പെൌലൊസ് മക്കെദോന്യയിലേക്കും യവന ദേശത്തിലേക്കും പോകുന്നു
20
1 കുഴപ്പങ്ങളെല്ലാം അവസാനിച്ചപ്പോള്‍ പെൌലൊസ് യേശുവിന്‍റെ ശിഷ്യന്മാരെ തന്‍റെയടുത്തേക്കു വിളിച്ചു. അവരെ പ്രോത്സാഹിപ്പിച്ചു അവരോട് അവന്‍ യാത്ര പറഞ്ഞു. മക്കെദോന്യയിലേക്കാണ് അവന്‍ അവിടുന്നു പോയത്.
2 മക്കെദോന്യയിലേക്കുള്ള വഴിയില്‍ വ്യത്യസ്ത സ്ഥലങ്ങളിലുള്ള യേശുവിന്‍റെ വിശ്വാസികളെ ശക്തിപ്പെടുത്തുന്ന പ്രസംഗങ്ങള്‍ അവന്‍ നടത്തി. പിന്നീടവന്‍ യവനദേശത്തിലേക്കു പോയി.
3 മൂന്നു മാസം അവന്‍ അവിടെ തങ്ങി.
അവന്‍ സുറിയയിലേക്കു കപ്പല്‍ കയറുവാന്‍ പോകവേ, ഏതാനും യെഹൂദര്‍ അവനെതിരെ ഗൂഢാലോചന നടത്തുകയായിരുന്നു. അതിനാല്‍ മക്കെദോന്യ വഴി മടങ്ങി സുറിയയിലേക്കു കടക്കാമെന്നു പെൌലൊസ് കരുതി.
4 ആസ്യയില്‍ നിന്നും രണ്ടു പുരുഷന്മാര്‍ കൂടി അവനോടൊപ്പം ഉണ്ടായിരുന്നു. ബെരോവെയിലെ പുറോസിന്‍റെ പുത്രന്‍ സോപത്രൊസ്, തെസ്സലോനിക്കക്കാരനായ അരീസ്തര്‍ഹോസും, സെക്കുന്തോസും, ദെര്‍ബെക്കാരനായ ഗായൊസ്, തിമൊഥെയോസ്, ആസ്യക്കാരായ തുഹിക്കൊസ്, ത്രൊഫിമൊസ് എന്നിവരായിരുന്നു അവര്‍.
5 അവര്‍ ആദ്യം പെൌലൊസിനും മുന്പേ പോയി. അവര്‍ ത്രോവാസില്‍ ഞങ്ങള്‍ക്കായി കാത്തുനിന്നു.
6 യെഹൂദരുടെ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം കഴിഞ്ഞ് ഞങ്ങള്‍ ഫിലിപ്പിനഗരത്തില്‍നിന്നും കപ്പല്‍ കയറി. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ അവരെ ത്രോവാസില്‍ കണ്ടുമുട്ടി. ഞങ്ങള്‍ അവരോടൊപ്പം അവിടെ ഏഴു ദിവസം താമസിച്ചു.
ത്രോവാസില്‍ പെൌലൊസിന്‍റെ അവസാന സന്ദര്‍ശനം
7 ആഴ്ചയുടെ ആദ്യദിവസം* ഞങ്ങള്‍ കര്‍ത്താവിന്‍റെ അത്താഴത്തിന് ഒരുമിച്ചു കൂടി. പെൌലൊസ്, സംഘത്തെ അഭിസംബോധന ചെയ്തു. അടുത്തദിവസം അവിടം വിടുവാന്‍ അവന്‍ ആലോചിക്കുകയായിരുന്നു. അര്‍ദ്ധരാത്രിവരെ അവന്‍ പ്രസംഗം തുടര്‍ന്നു.
8 ഞങ്ങള്‍ ഇരുന്നിരു ന്ന മുകളിലത്തെ നിലയില്‍ അനേകം വിളക്കുകള്‍ എരിയുന്നുണ്ടായിരുന്നു.
9 ജനാലക്കട്ടിളയില്‍ യൂത്തിക്കൊസ് എന്നൊരു ചെറുപ്പക്കാരന്‍ ഇരിക്കുന്നുണ്ടായിരുന്നു. പെൌലൊസ് സംസാരം തുടരുകയും യൂത്തിക്കൊസ് ഉറക്കം തൂങ്ങുകയും ചെയ്തു. അവസാനം യൂത്തിക്കൊസ് ഉറങ്ങി പ്പോവുകയും ജനാലയിലൂടെ താഴേക്കു വീഴുകയും ചെയ്തു. മൂന്നാം നിലയില്‍ നിന്നാണവന്‍ നിലംപതിച്ചത്. ആളുകള്‍ ചെന്ന് എടുത്തപ്പോഴേക്കും അവന്‍ മരിച്ചുകഴിഞ്ഞിരുന്നു.
