എസ്രാ
തിരിച്ചുപോകാന്‍ തടവുകാരെ കോരെശ് സഹായിക്കുന്നു
1
കോരെശ് പാര്‍സിരാജാവായതിന്‍റെ ഒന്നാം വര്‍ഷം ഒരു വിളംബരം നടത്താന്‍ യഹോവ കോരെശിന് പ്രചോദനം നല്‍കി. കോരെശ് ആ വിളംബരം എഴുതി തന്‍റെ രാജ്യത്ത് എല്ലായിടത്തും വായിപ്പിച്ചു. യിരെമ്യാവിലൂടെ യഹോവ അയച്ച സന്ദേശം യാഥാര്‍ത്ഥ്യമാകുന്നതിനായിരുന്നു അത്. പ്രഖ്യാപനം ഇങ്ങനെയായിരുന്നു:
“പാര്‍സിരാജാവായ കോരെശ് എഴുതുന്നു:
സ്വര്‍ഗ്ഗത്തിലെ ദൈവമാകുന്ന യഹോവ എല്ലാ രാജ്യങ്ങളും എനിക്കു നല്‍കിയിരിക്കുന്നു. യെഹൂദയിലെ യെരൂശലേമില്‍ അവനൊരു ആലയം പണിയാന്‍ യഹോവ എന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. യിസ്രായേലിന്‍റെ ദൈവമാകുന്നു യഹോവ. യെരൂശലേമിലുള്ള ദൈവവും അവനാകുന്നു. ദൈവത്തിന്‍റെ ജനതയിലാരെങ്കിലും നിങ്ങള്‍ക്കിടയില്‍ വസിക്കുന്നുവെങ്കില്‍ അവരെ അനുഗ്രഹിക്കുവാന്‍ ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. യെഹൂദയിലെ യെരൂശലേമിലേക്കു പോകാന്‍ അവരെ നിങ്ങള്‍ അനുവദിക്കണം. യഹോവയുടെ ആലയം പണിയാന്‍ പോകാന്‍ അവരെ നിങ്ങള്‍ അനുവദിക്കണം. യിസ്രായേല്‍ജനതയില്‍ മിച്ചമുള്ളവര്‍ എവിടെയൊക്കെയുണ്ടായാലും ആ സ്ഥലനിവാസികള്‍ അവരെ സഹായിക്കണം. അവര്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും പശുക്കളും മറ്റു സാധനങ്ങളും നല്‍കുക. യെരൂശലേമിലുള്ള ദൈവത്തിന്‍റെ ആലയത്തിനുവേണ്ടി അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക.”
അതിനാല്‍ യെഹൂദാ, ബെന്യാമീന്‍ഗോത്രങ്ങളിലെ കുടുംബനാഥന്മാര്‍ യെരൂശലേമിലേക്കു പോകാന്‍ തയ്യാറായി. യഹോവയുടെ ആലയം പണിയുന്നതിന് യെരൂശലേമിലേക്കു പോകുകയായിരുന്നു അവര്‍. ദൈവം പ്രോത്സാഹിപ്പിച്ച എല്ലാവരും യെരൂശലേമിലേക്കു പോകാന്‍ തയ്യാറായി. അവരുടെ അയല്‍വാസികളെല്ലാം അവര്‍ക്കു വിലപിടിച്ച ധാരാളം സാധനങ്ങള്‍ നല്‍കി. അവര്‍ സ്വര്‍ണ്ണം, വെള്ളി, പശുക്കള്‍, മറ്റ് അമൂല്യവസ്തുക്കള്‍ എന്നിവയെല്ലാം അവര്‍ക്കു കൊടുത്തു. അയല്‍വാസികള്‍ അവയെല്ലാം സൌജന്യമായാണ് അവര്‍ക്കു കൊടുത്തത്. യഹോവയുടെ ആലയത്തിന്‍റേതായ സാധനങ്ങള്‍ കോരേശുരാജാവ് മടക്കിക്കൊണ്ടുവന്നു. നെബൂഖദ്നേസര്‍ യെരൂശലേമില്‍നിന്നും കൊണ്ടുപോയതായിരുന്നു ആ സാധനങ്ങള്‍. നെബൂഖദ്നേസര്‍ തന്‍റെ ആലയില്‍ തന്‍റെ വ്യാജദൈവങ്ങളോടൊപ്പം സൂക്ഷിച്ചിരിക്കുകയായിരുന്നു ആ സാധനങ്ങള്‍. തന്‍റെ പണം സൂക്ഷിക്കുന്നയാളോട് അതെല്ലാം പുറത്തുകൊണ്ടുവരാന്‍ പാര്‍സിരാജാവായ കോരെശ് ആവശ്യപ്പെട്ടു. മിത്രെദാത്ത് എന്നായിരുന്നു അയാളുടെ പേര്. അതിനാല്‍ മിത്രെദാത്ത് ആ സാധനങ്ങള്‍ യെഹൂദാനേതാവായ ശേശ്ബസ്സരിനെ ഏല്പിച്ചു.
മിത്രദാത്ത് യഹോവയുടെ ആലയത്തില്‍ നിന്നും കൊണ്ടുവന്ന സാധനങ്ങള്‍:
സ്വര്‍ണ്ണപ്പാത്രങ്ങള്‍ 30
വെള്ളിപ്പാത്രങ്ങള്‍ 1000
കത്തികളും ചട്ടികളും 29
10 സ്വര്‍ണ്ണത്തളികകള്‍ 30
സ്വര്‍ണ്ണത്തളികകള്‍ പോലുള്ള വെള്ളിത്തളികകള്‍ 410
മറ്റു പാത്രങ്ങള്‍ 1000
11 ആകെക്കൂടി സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉണ്ടാക്കിയ 5400 സാധനങ്ങളുണ്ടായിരുന്നു. തടവുകാര്‍ ബാബിലോണില്‍നിന്നും യെരൂശലേമിലേക്കു പോയപ്പോള്‍ ശേശ്ബസ്സര്‍ ഈ സാധനങ്ങളെല്ലാം കൊണ്ടുവന്നു.