ജാതികള്‍ക്ക് പൌലൊസിന്‍റെ പ്രവൃത്തി
3
ഇക്കാരണത്താല്‍ പൌലൊസ് എന്ന ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ക്രിസ്തുയേശുവിന്‍റെ തടവുകാരനാകുന്നു. നിങ്ങളുടെ നന്മയ്ക്കായി ദൈവം തന്‍റെ കൃപയാല്‍ എനിക്കു നല്‍കിയിരിക്കുന്ന വേല നിങ്ങള്‍ അറിയുന്നുവല്ലോ. ദൈവം തന്‍റെ രഹസ്യപദ്ധതി എനിക്കു വെളിവാക്കിത്തന്നു. അതിനെപ്പറ്റി കുറച്ചൊക്കെ ഞാന്‍ എഴുതിയിട്ടുണ്ട്. ഞാനെഴുതിയ ഈ കാര്യങ്ങളൊക്കെ വായിച്ചു നോക്കുന്പോള്‍ ക്രിസ്തുവിനെപ്പറ്റിയുള്ള യഥാര്‍ത്ഥ സത്യത്തെപ്പറ്റി എനിക്കെന്തറിയാം എന്നു നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയും. മുന്‍കാലങ്ങളില്‍ ജീവിച്ചിരുന്നവരെ ഈ രഹസ്യസത്യം അറിയിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ദൈവം ആത്മാവിലൂടെ ആ രഹസ്യം തന്‍റെ വിശുദ്ധ പ്രവാചകര്‍ക്കും അപ്പൊസ്തലന്മാര്‍ക്കും കാട്ടിക്കൊടുത്തു. ആ സത്യം ഇതാണ്: ജാതികള്‍ക്കും യെഹൂദരെപ്പോലെ ദൈവത്തിന്‍റെ അനുഗ്ര ഹങ്ങളില്‍ പങ്കുണ്ട്. ജാതികളും യെഹൂദരും ഒരേ ശരീരത്തിന്‍റെ അവയവങ്ങളാകുന്നു. അവര്‍, ദൈവം യേശുക്രിസ്തുവില്‍ നല്‍കിയ വാഗ്ദാനം പങ്കുവയ്ക്കുകയും ചെയ്യുന്നു. സുവിശേഷം മൂലം ജാതികള്‍ക്കും അങ്ങനെ എല്ലാം കിട്ടുന്നു.
ദൈവത്തിന്‍റെ കൃപകൊണ്ട് ആ സുവിശേഷം പറയാന്‍ ഞാന്‍ ഒരു ദാസനായിരിക്കുന്നു. ദൈവം തന്‍റെ ശക്തിയാല്‍ ആ അനുഗ്രഹം എനിക്കു നല്‍കിയിരിക്കുന്നു. ദൈവത്തിന്‍റെ ജനതയില്‍ ഏറ്റവും നിസ്സാരനാണ് ഞാന്‍. പക്ഷേ ക്രിസ്തുവിന്‍റെ സന്പന്നതയെപ്പറ്റിയുള്ള സുവിശേഷം ജാ തികളോടു പ്രസംഗിക്കുവാനായി ദൈവം എന്നില്‍ കൃപ കാണിച്ചു. പൂര്‍ണ്ണമായും അറിയാന്‍ പറ്റാത്ത തരത്തില്‍ അത്രയും വലുതാണ് ആ സന്പത്ത്. ദൈവത്തിന്‍റെ രഹസ്യപദ്ധതിയെപ്പറ്റി ജനങ്ങളോടു പറയുന്ന ജോലിയും ദൈവം എന്നെ ഏല്പിച്ചു. കാലാരംഭം മുതല്‍ക്കുതന്നെ ആ രഹസ്യസത്യം എല്ലാം സൃഷ്ടിച്ച ദൈവത്തില്‍ നിഗൂഡമായി കിടക്കുകയായിരുന്നു. 10 ദൈവത്തിന്‍റെ ജ്ഞാനം പലരീതിയില്‍ കാണിക്കുമെന്ന് സ്വര്‍ഗ്ഗസ്ഥലങ്ങളിലുള്ള എല്ലാ ഭരണാധിപന്മാരും ശക്തികളും അറിയുമെന്നതായിരുന്നു ദൈവത്തിന്‍റെ പദ്ധതി. സഭയിലൂടെ അവര്‍ക്കത് അറിയാന്‍ സാധിക്കും. 