10 പെൌലൊസ് യൂത്തിക്കൊസിനടുത്തെത്തി. അവന്‍ കുനിഞ്ഞ് യൂത്തിക്കൊസിനെ തഴുകി. എന്നിട്ടവന്‍ മറ്റു വി ശ്വാസികളോടു പറഞ്ഞു, “ഭയപ്പെടേണ്ട, അവനു ജീവനുണ്ട്.”
11 പെൌലൊസ് വീണ്ടും മുകളിലേക്കു പോയി. അവന്‍ അപ്പം പങ്കുവെച്ചു തിന്നു. പെൌലൊസ് ദീര്‍ഘനേരം അവരോടു സംസാരിച്ചു. അവന്‍ സംസാരിച്ചു തീര്‍ന്നപ്പോള്‍ നേരം പുലര്‍ന്നിരുന്നു. അപ്പോള്‍ പെൌലൊസ് അവിടം വിട്ടു പോയി.
12 യൂത്തിക്കൊസിനെ ആളുകള്‍ വീട്ടിലേക്കു കൊണ്ടുപോയി. അയാള്‍ ജീവിച്ചിരുന്നു. അതുകൊണ്ട് ജനങ്ങള്‍ വളരെ സന്തോഷിക്കുകയും ചെയ്തു.
ത്രോവാസില്‍ നിന്നും മിലേത്തോസിലേക്കുള്ള യാത്ര
13 ഞങ്ങള്‍ അസ്സൊസ്സിലേക്കു കപ്പല്‍ കയറി. ഞങ്ങള്‍ ആദ്യം പെൌലൊസിനു മുന്പേ പോയി. അസ്സൊസ്സില്‍ കണ്ടു മുട്ടി ഞങ്ങളുടെ കപ്പലില്‍ കയറാനായിരുന്നു പെൌലൊസിന്‍റെ പരിപാടി. അസ്സൊസ്സിലേക്കു കരമാര്‍ഗ്ഗം പോകാന്‍ ആഗ്രഹിച്ചതിനാല്‍ ആണ് അവന്‍ ഞങ്ങളോട് ഇങ്ങനെ പറഞ്ഞത്.
14 പിന്നീട് ഞങ്ങള്‍ പെൌലൊസിനെ അസ്സൊസ്സില്‍ കണ്ടുമുട്ടുകയും അവന്‍ ഞങ്ങളോടു കപ്പലില്‍ ചേരുകയും ചെയ്തു. പിന്നീട് ഞങ്ങളെല്ലാരും മിതുലേനയിലേക്കു പോയി.
15 പിറ്റേന്ന് ഞങ്ങള്‍ മിതുലേനയില്‍നിന്നും യാത്ര തിരിച്ചു. ഞങ്ങള്‍ ഖീയൊസ് ദ്വീപിനടുത്തെത്തി. പിറ്റേന്ന് ഞങ്ങള്‍ സാമൊസ്ദ്വീപില്‍ വന്നു. അതിന്‍റെ പിറ്റേന്ന് ഞങ്ങള്‍ മിലേത്തൊസിലും എത്തി.
16 എഫെസൊസില്‍ ഇറങ്ങേണ്ടെന്നു പെൌലൊസ് തീരുമാനിച്ചിരുന്നു. ആസ്യയില്‍ അധികം തങ്ങേണ്ടെന്നും അവര്‍ തീരുമാനിച്ചിരുന്നു. പറ്റുമെങ്കില്‍ പെന്തക്കോസ്തിന് യെരൂശലേമില്‍ എത്തണമെന്നതു കൊണ്ടാണവര്‍ ഇത്ര ധൃതി പിടിച്ചത്.
എഫെസൊസിലെ മൂപ്പന്മാരോട് പെൌലൊസ് പ്രസംഗിക്കുന്നു
17 മിലേത്തോസില്‍നിന്നും പെൌലൊസ് എഫെസൊസിലേക്കൊരു സന്ദേശമയച്ചു. അവിടുത്തെ സഭാ മൂപ്പന്മാരെ തന്‍റെ അടുത്തേക്ക് അവന്‍ ക്ഷണിച്ചു.
