പെൌലൊസ് യെരൂശലേമിലേക്കു പോകുന്നു
21
1 ഞങ്ങളെല്ലാവരും മൂപ്പന്മാരോടു യാത്ര പറഞ്ഞു. എന്നിട്ടു ഞങ്ങള്‍ നേരെ കോസ്ദ്വീപില്‍ കപ്പല്‍മാര്‍ഗ്ഗമെത്തി. പിറ്റേന്നു ഞങ്ങള്‍ രൊദൊസ്ദ്വീപിലേക്കു പോയി. അവിടുന്ന് പത്തരയിലേക്കും.
2 പത്തരയില്‍വച്ച് ഫൊയ്നീക്ക്യ രാജ്യത്തേക്കു പോകുന്ന ഒരു കപ്പല്‍ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അതില്‍ കയറി യാത്രയായി.
3 ഞങ്ങള്‍ കുപ്രൊസിനടുത്തെത്തി. വടക്കുവശത്തായി കുപ്രൊസ് കണ്ടെങ്കിലും ഞങ്ങള്‍ നിറുത്തിയില്ല. ഞങ്ങള്‍ സുറിയയിലേക്കു യാത്ര ചെയ്തു. കപ്പലില്‍നിന്ന് അതിന്‍റെ ചരക്ക് ഇറക്കേണ്ടിയിരുന്നതു കൊണ്ട് സോര്‍ നഗരത്തില്‍ ഞങ്ങളിറങ്ങി.
4 അവിടെ യേശുവിന്‍റെ ഏതാനും ശിഷ്യന്മാരെ കണ്ടെത്തി ഞങ്ങള്‍ അവിടെ അവരോടൊപ്പം ഏഴു ദിവസം താമസിച്ചു. പരിശുദ്ധാത്മാവ് അവരോട് പറഞ്ഞതനുസരിച്ച്, യെരൂശലേമിലേക്ക് പോകരുതെന്ന് അവര്‍ പെൌലൊസിനു മുന്നറിയിപ്പു നല്‍കി.
5 സന്ദര്‍ശനം പൂര്‍ത്തിയായപ്പോള്‍ ഞങ്ങള്‍ മടങ്ങി. ഞങ്ങള്‍ യാത്ര തുടര്‍ന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള യേശുവിന്‍റെ ശിഷ്യന്മാര്‍ മുഴുവന്‍ നഗരത്തിനു പുറത്തുവന്ന് ഞങ്ങളെ യാത്രയാക്കി. ഞങ്ങളെല്ലാം കടല്‍പ്പുറത്തു മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥിച്ചു.
6 അനന്തരം ഞങ്ങള്‍ യാത്ര പറഞ്ഞ് കപ്പല്‍ കയറി. ശിഷ്യന്മാര്‍ വീടുകളിലേക്കു പോകുകയും ചെയ്തു.
7 സോറില്‍ നിന്നുള്ള ഞങ്ങളുടെ യാത്ര തുടരുകയും പ്തൊലെമായിസില്‍ എത്തിച്ചേരുകയും ചെയ്തു. ഞങ്ങള്‍ സഹോദരന്മാരെ അഭിവാദ്യം ചെയ്യുകയും അവരോടൊ ത്ത് ഒരു ദിവസം താമസിക്കുകയും ചെയ്തു.
8 പിറ്റേന്ന് ഞങ്ങള്‍ പ്തൊലെമായിസ് വിടുകയും കൈസര്യായിലേക്കു പോവുകയും ചെയ്തു. ഞങ്ങള്‍ ഫിലിപ്പൊസിന്‍റെ വീട്ടിലേക്കു പോയി അവിടെ താമസിച്ചു. ഫിലിപ്പൊസ് സുവിശേഷപ്രസംഗകനായിരുന്നു. ഏഴു പ്രത്യേക സഹായികളില്‍ ഒരുവനായിരുന്നു അവന്‍.
