പെൌലൊസ് ജനങ്ങളോടു പ്രസംഗിക്കുന്നു
22
പെൌലൊസ് പറഞ്ഞു, “എന്‍റെ സഹോദരന്മാരേ, പിതാക്കളേ എന്നെ ശ്രദ്ധിച്ചാലും! ഞാന്‍ നിങ്ങളുടെ മുന്പില്‍ ന്യായവാദം അവതരിപ്പിക്കുന്നു.”
പെൌലൊസ് യെഹൂദഭാഷ സംസാരിക്കുന്നത് യെഹൂദര്‍ കേട്ടു. അതിനാല്‍ അവര്‍ ശാന്തരായി. പെൌലൊസ് പറഞ്ഞു,
“ഞാനൊരു യെഹൂദനാണ്. കിലിക്യായിലെ തര്‍സൊസിലാണു ഞാന്‍ ജനിച്ചത്. യെരൂശലേമില്‍ ഞാന്‍ വളര്‍ന്നു. ഗമാലിയേലിന്‍റെ* ശിഷ്യനായിരുന്നു ഞാന്‍. നമ്മുടെ പിതാക്കന്മാരുടെ ന്യായപ്രമാണം അവന്‍ എന്നെ സസൂക്ഷ്മം പഠിപ്പിച്ചു. നിങ്ങളെല്ലാവരും ഇന്ന് ആയിരിക്കുന്പോലെ ഞാനന്ന് ദൈവശുശ്രൂഷയില്‍ വളരെ തീഷ്ണതയുള്ളവനായിരുന്നു. യേശുവിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ചവരെ ഞാന്‍ പീഢിപ്പിച്ചിരുന്നു. ഞാന്‍ മൂലം അവരില്‍ ചിലര്‍ കൊല്ലപ്പെടുകകൂടി ചെയ്തു. സ്ത്രീകളെയും പുരുഷന്മാരെയും ഞാന്‍ പിടികൂടി തടവറയിലിട്ടു.
“മഹാപുരോഹിതനും ജനത്തിന്‍റെ മൂപ്പന്മാരുടെ സഭയ്ക്കും ഇതൊക്കെ സത്യമാണെന്നു പറയാന്‍ കഴിയും! ഒരിക്കല്‍ ഈ നേതാക്കള്‍ എനിക്കു ചില കത്തുകള്‍ തന്നു ദമസ്ക്കൊസിലെ യെഹൂദസഹോദരന്മാര്‍ക്ക് ഉള്ളതായിരുന്നു ആ കത്തുകള്‍. യേശുവിന്‍റെ ശിഷ്യന്മാരെ പിടിച്ച് ശിക്ഷിക്കാനും കൊണ്ടുവരാനുമായി ഞാനവിടേക്കു പോവുകയായിരുന്നു.
തന്‍റെ മാനസാന്തരത്തെപ്പറ്റി
“എന്നാല്‍ ദമസ്ക്കൊസിലേക്കുള്ള യാത്രയില്‍ എനിക്കു ചിലതു സംഭവിച്ചു. ഞാന്‍ ദമസ്ക്കൊസിനോട് അടുത്തപ്പോള്‍ ഉച്ചയായിരുന്നു. പെട്ടെന്ന് ആകാശത്തുനിന്ന് ഒരു തീഷ്ണമായ പ്രകാശം എനിക്കു ചുറ്റും തിളങ്ങി. ഞാന്‍ തറയില്‍ വീണു. ഒരശരീരി എന്നോടു പറയുന്നതായി ഞാന്‍ കേട്ടു: ‘ശെൌല്‍, ശെൌല്‍ നീയെന്തിനാണെന്നെ പീഢിപ്പിക്കുന്നത്!’
“ഞാന്‍ ചോദിച്ചു, ‘നീ ആരാണു കര്‍ത്താവേ?’ ശബ്ദം പറഞ്ഞു, ‘നീ പീഢിപ്പിക്കുന്ന നസറായനായ യേശുവാണ് ഞാന്‍.’ എന്നോടൊത്തു ഉണ്ടായിരുന്നവര്‍ക്ക് അത് കേള്‍ക്കാനായില്ല. എങ്കിലും അവര്‍ ആ പ്രകാശം കണ്ടു.
