1
1 കൊലൊസ്സ്യര്‍ക്ക് എഴുതിയ ലേഖനം ദൈവത്തിന്‍റെ ഇച്ഛയോടെ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൌലൊസും ക്രിസ്തുവില്‍ നമ്മുടെ സഹോദരനായ തിമൊഥെയൊസും ആശംസകള്‍ അയയ്ക്കുന്നത്.
2 ക്രിസ്തുവില്‍ വിശ്വസ്ത സഹോദരരായ കൊലൊസ്സ്യയിലെ ദൈവത്തിന്‍റെ വിശുദ്ധജനങ്ങള്‍ക്ക് നമ്മുടെ പിതാവായ ദൈവത്തിന്‍റെ കൃപയും സമാധാനവും.
3 നിങ്ങള്‍ക്കായുള്ള ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിനു നന്ദി പറയാറുണ്ട്.
4 ക്രിസ്തുയേശുവിലുള്ള സ്നേഹത്തെപ്പറ്റിയും ഞങ്ങള്‍ കേട്ടതുകൊണ്ട് ദൈവത്തിനു നന്ദി പറയുന്നു.
5 നിങ്ങള്‍ക്കുള്ള പ്രത്യാശമൂലമാണ് ക്രിസ്തുവില്‍ നിങ്ങള്‍ക്ക് വിശ്വാസം ഉള്ളതും ദൈവജനത്തെ നിങ്ങള്‍ സ്നേഹിക്കുന്നതും. നിങ്ങള്‍ പ്രത്യാശിക്കുന്നതൊക്കെ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കായി സൂക്ഷിച്ചു വച്ചിരിക്കുന്നു എന്നു നിങ്ങള്‍ക്കറിയാം. സത്യോപദേശമായ സുവിശേഷം നിങ്ങള്‍ കേട്ടതുകൊണ്ടാണ് ഈ പ്രത്യാശയെക്കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലായത്.
6 അതു നിങ്ങളോടു പറഞ്ഞിരുന്നു. ലോകത്തിലെല്ലായിടത്തും സുവിശേഷം വളര്‍ച്ചയും അനുഗ്രഹങ്ങളും കൊണ്ടുവരുന്നു. സുവിശേഷത്തെക്കുറിച്ചു കേള്‍ക്കുകയും ദൈവത്തിന്‍റെ കൃപയെക്കുറിച്ചു മനസ്സിലാക്കുകയും ചെയ്തതുമുതല്‍ ഇതു തന്നെ നിങ്ങള്‍ക്കും സംഭവിച്ചിരിക്കുന്നു.
7 എപ്പഫ്രാസില്‍ നിന്നും നിങ്ങള്‍ ദൈവകൃപയെക്കുറിച്ച് മനസ്സിലാക്കി. എപ്പഫ്രാസ് ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നു. ഞങ്ങളവനെ സ്നേഹിക്കുകയും ചെയ്യുന്നു. അവന്‍ ഞങ്ങള്‍ക്കു വേണ്ടി ക്രിസ്തുവിന്‍റെ വിശ്വസ്തനായ ദാസനാണ്.
8 പരിശുദ്ധാത്മാവിന് നിങ്ങളോടുള്ള സ്നേഹത്തെക്കുറിച്ചും എപ്പഫ്രാസ് ഞങ്ങളോടു പറഞ്ഞു.
9 ഈ കാര്യങ്ങള്‍ കേട്ട ദിവസം മുതല്‍ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതു തുടര്‍ന്നു.
ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ വ്യക്തമായും അറിയുന്നതിന്; നിങ്ങളുടെ അറിവോടൊപ്പം നിങ്ങള്‍ക്ക് ആത്മീയകാര്യങ്ങളില്‍ വലിയ ജ്ഞാനവും മനസ്സിലാക്കാനുള്ള കഴിവും ഉണ്ടാകുന്നതിന്;
10 കര്‍ത്താവിനു ആദരവും അവനെ സകലവിധത്തിലും പ്രീതിപ്പെടുത്തുന്നതുമായ ഒരു ജീവിതം നയിക്കാന്‍ ഈ കാര്യങ്ങള്‍ നിങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്; നിങ്ങള്‍ എല്ലാ നന്മകളും ചെയ്ത് ദൈവത്തെക്കുറിച്ചുള്ള അറിവില്‍ വളരുന്നതിന്;
11 ദൈവം തന്‍റെ മഹാശക്തിയാല്‍ നിങ്ങളെ ശക്തിപ്പെടുത്തും. പ്രശ്നങ്ങള്‍ വരുന്പോള്‍ ദൈവത്തെ ഉപേക്ഷിക്കാതെ ശാന്തരും സന്തോഷവാന്മാരും ആകാന്‍തക്ക തരത്തില്‍ ദൈവം നിങ്ങളെ ശക്തിപ്പെടുത്തും.
ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ഈ കാര്യങ്ങള്‍ക്കാണ്.
12 അപ്പോള്‍ നിങ്ങള്‍ക്കു പിതാവിനു നന്ദി പറയാം.അവന്‍ നിങ്ങള്‍ക്കുവേണ്ടി ഒരുക്കിവച്ചിരിക്കുന്ന കാര്യങ്ങള്‍ കിട്ടാന്‍ ദൈവം നിങ്ങളെ പ്രാപ്തരാക്കി. പ്രകാശത്തില്‍ ജീവിക്കുന്ന തന്‍റെ എല്ലാ ജനങ്ങള്‍ക്കും വേണ്ടി ഈ കാര്യങ്ങളെല്ലാം ഒരുക്കിവച്ചിട്ടുണ്ട്.
13 ഇരുളിന്‍റെ ശക്തിയില്‍ നിന്നും ദൈവം നമ്മളെ സ്വതന്ത്രരാക്കി, തന്‍റെ പ്രിയപ്പെട്ട പുത്രന്‍റെ സാമ്രാജ്യത്തിലേക്ക് നമ്മെ കൊണ്ടുവന്നു.
14 ആ പുത്രന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരം ചെയ്തു. നമുക്ക് നമ്മുടെ പാപങ്ങളില്‍ നിന്നും അവന്‍ മോചനം കൊണ്ടുവന്നു.
ക്രിസ്തുവില്‍ ദൈവത്തെ ദര്‍ശിക്കുന്നു
15 ഒരുവനും ദൈവത്തെ കാണാന്‍ സാധിക്കയില്ല.
എന്നാല്‍ യേശു കൃത്യമായും ദൈവത്തെപ്പോലെതന്നെയാണ്.
നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന എല്ലാ കാര്യങ്ങളെയും ഭരിക്കുന്നത് യേ ശുവാണ്.
16 യേശുവിന്‍റെ അധികാരത്തില്‍ നിന്നും മെനഞ്ഞെടുക്കപ്പെട്ടതാണ് സമസ്ത സൃഷ്ടികളും.
ആകാശത്തിലും ഭൂമിയിലും ഉള്ളതും ഗോചരവും അഗോചരവും ആയതും ശക്തിയും അധികാരങ്ങളും പ്രഭുക്കന്മാരും
ഭര ണാധികാരികളും അടക്കമുള്ള എല്ലാ സമസ്ത വസ്തുക്കളും അവനിലൂടെ അവനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
17 എന്തെങ്കിലും ഉണ്ടാകുന്നതിനു മുന്‍പ് ക്രിസ്തു ഉണ്ടായിരുന്നു.
എല്ലാം തുടര്‍ന്നു പോകുന്നതും അവനാല്‍ തന്നെ.
18 ശരീരത്തിന്‍റെ തലയാണ് ക്രിസ്തു. (ശരീരമാകട്ടെ അവന്‍റെ സഭയും.)
എല്ലാം അവനില്‍ നിന്നു വരുന്നു.
അവനാണ് മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ്.
അതുകൊണ്ട് സര്‍വ്വത്തിലും അവന്‍ പ്രധാനിയും ആണ്.
19 തന്‍റെ എല്ലാ പൂര്‍ണ്ണതയോടും കൂടി ക്രിസ്തുവില്‍ ജീവിക്കാന്‍ ദൈവം ഇഷ്ടപ്പെട്ടു.
20 അതുകൊണ്ട് എല്ലാ കാര്യത്തിലും കര്‍ത്താവ് സര്‍വ്വഭൂമിയിലുള്ളതും ആകാശത്തിലുള്ളതുമായ എല്ലാം
ക്രിസ്തുവില്‍ കൂടി തന്നില്‍ പൊരുത്തപ്പെടുത്താന്‍ ദൈവം ഇഷ്ടപ്പെട്ടു.
കുരിശിലെ ക്രിസ്തുവിന്‍റെ രക്തത്താല്‍ ദൈവം സമാധാനം നിലനിര്‍ത്തി.
21 ഒരു കാലത്ത് നിങ്ങള്‍ ദൈവത്തില്‍ നിന്ന് അകന്നിരുന്നു. നിങ്ങള്‍ ചെയ്ത ദുഷ്കൃത്യങ്ങള്‍ ദൈവത്തിനെതിരായിരുന്നതു കൊണ്ടു നിങ്ങള്‍ ഉള്ളുകൊണ്ട് ദൈവത്തിന്‍റെ എതിരാളികളായിരുന്നു.
