8
1-3 സ്തെഫാനൊസിന്‍റെ കൊലയ്ക്കു ശെൌലും അവന്‍റെ അംഗീകാരം കൊടുത്തു.
വിശ്വാസികള്‍ കുഴപ്പത്തില്‍
ഏതാനും ഭക്തജനങ്ങള്‍ സ്തെഫാനൊസിനെ സംസ്കരിച്ചു. അവന്‍ അവന്‍റെ മരണത്തില്‍ വാവിട്ടു കരഞ്ഞു. ആ ദിവസം യെരൂശലേമിലെ വിശ്വാസികളെ യെഹൂദര്‍ ഉപദ്രവിച്ചു. വിശ്വാസികളെ നശിപ്പിക്കാന്‍ ശെൌലും ശ്രമിച്ചുകൊണ്ടിരുന്നു. ശെൌല്‍ അവരുടെ വീടുകളില്‍ കയറി. ആണുങ്ങളെയും പെണ്ണുങ്ങളെയും അയാള്‍ വലിച്ചിറക്കി തടവറയിലിട്ടു. വിശ്വാസികളെല്ലാം യെരൂശലേം വിട്ടു. അപ്പൊസ്തലന്മാര്‍ മാത്രം അവശേഷിച്ചു. വിശ്വാസികള്‍ യെഹൂദ്യയിലെയും ശമര്യയിലെയും മുഴുവന്‍ സ്ഥലത്തുമെത്തി.
4 അവര്‍ യെഹൂദ്യയിലെയും ശമര്യയിലെയും എല്ലാ ഇടങ്ങളിലും ചിതറിക്കിടന്നിരുന്നു. അവര്‍ പോയിടത്തെല്ലാം സുവിശേഷം പ്രസംഗിച്ചു.
ഫിലിപ്പൊസ് ശരമ്യയില്‍ പ്രസംഗിക്കുന്നു
5 ഫിലിപ്പൊസ് ശമര്യാ നഗരത്തിലേക്കു പോയി. അവിടെ ക്രിസ്തുവിനെക്കുറിച്ച് പ്രഭാഷണം നടത്തി.
6 അന്നാട്ടുകാര്‍ ഫിലിപ്പൊസിനെ ശ്രവിക്കുകയും അവന്‍റെ വീര്യപ്രവര്‍ത്തികള്‍ കാണുകയും ചെയ്തു. ഫിലിപ്പൊസിന്‍റെ വാക്കുകളെ അവര്‍ സശ്രദ്ധം ശ്രവിച്ചു.
7 അവരില്‍ പലരേയും അശുദ്ധാത്മാവ് ബാധിച്ചിരുന്നു. ഫിലിപ്പൊസ് അശുദ്ധാത്മാക്കളെ പുറംതള്ളി. പുറത്തേക്കു വന്ന ആത്മാക്കള്‍ വലിയ ശബ്ദമുണ്ടാക്കിയിരുന്നു. അനേകം തളര്‍വാതരോഗികളും, മുടന്തരും അവിടെ ഉണ്ടായിരുന്നു. ഫിലിപ്പൊസ് അവരെയും സുഖപ്പെടുത്തി.
8 അതിനാല്‍ ആ നഗരക്കാര്‍ വളരെ സന്തുഷ്ടരായി.
9 പക്ഷേ ആ നഗരത്തില്‍ ശിമോന്‍ എന്ന ഒരാളുണ്ടായിരുന്നു. ഫിലിപ്പൊസ് അവിടെ എത്തുന്നതിനുമുന്പ് ശിമോന്‍ ജാലവിദ്യകള്‍ കാട്ടിയിരുന്നു. അതുവഴി അയാള്‍ ശമര്യാക്കാരെ വശീകരിച്ചു. അയാള്‍ സ്വയം വലിയവനാണെന്നു നടിച്ചു.
10 വലിയവരും ചെറിയവരും അടക്കം എല്ലാവരും ശിമോന്‍റെ വാക്കുകള്‍ വിശ്വസിച്ചു. അവര്‍ പറഞ്ഞു, “ഈ മനുഷ്യന് ദൈവശക്തിയായ ‘മഹാശക്തിയുണ്ട്.’”
