ശരീരത്തിന്‍റെ ഒരുമ
4
കര്‍ത്താവിന്‍റെ തടവുകാരനായ ഞാന്‍, ഇനിമേല്‍ ദൈവജനത്തിനൊത്തവണ്ണം ജീവിക്കുവാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. എപ്പോഴും എളിമയോടും, സൌമ്യതയോടും കൂടിയിരിക്കുക. ക്ഷമിക്കുകയും പരസ്പരം സ്നേഹത്തോടെ സ്വീകരിക്കുകയും ചെയ്യുക. ആത്മാവിലൂടെ നിങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. അങ്ങനെതന്നെ തുടരുവാന്‍ നിങ്ങള്‍ക്കാവുന്നതെല്ലാം ചെയ്യുക. സമാധാനം നിങ്ങളെ ഒന്നാക്കി തീര്‍ക്കട്ടെ. ഏകശരീരവും ഏക ആത്മാവുമാണുള്ളത്. ഏക പ്രത്യാശയ്ക്കായിട്ടാണ് ദൈവം നിങ്ങളെ വിളിച്ചത്. ഏക കര്‍ത്താവ്, ഏക വിശ്വാസം, ഏക സ്നാനവുമാണുള്ളത്. ഏക ദൈവവും എല്ലാറ്റിനും ഏക പിതാവും. അവന്‍ എല്ലാറ്റിനേയും ഭരിക്കുന്നു. അവന്‍ എല്ലായിടവും എല്ലാറ്റിലും നിറഞ്ഞു നില്‍ക്കുന്നു.
ക്രിസ്തു നമുക്ക് ഓരോരുത്തര്‍ക്കും ഓരോ പ്രത്യേക വരം നല്‍കി. ഓരോരുത്തര്‍ക്കും എന്തു കൊടുക്കണമെന്ന് ക്രിസ്തു നിശ്ചയിച്ചതു തന്നെ ഓരോരുത്തര്‍ക്കും ലഭിച്ചു. അതുകൊണ്ട് തിരുവെഴുത്തുകളില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു,
“അവന്‍ ആകാശത്തിന്‍റെ ഉന്നതങ്ങളിലേക്കു പോയി;
അവന്‍ തടവുകാരെ തന്നോടൊപ്പം കൊണ്ടുപോകുകയും ജനങ്ങള്‍ക്കു വരങ്ങള്‍ നല്‍കുകയും ചെയ്തു.” സങ്കീര്‍ത്തനങ്ങള്‍ 68:18
അവന്‍ “ഉയരത്തിലേക്കു പോയി” എന്നു പറയുന്നതിന് അര്‍ത്ഥമെന്താണ്? ആദ്യം അവന്‍ ഭൂമിയിലേക്കു താണുവന്നു എന്നാണതിനര്‍ത്ഥം. 10 അതുകൊണ്ട് യേശു താഴേക്കു വന്നു, അവന്‍ തന്നെയാണ് ഉന്നതങ്ങളിലേക്കു പോയത്. അവന്‍ എല്ലാ സ്വര്‍ഗ്ഗങ്ങള്‍ക്കും മുകളിലേക്കുയര്‍ന്നു. എല്ലാറ്റിലും അവനെത്തന്നെ നിറയ്ക്കാനാണ് ക്രിസ്തു അതു ചെയ്തത്. 11 അതേ ക്രിസ്തു തന്നെ ജനങ്ങള്‍ക്കു വരങ്ങളും നല്‍കി. ചിലരെ അവന്‍ അപ്പൊസ്തലന്മാരാക്കി, ചിലരെ പ്രവാചകരാക്കി, ചിലരെ സുവിശേഷപ്രസംഗകരാക്കി. ചിലരെ ദൈവത്തിന്‍റെ ജനതയുടെ ആട്ടിടയന്മാരും അദ്ധ്യാപകരുമാക്കി. 12 ശുശ്രൂഷകള്‍ക്കായി ദൈവത്തിന്‍റെ വിശുദ്ധജനത്തെ തയ്യാറാക്കുവാനാണ് ക്രിസ്തു ആ വരങ്ങള്‍ നല്‍കിയത്. ക്രിസ്തുവിന്‍റെ ശരീരത്തെ ശക്തമാക്കാനാണ് അവന്‍ ആ വരങ്ങള്‍ നല്‍കിയത്. 13 നാമെല്ലാവരും ദൈവപുത്രനെക്കുറിച്ചുള്ള വിശ്വാസത്തിലും അറിവിലും ഒരുമിക്കുംവരെ ഈ ജോലി തുടരേണ്ടതുണ്ട്. നാമെല്ലാവരും ക്രിസ്തുവിനെപ്പോലെ പക്വതയും പൂര്‍ണ്ണതയും ഉള്ളവരായി വളരണം.
