അനന്യാസും സഫീരയും
5
അനന്യാസ് എന്നു പേരായ ഒരാള്‍ ജീവിച്ചിരുന്നു. അയാളുടെ ഭാര്യയുടെ പേര് സഫീരയെന്നും. അയാള്‍ തനിക്കുണ്ടായിരുന്ന കുറച്ചു നിലം വിറ്റു. പക്ഷേ അയാള്‍ കിട്ടിയ പണത്തിന്‍റെ ഒരു ഭാഗം മാത്രമേ അപ്പോസ്തലന്മാരെ ഏല്പിച്ചുള്ളൂ. കുറച്ചു പണം അയാള്‍ തനിക്കായി രഹസ്യമായി മാറ്റിവച്ചു. അയാളുടെ ഭാര്യയ്ക്ക് അത് അറിയാമായിരുന്നു എങ്കിലും അവളും അത് അംഗീകരിച്ചു.
പത്രൊസ് പറഞ്ഞു, “അനന്യാസേ എന്തിനാണ് സാത്താനെ നിന്‍റെ ഹൃദയം നിയന്ത്രിക്കാന്‍ അനുവദിച്ചത്? നീ നുണ പറയുകയും പരിശുദ്ധാത്മാവിനെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയും ചെയ്തിരിക്കുന്നു. നീ നിന്‍റെ നിലം വിറ്റു. പക്ഷേ എന്തുകൊണ്ടാണ് നീ കുറേ പണം നിനക്കായി സൂക്ഷിക്കുന്നത്. ആ ഭൂമി വില്‍ക്കും മുന്പ് അത് നിന്‍റേതായിരുന്നു. അതു വിറ്റുകിട്ടിയ പണം എങ്ങനെയും ചിലവഴിക്കാന്‍ നിനക്കു സ്വാതന്ത്ര്യമുണ്ടുതാനും. പിന്നെ നീയെന്തിനാണ് ഈ ദുഷ്ടരീതിയില്‍ ചിന്തിച്ചത്? നീ ദൈവത്തോടാണ് മനുഷ്യരോടല്ല നുണ പറഞ്ഞത്.”
5-6 ഇതു കേട്ട അനന്യാസ് താഴെ വീണു മരിച്ചു. ഏതാനും ചെറുപ്പക്കാര്‍ വന്ന് അയാളുടെ ശരീരം പൊതിഞ്ഞു പുറത്തു കൊണ്ടുപോയി സംസ്കരിച്ചു. അക്കാര്യം കേട്ടവരില്‍ ഭയം നിറഞ്ഞു.
മൂന്നു മണിക്കൂറോളം കഴിഞ്ഞപ്പോള്‍ അയാളുടെ ഭാര്യ കടന്നുവന്നു. അവളുടെ ഭര്‍ത്താവിനു സംഭവിച്ചതൊന്നും സഫീര അറിഞ്ഞിരുന്നില്ല. പത്രൊസ് അവളോടു പറഞ്ഞു, “നിങ്ങളുടെ നിലം വിറ്റപ്പോള്‍ എത്ര പണം കിട്ടിയെന്ന് എന്നോടു പറയുക. അത് അത്രയ്ക്കു തന്നെയായിരുന്നോ?”
സഫീര മറുപടി പറഞ്ഞു, “അതെ അത്രയും തന്നെയാണു കിട്ടിയത്.”
പത്രൊസ് അവളോടു പറഞ്ഞു, “എന്തിനാണു നീയും ഭര്‍ത്താവും ഇങ്ങനെ കര്‍ത്താവിന്‍റെ ആത്മാവിനെ പരീക്ഷിക്കാന്‍ സമ്മതിച്ചത്? നോക്കൂ! നീ ആ കാലടിയൊച്ചകള്‍ കേള്‍ക്കുന്നില്ലേ? നിന്‍റെ ഭര്‍ത്താവിന്‍റെ ശവസം സ്കാരം നടത്തിയവര്‍ ഇതാ എത്തിയിരിക്കുന്നു. അവര്‍ നിന്നെയും അതേപോലെ കൊണ്ടുപോകും.” 10 ആ നിമിഷം സഫീര താഴെ വീണു മരിച്ചു. ചെറുപ്പക്കാര്‍ വന്നപ്പോള്‍ അവള്‍ മരിച്ചുകിടക്കുന്നതു കണ്ടു. അവര്‍ അവളെയും പുറത്തേക്കു കൊണ്ടുപോയി. അവളുടെ ഭര്‍ത്താവിന്‍റെ അടുത്ത് സംസ്കരിച്ചു. 11 ഇക്കാര്യം കേട്ട വിശ്വാസികളും മറ്റുള്ളവരും ഭയന്നു.
