയാന്‍ ആര്‍ക്കുമാവില്ല. അതിനാല്‍ നിങ്ങള്‍ ശാന്തരാകുവിന്‍. എന്ത് ചെയ്യുന്നതിനും മുന്പേ ചിന്തിക്കണം.
37 “ഇവരെ നിങ്ങള്‍ കൊണ്ടുവന്നതാണ്. എങ്കിലും അവര്‍ നമ്മുടെ ദേവതയ്ക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല. അവളുടെ ദേവാലയത്തില്‍ നിന്നവര്‍ ഒന്നും മോഷ്ടിച്ചിട്ടുമില്ല. 38 നമുക്ക് നിയമകോടതികളും ന്യായാധിപന്മാരുമുണ്ട്. ദെമേത്രിയാസിനും അയാളുടെ കൂടെ പണിയുന്നവര്‍ക്കും എന്തെങ്കിലും പരാതി ആരെപ്പറ്റിയെങ്കിലും ഉണ്ടോ? അവര്‍ കോടതില്‍ പോകട്ടെ! അവിടെ വച്ച് അവര്‍ക്ക് പരസ്പരം കുറ്റാരോപണങ്ങള്‍ കൊണ്ടുവരാം.
39 “മറ്റെന്തിനെപ്പറ്റിയെങ്കിലും നിങ്ങള്‍ക്കു സംസാരിക്കാനുണ്ടോ. എങ്കില്‍ നഗരസഭയിലേക്കു വരിക. അതവിടെവച്ച് തീരുമാനിക്കാം. 40 ഞാനിതു പറയുന്നതു ഇപ്പോഴിവിടെ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ക്ക് നമ്മള്‍ കലാപമുണ്ടാക്കുന്നെന്ന് ആരെങ്കിലും പറയാന്‍ ഇടയുള്ളതുകൊണ്ടാണ്. ഈ യോഗത്തിന് പ്രത്യേകിച്ചു കാരണം ഒന്നും ഇല്ലാത്തതിനാല്‍ നമുക്ക് ഈ കുഴപ്പങ്ങളെപ്പറ്റി ഒന്നും വിശദീകരിക്കാനാകില്ല.” 41 നഗരകാര്യ ഗുമസ്തന്‍ ഇതെല്ലാം പറഞ്ഞു തീര്‍ന്നപ്പോള്‍, ആളുകളെല്ലാവരും വീടുകളിലേക്കു പോകുവാന്‍ അയാള്‍ ആവശ്യപ്പെട്ടു. എല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു.