23
യെഹൂദ സഭായോഗത്തിലേക്കു നോക്കിക്കൊണ്ട് പെൌലൊസ് പറഞ്ഞു, “സഹോദരന്മാരേ, ദൈവത്തിന്‍റെ മുന്പില്‍ ഞാന്‍ ഉത്തമനായി ജീവിച്ചു. ശരിയാണെന്നെനിക്കു ബോധ്യപ്പെട്ടതേ ഞാന്‍ പ്രവര്‍ത്തിച്ചുള്ളൂ.” മഹാപുരോഹിതനായ അനന്യാസ് അവിടെ ഉണ്ടായിരുന്നു. അയാള്‍ പെൌലൊസിനടുത്ത് നില്‍ക്കുന്നവരോട് അവന്‍റെ മുഖത്തടിയ്ക്കാന്‍ ആവശ്യപ്പെട്ടു. പെൌലൊസ് അനന്യാസിനോടു പറഞ്ഞു, “ദൈവം നിന്നെയും അടിയ്ക്കും! നീ വെള്ളപൂശി മറയ്ക്കപ്പെട്ട ചെളി പിടിച്ച മതിലു പോലെയാണ്! നീ അവിടിരുന്ന് മോശെയുടെ ന്യായപ്രമാണം അനുസരിച്ച് എന്നെ വിധിയ്ക്കുന്നു. എന്നാല്‍ എന്നെ അടിയ്ക്കാന്‍ നീ അവരോട് പറയുന്നുണ്ട്. അത് മോശെയുടെ ന്യായപ്രമാണത്തിന് എതിരാണ്.”
പെൌലൊസിന്‍റെ അടുത്തു നില്‍ക്കുന്നവര്‍ അവനോടു പറഞ്ഞു, “ദൈവത്തിന്‍റെ മഹാപുരോഹിതനോട് അങ്ങനെ പറയരുത്. നീ അദ്ദേഹത്തെ അപമാനിക്കുകയാണ്.”
പൌലൊസ് പറഞ്ഞു, “സഹോദരന്മാരേ, ഇയാളാണ് മഹാപുരോഹിതനെന്ന് എനിക്ക് അറിയില്ല. തിരുവെഴുത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘നിങ്ങളുടെ ജനത്തിന്‍റെ നേതാവിനെക്കുറിച്ച് ദുഷിച്ചു പറയരുത്. ഉദ്ധരണി പുറ. 22:18 ല്‍ നിന്നും.
യോഗത്തില്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍ സദൂക്യരും ചിലര്‍ പരീശന്മാരും ആയിരുന്നു. അതിനാല്‍ പെൌലൊസിന് ഒരു ആശയമുദിച്ചു: അവന്‍ അവരോടു വിളിച്ചു പറഞ്ഞു, “എന്‍റെ സഹോദരന്മാരേ, ഞാന്‍ ഒരു പരീശനാണ്. എന്‍റെ അപ്പനും ഒരു പരീശനായിരുന്നു. ആളുകള്‍ പുനരുജ്ജീവിപ്പിക്കുമെന്ന പ്രതീക്ഷമൂലമാണ് ഞാന്‍ വിചാരണ ചെയ്യപ്പെടുന്നത്!”
പെൌലൊസ് ഇതു പറഞ്ഞപ്പോള്‍ സദൂക്യരും പരീശന്മാരും തമ്മില്‍ വലിയ വാദം നടന്നു. സംഘം വിഘടിക്കപ്പെട്ടു. (മരിച്ചാല്‍ ആരും പുനരുജ്ജീവിക്കില്ലെന്ന് സദൂക്യര്‍ വിശ്വസിച്ചിരുന്നു. ദൂതന്മാരോ ആത്മാക്കളോ ഇല്ലെന്നും അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ പരീശര്‍ ഇവയെല്ലാം വിശ്വസിച്ചിരുന്നു.) ആ യെഹൂദരെല്ലാം ഉച്ചത്തില്‍ ആക്രോശിക്കാന്‍ തുടങ്ങി. ശാസ്ത്രിമാരില്‍ ചിലര്‍, പരീശന്മാരുടെ പക്ഷക്കാര്‍, എഴുന്നേറ്റു വാദിച്ചു, “ഇയാളില്‍ ഞങ്ങള്‍ തെറ്റൊന്നും കാണുന്നില്ല. ദമസ്ക്കൊസിലേക്കുള്ള വഴിയില്‍ ഒരു ആത്മാവോ, ദൂതനോ, അവനോടു സംസാരിച്ചിരിക്കാം.”
10 തര്‍ക്കം ഒരു ഏറ്റുമുട്ടലായി. യെഹൂദര്‍ പെൌലൊസിനെ കഷണം കഷണമാക്കുമെന്ന് സൈന്യാധിപന്‍ ഭയന്നു. അതിനാല്‍ താഴേക്കു ചെന്ന് പെൌലൊസിനെ യെഹൂദരുടെ ഇടയില്‍ നിന്നും പട്ടാളമന്ദിരത്തിലേക്കു കൊണ്ടിടാന്‍ അയാള്‍ ഭടന്മാരോടു കല്പിച്ചു.