11 ഉല്പത്തി മുതല്‍ ദൈവം നിശ്ചയിച്ചതനുസരിച്ചാണത്. ദൈവം തന്‍റെ നിശ്ചയം അനുസരിച്ച് പ്രവര്‍ത്തിച്ചു. അതവന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ നിറവേറ്റി. 12 ക്രിസ്തുവില്‍ നമുക്ക് ഭയമില്ലാതെ സ്വതന്ത്രമായി ദൈവത്തിനു മുന്പില്‍ നില്‍ക്കാം. ക്രിസ്തുവിലെ വിശ്വാസത്തിലൂടെ നമുക്കതു ചെയ്യാം. 13 അതിനാല്‍, ഒരിക്കലും നിങ്ങള്‍ക്കുവേണ്ടി ഞാനനുഭവിക്കുന്ന കഷ്ടതകള്‍ മൂലം നിങ്ങള്‍ നിരുത്സാഹരാകരുതെന്ന് ഞാനഭ്യര്‍ത്ഥിക്കുന്നു. എന്‍റെ കഷ്ടങ്ങള്‍ നിങ്ങളുടെ മഹത്വമാകുന്നു.
ക്രിസ്തുവിന്‍റെ സ്നേഹം
14 അതുകൊണ്ട് പിതാവിനു മുന്പില്‍ പ്രാര്‍ത്ഥനയില്‍ ഞാന്‍ മുട്ടുകുത്തുന്നു. 15 ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുള്ള എല്ലാ കുടുംബങ്ങള്‍ക്കും അവനില്‍ നിന്നു നാമം ലഭിക്കുന്നു. 16 അവന്‍റെ മഹത്വംകൊണ്ട് നിങ്ങളുടെ ആത്മാവിനു ശക്തി നല്‍കാന്‍ ഞാന്‍ പിതാവിനോട് അപേക്ഷിക്കുന്നു. അവന്‍റെ മഹത്തായ സന്പന്നതയാല്‍ നിങ്ങളുടെ അന്തരാത്മാവിനെ ശക്തിപ്പെടുത്താന്‍ ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. 17 നിങ്ങളുടെ വിശ്വാസം മൂലം ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കുമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ ജീവിതം സ്നേഹം കൊണ്ട് വേരുറച്ചതും അടിത്തറ പാകിയതുമാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 18 നിങ്ങള്‍ക്കും ദൈവത്തിന്‍റെ എല്ലാ വിശുദ്ധജനത്തിനും ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ വലുപ്പം മനസ്സിലാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആ സ്നേഹത്തിന്‍റെ വീതിയും നീളവും ഉയരവും ആഴവും മനസ്സിലാകട്ടെയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 19 ഏതൊരു വ്യക്തിയ്ക്കും പൂര്‍ണ്ണമായി അറിയാവുന്നതിലും മഹത്തരമാണു ക്രിസ്തുവിന്‍റെ സ്നേഹം. ആ സ്നേഹം അറിയാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അപ്പോള്‍ ദൈവത്തിന്‍റെ പൂര്‍ണ്ണത നിങ്ങളില്‍ നിറയ്ക്കപ്പെടും.
20 നമ്മില്‍ പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‍റെ ശക്തികൊണ്ട് നമുക്ക് അപേക്ഷിക്കാവുന്നതിലോ ചിന്തിക്കാവുന്നതിലോ അധികം അവനു പ്രവര്‍ത്തിക്കാം. 21 അവന് സഭയിലും യേശുക്രിസ്തുവിലും എപ്പോഴും എന്നെന്നേക്കും മഹത്വം. ആമേന്‍.