14 അപ്പോള്‍ നാം ഇനിയും ശിശുക്കളായിരിക്കില്ല. തിരമാലകളാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഉഴലുന്ന കപ്പല്‍ പോലെ മാറുന്നവരായിരിക്കുകയുമില്ല നാം. നമ്മെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നവരുടെ പുതിയ പ്രബോധനങ്ങള്‍ക്കും നാം വശംവദരാവുകയില്ല. തെറ്റായൊരു മാര്‍ഗ്ഗത്തിലേക്ക് ആളുകളെ നയിച്ച് മണ്ടന്മാരാക്കാനുള്ള എല്ലാവിധ തന്ത്രങ്ങളും അവര്‍ ഒരുക്കുന്നു. 15 ഇല്ല, നമ്മള്‍ സത്യം സ്നേഹത്തോടെ സംസാരിക്കും. എല്ലാത്തരത്തിലും ക്രിസ്തുവിനെപ്പോലെ നാം വളരും. ക്രിസ്തു ശിരസ്സും നമ്മള്‍ ശരീരവുമാകുന്നു. 16 ശരീരം മുഴുവന്‍ ക്രിസ്തുവിനെ ആശ്രയിച്ചിരിക്കുന്നു. ശരീരത്തിന്‍റെ എല്ലാ അവയവങ്ങളും ഒന്നിച്ചു ചേര്‍ത്തിരിക്കുന്നു. ഓരോ ശരീരഭാഗവും അതാതിന്‍റെ ജോലി ചെയ്യുന്നു. മുഴുവന്‍ ശരീരത്തെയും സ്നേഹത്തില്‍ ശക്തിപ്പെടുത്തി വളരാന്‍ അതു സഹായിക്കുന്നു.
നിങ്ങള്‍ ജീവിക്കേണ്ട മാര്‍ഗ്ഗം
17 കര്‍ത്താവിനായി ഞാനിതു നിങ്ങളോടു പറയുകയും അതിലൂന്നുകയും ചെയ്യുന്നു. അവിശ്വാസികളെപ്പോലെ ഇനിയും ജീവിക്കരുത്. നിഷ്ഫലമായ ചിന്തകളാണവരുടേത്. 18 അവര്‍ക്കൊന്നും മനസ്സിലാകുന്നില്ല. കേള്‍ക്കാന്‍ കൂട്ടാക്കാത്തതുകൊണ്ടാണിത് സംഭവിക്കുന്നത്. അതിനാല്‍ ദൈവം നല്‍കുന്ന ജീവിതത്തെ നേടാനവര്‍ക്കാവില്ല. 19 അവര്‍ക്കു ലജ്ജ നഷ്ടപ്പെട്ടിരിക്കുന്നു. തങ്ങളുടെ ജീവിതത്തെ തെറ്റു ചെയ്യാനായി അവര്‍ ഉപയോഗിക്കുന്നു. കൂടുതല്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്യാനാണവര്‍ക്കു താല്പര്യം. 20 എന്നാല്‍ ക്രിസ്തുവില്‍ നിങ്ങള്‍ പഠിച്ച കാര്യങ്ങള്‍ ആ ചീത്തക്കാര്യങ്ങള്‍ പോലെയല്ല. 21 അവനെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ അവനിലെന്നവണ്ണം പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അതെ, സത്യം യേശുവിലാകുന്നു. 22 നിങ്ങളിലെ പഴയ മനുഷ്യനെ ഉപേക്ഷിക്കുകയും അശുദ്ധകര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കാതിരിക്കുകയും ചെയ്യാന്‍ നിങ്ങള്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ദുഷ്പ്രവൃത്തികള്‍ മൂലം ആളുകള്‍ വഞ്ചിതരാകുന്നതിനാല്‍ ആ പഴയ ജീവന്‍ നശിച്ചുകൊണ്ടേയിരിക്കുന്നു. 