11 അടുത്ത ദിവസം രാത്രി കര്‍ത്താവായ യേശു പെൌലൊസിനു പ്രത്യക്ഷപ്പെട്ടു. അവന്‍ പറഞ്ഞു, “ധൈര്യമായിരിക്കുക! യെരൂശലേംകാരോട് നീ എന്നെപ്പറ്റി പറഞ്ഞു. നീ റോമിലും പോയി എന്നെപ്പറ്റി അവിടെ ഉള്ളവരോട് പ്രസംഗിക്കണം!”
Some Jews Plan to Kill Paul
12 പിറ്റേന്നു രാവിലെ, ഏതാനും യെഹൂദര്‍ പെൌലൊസിനെ കൊല്ലാന്‍ ഒരു പരിപാടിയിട്ടു. പെൌലൊസിനെ കൊല്ലുന്നതുവരേക്കും ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ഇല്ലെന്ന് അവര്‍ കൂട്ടം കൂടി പ്രതിജ്ഞയെടുത്തു. 13 ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത യെഹൂദര്‍ നാല്പതിലധികം ഉണ്ടായിരുന്നു. 14 അവര്‍ പുരോഹിത പ്രമുഖരെയും ജനത്തിന്‍റെ മൂപ്പന്മാരെയും കണ്ടു സംസാരിച്ചു. യെഹൂദര്‍ പറഞ്ഞു, “ഞങ്ങള്‍ ഒരു വലിയ ശപഥം എടുത്തിട്ടുണ്ട്. പെൌലൊസിനെ കൊല്ലാതെ ഒന്നും കഴിക്കില്ലെന്ന്! 15 അതിനാല്‍ നിങ്ങള്‍ ഇങ്ങനെ ചെയ്തു തരണം. നിങ്ങളും എല്ലാ യെഹൂദനേതാക്കളും സൈന്യാധിപന് ഒരു സന്ദേശമയയ്ക്കണം. പെൌലൊസിനെ തങ്ങളുടെ അടുത്തേക്ക് അയയ്ക്കാന്‍ അയാളോട് ആവശ്യപ്പെടണം. കൂടുതല്‍ ചോദ്യം ചെയ്യാനാണിതെന്ന് പറയണം. അവന്‍ ഇവിടെ എത്തുന്നതിനു മുന്പ് കൊല്ലാന്‍ ഞങ്ങള്‍ കാത്തിരിക്കും.”
16 എന്നാല്‍ ഈ പരിപാടിയെപ്പറ്റി പെൌലൊസിന്‍റെ അനന്തിരവന്‍ കേട്ടു. അവന്‍ പട്ടാളകെട്ടിടത്തിലേക്കു ചെന്ന് പെൌലൊസിനെ വിവരം അറിയിച്ചു. 17 അപ്പോള്‍ പെൌലൊസ് ശതാധിപന്മാരില്‍ ഒരാളെ വിളിച്ചു പറഞ്ഞു, “ഈ ചെറുപ്പക്കാരനെ സൈന്യാധിപന്‍റെ അടുത്തേക്കു കൊണ്ടുപോകൂ. അദ്ദേഹത്തിനോടു ഇവന് ചിലതു പറയാനുണ്ട്.” 18 ശതാധിപന്‍ അവനെ സൈന്യാധിപന്‍റെ അടുത്തെത്തിച്ചു. ശതാധിപന്‍ പറഞ്ഞു, “ഈ യുവാവിനെ അങ്ങയുടെ മുന്പിലേക്കു കൊണ്ടുവരാന്‍ തടവുകാരനായ പെൌലൊസ് എന്നോടാവശ്യപ്പെട്ടു. അവന് എന്തോ പറയാനുണ്ടത്രേ.”
19 സൈന്യാധിപന്‍ യുവാവിനെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കു കൊണ്ടുപോയിട്ടു ചോദിച്ചു, “എന്താണു പറയാനുള്ളത്?”
20 യുവാവു പറഞ്ഞു, “പെൌലൊസിനെ അവരുടെ സഭയിലേക്ക് അയയ്ക്കാന്‍ അങ്ങയോട് ആവശ്യപ്പെടാന്‍ യെഹൂദര്‍ തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാനെന്ന വ്യാജേനയാണ് ആവശ്യപ്പെടുക. 21 എന്നാല്‍ അവരെ വിശ്വസിക്കരുത്! നാല്പതിലധികം യെഹൂദര്‍ പെൌലൊസിനെ വധിക്കാന്‍ വഴിയില്‍ ഒളിച്ചിരിപ്പുണ്ട്. അതു നടക്കാതെ ഒന്നും തിന്നുക യോ കുടിയ്ക്കുകയോ ഇല്ലെന്ന് അവര്‍ പ്രതിജ്ഞ എടുത്തിട്ടുണ്ട്! ഇപ്പോഴവര്‍ അങ്ങയുടെ അനുമതിയ്ക്കായി കാത്തിരിക്കുന്നു.”
