പെൌലൊസ് അഗ്രിപ്പാരാജാവിന്‍റെ മുന്നില്‍
26
1 അഗ്രിപ്പാ പെൌലൊസിനോടു പറഞ്ഞു, “നിനക്കിനി നിന്‍റെ വാദങ്ങള്‍ ഉന്നയിക്കാം.” അപ്പോള്‍ പെൌലൊസ് തന്‍റെ കൈ ഉയര്‍ത്തിയിട്ട് സംസാരിക്കുവാന്‍ തുടങ്ങി.
2 അവന്‍ പറഞ്ഞു, “അഗ്രിപ്പാരാജാവേ, യെഹൂദര്‍ എനിക്കെതിരായി ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും ഞാന്‍ മറുപടി പറയാം. ഇന്ന് അങ്ങയുടെ മുന്പില്‍ നിന്ന് ഇങ്ങനെ ചെയ്യുവാന്‍ ഒരവസരം കിട്ടിയത് ഒരു അനുഗ്രഹമായി ഞാന്‍ കരുതുന്നു.
3 യെഹൂദരുടെ എല്ലാ ആചാരങ്ങളെപ്പറ്റിയും അവരുടെ വിവാദങ്ങളെപ്പറ്റിയും നല്ല അറിവുള്ളവനായ അങ്ങയോട് സംസാരിക്കുവാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ദയവായി ക്ഷമാപൂര്‍വ്വം ഞാന്‍ പറയുന്നത് ശ്രദ്ധിച്ചാലും.
4 “എന്‍റെ മുഴുവന്‍ ജീവിതത്തെപ്പറ്റിയും എല്ലാ യെഹൂദര്‍ക്കുമറിയാം. ഞാന്‍ എന്‍റെ സ്വന്തം രാജ്യത്തും പിന്നീട് യെരൂശലേമിലും ആദ്യം മുതല്‍ സ്വരീകരിച്ച മാര്‍ഗ്ഗത്തെപ്പറ്റിയും അവര്‍ക്കറിയാം.
5 വളരെക്കാലമായി ഈ യെഹൂദര്‍ക്കും എന്നെ അറിയാം. അവര്‍ക്കു വേണമെങ്കില്‍ ഞാനൊരു നല്ല പരീശനാണെന്ന് പറയാം. മറ്റേതൊരു യെഹൂദവിഭാഗത്തെക്കാളും മതകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുള്ളവരാണല്ലോ പരീശന്മാര്‍.
6 ഞങ്ങളുടെ പിതാക്കന്മാരോട് ദൈവം നടത്തിയ വാഗ്ദാനത്തില്‍ ഉള്ള പ്രതീക്ഷ മൂലമാണ് ഞാനിപ്പോള്‍ വിചാരണ ചെയ്യപ്പെടുന്നത്.
7 നമ്മുടെ ഇടയിലെ പന്ത്രണ്ടു ഗോത്രങ്ങളും പ്രത്യാശിക്കുന്ന വാഗ്ദാനമാണത്. ഈ പ്രത്യാശയ്ക്കായി യെഹൂദര്‍ ദൈവത്തെ രാപ്പകല്‍ ആരാധിക്കുന്നു. എന്‍റെ രാജാവേ ഇതേ വാഗ്ദാനത്തെപ്പറ്റി ഞാന്‍ പ്രതീക്ഷിക്കുന്നതു കൊണ്ടാണ് ഈ യെഹൂദര്‍ എന്നില്‍ ആരോപണം ഉന്നയിക്കുന്നത്!
8 എന്തു കൊണ്ടാണ് ദൈവം മനുഷ്യരെ മരണത്തില്‍ നിന്നും ഉയിര്‍പ്പിക്കും എന്നു നിങ്ങള്‍ വിശ്വസിക്കാത്തത്.
9 “ഞാനൊരു പരീശനായിരുന്നപ്പോള്‍ നസറായനായ യേശുവിനെതിരെ എനിക്കു പലതും ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.
10 യെരൂശലേമില്‍ വിശ്വാസികള്‍ക്കെതിരെ ഞാന്‍ പലതും പ്രവര്‍ത്തിക്കുകയും ചെയ്തു. വിശ്വാസികളെ തടവിലിടുന്നതിനുള്ള അധികാരം മഹാപു രോഹിതന്മാര്‍ എനിക്കു തരികയും ചെയ്തു. യേശുവിന്‍റെ ശിഷ്യന്മാര്‍ ഓരോരുത്തരായി കൊല്ലപ്പെടവേ അതൊക്കെ നല്ല കാര്യങ്ങളാണെന്നു ഞാന്‍ സമ്മതിച്ചു.
11 ഓരോ യെഹൂദപ്പള്ളിയിലും ഞാനവരെ ശിക്ഷിച്ചു. യേശുവിനെതിരായി അസഭ്യം പറയുന്നതിന് ഞാനവരെ പ്രേരിപ്പിച്ചു. അവര്‍ക്കെതിരെ മറ്റു നഗരങ്ങളില്‍ ചെന്നുപോലും ഉപദ്രവിക്കുവാന്‍ തക്ക കലിയായിരുന്നു എനിക്ക്.