18 മൂപ്പന്മാര്‍ എത്തിയപ്പോള്‍ പെൌലൊസ് അവരോടു പറഞ്ഞു, “ആസ്യയില്‍ ഞാന്‍ വന്ന ആദ്യ ദിവസം മുതലുള്ള എന്‍റെ ജീവിതത്തെപ്പറ്റി നിങ്ങള്‍ക്കറിയാം. ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോഴത്തെ എന്‍റെ ജീവിതരീതിയും നിങ്ങള്‍ക്കറിയാം.
19 യെഹൂദര്‍ എനിക്കെതിരെ ഗൂഢാലോചന നടത്തി. അവരെന്നെ കൂടുതല്‍ വിഷമിപ്പിച്ചു. പലപ്പോഴും ഞാന്‍ കരയുകയും ചെയ്തു. എന്നാല്‍ ഞാനെപ്പൊഴും കര്‍ത്താവിനെ സേവിക്കുകയായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാം. ഞാനൊരിക്കലും ആദ്യം എന്നെപ്പറ്റി ചിന്തിച്ചിട്ടില്ല.
20 നിങ്ങള്‍ക്കു നല്ലതായതു മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു. ഞാന്‍ പൊതുജനമദ്ധ്യത്തിലും നിങ്ങളുടെ വീടുകളിലും വച്ച് നിങ്ങളോട് യേശുവിന്‍റെ സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്.
21 യെഹൂദരും ജാതികളുമായ എല്ലാവരോടും ഞാന്‍, മാനസാന്തരപ്പെട്ടു ദൈവത്തിന്‍റെ വഴിയിലേക്കു വരാന്‍ പറഞ്ഞു. നമ്മുടെ കര്‍ത്താവായ യേശുവില്‍ വിശ്വസിക്കാന്‍ ഞാനവരോടെല്ലാം പറഞ്ഞു.
22 “എന്നാലിപ്പോള്‍ പരിശുദ്ധാത്മാവിനെ അനുസരിച്ച് ഞാന്‍ യെരൂശലേമിലേക്കു പോകേണ്ടിയിരിക്കുന്നു. അവിടെ എനിക്കെന്തു സംഭവിക്കുമെന്ന് എനിക്കറിയില്ല.
23 യെരൂശലേമില്‍ എല്ലാ നഗരങ്ങളിലും പീഢനങ്ങളും കാരാഗൃഹങ്ങളും എനിക്കായി ഒരുക്കപ്പെട്ടിട്ടുണ്ടെന്ന് പരിശുദ്ധാത്മാവ് എന്നെ അറിയിച്ചിട്ടുണ്ടെന്നു മാത്രം എനിക്കറിയാം.
24 എനിക്ക് എന്‍റെ ജീവന്‍ പ്രശ്നമല്ല. എന്‍റെ ജോലി തീര്‍ക്കുകയെന്നതാണു പ്രധാനം. ദൈവകാരുണ്യത്തിന്‍റെ സുവിശേഷം എല്ലാവരോടും പറയുക എന്ന് കര്‍ത്താവായ യേശു എന്നിലേല്പിച്ച ജോലി മുഴുമിപ്പിക്കുക മാത്രമാണ് എന്‍റെ ലക്ഷ്യം.
25 “ഇപ്പോള്‍ ഞാന്‍ പറയുന്നതു കേള്‍ക്കുക. നിങ്ങളിലാരും എന്നെ വീണ്ടും കാണുകയില്ലെന്ന് എനിക്കറിയാം. ഞാന്‍ നിങ്ങളോടൊത്ത് ഉണ്ടായിരുന്നപ്പോഴൊക്കെ ദൈവരാജ്യത്തെപ്പറ്റിയുള്ള സുവിശേഷം ഞാന്‍ നിങ്ങളോടു പറഞ്ഞിരുന്നു.
26 നിങ്ങളെല്ലാവരും രക്ഷിക്കപ്പെട്ടില്ലെങ്കിലും ദൈവം എന്നെ കുറ്റപ്പെടുത്തില്ലെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.
27 നിങ്ങളറിയണമെന്നു ദൈവം ആഗ്രഹിച്ചതെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതിനാല്‍ ആണ് എനിക്കിതു പറയാനാകുന്നത്.
