പത്രൊസും യോഹന്നാനും യെഹൂദസഭയ്ക്കു മുന്നില്‍
4
1 പത്രൊസും യോഹന്നാനും ജനങ്ങളോടു പ്രസംഗിച്ചുകൊണ്ടു നില്‍ക്കവേ ചിലര്‍ അവരെ സമീപിച്ചു. അവര്‍ യെഹൂദപുരോഹിതരും ദൈവാലയം കാവല്‍ക്കാരുടെ നായകനും ഏതാനും സദൂക്യരും ആയിരുന്നു.
2 പത്രൊസും യോഹന്നാനും ആളുകളെ പഠിപ്പിക്കുന്ന കാര്യങ്ങളില്‍ അവര്‍ ക്ഷുഭിതരായിരുന്നു. യേശുവിനെപ്പറ്റി പറയുന്പോള്‍ മനുഷ്യര്‍ മരിച്ചവരില്‍ നിന്നും ക്രിസ്തുവില്‍ കൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് അവര്‍ പഠിപ്പിക്കുന്നു.
3 യെഹൂദ നേതാക്കള്‍ പത്രൊസിനെയും യോഹന്നാനെയും പിടിച്ചു തടവിലാക്കി. അപ്പോള്‍ രാത്രിയായിരുന്നതിനാല്‍ അവര്‍ അപ്പൊസ്തലന്മാരെ പിറ്റേന്നു രാവിലെവരെ തുറുങ്കില്‍ പാര്‍പ്പിച്ചു.
4 എന്നാല്‍ പത്രൊസിന്‍റെയും യോഹന്നാന്‍റെയും പ്രസംഗം കേട്ട അനേകം പേര്‍ അവനില്‍ വിശ്വസിച്ചു. വിശ്വസിച്ച പുരുഷന്മാരുടെ എണ്ണം തന്നെ അഞ്ചായിരത്തോളമായി ഉയര്‍ന്നു.
5 പിറ്റേന്ന് യെഹൂദനേതാക്കളും ജനത്തിന്‍റെ മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമില്‍ സമ്മേളിച്ചു.
6 ഹന്നാവും (മഹാപുരോഹിതന്‍), കയ്യഫാവും, യോഹന്നാനും, അലക്സാന്തരും, അവിടെ ഉണ്ടായിരുന്നു. മഹാപുരോഹിതന്‍റെ കുടുംബത്തിലെ എല്ലാവരും ഉണ്ടായിരുന്നു.
7 അവര്‍ പത്രൊസിനെയും യോഹന്നാനെയും ആളുകളുടെ മുന്നില്‍ നിര്‍ത്തി. “നിങ്ങളെങ്ങനെ ആ മുടന്തനെ സുഖപ്പെടുത്തി? ഏതു ശക്തിയാണു നിങ്ങള്‍ ഉപയോഗിച്ചത്? ആരാണു നിങ്ങള്‍ക്കതിനുള്ള അധികാരം തന്നത്?” എന്നീ ചോദ്യങ്ങ ള്‍ യെഹൂദനേതാക്കള്‍ അവരോട് പലവട്ടം ചോദിച്ചു.
8 അപ്പോള്‍ പത്രൊസില്‍ പരിശുദ്ധാത്മാവ് നിറഞ്ഞു, അവന്‍ അവരോടു പറഞ്ഞു, “ജനനേതാക്കളേ, മൂപ്പന്മാരേ,
9 ഞങ്ങളൊരു മുടന്തനു ചെയ്ത നന്മയുടെ പേരില്‍ ഞങ്ങളെ ചോദ്യം ചെയ്യുകയാണോ? അയാളെ സുഖപ്പെടുത്തിയത് ആരാണന്നാണല്ലേ നിങ്ങളുടെ ചോദ്യം?