10 “ഞാന്‍ ചോദിച്ചു, ‘കര്‍ത്താവേ ഞാന്‍ എന്തു ചെയ്യണം?’ കര്‍ത്താവ് മറുപടി പറഞ്ഞു, ‘എഴുന്നേറ്റു ദമസ്ക്കൊസിലേക്കു പോവുക. അവിടെ നിനക്കായി ഞാന്‍ ആസൂത്രണം ചെയ്തിരിക്കുന്നതെല്ലാം നിന്നെ അറിയിക്കും.’ 11 പ്രകാശത്തിന്‍റെ തീഷ്ണതമൂലം എനിക്കൊന്നും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ എന്നോടൊപ്പമുള്ള പുരുഷന്മാര്‍ എന്നെ ദമസ്ക്കൊസിലേക്കു നയിച്ചു.
12 “ദമസ്ക്കൊസില്‍ അനന്യാസ് എന്നൊരുവന്‍ എന്നെ സമീപിച്ചു. അയാള്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കുന്നവനും ഭക്തനുമായിരുന്നു. അവിടെ താമസിച്ചിരുന്ന യെഹൂദരെല്ലാം അനന്യാസിനെ ആദരിച്ചിരുന്നു. 13 അയാള്‍ എന്‍റെ അടുത്തെത്തി പറഞ്ഞു, ‘സഹോദരനായ ശെൌല്‍, നിനക്കു കാഴ്ച ലഭിക്കട്ടെ.’ പെട്ടെന്ന് എനിക്കു കാഴ്ച കിട്ടി.
14 “അനന്യാസ് എന്നോടു പറഞ്ഞു, ‘നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ പണ്ടുതന്നെ തിരഞ്ഞെടുത്തു. തന്‍റെ പദ്ധതി അറിയാനാണു ദൈവം നിന്നെ തിരഞ്ഞെടുത്തത്. നീതിമാനെ (യേശുവിനെ) കാണുന്നതിനും അവന്‍റെ വാക്കുകള്‍ കേള്‍ക്കുന്നതിനുമാണ് നിന്നെ തിരഞ്ഞെടുത്തത്. 15 നീ എല്ലാവര്‍ക്കും അവന്‍റെ സാക്ഷിയായിരിക്കും. നീ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ആളുകളോടു പറയും. 16 ഇനി അധികം കാക്കേണ്ടതില്ല. എഴുന്നേല്‍ക്കൂ. സ്നാനപ്പെട്ട് നിന്‍റെ പാപങ്ങള്‍ കഴുകിക്കളയുക. സ്വയം രക്ഷിക്കാന്‍ അവന്‍റെ നാമത്തില്‍ വിശ്വസിച്ചു ഇങ്ങനെ ചെയ്യുക.’
17 “പിന്നീട് ഞാന്‍ യെരൂശലേമില്‍ മടങ്ങിയെത്തി. ദൈവാലയത്തില്‍ വച്ചു പ്രാര്‍ത്ഥിക്കുകയായിരുന്ന എനിക്ക് ഒരു ദര്‍ശനമുണ്ടായി. 18 യേശുവിനെ ഞാന്‍ കണ്ടു. യേശു എന്നോടു പറഞ്ഞു, ‘വേഗം, ഇപ്പോള്‍ത്തന്നെ യെരൂശലേം വിടുക. ഇന്നാട്ടുകാര്‍ എന്നെപ്പറ്റി കൊടുക്കുന്ന സാക്ഷ്യം സ്വീകരിക്കുകയില്ല.’
19 “ഞാന്‍ പറഞ്ഞു, ‘പക്ഷേ കര്‍ത്താവേ, വിശ്വാസികളെ തടവിലിടുകയും മര്‍ദ്ദിക്കുകയും ചെയ്തവന്‍ ഞാനാണെന്ന് അവര്‍ക്കറിയാം. നിന്നില്‍ വിശ്വസിക്കുന്നവരെ പിടിയ്ക്കാന്‍ ഞാന്‍ എല്ലാ യെഹൂദപ്പള്ളികളിലും കയറിയിറങ്ങി. 20 അങ്ങയുടെ സാക്ഷി സ്തെഫാനൊസ് കൊല്ലപ്പെട്ടപ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നതായും അവര്‍ക്കറിയാം. സ്തെഫാനൊസിനെ വധിക്കണമെന്നു എഴുന്നേറ്റു നിന്നു പറഞ്ഞവനാണു ഞാന്‍. അവന്‍റെ കൊലയാളികളുടെ വസ്ത്രം പിടിയ്ക്കുക വരെ ഞാന്‍ ചെയ്തു.’
21 “എന്നാല്‍ യേശു എന്നോടു പറഞ്ഞു, ‘ഇപ്പോള്‍ തന്നെ ഇവിടം വിടുക. ഞാന്‍ നിന്നെ വളരെ ദൂരെ ജാതികളുടെ ഇടയിലേക്ക് അയയ്ക്കാം.’”
