മുടന്തനെ പത്രൊസ് സുഖപ്പെടുത്തുന്നു
3
ഒരു ദിവസം പത്രൊസും യോഹന്നാനും ദൈവാലയത്തിലേക്കു പോയി. അപ്പോള്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നു മണിയായിരുന്നു. അത് ദൈവാലയത്തില്‍ നിത്യേനയുള്ള പ്രാര്‍ത്ഥനാസമയമായിരുന്നു. അവര്‍ ദൈവാലയപറന്പിലേക്കു പോകുംവഴി ഒരാളെ കണ്ടു. ജീവിതകാലം മുഴുവന്‍ മുടന്തനായിരുന്നു അയാള്‍. നടക്കാനാവാത്ത അയാളെ ഏതാനും സുഹൃത്തുക്കള്‍ താങ്ങിയെടുത്തു കൊണ്ടുവന്നു. അവര്‍ എന്നും അയാളെ ദൈവാലയത്തിന്‍റെ കവാടത്തില്‍ കൊണ്ടുവരുമായിരുന്നു. ദൈവാലയത്തിനു വെളിയില്‍ കവാടത്തിനരികെ അവര്‍ അയാളെ കിടത്തി. സുന്ദരം എന്ന കവാടം എന്നാണവിടം അറിയപ്പെട്ടിരുന്നത്. അവിടെ അയാള്‍ ദൈവാലയത്തിലേക്ക് പോകുന്നവരോട് പണം യാചിക്കും. ആ ദിവസം പത്രൊസും യോഹന്നാ നും ദൈവാലയത്തിലേക്ക് പോകുന്നത് അയാള്‍ കണ്ടു. അയാള്‍ അവരോടും പണം യാചിച്ചു.
പത്രൊസും യോഹന്നാനും അയാളെ നോക്കി പറഞ്ഞു, “ഞങ്ങളെ നോക്കുക.” അയാള്‍ അവരെ നോക്കി; അവര്‍ തനിക്ക് പണമെന്തെങ്കിലും നല്‍കുമെന്നയാള്‍ കരുതി. എന്നാല്‍ പത്രൊസ് പറഞ്ഞു, “എന്‍റെ കയ്യില്‍ വെള്ളിയോ സ്വര്‍ണ്ണമോ ഇല്ല. എന്നാല്‍ മറ്റു ചിലത് ഞാന്‍ നിനക്കു തരാം: നസറെത്തിലെ യേശുക്രിസ്തുവിന്‍റെ ശക്തിയാല്‍ എഴുന്നേറ്റു നടക്കുക.”
എന്നിട്ട് പത്രൊസ് അയാളുടെ വലതു കൈ പിടിച്ച് എഴുന്നേല്പിച്ചു. ഉടന്‍ തന്നെ അയാളുടെ പാദങ്ങളും കാലുകളും കരുത്തുള്ളതായി. അയാള്‍ ചാടിയെണീറ്റു നടക്കാന്‍ തുടങ്ങി. അയാള്‍ അവരോടൊത്തു ദൈവാലയത്തിലേക്കു നടന്നു. അയാള്‍ നടക്കുകയും ചാടുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. 9-10 എല്ലാവരും അയാളെ തിരിച്ചറിഞ്ഞു, മുടന്തനായ അയാള്‍ എന്നും ദൈവാലയത്തിന്‍റെ സുന്ദരം എന്ന കവാടത്തിലിരുന്ന് യാചിക്കുന്നത് അവര്‍ക്കറിയാം. ഇപ്പോള്‍ അതേ മനുഷ്യന്‍ നടക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യു ന്നതു കണ്ടു. അവര്‍ അത്ഭുതപ്പെട്ടു. ഇതെങ്ങനെ സംഭവിച്ചുവെന്ന് അവര്‍ക്കു മനസ്സിലായില്ല.