10 ഞങ്ങള്‍ നിങ്ങളെയും എല്ലാ യെഹൂദ ജനത്തെയും അറിയാക്കാന്‍ ആഗ്രഹിക്കുന്നു. ഇയാള്‍ സുഖപ്പെട്ടത് നസ്രായനായ യേശുക്രിസ്തുവിന്‍റെ ശക്തിയാലാണ്. നിങ്ങള്‍ യേശുവിനെ ക്രൂശിച്ചു, ദൈവം അവനെ പുനരുജ്ജീവിപ്പിച്ചു, മുടന്തനായിരുന്ന ഇയാള്‍ക്ക് യേശുക്രിസ്തുവിന്‍റെ ശക്തിയാല്‍ ഇപ്പോള്‍ നടക്കാനും നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കാനും കഴിയുന്നു.
11 യേശു
‘പണിക്കാരായ നിങ്ങള്‍ വലിച്ചെറിഞ്ഞ കല്ലാണ്;
പക്ഷേ ആ കല്ലിപ്പോള്‍ മൂലക്കല്ലായിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 118:22
12 മനുഷ്യരെ രക്ഷിക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ യേശുവാണ്. ആകാശത്തിനു കീഴില്‍ മനുഷ്യരെ രക്ഷിക്കാന്‍ ശക്തിയുള്ള ഒരേയൊരു നാമം അവന്‍റേതാണ്. നമ്മള്‍ യേശുവിലൂടെ രക്ഷിക്കപ്പെടണം.”
13 യോഹന്നാനും പത്രൊസിനും യാതൊരുവിധ പ്രത്യേക പരിശീലനമോ, വിദ്യാഭ്യാസമോ ഇല്ലെന്നും യെഹൂദനേതാക്കള്‍ക്കു മനസ്സിലായി. അവര്‍ നിര്‍ഭയരായി സംസാരിക്കുന്നതു കണ്ട യെഹൂദനേതാക്കള്‍ അത്ഭുതപ്പെട്ടു. പത്രൊസും യോഹന്നാനും യേശുവിന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ ആണെന്നും അവര്‍ മനസ്സിലാക്കി.
14 മുടന്തന്‍ രണ്ട് അപ്പൊ സ്തലന്മാരോടുമൊത്ത് നില്‍ക്കുന്നത് അവര്‍ കണ്ടു. അയാള്‍ സുഖപ്പെട്ടതും. അതിനാല്‍ അപ്പൊസ്തലന്മാര്‍ക്കെതിരെ അവര്‍ക്ക് ഒന്നും പറയാനായില്ല.
15 അവരോട് അവിടം വിട്ടുപോകുവാന്‍ യെഹൂദനേതാക്കള്‍ ആവശ്യപ്പെട്ടു. തങ്ങള്‍ ഇനി എന്തു ചെയ്യണമെന്ന് നേതാക്കള്‍ പരസ്പരം ആലോചിച്ചു.
16 അവര്‍ പറഞ്ഞു, “ഇവരെ നാമെന്തു ചെയ്യണം? അവരൊരു മഹത്തായ അത്ഭുതം പ്രവര്‍ത്തിച്ചുവെന്ന് യെരൂശലേം ജനത മുഴുവന്‍ അറിഞ്ഞു. അതു വ്യക്തവു മാണ്. ആ സത്യം നിഷേധിക്കാന്‍ സാദ്ധ്യവുമല്ല.
17 എന്നാല്‍ ഈ മനുഷ്യനെപ്പറ്റി പ്രസംഗിക്കരുതെന്നു ഭീഷണിപ്പെടുത്തണം. എന്നാല്‍ ഇത് ഇതില്‍ കൂടുതലായി ആളുകളുടെ ഇടയില്‍ പ്രചരിക്കില്ല.”
18 അതുകൊണ്ട് യെഹൂദനേതാക്കള്‍ പത്രൊസിനെയും യോഹന്നാനെയും വീണ്ടും വിളിച്ചു. യേശുവിന്‍റെ നാമത്തില്‍ ഒന്നും പ്രസംഗിക്കുകയോ ഉപദേശിക്കുകയോ ചെയ്യരുതെന്ന് അവര്‍ അപ്പൊസ്തലന്മാരോടു നിര്‍ദ്ദേശിച്ചു.