യേശുവിനെ കാണുന്നതിനെപ്പറ്റി പെൌലൊസ്
12 “ഒരു തവണ പുരോഹിതമുഖ്യന്മാര്‍ ദമസ്ക്കൊസിലേക്ക് പോകുന്നതിന് എനിക്ക് അനുമതിയും അധികാരവും നല്‍കി.
13 ഞാന്‍ ദമസ്ക്കൊസിലേക്കു പോകുകയായിരുന്നു. നേരം ഉച്ചയായി. ഞാന്‍ ആകാശത്ത് ഒരു പ്രകാശം കണ്ടു. അതു സൂര്യനേക്കാള്‍ തീഷ്ണമായിരുന്നു. എനിക്കും എന്നോടൊപ്പം സഞ്ചരിച്ചിരുന്നവര്‍ക്കും ചുറ്റും ആ പ്രകാശം തിളങ്ങി.
14 ഞങ്ങളെല്ലാം നിലം പതിച്ചു. അപ്പോള്‍ യെഹൂദഭാഷയില്‍ ഒരശരീരി എന്നോടു സംസാരിക്കുന്നതായി ഞാന്‍ കേട്ടു. ശെൌല്‍, ശെൌല്‍, നീയെന്തിനാണ് എന്നെ പീഢിപ്പിക്കുന്നത്? എന്നോട് ഏറ്റുമുട്ടിക്കൊണ്ട് നീ സ്വയം മുറിവുകള്‍ ഉണ്ടാക്കുകയാണ്.’
15 “ഞാന്‍ പറഞ്ഞു, ‘കര്‍ത്താവേ ആരാണു നീ?’
“കര്‍ത്താവ് പറഞ്ഞു, ‘ഞാന്‍ യേശു ആകുന്നു. നീ പീഢിപ്പിക്കുന്നത് എന്നെ ആണ്.
16 എഴുന്നേല്‍ക്കൂ! ഞാന്‍ നിന്നെ എന്‍റെ ദാസനായി തെരഞ്ഞെടുത്തിരിക്കുന്നു. നീ എന്‍റെ സാക്ഷിയാകും. ഇന്നു നീ എന്നെപ്പറ്റി കാണുന്നതും ഞാന്‍ നിനക്കു കാട്ടിത്തരുന്നതുമായ കാര്യങ്ങളെപ്പറ്റിയും നീ ആളുകളോടു പറയും. അതുകൊണ്ടാണ് ഞാനിന്നു നിന്‍റെ അടുത്തേക്കു വന്നത്.
17 “നിന്‍റെ സ്വന്തം ആളുകള്‍ നിന്നെ മുറിവേല്പിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ജാതികളില്‍ നിന്നും ഞാന്‍ നിന്നെ രക്ഷിക്കും. ഞാന്‍ ഈ ജനങ്ങള്‍ക്കിടയിലേക്കു നിന്നെ അയയ്ക്കുന്നു.
18 നീ അവര്‍ക്കു സത്യം കാണിച്ചു കൊടുക്കണം. അവര്‍ ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്കു തിരിയണം. അവര്‍ സാത്താന്‍റെ ശക്തിയില്‍ നിന്നും ദൈവത്തിലേക്കു തിരിയണം. അപ്പോള്‍ അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടും. എന്നില്‍ വിശ്വസിക്കും വഴി പരിശുദ്ധരാക്കപ്പെട്ടവരോട് അവര്‍ക്കു പങ്കു വയ്ക്കുവാനും കഴിയും.’”
തന്‍റെ ജോലിയെപ്പറ്റി പെൌലൊസ്
19 പെൌലൊസ് തന്‍റെ വാക്കുകള്‍ തുടര്‍ന്നു, “അഗ്രിപ്പാരാജാവേ, ഈ സ്വര്‍ഗ്ഗീയദര്‍ശനം ഞാന്‍ അനുസരിച്ചു.
20 മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്കു തിരിയാന്‍ ഞാന്‍ ജനങ്ങളോടു പറഞ്ഞു തുടങ്ങി. തങ്ങളുടെ മാനസാന്തരത്തിനു തെളിവു നല്‍കാന്‍ തക്കപ്രവൃത്തികള്‍ ചെയ്യുവാനും ഞാന്‍ പറഞ്ഞു. ദമസ്ക്കൊസുകാരോടാണ് ഞാനിത് ആദ്യമായി പറഞ്ഞത്. പിന്നീട് യെരൂശലേമിലേക്കും തുടര്‍ന്ന് യെഹൂദ്യയിലെ എല്ലാ പ്രദേശങ്ങളിലും ഞാന്‍ അവിടുത്തുകാരോട് ഇക്കാര്യങ്ങള്‍ പറഞ്ഞു. ജാതികള്‍ക്കിടയി ലും ഞാന്‍ പോയി.