9 അവന് അവിവാഹിതകളായ നാലു പെണ്‍മക്കളുണ്ടായിരുന്നു. അവര്‍ക്കു പ്രവചനവരം ഉണ്ടായിരുന്നു.
10 ഞങ്ങള്‍ അനേകം ദിവസം അവിടെ തങ്ങി. അതിനുശേഷം യെഹൂദ്യയില്‍നിന്നും അഗബൊസ് എന്നൊരു പ്രവാചകന്‍ അവിടെ വന്നു.
11 അവന്‍ ഞങ്ങളുടെ അടുത്തു വന്ന്, പെൌലൊസിന്‍റെ അരപ്പട്ട വാങ്ങി. എന്നിട്ട് അതുകൊണ്ട് അഗബൊസ് തന്‍റെ തന്നെ കൈകാലുകള്‍ കെട്ടി. അയാള്‍ പറഞ്ഞു, “പരിശുദ്ധാത്മാവ് എന്നോടു പറയുന്നു, ‘ഇങ്ങനെയാണ് ഈ അരപ്പട്ട ധരിക്കുന്നവനെ യെഹൂദര്‍ ബന്ധിക്കുക. എന്നിട്ടവര്‍ അവനെ ജാതികള്‍ക്കു നല്‍കും.’”
12 ഞങ്ങളെല്ലാം ഈ വാക്കുകള്‍ കേട്ടു. അതിനാല്‍ ഞങ്ങളും യേശുവിന്‍റെ പ്രാദേശിക ശിഷ്യന്മാരും പെൌലൊസിനോടു യെരൂശലേമിലേക്കു പോകരുതെന്നു യാചിച്ചു.
13 എന്നാല്‍ പെൌലൊസ് പറഞ്ഞു, “നിങ്ങളെന്തിനാണു കരയുന്നത്? എന്തിനാണിങ്ങനെ എന്നെ സങ്കടപ്പെടുത്തുന്നത്? യെരൂശലേമില്‍ ബന്ധിതനാകാന്‍ ഞാന്‍ തയ്യാറാണ്. കര്‍ത്താവായ യേശുവിന്‍റെ നാമത്തിനു വേണ്ടി മരിക്കാന്‍ പോലും ഞാന്‍ തയ്യാറാണ്!”
14 യെരൂശലേമില്‍ പോകുന്നതില്‍ നിന്നും അവനെ തടയാനോ, നിര്‍ബന്ധിക്കാനോ ഞങ്ങള്‍ക്ക് ആകുമായിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ അഭ്യര്‍ത്ഥന നിര്‍ത്തി ഇങ്ങനെ പറഞ്ഞു, “കര്‍ത്താവിന്‍റെ ഇംഗിതം നടപ്പാകട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.”
15 ഏതാനും ദിവസങ്ങള്‍ക്കുശേഷം ഞങ്ങള്‍ തയ്യാറായി യെരൂശേമിലേക്കു പുറപ്പെട്ടു.
16 കൈസര്യയില്‍ നിന്നുള്ള യേശുവിന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ ഞങ്ങളോടൊത്തു യെരൂശലേമിലേക്കു വന്നു. കുപ്രൊസുകാരനായ മ്നാസോനിന്‍റെ വസതിയിലേക്ക് ആ ശിഷ്യന്മാര്‍ ഞങ്ങളെ കൊണ്ടുപോയി. അയാള്‍ യേശുവിന്‍റെ ആദ്യശിഷ്യന്മാരില്‍ ഒരാളായിരുന്നു. അയാള്‍ ഞങ്ങളെ അവിടെ താമസിപ്പിക്കാന്‍ തന്‍റെ വീട്ടിലേക്കു കൊണ്ടുപോയി.
പെൌലൊസ് യാക്കോബിനെ സന്ദര്‍ശിക്കുന്നു
17 യെരൂശലേമിലെ വിശ്വാസികള്‍ക്ക് ഞങ്ങളുടെ ആഗമനം ആഹ്ലാദമേകി.