22 ജാതികളുടെ ഇടയിലേക്കു പോകുന്നതിനെപ്പറ്റിയുള്ള പെൌലൊസിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ജനം അവനെ ശ്രദ്ധിക്കുന്നതു നിര്‍ത്തി. അവര്‍ ആക്രോശിച്ചു, “അവനെ കൊല്ലുക. ഈ ലോകത്തു നിന്നും അവനെ ഓടിയ്ക്കുക. ഇങ്ങനെ ഒരുത്തനെ ജീവിക്കാന്‍ അനുവദിക്കരുത്.” 23 അവര്‍ നിലവിളിയ്ക്കുകയും അവരുടെ വസ്ത്രങ്ങള്‍ മുകളിലേക്ക് വലിച്ചെറിയുകയും ചെയ്തു. അവര്‍ വായുവില്‍ പൊടി പരത്തി. 24 അപ്പോള്‍ പെൌലൊസിനെ പട്ടാളത്താവളത്തി നുള്ളിലേക്കു കൊണ്ടുവരാന്‍ സൈന്യാധിപന്‍ കല്പിച്ചു. പെൌലൊസിനെ ചമ്മട്ടികൊണ്ട് അടിക്കാനും അവര്‍ കല്പിച്ചു. എന്തിനാണു ആളുകള്‍ ഇങ്ങനെ അവനെതിരെ വിളിച്ചുകൂവുന്നതെന്നു സൈന്യാധിപനു അതുവഴി അറിയണമായിരുന്നു. 25 അതിനാല്‍ ഭടന്മാര്‍ പെൌലൊസിനെ ചമ്മട്ടികൊണ്ട് മര്‍ദ്ദിക്കാനായി കെട്ടിയിട്ടു. എന്നാല്‍ പെൌലൊസ് അവിടെ ഉണ്ടായിരുന്ന ശതാധിപനോടു ചോദിച്ചു, “കുറ്റവാളിയെന്നു തെളിയിക്കപ്പെടാത്ത ഒരു റോമാക്കാരനെ ചമ്മട്ടികൊണ്ടു മര്‍ദ്ദിക്കാന്‍ നിനക്കധികാരമുണ്ടോ?”
26 ഇതു കേട്ട ശതാധിപന്‍ ഇക്കാര്യം സൈന്യാധിപനോടു പോയിപ്പറഞ്ഞു. ശതാധിപന്‍ പറഞ്ഞു, “നീയെന്താണു ചെയ്യുന്നതെന്നറിയാമോ? അയാള്‍ ഒരു റോമാക്കാരനാണ്!”
27 സൈന്യാധിപന്‍ പെൌലൊസിനടുത്തെത്തി ചോദിച്ചു, “പറയൂ, നീ യഥാര്‍ത്ഥത്തില്‍ റോമാക്കാരനാണോ?”
പെൌലൊസ് പറഞ്ഞു, “അതെ.”
28 സൈന്യാധിപന്‍ പറഞ്ഞു, “റോമാക്കാരനാകാന്‍ ഞാന്‍ ധാരാളം പണം കൊടുത്തതാണ്.”
എന്നാല്‍ പെൌലൊസ് പറഞ്ഞു, “ഞാന്‍ ജന്മനാ റോമാക്കാരനാണ്.”
29 പെൌലൊസിനെ ചോദ്യം ചെയ്യാന്‍ വന്നവര്‍ പെട്ടെന്നു തന്നെ പിരിഞ്ഞു പോയി. റോമാക്കാരനായ പെൌലൊസിനെ കെട്ടിയിട്ടതില്‍ സൈന്യാധിപന്‍ ഭയപ്പെട്ടു.
പെൌലൊസ് യെഹൂദനേതാക്കന്മാരോടു പ്രസംഗിക്കുന്നു
30 പിറ്റേന്ന്, ജനങ്ങളെന്തുകൊണ്ടാണ് പെൌലൊസിനെതിരെ സംസാരിക്കുന്നതെന്നു പഠിക്കാന്‍ സൈന്യാധിപന്‍ തീരുമാനിച്ചു. അതിനാലയാള്‍ മഹാപുരോഹിതന്മാരോടും യെഹൂദ സഭയോടും യോഗം ചേരാന്‍ ആവശ്യപ്പെട്ടു. സൈന്യാധിപന്‍ പെൌലൊസിന്‍റെ ചങ്ങലകള്‍ അഴിച്ചു. എന്നിട്ടയാള്‍ അവനെ കൊണ്ടുവന്ന് യോഗത്തിനു മുന്നില്‍ നിര്‍ത്തി.