4
യജമാനന്മാരേ, നല്ലതും ന്യായവുമായ കാര്യങ്ങള്‍ നിങ്ങളുടെ ദാസന്മാര്‍ക്കു കൊടുക്കുവിന്‍. സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്ക് ഒരു യജമാനന്‍ ഉണ്ട് എന്ന് ഓര്‍ക്കുവിന്‍.
വിശ്വാസികള്‍ക്ക് പൌലൊസിന്‍റെ ചില നിര്‍ദ്ദേശങ്ങള്‍
ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുന്നത് തുടരുവിന്‍. ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവിന്‍. തന്‍റെ സന്ദേശം ജനങ്ങളോട് പ്രസംഗിക്കുന്നതിന് അവസരം തരണം എന്നു പ്രാര്‍ത്ഥിക്കുവിന്‍. ക്രിസ്തുവിനെപ്പറ്റി മുന്‍പ് മറച്ചുവെച്ചതും പിന്നീട് ദൈവം തന്നെ വെളിപ്പെടുത്തിയതുമായ ആ രഹസ്യസത്യം പ്രസംഗിക്കുവാന്‍ ഞങ്ങളെക്കൊണ്ടാകണമേ എന്നു പ്രാര്‍ത്ഥിക്കുവിന്‍. ഈ സത്യം പ്രസംഗിച്ചതുകൊണ്ട് ഇപ്പോള്‍ ഞാന്‍ കാരാഗൃഹത്തിലായി. ഈ സത്യം ജനങ്ങള്‍ക്കു വ്യക്തമാക്കാന്‍ കഴിയണമേ എന്നു പ്രാര്‍ത്ഥിക്കുവിന്‍. അതാണു ഞാന്‍ ചെയ്യേണ്ടത്.
അവിശ്വാസികളോടു വിവേകപൂര്‍വ്വം ഇടപെടുക. നിങ്ങളുടെ സമയത്തെ നിങ്ങളെക്കൊണ്ടാകും പോലെ ഏറ്റവും നല്ല രീതിയില്‍ ചെലവഴിക്കുക. സംസാരിക്കുന്പോള്‍ എപ്പോഴും ദയയോടും വിവേകത്തോടും കൂടെ സംസാരിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാവരോടും പറയേണ്ടതു പോലെ ഉത്തരങ്ങള്‍ പറയുവാന്‍ സാധിക്കും.
പൌലൊസിന്‍റെ കൂടെ ഉള്ളവരെപ്പറ്റി
ക്രിസ്തുവില്‍ എന്‍റെ പ്രിയ സഹോദരനാണ് തിഹിക്കൊസ്. അവന്‍ കര്‍ത്താവില്‍ എന്‍റെ വിശ്വസ്ത ശുശ്രൂഷകനും ദാസനുമാണ്. എനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം അവന്‍ നിങ്ങളോടു പറയും. അതുകൊണ്ടാണു ഞാന്‍ അവനെ അയയ്ക്കുന്നത്. ഞാന്‍ എങ്ങനെയാണെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ ഞാന്‍ അവനെ അയയ്ക്കുന്നു. ക്രിസ്തുവില്‍ വിശ്വസ്തനും പ്രിയ സഹോദരനുമായ ഒനേസിമൊസിനൊപ്പം ഞാന്‍ അവനെ അയയ്ക്കുന്നു. അവന്‍ നിങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ളവനാണ്. ഇവിടെ സംഭവിച്ചതെല്ലാം തിഹിക്കൊസും ഒനേസിമൊസും പറയും.
10 എന്നോടൊപ്പമുള്ള തടവുകാരനായ അരിസ്തര്‍ഹോസും നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. മര്‍ക്കൊസിന്‍റെ മച്ചുനനായ ബര്‍ന്നബാസും നിങ്ങളെ വന്ദനം ചെയ്യുന്നു. (മര്‍ക്കൊസിന് എന്തു ചെയ്തുകൊടുക്കണമെന്ന് ഞാന്‍ നിങ്ങളോട് നേരത്തേ പറഞ്ഞിട്ടുണ്ട്. അവന്‍ വരികയാണെങ്കില്‍ അവനെ സ്വീകരിക്കുക.) 11 യേശു എന്ന പേരിലും വിളിക്കുന്ന യുസ്തൊസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. ഇവരാണ് ദൈവരാജ്യത്തിനായി എനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന യെഹൂദര്‍. അവര്‍ എനിക്കൊരു ആശ്വാസമാണ്.
12 നിങ്ങളുടെ ഇടയില്‍ നിന്നുള്ള ക്രിസ്തുവിന്‍റെ ദാസനായ എപ്പഫ്രാസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. അവന്‍ നിങ്ങള്‍ക്കു വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുന്നു. ആത്മീയ പക്വതയെത്തി ദൈവം നിങ്ങള്‍ക്കു വേണ്ടി ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ക്കുണ്ടാകുവാനാണ് അവന്‍ പ്രാര്‍ത്ഥിക്കുന്നത്. 13 അവന്‍ ലവുദിക്യായിലേയും ഹിയരപ്പൊലിയിലേയും ജനങ്ങള്‍ക്കുവേണ്ടിയും നിങ്ങള്‍ക്കു വേണ്ടിയും കഠിനമായി യത്നിച്ചു എന്ന് എനിക്കറിയാം. 14 വൈദ്യനും ജനങ്ങളുടെ സുഹൃത്തുമായ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു.
15 ലവുദിക്യയിലെ സഹോദരങ്ങളെ വന്ദനം ചെയ്യുക. നുംഫെയ്ക്കും അവളുടെ വീട്ടില്‍ കൂടുന്ന സഭയ്ക്കും വന്ദനം പറയുക. 16 ഈ കത്ത് നിങ്ങളുടെ ഇടയില്‍ വായിച്ചുകഴിഞ്ഞതിനുശേഷം ലവുദിക്യയിലെ സഭയിലും വായിച്ചു എന്ന് ഉറപ്പുവരുത്തുക. ലവുദിക്യയിലേക്ക് അയച്ച കത്ത് നിങ്ങളും വായിക്കുക. 17 “ദൈവം നിനക്കു തന്ന ജോലി ചെയ്യുന്നതില്‍ തീര്‍ച്ചയുണ്ടാകണമെന്ന്” അര്‍ഹിപ്പൊസിനോടു പറയുക.
18 ഞാന്‍, പൌലൊസ്, ഇതു എന്‍റെ കൈകൊണ്ടുതന്നെ എഴുതി. നിങ്ങള്‍ക്കു ഞാന്‍ വന്ദനം പറയുന്നു. ഞാന്‍ തടവിലാണെന്ന് ഓര്‍ക്കുവിന്‍. ദൈവത്തിന്‍റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.