18 അടുത്ത ദിവസം പെൌലൊസ് ഞങ്ങളോടൊപ്പം യാക്കോബിനെ സന്ദര്‍ശിക്കാന്‍ പോയി. മൂപ്പന്മാരെല്ലാം അവിടെ ഉണ്ടായിരുന്നു.
19 അപ്പോള്‍ ജാതികളുടെ ഇടയില്‍ പലതും പ്രവൃത്തിക്കാന്‍ ദൈവം തന്നെ ഇങ്ങ നെ വിനിയോഗിച്ചുവെന്ന് അവന്‍ അവരോടു പറഞ്ഞു. തന്നിലൂടെ ദൈവം പ്രവൃത്തിച്ചത് മുഴുവന്‍ അവന്‍ അവരോടു പറഞ്ഞു.
20 ഇതെല്ലാം കേട്ട നേതാക്കള്‍ ദൈവത്തെ പുകഴ്ത്തി. എന്നിട്ടവര്‍ പെൌലൊസിനോടു പറഞ്ഞു, “സഹോദരാ ആയിരക്കണക്കിന് യെഹൂദര്‍ വിശ്വാസികളായതു നിനക്കു കാണാം. എന്നാല്‍, മോശെയുടെ ന്യായപ്രമാണം അനുസരിക്കുകയെന്നതു വളരെ പ്രധാനമാണെന്നവര്‍ കരുതുന്നു.
21 ഈ യെഹൂദര്‍ നിന്‍റെ ഉപദേശത്തെ കേട്ടു. അന്യരാജ്യങ്ങളില്‍ ജാതികളോടൊപ്പം വസിക്കുന്ന യെഹൂദരോട് മോശെയുടെ ന്യായപ്രമാണം ഉപേക്ഷിക്കുവാന്‍ നീ പറയുന്നത് അവര്‍ കേട്ടു. ആ യെഹൂദരോട് തങ്ങളുടെ കുട്ടികളുടെ പരിച്ഛേദനകര്‍മ്മം നടത്തരുതെന്നും യെഹൂദ ആചാരങ്ങള്‍ അനുസരിക്കരുതെന്നും നീ പറഞ്ഞതായി അവര്‍ കേട്ടു.
22 “ഞങ്ങളെന്തു ചെയ്യണം? നീ വന്നതായി ഇവിടുത്തെ യെഹൂദജനമറിയും.
23 അതിനാല്‍ നീ എന്തു ചെയ്യണമെന്നു ഞങ്ങള്‍ പറയാം. ഞങ്ങളില്‍ നാലു പേര്‍ വ്രതം സ്വീകരിച്ചിട്ടുണ്ട്.
24 അവരെ കൂട്ടിക്കൊണ്ട് അവരോടൊപ്പം ശുദ്ധീകരണകര്‍മ്മം നിര്‍വ്വഹിക്കുക. അവരുടെ ചിലവുകള്‍ വഹിക്കുക. അപ്പോളവര്‍ക്കു ഞങ്ങളുടെ ശിരോമുണ്ഡനം നടത്താനാവും. അങ്ങനെ ചെയ്താല്‍ ആളുകള്‍ക്കിടയില്‍ നിന്നെപ്പറ്റി കേട്ടതൊന്നും സത്യമല്ലെന്നു തെളിയിക്കാന്‍ കഴിയും. നീ സ്വജീവിതത്തില്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കുന്നുണ്ടെന്നവര്‍ മനസ്സിലാക്കും.
25 “ഞങ്ങള്‍ ഇതിനകം തന്നെ ജാതികളില്‍ നിന്നുള്ള വിശ്വാസികള്‍ക്കൊരു കത്തയച്ചു കഴിഞ്ഞു. അതില്‍ ഇങ്ങനെ പറയുന്നു:
‘വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ടതു ഭക്ഷിക്കരുത്,
രക്തം രുചിക്കരുത്, ശ്വാസം മുട്ടിച്ചു കൊല്ലപ്പെട്ട മൃഗത്തെ ഭക്ഷിക്കരുത്.
ഒരു തരത്തിലുള്ള ലൈംഗികപാപവും അരുത്.’”