19 പക്ഷേ പത്രൊസും യോഹന്നാനും മറുപടി പറഞ്ഞു, “നിങ്ങള്‍ ആലോചിക്കുന്നതു ശരിയാണോ? ദൈവത്തിനെന്താണു വേണ്ടത്. ഞങ്ങള്‍ ദൈവത്തിനെയോ നിങ്ങളേയോ അനുസരിക്കേണ്ടത്?
20 ഞങ്ങള്‍ക്ക് അടങ്ങിയിരിക്കാനാവില്ല. ഞങ്ങള്‍ കണ്ടതും കേട്ടതുമൊക്കെ ഞങ്ങള്‍ക്കു പ്രസംഗിച്ചേ പറ്റൂ.”
21-22 യെഹൂദനേതാക്കള്‍ക്ക് അപ്പൊസ്തലന്മാരെ ശിക്ഷിക്കാന്‍ ഒരു മാര്‍ഗ്ഗവും കണ്ടെത്താനായില്ല. കാരണം, ചെയ്ത കാര്യങ്ങള്‍ക്ക് എല്ലാവരും ദൈവത്തെ മഹത്വീകരിക്കുകയായിരുന്നു. (ഈ വീര്യപ്രവൃത്തി ദൈവത്തിന്‍റെ സാക്ഷ്യമായിരുന്നു. രോഗം ഭേദമാക്കപ്പെട്ടയാള്‍ക്ക് നാല്പതിനു മേല്‍ വയസ്സുണ്ടായിരുന്നു.) അതിനാല്‍ യെഹൂദനേതാക്കള്‍ അപ്പൊസ്തലന്മാരെ താക്കീതു ചെയ്തു വിട്ടയച്ചു
പത്രൊസും യോഹന്നാനും വിശ്വാസികളുടെ ഇടയില്‍ മടങ്ങിയെത്തുന്നു
23 പത്രൊസും യോഹന്നാനും യെഹൂദനേതാക്കന്മാരുടെ സഭയില്‍ നിന്നും തങ്ങളുടെ ആള്‍ക്കാര്‍ക്കിടയിലേക്കു പോയി. മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും തങ്ങളോടു പറഞ്ഞതെല്ലാം അവര്‍ വിശ്വാസിസംഘത്തോടു പറഞ്ഞു.
24 ഇതുകേട്ടു വിശ്വാസികള്‍ ഒരേ മനസ്സോടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. “പ്രഭോ, ആകാശത്തിന്‍റെയും ഭൂമിയുടെയും കടലിന്‍റെയും അതിലുള്ള എല്ലാറ്റിന്‍റെയും സൃഷ്ടാവാണ് അവിടുന്ന്.
25 ഞങ്ങളുടെ പിതാവായ ദാവീദ് അവിടുത്തെ ദാസനായിരുന്നു. പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ അവന്‍ ഈ വാക്കുള്‍ എഴുതി:
‘ജാതികള്‍ വിളിച്ചു കൂവിയതെന്തിന്?
ലോകരെന്തിനു നിഷ്പ്രയോജനമായി ദൈവദോഷം ചിന്തിക്കുന്നു?
26 കര്‍ത്താവിനും അവന്‍റെ ക്രിസ്തുവിനും എതിരായി
ഭൂമിയിലെ രാജാക്കന്മാര്‍ തയ്യാറായി, ഭരണാധിപന്മാര്‍ ഒത്തുകൂടി.’ സങ്കീര്‍ത്തനങ്ങള്‍ 2:1-2
27 ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും രാജ്യങ്ങളും യെഹൂദജനതയുമെല്ലാം യെരൂശലേമില്‍ യേശുവിനെതിരെ തിരിഞ്ഞപ്പോള്‍ ഇതെല്ലാം യഥാര്‍ത്ഥത്തിലും സംഭവിച്ചു. ക്രിസ്തുവായി അവിടുന്ന് (ദൈവം) അഭിക്ഷിക്തനാക്കിയ അങ്ങയുടെ പരിശുദ്ധദാസനാണ് യേശു.