ദൈവത്തിന്‍റെ സാക്ഷ്യങ്ങള്‍
12 അപ്പൊസ്തലന്മാര്‍ പല അത്ഭുതങ്ങളും വീര്യപ്രവര്‍ത്തികളും ചെയ്തു. ജനങ്ങളെല്ലാം അതു കണ്ടു. അപ്പൊസ്തലന്മാര്‍ ശലോമോന്‍റെ മണ്ഡപത്തില്‍ ഒത്തുകൂടിയിരിക്കുകയായിരുന്നു; അവര്‍ക്കെല്ലാം ഒരേ ലക്ഷ്യമായിരുന്നു. 13 മറ്റുള്ളവര്‍ക്ക് അവരോടൊത്തു നില്‍ക്കുന്നതു ഫലവത്തായതല്ലെന്നു തോന്നി. എല്ലാവര്‍ക്കും അവരെപ്പറ്റി നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. 14 കൂടുതല്‍ കൂടുതല്‍ ആള്‍ക്കാര്‍ കര്‍ത്താവില്‍ വിശ്വസിക്കുകയും അനേകം സ്ത്രീപുരുഷന്മാര്‍ വിശ്വാസികളുടെ ഇടയിലേക്കു ചേരുകയും ചെയ്തു. 15 അതുകൊണ്ട് ആളുകള്‍ രോഗികളെ വഴിയിലേക്കു കൊണ്ടുവന്നു. പത്രൊസ് അതുവഴി വരുന്നുണ്ടെന്ന് അവര്‍ അറിഞ്ഞിരുന്നു. അതിനാലവര്‍ കട്ടിലുകളിലും മെത്തകളിലും കിടത്തി രോഗികളെ കൊണ്ടുവന്നു. രോഗികളെ പത്രൊസിന്‍റെ നിഴലു തൊടീച്ചാല്‍ പോലും മതി ഭേദമാകാന്‍ എന്നവര്‍ കരുതി. 16 യെരൂശലേമിനു ചുറ്റുമുള്ള എല്ലാ നഗരങ്ങളില്‍നിന്നും ആളുകളെത്തി. അവരെല്ലാം രോഗികളെയും ദുരാത്മാക്കള്‍ ബാധിച്ചവരെയും കൊണ്ടു വന്നിരുന്നു. എല്ലാവരെയും പത്രൊസ് സുഖപ്പെടുത്തി.
അപ്പൊസ്തലന്മാരെ തടയാന്‍ യെഹൂദരുടെ ശ്രമം
17 മഹാപുരോഹിതനും അയാളുടെ സുഹൃത്തുക്കളും (സദൂക്യര്‍) അസൂയാലുക്കളായി. 18 അവര്‍ അപ്പൊസ്തലന്മാരെ പിടിച്ചു തടവിലാക്കി. 19 പക്ഷേ രാത്രിയില്‍ കര്‍ത്താവിന്‍റെ ഒരു ദൂതന്‍ വന്ന് തടവറയുടെ വാതില്‍ തുറന്നു. ദൂതന്‍ അപ്പൊസ്തലന്മാരെ പുറത്തേക്കു നയിച്ചു. ദൂതന്‍ പറഞ്ഞു, 20 “പോയി ദൈവാലയത്തില്‍ നില്‍ക്കുക. എല്ലാവരോടും യേശുവിന്‍റെ പുതിയ ജീവനെപ്പറ്റി പറയുക.” 21 ആ ദൂതന്‍ പറഞ്ഞതനുസരിച്ച് അപ്പൊസ്തലന്മാര്‍ ദൈവാലയപ്പറന്പിലേക്കു പോയി. അത് അതിരാവിലെ ആയിരുന്നു. അപ്പൊസ്തലന്മാര്‍ ആളുകളെ ഉപദേശിക്കാന്‍ ആരംഭിച്ചു.