Paul Is Arrested
26 അപ്പോള്‍ പെൌലൊസ് ആ നാലുപേരെ തന്നോടൊപ്പം കൂട്ടി. പിറ്റേന്നു ശുദ്ധീകരണകര്‍മ്മത്തില്‍ പെൌലൊസും പങ്കാളിയായി. എന്നിട്ടവര്‍ ദൈവാലയത്തിലേക്കു പോയി. ശുദ്ധീകരണ കര്‍മ്മങ്ങള്‍ അവസാനിക്കുന്ന സമയം അവന്‍ പ്രഖ്യാപിച്ചു. അപ്പോള്‍ ഓരോരുത്തര്‍ക്കും വേണ്ടി വഴിപാട് അര്‍പ്പിക്കപ്പെടുമെന്നും അവന്‍ അറിയിച്ചു.
27 ആ ഏഴു ദിവസങ്ങളും കഴിയാറായി. പക്ഷേ ആസ്യയില്‍ നിന്നുള്ള ഏതാനും യെഹൂദര്‍ ദൈവാലയത്തില്‍ പെൌലൊസിനെയും കണ്ടു. അവര്‍ ജനക്കൂട്ടത്തെ ഇളക്കിവിട്ട് പെൌലൊസിനെ പിടിപ്പിച്ചു.
28 അവര്‍ വിളിച്ചുകൂവി, “യെഹൂദരേ, സഹായിക്കുക! മോശെയുടെ നിയമങ്ങള്‍ക്ക് എതിരായതൊക്കെ പഠിപ്പിക്കുന്നവനാണ് ഇവന്‍. ഈ ദൈവാലയത്തിനും ജനതയ്ക്കും എതിരായി ഇക്കാര്യങ്ങളിവന്‍ എല്ലായിടത്തും എല്ലാവരെയും പഠിപ്പിക്കുന്നു. ഇപ്പോഴവന്‍ ഏ താനും യവനക്കാരെ ദൈവാലയമുറ്റത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു. ഈ വിശുദ്ധസ്ഥലത്തെ അവന്‍ അശുദ്ധമാക്കിയിരിക്കുന്നു!”
29 (യെഹൂദര്‍ അങ്ങനെ പറയാന്‍ കാരണം അവര്‍ ത്രോഫിമോസിനോടൊപ്പം പെൌലൊസിനെ യെരൂശലേമില്‍ കണ്ടിട്ടുണ്ട് എന്നതാണ്. ത്രോഫിമോസ് ജാതികളില്‍ നിന്നുള്ള എഫെസൊസുകാരനാണ്. പെൌലൊസാണവനെ ദൈവാലയത്തിലേക്കു കൊണ്ടുവന്നതെന്നാണവര്‍ കരുതിയത്.)
30 യെരൂശലേംവാസികള്‍ ഒന്നടങ്കം ഇളകിമറിഞ്ഞു. അവര്‍ ഓടിവന്ന് പെൌലൊസിനെ പിടികൂടി. അവരവനെ ദൈവാലയത്തിലെ വിശുദ്ധസ്ഥലത്തുനിന്നും വലിച്ചിറക്കി. ഉടന്‍ തന്നെ ദൈവാലയകവാടങ്ങള്‍ അടയ്ക്കപ്പെടുകയും ചെയ്തു.
31 ആളുകള്‍ പെൌലൊസിനെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. നഗരത്തിലാകമാനം കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്ന് റോമാസൈന്യാധിപന്‍ മനസ്സിലാക്കി.
32 പെട്ടെന്നു തന്നെ അയാള്‍ ആളുകള്‍ കൂടിനില്‍ക്കുന്ന ഇടത്തേക്കു ചെന്നു. ഏതാനും ശതാധിപന്മാരെയും ഭടന്മാരെയും അയാള്‍ കൂടെ കൂട്ടിയിരുന്നു. ജനങ്ങള്‍ സൈന്യാധിപനെയും ഭടന്മാരെയും കണ്ടു. അതിനാല്‍ അവര്‍ പെൌലൊസിനെ തല്ലുന്നതു നിര്‍ത്തി.