28 അങ്ങയുടെ പരിപാടികളെ നടപ്പാക്കാനാണവര്‍ ഒത്തുകൂടിയത്. അവിടുത്തെ ശക്തിയും ഇച്ഛയും അനുസരിച്ചാണിതെല്ലാം സംഭവിച്ചത്.
29 കര്‍ത്താവേ, അതുകൊണ്ടിപ്പോള്‍ അവര്‍ പറയുന്നതു ശ്രദ്ധിക്കുക. അവര്‍ ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. കര്‍ത്താവേ, ഞങ്ങള്‍ അവിടുത്തെ ദാസര്‍. ഭയമില്ലാതെ ഞങ്ങള്‍ പറയുവാന്‍ അങ്ങ് ഏല്പിച്ചത് പറയുവാന്‍ ഞങ്ങളെ സഹായിക്കുക.
30 അങ്ങയുടെ ശക്തികാട്ടി ഞങ്ങള്‍ക്കു ധൈര്യം പകരുക. രോഗികളെ സുഖപ്പെടുത്തുക, സാക്ഷ്യങ്ങള്‍ നല്‍കുക, അങ്ങയുടെ വിശുദ്ധദാസനായ യേശുവിന്‍റെ ശക്തിയാല്‍ വീര്യപ്രവൃത്തികള്‍ കാട്ടുക.”
31 അവര്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ നിന്ന സ്ഥലം കുലുങ്ങി. അവരിലെല്ലാം പരിശുദ്ധാത്മാവ് വന്നു നിറഞ്ഞു. ദൈവത്തിന്‍റെ സന്ദേശം* പിന്നീടവര്‍ ഭയമില്ലാതെ പ്രസംഗിച്ചു.
വിശ്വാസികളുടെ പങ്കുവെക്കല്‍
32 വിശ്വാസികളുടെ സംഘം ഹൃദയംകൊണ്ട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. അവര്‍ക്കു ഒരേ ആത്മാവുമായിരുന്നു. തനിക്കുള്ളതൊക്കെ തന്‍റേതാണെന്ന് സംഘത്തിലെ ഒരാള്‍പോലും പറഞ്ഞില്ല. പകരം, അവരെല്ലാം പങ്കുവച്ചു.
33 കര്‍ത്താവായ യേശു മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റുവെന്ന് അപ്പൊസ്തലന്മാര്‍ ശക്തിയോടെ ആളുകളോടു പറഞ്ഞു. ദൈവം എല്ലാ വിശ്വാസികളെയും അനുഗ്രഹിക്കുകയും ചെയ്തു.
34 അവര്‍ക്കു വേണ്ടതെല്ലാം കിട്ടി. കാരണം നിലവും വീടുമുള്ളവരുമെല്ലാം അവ വിറ്റു പണമാക്കി കൊണ്ടുവന്നു. ആ പണം
35 അവര്‍ അപ്പൊസ്തലന്മാരെ ഏല്പിച്ചു. പിന്നീട് ഓരോരുത്തര്‍ക്കും ആവശ്യമുള്ളവ നല്‍കപ്പെട്ടു.
36 യോസേഫ് എന്നു പേരായ ഒരു വിശ്വാസി ഉണ്ടായിരുന്നു. അപ്പൊസ്തലന്മാര്‍ അവനെ ബര്‍ന്നബാസ് എന്നു വിളിച്ചു. (‘പരസഹായി’ എന്നാണ് ഈ പേരിനര്‍ത്ഥം) അയാള്‍ കുപ്രസില്‍ ജനിച്ചൊരു ലേവ്യന്‍ ആയിരുന്നു.
37 അയാള്‍ക്കു കുറച്ചു നിലമുണ്ടായിരുന്നു. അയാള്‍ അതു വിറ്റ് ആ പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരെ ഏല്പിച്ചു.