പത്രൊസ് ജനങ്ങളോടു സംസാരിക്കുന്നു
11 അയാള്‍ പത്രൊസിന്‍റെയും യോഹന്നാന്‍റെയും കൈകളില്‍ പിടിച്ചു നിന്നു. അയാള്‍ സുഖപ്പെട്ടതു കണ്ട് എല്ലാവരും അത്ഭുതസ്തബ്ധരായി. അവര്‍ ശലോമോന്‍റെ മണ്ഡപത്തില്‍ പത്രൊസിന്‍റെയും യോഹന്നാന്‍റെയും അടുത്തേക്ക് ഓടി.
12 അതു കണ്ട് പത്രൊസ് അവരോട് പറഞ്ഞു, “എന്‍റെ യെഹൂദസഹോദരന്മാരേ, നിങ്ങളെന്താണിതിലിത്ര അത്ഭുതപ്പെടുന്നത്. അയാളെ നടക്കുമാറാക്കിയത് ഞങ്ങളാണെന്ന മട്ടിലാണല്ലോ നിങ്ങള്‍ നോക്കുന്നത്. ഞങ്ങളുടെ നന്മകൊണ്ടാണ് ഇതെല്ലാം സാദ്ധ്യമായതെന്നു നിങ്ങള്‍ കരുതുന്നുവോ? 13 അല്ല! ദൈവമാണിതു ചെയ്തത്. അവന്‍ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമാകുന്നു. നമ്മുടെ എല്ലാ പൂര്‍വ്വികരുടെയും ദൈവമാണവന്‍. അവന്‍ തന്‍റെ വിശിഷ്ടസേവകനായ യേശുവിന് മഹത്വം നല്‍കി. പക്ഷേ നിങ്ങള്‍ യേശുവിനെ കൊല്ലാനുള്ള വിധിയാണു നല്‍കിയത്. യേശുവിനെ മോചിപ്പിക്കാന്‍ പീലാത്തോസ് തീരുമാനിച്ചു. പക്ഷേ നിങ്ങള്‍ യേശുവിനെ വേണ്ടെന്നു പീലാത്തൊസിനോടു പറഞ്ഞു. 14 യേശു പരിശുദ്ധനും നിഷ്കളങ്കനും ആയിരുന്നു. എങ്കിലും നിങ്ങള്‍ അവനെ വെടിഞ്ഞു. യേശുവിനു പകരം കൊലയാളിയെ മോചിപ്പിക്കാന്‍ നിങ്ങള്‍ പീലാത്തൊസിനോട് ആവശ്യപ്പെട്ടു. 15 ജീവന്‍ നല്‍കുന്നവനെ നിങ്ങള്‍ കൊല്ലുകയും ചെയ്തു! എന്നാല്‍ ദൈവം അവനെ പുനരുജ്ജീവിപ്പിച്ചു. ഞങ്ങള്‍ അതിനു സാക്ഷികളാണ്. ഞങ്ങള്‍ സ്വന്തം കണ്ണുകള്‍കൊണ്ട് കണ്ടതാണ്.
16 “യേശുവിന്‍റെ ശക്തിയാണ് ഈ മുടന്തനെ സുഖപ്പെടുത്തിയത്. ഞങ്ങള്‍ യേശുവിന്‍റെ ശക്തിയില്‍ വിശ്വസിക്കുന്നതു കൊണ്ടാണിങ്ങനെ സംഭവിച്ചത്. നിങ്ങള്‍ക്കിയാളെ കാണാം. നിങ്ങള്‍ക്കിയാളെ അറിയുകയും ചെയ്യാം. യേശുവിലുള്ള വിശ്വാസമാണയാളെ പൂര്‍ണ്ണമായും സുഖപ്പെടുത്തിയത്. അങ്ങനെ സംഭവിക്കുന്നത് നിങ്ങളെല്ലാം കണ്ടു.