മഹാപുരോഹിതനും സുഹൃത്തുക്കളും ദൈവാലയത്തിലേക്കെത്തി. അവര്‍ യെഹൂദ നേതാക്കളുടെയും യെഹൂദമൂപ്പന്മാരുടെയും യോഗം വിളിച്ചുകൂട്ടി. അപ്പൊസ്തലന്മാരെ കൊണ്ടുവന്നതിന് അവര്‍ ചിലരെ തടവറയിലേക്കയച്ചു. 22 എന്നാല്‍ അവര്‍ക്ക് അപ്പൊസ്തലന്മാരെ തടവറയില്‍ കാണാന്‍ കഴിഞ്ഞില്ല. അവര്‍ മടങ്ങിവന്ന് ഇക്കാര്യം യെഹൂദനേതാക്കളെ അറിയിച്ചു. 23 അവര്‍ പറഞ്ഞു, “തടവറ അടച്ചുപൂട്ടിയിരുന്നു. വാതില്‍ക്കല്‍ പാറാവുകാരും ഉണ്ടായിരുന്നു. പക്ഷേ വാതില്‍ തുറന്നപ്പോള്‍ തടവറ ശൂന്യമായിരുന്നു!” 24 ദൈവാലയ കാവല്‍ക്കാരുടെ നേതാവും പുരോഹിതപ്രമുഖരും ഇതു കേട്ടു. അവരാകെ കുഴങ്ങി. അവര്‍ അത്ഭുതപ്പെട്ടു. “ഇതിന്‍റെ ഭവിഷ്യത്തുക്കള്‍ എന്തായിരിക്കും?”
25 അപ്പോള്‍ ഒരാള്‍ അവിടെ വന്ന് അവരോടു പറഞ്ഞു, “നോക്കൂ, നിങ്ങള്‍ തുറങ്കിലടച്ചവര്‍ ദൈവാലയത്തില്‍ നില്‍ക്കുന്നു. അവര്‍ ആളുകളെ ഉപദേശിക്കുകയാണ്?” 26 അപ്പോള്‍ കാവല്‍ക്കാരുടെ നേതാവും അവന്‍റെയാള്‍ക്കാരും പുറത്തേക്കു പോയി. അപ്പൊസ്തലന്മാരെ പിടിച്ചുകൊണ്ടു വന്നു. എന്നാല്‍ ഭടന്മാര്‍ ആളുകളെ ഭയന്നതുകൊണ്ട് ശക്തി പ്രയോഗിച്ചില്ല. ആളുകള്‍ക്ക് ദേഷ്യം വന്ന് അവര്‍ തങ്ങളെ കല്ലെറിഞ്ഞു കൊല്ലുമെന്ന് ഭടന്മാര്‍ ഭയപ്പെട്ടു.
27 ഭടന്മാര്‍ അപ്പൊസ്തലന്മരെ പിടിച്ചുകൊണ്ടുവന്ന് നേതാക്കള്‍ക്കു മുന്നില്‍ നിര്‍ത്തി. മഹാപുരോഹിതന്‍ അവരെ ചോദ്യം ചെയ്തു. 28 അവന്‍ പറഞ്ഞു, “ഈ മനുഷ്യനെപ്പറ്റി പഠിപ്പിക്കുവാന്‍ പാടില്ലെന്നു ഞങ്ങള്‍ പറഞ്ഞിരുന്നില്ലേ? പക്ഷേ നിങ്ങളെന്താണു ചെയ്തതെന്നു നോക്കൂ! യെരൂശലേം മുഴുവന്‍ നിങ്ങള്‍ നിങ്ങളുടെ ഉപദേശം കൊണ്ടു നിറച്ചു. ഈ മനുഷ്യന്‍റെ മരണത്തില്‍ നിങ്ങള്‍ ഞങ്ങളെ കുറ്റവാളികളാക്കാന്‍ ശ്രമിക്കുന്നു.”
29 പത്രൊസും മറ്റു അപ്പൊസ്തലന്മാരും മറുപടി പറഞ്ഞു, “ദൈവത്തെയാണ് നിങ്ങളെയല്ല ഞങ്ങള്‍ അനുസരിക്കേണ്ടത്! 30 യേശുവിനെ നിങ്ങള്‍ വധിച്ചു. നിങ്ങള്‍ യേശുവിനെ ക്രൂശിച്ചു. പക്ഷെ ഞങ്ങളുടെയും ഞങ്ങളുടെ പൂര്‍വ്വികരുടെയും ദൈവം യേശുവിനെ മരണത്തില്‍ നിന്നും പുനരുജ്ജീവിപ്പിച്ചു! 31 ദൈവം തന്‍റെ വലതുവശത്തേക്ക് ഉയര്‍ത്തിയ ഒരുവന്‍ യേശുവാണ്. ദൈവം യേശുവിനെ നമ്മുടെ നായകനും രക്ഷകനുമാക്കിത്തീര്‍ത്തു. യെഹൂദരെല്ലാവരും മാനസാന്തരപ്പെടുന്നതിനാണ് ദൈവം അതു ചെയ്തത്. അപ്പോള്‍ ദൈവത്തിനവരുടെ പാപങ്ങള്‍ ക്ഷമിക്കാനാവും. 32 ഇതെല്ലാം സംഭവിക്കുന്നത് ഞങ്ങള്‍ കണ്ടു. അതിനാല്‍ അതെല്ലാം സത്യമാണെന്ന് ഞങ്ങള്‍ക്കു പറയാനാവും. ഇതെല്ലാം സത്യമാണെന്നും പരിശുദ്ധാത്മാവ് കാണിക്കുന്നു. ദൈവം അവനെ അനുസരിക്കുന്ന എല്ലാവര്‍ക്കും പരിശുദ്ധാത്മാവിനെ നല്‍കി.”