28 നിങ്ങള്‍ സ്വയവും ദൈവം തന്നവരെയും സൂക്ഷിക്കുക. ദൈവത്തിന്‍റെ കുഞ്ഞാടുകളെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിങ്ങളെ നിയോഗിച്ചിട്ടുണ്ട്. ദൈവത്തിന്‍റെ സഭയ്ക്കു നിങ്ങള്‍ ഇടയന്മാരാകുന്നു. ദൈവം തന്‍റെ രക്തം കൊണ്ടു നേടിയ സഭയാണിത്.
29 ഞാന്‍ പോയതിനു ശേഷം ചിലര്‍ നിങ്ങളോടു ചേരുമെന്ന് എനിക്കറിയാം. അവര്‍ കാട്ടുചെന്നായ്ക്കളാണ്. അവര്‍ ആട്ടിന്‍പറ്റത്തെ നശിപ്പിക്കാന്‍ നോക്കും.
30 നിങ്ങളുടെ സംഘാംഗങ്ങള്‍ തന്നെ ചീത്ത നേതാക്കളാകും. അവര്‍ തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ആരംഭിക്കും. അവര്‍ യേശുവിന്‍റെ ചില ശിഷ്യന്മാരെ സത്യത്തില്‍നിന്നും അകറ്റും. കൂടാതെ അവരെ തങ്ങളുടെ അനുയായികളാക്കും.
31 അതിനാല്‍ സൂക്ഷിക്കുക! എപ്പോഴും ഇത് ഓര്‍മ്മയില്‍ വയ്ക്കുക: ഞാന്‍ മൂന്നു വര്‍ഷം നിങ്ങളോടൊത്തു ഉണ്ടായിരുന്നു. ആ സമയത്ത് നിങ്ങള്‍ക്കു മുന്നറിയിപ്പു തരാന്‍ ഞാനൊരിക്കലും മടിച്ചിട്ടില്ല. ഞാന്‍ നിങ്ങളെ രാപകല്‍ പഠിപ്പിക്കുകയും നിങ്ങള്‍ക്കായി ചിലപ്പോഴൊക്കെ കരയുകയും ചെയ്തു.
32 “ഇപ്പോള്‍ ഞാന്‍ നിങ്ങളെ ദൈവത്തിനു നല്‍കുന്നു. നിങ്ങളെ ശക്തരാക്കാന്‍ ദൈവത്തിന്‍റെ കാരുണ്യത്തെപ്പറ്റിയുള്ള സന്ദേശത്തെ ഞാന്‍ ആശ്രയിക്കുന്നു. വിശുദ്ധജനത്തിനു ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു നല്‍കാന്‍ പോന്നതാണ് ആ സന്ദേശം.
33 നിങ്ങളോടൊപ്പ മായിരുന്നപ്പോള്‍ ഞാന്‍ ആരുടെയും പണമോ നല്ല വസ്ത്രങ്ങളോ ആഗ്രഹിച്ചില്ല.
34 എന്‍റെയും എന്‍റെ കൂടെയുള്ളവരുടെയും ആവശ്യങ്ങള്‍ക്കായി ഞാനെപ്പോഴും അദ്ധ്വാനിച്ചിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാം.
35 ഇങ്ങനെ എല്ലാ കാര്യത്തിലും എന്നെപ്പോലെ പ്രവര്‍ത്തിച്ചു ദുര്‍ബ്ബലരെ സഹായിക്കണമെന്നു ഞാന്‍ നിങ്ങളെ കാണിച്ചിട്ടുണ്ട്. കര്‍ത്താവായ യേശുവിന്‍റെ വചനങ്ങള്‍ ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിങ്ങളെ പഠിപ്പിച്ചു. യേശു പറഞ്ഞു, ‘കിട്ടുന്നതിലധികം കൊടുക്കുന്പോള്‍ നിങ്ങള്‍ കൂടുതല്‍ അനുഗ്രഹീതരാകും.’”
36 പെൌലൊസ് ഇത്രയും പറഞ്ഞു കഴിഞ്ഞ് മുട്ടുകുത്തുകയും എല്ലാവരും ചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
37-38 അവരെല്ലാവരും വീണ്ടും വീണ്ടും കരഞ്ഞു. അവനെ അവരിനി ഒരിക്കലും കാണുകയില്ലായെന്നു പെൌലൊസ് പറഞ്ഞതിനാലാണ് അവര്‍ ദുഃഖിതരായത്. അവര്‍ പെൌലൊസിനെ കെട്ടിപ്പിടിക്കുകയും ചുഃബിക്കുകയും ചെയ്തു. അവര്‍ കപ്പല്‍വരെ ചെന്ന് അവനെ യാത്രയാക്കി.