17 “എന്‍റെ സഹോദരന്മാരേ, നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങള്‍ക്കു തന്നെ അറിയാഞ്ഞതിനാലാണ് നിങ്ങള്‍ യേശുവിനോടിങ്ങനെ ചെയ്തതെന്ന് എനിക്കറിയാം. നിങ്ങളുടെ നേതാക്കള്‍ക്കും മനസ്സിലായിട്ടില്ല. 18 ഇതെല്ലാം സംഭവി ക്കുമെന്നും ക്രിസ്തു കഷ്ടം സഹിക്കുകയും മരിക്കുകയും ചെയ്യുമെന്നും ദൈവം തന്‍റെ പ്രവാചകരിലൂടെ പറഞ്ഞു. ദൈവം അതെങ്ങനെ നിറവേറ്റിയെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. 19 അതുകൊണ്ട് നിങ്ങള്‍ മാനസാന്തരപ്പെട്ട് ദൈവത്തിലേക്ക് മടങ്ങിവരിക. എങ്കിലേ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കപ്പെടൂ. 20 അപ്പോള്‍ ദൈവം നിങ്ങള്‍ക്കു ആത്മീയസമാശ്വാസത്തിന്‍റെ സമയം നല്‍കും. അവന്‍ ക്രിസ്തുവുമായി തെരഞ്ഞെടുത്ത യേശുവിനെ നല്‍കും.
21 “എല്ലാം വീണ്ടും ശരിയാകും വരെ യേശു സ്വര്‍ഗ്ഗത്തില്‍ താമസിക്കുമെന്നു മാത്രം. വളരെ മുന്പു തന്നെ തന്‍റെ വിശുദ്ധപ്രവാചകര്‍ വഴി പ്രസംഗിച്ചപ്പോഴേ ദൈവം ഈ സമയത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. 22 മോശെ പറഞ്ഞു, ‘കര്‍ത്താവായ നിങ്ങളുടെ ദൈവം നിങ്ങള്‍ക്കൊരു പ്രവാചകനെ നല്‍കും. ആ പ്രവാചകന്‍ നിങ്ങളുടെ ഇടയില്‍ നിന്നും തന്നെ വരും. അവന്‍ എന്നെപ്പോലെയായിരിക്കും. പ്രവാചകര്‍ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങള്‍ പ്രവര്‍ത്തിക്കണം. 23 ആ പ്രവാചകനെ അനുസരിക്കാത്തവന്‍ ദൈവത്തിന്‍റെ ജനതയില്‍ നിന്ന് അകറ്റപ്പെടുകയും മരിക്കുകയും ചെയ്യും. ഉദ്ധരണി ആവ. 18:15,19.
24 “ശമുവേലും അവന്‍റെ പിന്നിലുള്ള എല്ലാ പ്രവാചകരും ഈ സമയത്തെക്കുറിച്ച് പറയുകയും പ്രവചിക്കുകയും ചെയ്തിട്ടുണ്ട്. 25 പ്രവാചകര്‍ പറഞ്ഞതെല്ലാം നിങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ പിതാക്കന്മാരുമായി ദൈവം ഏര്‍പ്പെട്ട നിയമം നിങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. ‘നിന്‍റെ സന്തതിയാല്‍ ഭൂമിയിലെ എല്ലാ രാജ്യങ്ങളും അനുഗ്രഹിക്കപ്പെടും ഉദ്ധരണി ഉല്പ. 22:18; 26:24. എന്ന് ദൈവം നിങ്ങളുടെ പിതാവായ അബ്രാഹാമിനോട് അരുളിച്ചെയ്തിട്ടുണ്ട്. 26 ദൈവം അവന്‍റെ വിശിഷ്ട ദാസനെ അയച്ചു. നിങ്ങള്‍ക്കിടയിലേക്കാണ് ആദ്യം അവനെ അയച്ചത്. നിങ്ങളെ അനുഗ്രഹിക്കാനാണ് ദൈവം യേശുവിനെ അയച്ചത്. അവന്‍ നിങ്ങളെ ഓരോരുത്തരേയും പാപങ്ങളില്‍ നിന്നകറ്റി അതു പ്രവര്‍ത്തിക്കുന്നു.