33 യെഹൂദനേതാക്കള്‍ ആ വാക്കുകള്‍ കേട്ടു കോപിതരായി. അപ്പൊസ്തലന്മാരെ വധിക്കാന്‍ അവര്‍ മാര്‍ഗ്ഗം ആരാഞ്ഞു. 34 യോഗത്തിലെ ഒരു പരീശന്‍ എഴുന്നേറ്റു. ഗമാലീയേല്‍ എന്നായിരുന്നു അയാളുടെ പേര്‍. ഒരു ശാസ്ത്രികൂടിയായ അയാളെ ആളുകള്‍ ബഹുമാനിച്ചിരുന്നു. അപ്പൊസ്തലന്മാരെ അല്പനേരത്തേക്കവിടുന്നു മാറ്റി നിര്‍ത്താന്‍ അയാള്‍ കല്പിച്ചു. 35 എന്നിട്ടയാള്‍ യെഹൂദരോടു പറഞ്ഞു, “യിസ്രായേല്‍ക്കാരേ, ഈ മനുഷ്യരെക്കുറിച്ചു നിങ്ങള്‍ ആസൂത്രണം ചെയ്യുന്ന കാര്യത്തില്‍ സൂക്ഷിക്കുക! 36 കുറച്ചുകാലം മുന്പ് തദാസ് പ്രത്യക്ഷപ്പെട്ടു. താനാണു വന്പന്‍ എന്നയാള്‍ പ്രഖ്യാപിച്ചു. നാനൂറോളം പുരുഷന്മാര്‍ അവനോടു ചേര്‍ന്നു. പക്ഷേ അവന്‍ കൊല്ലപ്പെട്ടു. അവനെ അനുഗമിച്ചവരെല്ലാം നാലുപാടും ചിതറി ഓടി. അവര്‍ക്ക് ഒന്നും ചെയ്യുവാനാകുമായിരുന്നില്ല. 37 പിന്നീട് യൂദാ എന്നു പേരുള്ള ഒരുവന്‍ ഗലീലയില്‍നിന്നും പ്രത്യക്ഷപ്പെട്ടു. അതു ജനസംഖ്യ രേഖപ്പെടുത്തുന്ന കാലമായിരുന്നു. അയാളോടൊപ്പം കുറെ അനുയായികളും ഉണ്ടായിരുന്നു. അയാളും കൊല്ലപ്പെട്ടു. അയാളുടെ മുഴുവന്‍ അനുയായികളും ചിതറി ഓടിപ്പോയി. 38 അതുകൊണ്ട് ഞാനിപ്പോള്‍ പറയുന്നു: ഇവരില്‍ നിന്ന് അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്കു വിടുക. മനുഷ്യരില്‍നിന്നാണ് അവരുടെ പരിപാടികള്‍ വരുന്നതെങ്കില്‍ അതു പരാജയപ്പെടും. 39 പക്ഷേ ഇതു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ തടയാന്‍ നിങ്ങളെക്കൊണ്ടാവില്ല. നിങ്ങള്‍ ദൈവത്തിനെതിരായി പൊരുതുന്നവരായിപ്പോലും കാണപ്പെടും!”
ഗമാലീയേലിന്‍റെ വാക്കുകളോട് യെഹൂദനേതാക്കള്‍ യോജിച്ചു. 40 അവര്‍ അപ്പൊസ്തലന്മാരെ വീണ്ടും വിളിച്ചു. അവരെ അടിക്കുകയും യേശുവിന്‍റെ നാമത്തില്‍ ഒന്നും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നിട്ടവര്‍ അപ്പൊസ്തലന്മാരെ വിട്ടയച്ചു. 41 അപ്പൊസ്തലന്മാര്‍ അവിടം വിട്ടു. യേശുവിന്‍റെ നാമത്തെച്ചൊല്ലി അപമാനിതരാകാന്‍ അര്‍ഹത കിട്ടിയതില്‍ അവര്‍ ആഹ്ലാദിച്ചു. 42 അവര്‍ ഉപദേശം അവസാനിപ്പിച്ചില്ല. യേശു, ക്രിസ്തുവാണെന്ന സുവിശേഷം അവര്‍ പ്രസംഗിച്ചു നടന്നു. അവരിതെന്നും ദേവാലയത്തിലും വീടുകളിലും ചെയ്തു.