22 സൈന്യാധിപന്‍ അവനെ പറഞ്ഞയച്ചു. അദ്ദേഹം അവനോടു പറഞ്ഞു, “അവരുടെ പരിപാടിയെപ്പറ്റി നീയെന്നോടു പറഞ്ഞതായി ആരോടും പറയരുത്.”
പെൌലൊസിനെ കൈസര്യയിലേക്കയയ്ക്കുന്നു
23 അനന്തരം സൈന്യാധിപന്‍ രണ്ടു ശതാധിപന്മാരെ വിളിച്ചു പറഞ്ഞു, “കൈസര്യായിലേക്ക് എനിക്ക് ഏതാനും പേരെ അയയ്ക്കണം. ഇരുന്നൂറു ഭടന്മാരെ തയ്യാറാക്കുക. എഴുപതു കുതിരപ്പട്ടാളക്കാരെയും ഇരുന്നൂറു കുന്തക്കാരെയും ഒരുക്കുക. രാത്രി ഒന്പതു മണിക്കു മുന്പു തന്നെ പുറപ്പെടണം. 24 പെൌലൊസിന് സഞ്ചരിക്കാന്‍ ഏതാനും കുതിരകളെയും. അയാളെ ദേശാധിപതി ഫേലിക്സിന്‍റെയടുത്ത് സുരക്ഷിതമായെത്തിക്കുക.” 25 സൈന്യാധിപന്‍ ഒരു കത്തെഴുതി അതില്‍ ഇങ്ങനെ പറയുന്നു,
26 “അഭിവന്ദ്യനായ ദേശാധിപതി ഫേലിക്സിനെ ക്ലൌദ്യൊസ് അഭിവാദനം ചെയ്യുന്നു:
ആശംസകള്‍.
27 ഈ മനുഷ്യനെ യെഹൂദര്‍ പിടികൂടി കൊല്ലാന്‍ ഉദ്ദേശിച്ചു. അവന്‍ ഒരു റോമാക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഏതാനും ഭടന്മാരുമായി ചെന്ന് അവനെ രക്ഷിച്ചു. 28 അവനെതിരെ എന്തിനാണവര്‍ ആരോപണം ഉന്നയിക്കുന്നതെന്നാണ് എനിക്കറിയേണ്ടത്. അതിനാല്‍ ഞാനവനെ അവരുടെ സമിതിയില്‍ കൊണ്ടുവന്നു. 29 ഇങ്ങനെ അറിയാന്‍ കഴിഞ്ഞു: പെൌലൊസ് തെറ്റായതെന്തൊക്കെയോ ചെയ്തു. എന്നാല്‍ ഈ ആരോപണങ്ങള്‍ അവരുടെ യെഹൂദ ന്യായപ്രമാണമനുസരിച്ചാണ്. എന്നാലതൊന്നും തടവിനോ വധത്തിനോ വിധിക്കാന്‍ പറ്റിയതുമല്ല. 30 ഏതാനും യെഹൂദര്‍ പെൌലൊസിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്നു വിവരം കിട്ടി. അതിനാല്‍ ഞാനിവനെ ഉടനെ അങ്ങയുടെ അടുത്തേക്ക് അയയ്ക്കുന്നു. അവനെതിരെ ഉള്ളതൊക്കെ അങ്ങയോടു പറയാന്‍ ഞാന്‍ യെഹൂദരോടും പറഞ്ഞിട്ടുണ്ട്.”
31 ഭടന്മാര്‍ ആജ്ഞക്കനുസൃതമായി തന്നെ ചെയ്തു. രാത്രി തന്നെ ഭടന്മാര്‍ പെൌലൊസിനെ അന്തിപത്രിസിലേക്കു കൊണ്ടുപോയി. 32 പിറ്റേന്ന് കുതിരപ്പടയാളികള്‍ പെൌലൊസിനോടൊപ്പം കൈസര്യായിലേക്കു പോയി. മറ്റു പട്ടാളക്കാരും കുന്തക്കാരും യെരൂശലേമിലെ സൈനിക താവളത്തിലേക്കു മടങ്ങി. 33 കുതിരപ്പടയാളികള്‍ കൈസര്യായില്‍ പ്രവേശിച്ചു, ദേശാധിപതിക്കു കത്തു നല്‍കി. എന്നിട്ടവര്‍ പെൌലൊസിനെയും ഏല്പിച്ചു.
34 കത്തു വായിച്ച ശേഷം ദേശാധിപതി പെൌലൊസിനോടു ചോദിച്ചു, “നീ ഏതു രാജ്യക്കാരനാണ്?” പെൌലൊസ് കിലിക്യക്കാരനാണെന്ന് ദേശാധിപതി അറിഞ്ഞു. 35 അദ്ദേഹം പറഞ്ഞു, “നിനക്കെതിരായ ആരോപണക്കാര്‍ കൂടിവന്നിട്ട് ഞാന്‍ നിന്നെ വിസ്തരിക്കും.” കൊട്ടാരത്തില്‍ അവനെ സൂക്ഷിക്കാന്‍ ദേശാധിപതി കല്പിച്ചു. (ആ മന്ദിരം ഹെരോദാവ് പണിയിച്ചതായിരുന്നു.)