11 ആളുകള്‍ തന്‍റെ അനുയായികളാകുംവരെ വളരെനാള്‍ ശിമോന്‍ മായാജാലം കൊണ്ട് ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു.
12 എന്നാല്‍ ഫിലിപ്പൊസ് ദൈവരാജ്യത്തെപ്പ റ്റിയും യേശുക്രിസ്തുവിന്‍റെ ശക്തിയെപ്പറ്റിയുമുള്ള സുവിശേഷം പ്രസംഗിച്ചു. സ്ത്രീപുരുഷന്മാര്‍ ഫിലിപ്പൊസിന്‍റെ വാക്കുകള്‍ വിശ്വസിച്ചു. അവര്‍ സ്നാനപ്പെട്ടു.
13 ശിമോനും ഫിലിപ്പൊസിന്‍റെ വാക്കുകള്‍ വിശ്വസിക്കുകയും സ്നാനപ്പെടുകയും ചെയ്തു. അയാള്‍ ഫിലിപ്പൊസിനെ പിന്തുടര്‍ന്നു. ഫിലിപ്പൊസ് ചെയ്ത വീര്യപ്രവൃത്തികളും അതിശക്തമായ കര്‍മ്മങ്ങളും കണ്ട് ശിമോന്‍ അത്ഭുതപ്പെട്ടു.
14 അപ്പൊസ്തലന്മാര്‍ അപ്പോഴും യെരൂശലേമില്‍ ഉണ്ടായിരുന്നു. ശമര്യാക്കാര്‍ ദൈവവചനം സ്വീകരിച്ചുവെന്ന് അവര്‍ കേട്ടു. അതിനാല്‍ അവര്‍ പത്രൊസിനെയും യോഹന്നാനെയും ശമര്യക്കാരുടെ ഇടയിലേക്ക് അയച്ചു.
15 അവരെത്തി ശമര്യക്കാര്‍ക്കു പരിശുദ്ധാത്മാവിനെ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു.
16 യേശുക്രിസ്തുവിന്‍റെ നാമത്തില്‍ അവര്‍ സ്നാനപ്പെട്ടു. പക്ഷേ പരിശുദ്ധാത്മാവ് അവരില്‍ ഒരാളിലേക്കും വന്നതേയില്ല. അതിനാലാണ് പത്രൊസും യോഹന്നാനും പ്രാര്‍ത്ഥിച്ചത്.
17 അപ്പൊസ്തലന്മാര്‍ തങ്ങളുടെ കൈകള്‍ ജനങ്ങളുടെമേല്‍ വെച്ചതോടെ അവര്‍ക്കു പരിശുദ്ധാത്മാവിനെ കിട്ടി.
18 അപ്പൊസ്തലന്മാര്‍ തങ്ങളുടെ കൈകള്‍ ജനങ്ങളുടെമേല്‍ വെച്ചപ്പോള്‍ അവര്‍ക്കു ആത്മാവു ലഭിക്കുന്നത് ശിമോന്‍ കണ്ടു. അതിനാല്‍ അവന്‍ അപ്പൊസ്തലന്മാര്‍ക്കു പണം കൊടുക്കാന്‍ ഒരുങ്ങി.
19 എന്നിട്ടു പറഞ്ഞു, “ഞാന്‍ എന്‍റെ കൈ ഒരുവന്‍റെമേല്‍ വച്ചാല്‍ അവനും പരിശുദ്ധാ ത്മാവിനെ കിട്ടേണ്ടതിലേക്കുള്ള ശക്തി എന്നിലേക്കു പകര്‍ന്നു തരിക.”
20 പത്രൊസ് ശിമോനോടു പറഞ്ഞു, “നീയും നിന്‍റെ പണവും നശിപ്പിക്കപ്പെടണം. ദൈവത്തിന്‍റെ സമ്മാനം പണം കൊടുത്തു വാങ്ങാമെന്നു നീ കരുതി.
21 ഈ ജോലിയില്‍ നിനക്കു ഞങ്ങളോടു പങ്കാളി ആകാനാവില്ല. ദൈവത്തിനു മുന്പില്‍ നിന്‍റെ ഹൃദയം ശുദ്ധമല്ല.
