5
ദൈവത്തിന്‍റെ പ്രിയപ്പെട്ട മക്കളാണ് നിങ്ങള്‍. അതിനാല്‍ ദൈവത്തെപ്പോലെ ആകുവാന്‍ ശ്രമിക്കുക. സ്നേഹത്തിന്‍റേതായ ഒരു ജീവിതം നയിക്കുക. ക്രിസ്തു നമ്മെ സ്നേ ഹിച്ചതുപോലെ മറ്റുള്ളവരെയും സ്നേഹിക്കുക. ക്രിസ്തു സ്വയം നമുക്കു നല്‍കി. അവന്‍ ദൈവത്തിനു സുഗന്ധം നിറഞ്ഞ വഴിപാടും യാഗവുമായിരുന്നു.
എന്നാല്‍ നിങ്ങള്‍ക്കിടയില്‍ ലൈംഗിക പാപം അരുത്. യാതൊരു വിധ ദുഷ്ടതയോ അത്യാഗ്രഹമോ പാടില്ല. എന്തെന്നോ? അതൊന്നും ദൈവത്തിന്‍റെ വിശുദ്ധജനത്തിന് ചേര്‍ന്നതല്ല. നിങ്ങള്‍ക്കിടയില്‍ ദുഷിച്ച വാക്കുകളുമുണ്ടാകരുത്. വിഡ്ഢിത്തരങ്ങളോ വൃത്തികെട്ട തമാശകളോ നിങ്ങള്‍ പറയാതിരിക്കുക. അതൊന്നും നിങ്ങള്‍ക്കു ചേര്‍ന്നതല്ല. പക്ഷേ നിങ്ങള്‍ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടിരിക്കണം. ലൈംഗികപാപം ചെയ്യുന്നവനോ ദുഷ്ടത പ്രവര്‍ത്തിക്കുന്നവനോ വിഗ്രഹാരാധന ചെയ്യുന്നവനോ ക്രിസ്തുവിന്‍റെയും ദൈവത്തിന്‍റെയും രാജ്യത്ത് ഒരു സ്ഥാനവും ഉണ്ടാകില്ലെന്ന വസ്തുത നിങ്ങള്‍ക്കുറപ്പിക്കാം. വിഗ്രഹാരാധകര്‍ വ്യാജദൈവത്തെയാണ് ആരാധിക്കുന്നത്.
അസത്യങ്ങള്‍ പറഞ്ഞ് ആരും നിങ്ങളെ വഞ്ചിക്കാന്‍ ഇട കൊടുക്കരുത്. ദൈവത്തിന്‍റെ ഉഗ്രമായ കോപം അനുസരിക്കാത്തവരുടെമേല്‍ പതിക്കാന്‍ ഇത്തരം ചെയ്തികള്‍ കാരണമാകും. അതിനാല്‍ ഇതേ പെരുമാറ്റം അവരോടു കൂടെ ചെയ്യരുത്. മുന്പു നിങ്ങള്‍ ഇരുട്ടു നിറഞ്ഞവരായി രുന്നെങ്കിലും ഇപ്പോള്‍ നിങ്ങളില്‍ കര്‍ത്താവിന്‍റെ പ്രകാശം നിറഞ്ഞിരിക്കുന്നു. അതിനാല്‍ പ്രകാശത്തിന്‍റെ കുഞ്ഞുങ്ങളെപ്പോലെ കഴിയുക. പ്രകാശം എല്ലാത്തരം നന്മകളേയും സല്‍ജീവിതത്തേയും സത്യത്തേയും കൊണ്ടുവരുന്നു. 10 കര്‍ത്താവിനെ സന്തുഷ്ടനാക്കുന്നതെന്തെന്നു പഠിക്കുക. 11 ഇരുട്ടിലാണ്ടവരുടെ പ്രവൃത്തികള്‍ ചെയ്യരുത്. അത് നന്മയൊന്നും ചെയ്യുകയില്ല. ഇരുട്ടിലെ ആ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ നന്മകള്‍ ചെയ്യുക. 12 അവര്‍ ചെയ്യുന്ന രഹസ്യപ്രവൃത്തികളെപ്പറ്റി പറയുന്നതുതന്നെ യഥാര്‍ത്ഥത്തില്‍ ലജ്ജാകരമാണ്. 13 അവ തെറ്റാണെന്നു നാം തെളിയിക്കുന്പോള്‍ പ്രകാശം അവയുടെ യഥാര്‍ത്ഥ രൂപം കാണുക എളുപ്പമാക്കുന്നു. 14 പ്രകാശമാണ് എല്ലാം എളുപ്പത്തില്‍ ദൃശ്യമാക്കുന്നത്. അതിനാലാണ് നാമിങ്ങനെ പറയുന്നത്:
“ഉറങ്ങുന്നവനേ, ഉണരൂ!
മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കൂ,
ക്രിസ്തു നിന്‍റെമേല്‍ പ്രകാശിക്കും.”