22 എന്നാലിപ്പോള്‍ ക്രിസ്തു നിങ്ങളെ വീണ്ടും ദൈവത്തിന്‍റെ സ്നേഹിതരാക്കിയിരിക്കുന്നു. അവന്‍ തന്‍റെ (ഭൌമിക) ശരീരത്തിലായിരുന്നപ്പോള്‍ തന്‍റെ മരണം വഴി അവന്‍ ഇതു ചെയ്തു. നിങ്ങളെ ദൈവമുന്പാകെ കൊണ്ടുവരുന്നതിനായാണ് ക്രിസ്തു ഇതു ചെയ്തത്. ദൈവം നിങ്ങളില്‍ കുറ്റകരമായ ഒന്നും കണ്ടെത്താതിരിക്കത്തക്കവണ്ണം വിശുദ്ധരും കുറ്റമറ്റവരുമായി ക്രിസ്തു നിങ്ങളെ ദൈവമുന്പാകെ കൊണ്ടുവരും.
23 നിങ്ങള്‍ കേട്ട സുവിശേഷം തുടര്‍ന്ന് നിങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍ ക്രിസ്തു നിങ്ങള്‍ക്കുവേണ്ടി ഇതു ചെയ്യും. നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തില്‍ ഉറപ്പും സ്ഥിരതയും ഉള്ളവരായിരിക്കുവിന്‍. സുവിശേഷം നല്‍കപ്പെട്ടിരിക്കുന്ന പ്രത്യാശയില്‍ നിന്നും നിങ്ങള്‍ മാറരുത്. ലോകത്തെല്ലായിടത്തുമുള്ള ജനങ്ങളോട് പറഞ്ഞിരിക്കുന്ന ഇതേ സുവിശേഷത്തില്‍ തുടര്‍ന്നു വിശ്വസിക്കുക. ഈ സുവിശേഷത്തിന്‍റെ സേവകനാണ് പൌലൊസായ ഞാന്‍.
സഭയ്ക്കു വേണ്ടിയുള്ള പൌലൊസിന്‍റെ വേല
24 നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ കഷ്ടങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നു. ക്രിസ്തുവിന്‍റെ ശരീരമായ സഭ വഴി ഇനിയും ക്രിസ്തു ഏറെ സഹിക്കും. സഹിക്കുന്നതിനുള്ള എന്‍റെ ഭാഗം ഞാന്‍ സ്വീകരിക്കുന്നു. ഈ കഷ്ടങ്ങള്‍ ഞാന്‍ എന്‍റെ ഈ ഭൌതികശരീരത്തില്‍ ഏല്‍ക്കും. അവന്‍റെ ശരീരമായ സഭയ്ക്കുവേണ്ടി ഞാന്‍ സഹിക്കും.
25 ദൈവം എനിക്കൊരു പ്രത്യേക ജോലി തന്നതുകൊണ്ട് ഞാന്‍ സഭയുടെ ഒരു ശുശ്രൂഷകനായി. ഈ പ്രവൃത്തി നിങ്ങളെ സഹായിക്കുന്നു. ദൈവത്തിന്‍റെ ഉപദേശം പൂര്‍ണ്ണമായി പറയുകയാണ് എന്‍റെ ജോലി.
26 കാലത്തിന്‍റെ ആരംഭം മുതല്‍ മറഞ്ഞിരുന്ന സത്യങ്ങളാണ് ഈ ഉപദേശം. എല്ലാ ജനങ്ങളില്‍ നിന്നും ഈ സത്യം മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഈ രഹസ്യ സത്യം ദൈവത്തിന്‍റെ വിശുദ്ധജനത്തിനു വെളിവാക്കിയിരിക്കുന്നു.
27 വിലപിടിച്ചതും മഹത്വപൂര്‍ണ്ണവുമായ ആ സത്യം അവരെ അറിയിക്കാന്‍ ദൈവം തീരുമാനിച്ചു. എല്ലാവര്‍ക്കുമുള്ളതാകുന്നു മഹത്തായ ആ സത്യം. നിങ്ങളിലുള്ള ക്രിസ്തു തന്നെയാണ് ആ സത്യം. മഹത്വത്തിനായുള്ള നമ്മുടെ ഏക പ്രതീക്ഷയാണ് അവന്‍.
28 അതുകൊണ്ട് ക്രിസ്തുവിനെപ്പറ്റി ജനങ്ങളോടു പറയുന്നതു ഞങ്ങള്‍ തുടരുന്നു. എല്ലാവരേയും ശക്തിപ്പെടുത്താനും പഠിപ്പിക്കാനും ഞങ്ങളുടെ പൂര്‍ണ്ണമായ അറിവും ഉപയോഗിക്കും. ക്രിസ്തുവിലുള്ള ആത്മീയവളര്‍ച്ചയില്‍ തികഞ്ഞവരായി എല്ലാവരെയും ദൈവമുന്പാകെ എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.
29 ഇതു ചെയ്യുവാനായി ക്രിസ്തു എനിക്കു തന്ന മഹാബലത്താല്‍ ഞാന്‍ കഠിനാദ്ധ്വാനം ചെയ്യുകയും മല്ലിടുകയും ചെയ്യുന്നു. ആ ശക്തി എന്‍റെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നു.