33 സൈന്യാധിപന്‍ പെൌലൊസിന്‍റെ അടുത്തു ചെന്നു. അവനെ പിടികൂടി. അവനെ ചങ്ങല കൊണ്ടു ബന്ധിക്കാന്‍ അവന്‍ ഭടന്മാരോടു കല്പിച്ചു. എന്നിട്ട് സൈന്യാധിപന്‍ ചോദിച്ചു, “ആരാണിയാള്‍?” എന്താണ് ഇയാള്‍ ചെയ്ത തെറ്റ്?”
34 അവിടെ ഉണ്ടായിരുന്ന ചിലര്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. മറ്റു ചിലര്‍ വേറെ എന്തൊക്കെയോ പറഞ്ഞു. ഈ കോലാഹലവും ആശയക്കുഴപ്പവും കാരണം അയാള്‍ക്ക് സത്യാവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ പെൌലൊസിനെ സൈനിക കേന്ദ്രത്തിലേക്കു കൊണ്ടുവരാന്‍ അയാള്‍ ഭടന്മാരോട് ആജ്ഞാപിച്ചു.
35-36 എല്ലാവരും അവരെ പിന്തുടരുകയായിരുന്നു. പെൌലൊസ് പടിക്കല്‍ എത്തിയപ്പോള്‍ ഭടന്മാര്‍ അവനെ എടുത്തു. ആളുകള്‍ അക്രമാസക്തരായതിനാല്‍ പെൌലൊസിനെ രക്ഷിക്കുന്നതിനാണ് അവരങ്ങനെ ചെയ്തത്. ആളുകള്‍ വിളിച്ചു കൂവി, “അവനെ കൊല്ലുക!”
37 ഭടന്മാര്‍ പെൌലൊസിനെ സൈനികകേന്ദ്രത്തിലേക്കു നയിച്ചു. അവിടെ പ്രവേശിക്കുന്പോള്‍ അവന്‍ സൈന്യാധിപനോടു ചോദിച്ചു, “താങ്കളോടു ഞാന്‍ ചിലതു പറയട്ടെയോ?”
സൈന്യാധിപന്‍ പറഞ്ഞു, “നീ യവനഭാഷ സംസാരിക്കുന്നോ?
38 എന്നാല്‍ ഞാന്‍ കരുതിയവനല്ലേ നീ? അടുത്തകാലത്ത് സര്‍ക്കാരിനെതിരെ കലാപമുണ്ടാക്കിയ മിസ്രയീംകാരനാണു നീയെന്നാണു ഞാന്‍ കരുതിയത്. അയാള്‍ നാലായിരം കൊലയാളികളെ മരുഭൂമിയിലേക്കു നയിച്ചു.
39 പെൌലൊസ് പറഞ്ഞു, “അല്ല, ഞാന്‍ തര്‍സൊസുകാരനായ ഒരു യെഹൂദനാണ്. കിലിക്യായിലാണ് തര്‍സൊസ്. ഞാന്‍ ആ പ്രധാന നഗരത്തിലെ ഒരു പൌരനാണ്. ദയവായി ജനങ്ങളോടു സംസാരിക്കാനെന്നെ അനുവദിച്ചാലും.”
40 സൈന്യാധിപന്‍ പെൌലൊസിനെ അതിന് അനുവദിച്ചു. അതിനാലവന്‍ പടികള്‍ക്കു മുകളില്‍ കയറി നിന്നു. ആളു കളോട് അടങ്ങിയിരിക്കാന്‍ കൈകൊണ്ട് അവന്‍ ആഗ്യം കാണിച്ചു. ജനങ്ങള്‍ അടങ്ങുകയും പെൌലൊസ് അവരോടു പ്രസംഗിക്കുകയും ചെയ്തു. അവന്‍ യെഹൂദരുടെ ഭാഷയിലാണ് പ്രസംഗിച്ചത്.