23 എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ പുതുക്കം പ്രാപിക്കുവാന്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. 24 പുതിയ മനുഷ്യനാകാന്‍ നിങ്ങള്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ദൈവത്തെപ്പോലെ യഥാര്‍ത്ഥത്തില്‍ നല്ലതും പരിശുദ്ധവുമാകുംവിധം യഥാര്‍ത്ഥ നന്മയോടെ ആ പുതിയ വ്യക്തി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
25 അതിനാല്‍ നുണ പറയുന്നതു നിങ്ങള്‍ നിര്‍ത്തണം. എല്ലായ്പ്പോഴും പരസ്പരം സത്യം പറയുക.* കാരണം ഒരേ ശരീരത്തില്‍ കഴിയുന്നവരാണ് നാം. 26 കോപമുണ്ടാകുന്പോള്‍ പാപം ചെയ്യാനിടയാകരുത്. ദിവസം മുഴുവന്‍ കോപം വച്ചുകൊണ്ടിരിക്കുകയുമരുത്. 27 പിശാചിനു നിങ്ങളെ പരാജയപ്പെടുത്താന്‍ ഇട നല്‍കരുത്. 28 മോഷ്ടാവ് മോഷണം നിര്‍ത്തണം. എന്നിട്ടവന്‍ ജോലി ചെയ്യണം. അവന്‍ തന്‍റെ കൈ നന്മ എന്തെങ്കിലും ചെയ്യാന്‍ ഉപയോഗിക്കട്ടെ. അപ്പോള്‍ തനിക്കുള്ളതു പാവങ്ങള്‍ക്കു പങ്കുവയ്ക്കാന്‍ അവനു കഴിയും
29 ദുഷിച്ച സംസാരം നിങ്ങള്‍ നടത്താതിരിക്കുക. മറ്റുള്ളവരെ ശക്തരാക്കും വിധം വേണ്ട കാര്യങ്ങള്‍ സംസാരിക്കുക. അപ്പോള്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നവരെ അതു സഹായിക്കും. 30 പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്. നിങ്ങള്‍ ദൈവത്തിന്‍റെതാണെന്നുള്ള ദൈവീകസാക്ഷ്യമാണ് പരിശുദ്ധാത്മാവ്. തക്കസമയത്ത് ദൈവം നിങ്ങളെ സ്വതന്ത്രരാക്കുമെന്നുള്ളതിനു സാക്ഷ്യമായാണ് ദൈവം ആ ആത്മാവിനെ നിങ്ങള്‍ക്കു തന്നത്. 31 ശത്രുത, ക്രോധം, കോപം എന്നിവ ഒരിക്കലും കാട്ടാതിരിക്കുക. കോപിച്ചലറുകയോ മറ്റുള്ളവരെ വേദനിപ്പിക്കുംവിധം എന്തെങ്കിലും പറയുകയോ ചെയ്യരുത്. ദുഷ്ടതകളൊന്നും പ്രവര്‍ത്തിക്കുകയുമരുത്. 32 പരസ്പരം ദയാലുക്കളും ലോലഹൃദയരുമാവുക. ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.