22 മാനസാന്തരപ്പെടുക! നീ ചെയ്ത ദുഷ്ടതകളില്‍നിന്നും പിന്തിരിയുക. ദൈവത്തോടു പ്രാര്‍ത്ഥിക്കുക. നിന്‍റെ ഈവക ചിന്തകള്‍ക്ക് അവന്‍ നിന്നോടു ക്ഷമിക്കട്ടെ.
23 നീ കടുത്ത അസൂയയില്‍ മുഴുകിയവനും, പിശാചിന്‍റെ നിയന്ത്രണത്തില്‍ ഉള്ളവനുമാണെന്നു ഞാന്‍ കാണുന്നു.”
24 ശിമോന്‍ മറുപടി പറഞ്ഞു, “നിങ്ങളിരുവരും എനിക്കായി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചാലും. നിങ്ങള്‍ പറഞ്ഞ വിധമൊന്നും എനിക്കു സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചാലും.”
25 അപ്പോള്‍ രണ്ട് അപ്പൊസ്തലന്മാരും തങ്ങള്‍ കണ്ട യേശുവിന്‍റെ പ്രവര്‍ത്തികളെപ്പറ്റി പ്രസംഗിച്ചു. കര്‍ത്താവിന്‍റെ സന്ദേശം അവര്‍ ജനങ്ങളോടു പറഞ്ഞു. എന്നിട്ടവര്‍ യെരൂശലേമിലേക്കു പോയി. യെരൂശലേമിലേക്കു മടങ്ങും വഴി അവര്‍ പല ശമര്യാപട്ടണങ്ങളിലൂടെ കടന്നുപോവുകയും അവിടെയെല്ലാം സുവിശേഷം പ്രസംഗിക്കുകയും ചെയ്തു.
Philip Teaches a Man From Ethiopia
26 കര്‍ത്താവിന്‍റെ ഒരു ദൂതന്‍ ഫിലിപ്പൊസിനോടു സംസാരിച്ചു. ദൂതന്‍ പറഞ്ഞു, “തയ്യാറായി തെക്കോട്ടു പുറപ്പെടുക. യെരൂശലേമില്‍നിന്നും ഗസെയിലേക്കു മരുഭൂമിയിലുള്ള പാതയിലേക്കു പോവുക.”
27 അതിനാല്‍ ഫിലിപ്പൊസ് തയ്യാറായി പുറപ്പെട്ടു. വഴിയില്‍ അവന്‍ ഒരു എത്യോപ്യക്കാരനെ കണ്ടു. അയാള്‍ ഒരു ഷണ്ഡനായിരുന്നു. എത്യോപ്യരാജ്ഞി കന്ദക്കയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനും, ഖജനാവ് സൂക്ഷിപ്പുകാരനുമാണയാള്‍. യെരൂശലേമില്‍ ആരാധനയ്ക്കു പോയതായിരുന്നു അയാള്‍.
28 ഇപ്പോള്‍ അയാള്‍ വീട്ടിലേക്കു മടങ്ങുന്ന വഴിയാണ്. അയാള്‍ തന്‍റെ രഥത്തിലിരുന്ന് യെശയ്യാപ്രവാചകന്‍റെ ഗ്രന്ഥം വായിക്കുകയായിരുന്നു.
29 ആത്മാവ് ഫിലിപ്പൊസിനോടു പറഞ്ഞു, “ആ രഥത്തിനടുത്തു പോയി നില്‍ക്കുക.”
30 അതിനാല്‍ ഫിലിപ്പൊസ് രഥത്തിനടുത്തെത്തി അയാള്‍ വായിക്കുന്നതു കേട്ടു. അയാള്‍ യെശയ്യാപ്രവാചകന്‍റെ വചനങ്ങള്‍ വായിക്കുകയായിരുന്നു. ഫിലിപ്പൊസ് അയാളോടു ചോദിച്ചു, വായിക്കുന്നതൊക്കെ മനസ്സിലാകുന്നുണ്ടോ?”
31 അയാള്‍ പറഞ്ഞു, “എനിക്കെങ്ങനെ മനസ്സിലാകാന്‍? എനിക്കിതാരെങ്കിലും വിശദീകരിച്ചു തന്നാല്‍ കൊള്ളാമായിരുന്നു!” എന്നിട്ടയാള്‍ ഫിലിപ്പൊസിനെ രഥത്തിലേക്കു ക്ഷണിച്ചു.