21 “അതിനാലാണ് ദൈവാലയത്തില്‍ വച്ച് യെഹൂദര്‍ എന്നെ പിടികൂടിയതും ദൈവാലയത്തില്‍ വച്ച് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതും.
22 പക്ഷേ ദൈവം എന്നെ സഹായിച്ചു. ഇന്നും സഹായിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിന്‍റെ സഹായത്തോടെയാണ് ഞാനിന്നിവിടെ നില്‍ക്കുന്നതും ഞാന്‍ കണ്ട കാര്യങ്ങളൊക്കെ ജനങ്ങളോടു പറയുന്നതും. പക്ഷേ ഞാന്‍ പുതിയതായി ഒന്നും പറയുന്നില്ല. സംഭവിക്കുമെന്ന് മോശെയും പ്രവാചകരും പ്രവചിച്ച അതേ കാര്യങ്ങള്‍ മാത്രം ഞാന്‍ പറയുന്നു.
23 ക്രിസ്തു മരിക്കുമെന്നും മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ആദ്യത്തെ ആളാകുമെന്നുമാണ് അവര്‍ പറഞ്ഞത്. യെഹൂദര്‍ക്കും ജാതികള്‍ക്കുമിടയിലേക്ക് ക്രിസ്തു പ്രകാശം കൊണ്ടുവരുമെന്ന് മോശെയും പ്രവാചകരും പറഞ്ഞു.”
അഗ്രിപ്പായെ പെൌലൊസ് പ്രേരിപ്പിക്കുന്നു
24 ഇങ്ങനെ സ്വന്തം വാദഗതികള്‍ പെൌലൊസ് അവതരിപ്പിക്കവേ, ഫെസ്തൊസ് അലറി, പെൌലൊസേ, നിനക്കു വട്ടാണ്! നിന്‍റെ അറിവ് നിന്നെ ഭ്രാന്തനാക്കിയിരിക്കുന്നു.”
25 പെൌലൊസ് പറഞ്ഞു, “അതിശ്രേഷ്ഠനായ ഫെസ്തൊസ്, എനിക്കു ഭ്രാന്തില്ല. ഞാന്‍ പറഞ്ഞതൊക്കെ സമചിത്തതയോടെയുള്ള സത്യമാകുന്നു. ഞാന്‍ പറഞ്ഞതൊന്നും വിഡ്ഢിത്തമല്ല; ഗൌരവത്തോടെയാണിതു പറയുന്നത്.
26 അഗ്രിപ്പാരാജാവിന് ഇതേപ്പറ്റിയെല്ലാം അറിയാം. അദ്ദേഹം ഇതേപ്പറ്റിയൊക്കെ കേട്ടിട്ടുണ്ടെന്ന് എനിക്കറിയാം. എന്തെന്നോ? എല്ലാവരും കാണ്‍കെയാണ് ഇതെല്ലാം സംഭവിച്ചത്.
27 അഗ്രിപ്പാരാജാവേ, പ്രവാചകര്‍ എഴുതിയതൊക്കെ അങ്ങു വിശ്വസിക്കുന്നുവോ? അങ്ങ് വിശ്വസിക്കുന്നുവെന്ന് എനിക്കറിയാം!”
28 അഗ്രിപ്പാരാജാവ് പെൌലൊസിനോടു ചോദിച്ചു, “എന്നെ വളരെ എളുപ്പത്തില്‍ ഒരു ക്രിസ്ത്യാനിയാകാന്‍ പ്രേരിപ്പിക്കാമെന്നു നിങ്ങള്‍ കരുതുന്നുവോ?”
29 പെൌലൊസ് പറഞ്ഞു, അതത്ര എളുപ്പമാണോ വിഷമമാണോ എന്നത് പ്രശ്നമല്ല. ഇന്ന് എന്‍റെ വാക്കുകള്‍ കേള്‍ക്കുന്ന ഓരോരുത്തരും രക്ഷിക്കപ്പെടുവാനും അവരെല്ലാം ഈ ചങ്ങലകളൊഴികെ എന്നെപ്പോലെ ആകണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു!”
30 അഗ്രിപ്പാരാജാവും ഗവര്‍ണ്ണര്‍ ഫെസ്തൊസും ബെര്‍ന്നിക്കയും അവരോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും എഴുന്നേറ്റ്
31 അവിടം വിട്ടുപോയി. അവര്‍ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ പറഞ്ഞു, “ഈ മനുഷ്യനെ വധിയ്ക്കുകയോ തടവിലാക്കുകയോ പാടില്ല; വധശിക്ഷയോ ജയില്‍ശിക്ഷയോ അര്‍ഹിക്കുന്ന ഒന്നും അവന്‍ ചെയ്തിട്ടില്ല.”
32 അഗ്രിപ്പാ ഫെസ്തൊസിനോടു പറഞ്ഞു, “നമുക്കിയാളെ വിട്ടയയ്ക്കാമായിരുന്നു; പക്ഷേ കൈസറെ കാണണമെന്നാണ് ഇയാളുടെ ആവശ്യം.”