15 അതിനാല്‍ എങ്ങനെ ജീവിക്കുന്നു എന്നതില്‍ ശ്രദ്ധാലുവാകുക. അജ്ഞരായവരെപ്പോലെ ജീവിക്കരുത്. വിവേകത്തോടെ ജീവിക്കുക. 16 നന്മ ചെയ്യാന്‍ ലഭിക്കുന്ന എല്ലാ അവസരവും നിങ്ങള്‍ ഉപയോഗിക്കണമെന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയത്. കാരണം, ഇതു ചീത്തക്കാലമാണ്. 17 അതിനാല്‍ നിങ്ങളുടെ ജീവിതം കൊണ്ട് വിഡ്ഢിത്തരം കാട്ടരുത്. കര്‍ത്താവിന് വേണ്ടത് ചെയ്യാന്‍ പഠിക്കുക. 18 വീഞ്ഞു കുടിച്ചു മത്തരാകാതിരിക്കുക. അതു നിങ്ങളെ ആത്മീയമായി നശിപ്പിക്കും. എന്നാല്‍ ആത്മാവിനാല്‍ നിറയ്ക്കപ്പെടുക. 19 സങ്കീര്‍ത്തനങ്ങളാലും സ്തോത്രങ്ങളാ ലും ആത്മീയ ഗാനങ്ങളാലും പരസ്പരം സംസാരിക്കുക. നിങ്ങളുടെ ഹൃദയങ്ങളില്‍ കര്‍ത്താവിനായി പാടുകയും സംഗീതം ഉണ്ടാക്കുകയും ചെയ്യുക. 20 എല്ലാറ്റിനും പിതാവായ ദൈവത്തോടു നന്ദി പറയുക. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ അവനു നന്ദി പറയുക.
ഭാര്യമാരും ഭര്‍ത്താക്കന്മാരും
21 നിങ്ങള്‍ അന്യോന്യം അനുസരിക്കുവാന്‍ സന്നദ്ധരാകുക. എന്തെന്നാല്‍ നിങ്ങള്‍ ക്രിസ്തുവിനെ ആദരിക്കുന്നു.
22 ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് എന്നതുപോലെ നിങ്ങളുടെ ഭര്‍ത്താക്കന്മാരുടെ അധികാരത്തിന്‍ കീഴിലാകുക. 23 ക്രിസ്തു സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാകുന്നു. സഭ ക്രിസ്തുവിന്‍റെ ശരീരവും-ക്രിസ്തു ശരീരത്തിന്‍റെ രക്ഷകനുമാകുന്നു. 24 സഭ ക്രിസ്തുവിന്‍റെ അധികാരത്തിന്‍ കീഴിലാണ്. ഭാര്യമാരേ, നിങ്ങള്‍ക്കും അങ്ങനെ തന്നെ. എല്ലാക്കാര്യത്തിലും നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരി ക്കുക.
25 ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ നിങ്ങള്‍ നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക. ക്രിസ്തു സഭയ്ക്കു വേണ്ടി മരിച്ചു. 26 സഭയെ വിശുദ്ധമാക്കാനാണവന്‍ മരിച്ചത്. സഭയെ വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കാന്‍ ക്രിസ്തു സുവിശേഷപ്രസംഗം ഉപയോഗിച്ചു. 27 തേജസ്സുള്ള (സൌന്ദര്യം) ഒരു മണവാട്ടി എന്നപോലെ സഭയെ തനിക്കുവേണ്ടി നല്‍കുവാനാണ് ക്രിസ്തു മരിച്ചത്. സഭയെ ശുദ്ധീകരിച്ച് തെറ്റുകുറ്റങ്ങളോ ദുഷ്ടപാപങ്ങളോ എന്തെങ്കിലും തരത്തിലുള്ള തിന്മകളോ ഇല്ലാതാക്കാനാണ് ക്രിസ്തു മരണം വരിച്ചത്.
28 ഭര്‍ത്താക്കന്മാരും അങ്ങനെ വേണം ഭാര്യമാരെ സ്നേഹിക്കാന്‍. സ്വന്തം ശരീരത്തെ എന്നപോലെ അവന്‍ ഭാര്യമാരെ സ്നേഹിക്കണം. തന്‍റെ ഭാര്യയെ സ്നേഹിക്കുന്നവന്‍ സ്വയം സ്നേഹിക്കുകയാണ്. 29 എന്തെന്നോ? ആരും സ്വന്തം ശരീരത്തെ ഒരിക്കലും വെറുക്കുകയില്ല. എല്ലാവരും സ്വന്തം ശരീരത്തെ തീറ്റിപ്പോറ്റി പരിപാലിക്കുന്നു. അതു തന്നെ ക്രിസ്തുവും സഭയ്ക്കു വേണ്ടി ചെയ്യുന്നു. 30 കാരണം നമ്മള്‍ അവന്‍റെ ശരീരത്തിന്‍റെ ഭാഗങ്ങളാകുന്നു. 31 തിരുവെഴുത്തു പറയുന്നു: “അതിനാല്‍ ഒരു പുരുഷന്‍ തന്‍റെ അപ്പനമ്മമാരെ വിട്ട് തന്‍റെ ഭാര്യയോടു ഒട്ടിച്ചേരുന്നു. അവരിരുവരും ഒരു ദേഹമായിത്തീരുന്നു.” 32 ആ രഹസ്യസത്യം വളരെ പ്രധാനമാണ്. ഞാന്‍ ക്രിസ്തുവിനേയും സഭയേയും പറ്റിയാണ് പറയുന്നത്. 33 എന്നാല്‍ നിങ്ങള്‍ ഓരോരുത്തരും സ്വയം സ്നേഹിക്കുന്നതു പോലെ സ്വന്തം ഭാര്യയേയും സ്നേഹിക്കണം. ഭാര്യ ഭര്‍ത്താവിനെ ആദരിക്കുകയും വേണം.