32 തിരുവെഴുത്തിലെ ഈ ഭാഗമായിരുന്നു അയാള്‍ വായിച്ചിരുന്നത്:
“അറുക്കുവാനുള്ള കുഞ്ഞാടിനെപ്പോലെ അവനെ കൊണ്ടുപോയി.
രോമം മുറിക്കുന്പോള്‍ മിണ്ടാതെ നില്‍ക്കുന്ന കുഞ്ഞാടിനെപ്പോലെ
അവന്‍ നിശബ്ദനായിരുന്നു.
33 അവന്‍ അപമാനിക്കപ്പെട്ടു. അവനു നീതി നിഷേധിക്കപ്പെട്ടു.
ഭൂമിയിലെ അവന്‍റെ ജീവിതം അവസാനിച്ചു.
അവന്‍റെ പിന്മുറക്കാരെപ്പറ്റി ആര്‍ക്കും പറയാനാവില്ല.” യെശയ്യാവ് 53:7-8
34 അയാള്‍ ഫിലിപ്പൊസിനോട് ചോദിച്ചു, “പ്രവാചകന്‍ ഇത് ആരെപ്പറ്റിയാണ് പറയുന്നത്? ഇത് അവന്‍ തന്നെപ്പറ്റി തന്നെ പറയുന്നതോ മറ്റാരെയെങ്കിലും പറ്റിപ്പറയുന്നതോ?
35 ഫിലിപ്പൊസ് പ്രസംഗിക്കാന്‍ തുടങ്ങി. അതേ തിരുവെഴുത്ത് ഉദ്ധരിച്ചുകൊണ്ടു തുടങ്ങിയ ഫിലിപ്പൊസ് അയാളോട് യേശുക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിച്ചു.
36 അങ്ങനെ സഞ്ചരിക്കവേ അവര്‍ ഒരു കുളക്കരയിലെത്തി. ഉദ്യോഗസ്ഥന്‍ പറഞ്ഞു, “ഇതാ! ഇവിടെ വെള്ളം! സ്നാനപ്പെടുവാന്‍ എനിക്കിനി എന്താണു തടസ്സം?”
37 + ചില പില്‍ക്കാല അപ്പൊ.പ്രവൃത്തികളുടെ ഗ്രീക്കു പതിപ്പുകളില്‍ 37-ാം വാക്യത്തില്‍ ഇത്രയും കൂടി കാണാനുണ്ട്. “ഫിലിപ്പൊസ് മറുപടി പറഞ്ഞു, ‘നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു കഴിയും.’ ഉദ്യോഗസ്ഥന്‍ പറഞ്ഞു, ‘യേശുക്രിസ്തു ദൈവപുത്രനാണെന്നു ഞാന്‍ വിശ്വസിക്കുന്നു.’”
38 രഥം നിറുത്താന്‍ അയാള്‍ ആജ്ഞാപിച്ചു. ഫിലിപ്പൊസും ഷണ്ഡനും വെള്ളത്തിലേക്കിറങ്ങി. ഫിലിപ്പൊസ് അയാളെ സ്നാനപ്പെടുത്തി.
39 അവര്‍ വെള്ളത്തില്‍നിന്നും കയറിയപ്പോള്‍ ആത്മാവ് ഫിലിപ്പൊസിനെ അപ്രത്യക്ഷനാക്കി. ഉദ്യോഗസ്ഥന്‍ പിന്നീട് ഫിലിപ്പൊസിനെ കണ്ടിട്ടേയില്ല. അയാള്‍ അത്യാഹ്ലാദത്തോടെ വീട്ടിലേക്കു യാത്ര തുടര്‍ന്നു.
40 അസ്തൊദ് എന്ന പട്ടണത്തില്‍ ഫിലിപ്പൊസ് പ്രത്യക്ഷപ്പെട്ടു. അവന്‍ കൈസര്യനഗരത്തിലേക്കു പോകുകയായിരുന്നു. അസ്തൊദില്‍നിന്നും കൈസര്യയിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ എല്ലാ ഗ്രാമങ്ങളിലും ഫിലിപ്പൊസ് സുവിശേഷം പ്രസംഗിച്ചു.