എസ്രാ യെരൂശലേമിലേക്കു വരുന്നു
7
ഇതിനൊക്കെ ശേഷം പാര്‍സിരാജാവായ അര്‍ത്ഥഹ്ശഷ്ടാവിന്‍റെ ഭരണകാലത്ത് എസ്രാ ബാബിലോണില്‍നിന്നും യെരൂശലേമിലേക്കു വന്നു. സെരായാവിന്‍റെ പുത്രനായിരുന്നു എസ്രാ. അസര്യാവിന്‍റെ പുത്രനായിരുന്നു സെരായാവ്. ഹില്‍ക്കീയാവിന്‍റെ പുത്രനായിരുന്നു അസര്യാവ്. ഹില്‍ക്കീയാവ് ശല്ലൂമിന്‍റെ പുത്രന്‍. ശല്ലൂം സാദോക്കിന്‍റെ പുത്രന്‍. അഹീത്തൂബിന്‍റെ പുത്രനായിരുന്നു സാദോക്ക്. അമര്യാവിന്‍റെ പുത്രനായിരുന്നു അഹീത്തൂബ്. അസര്യാവിന്‍റെ പുത്രനായിരുന്നു അമര്യാവ്. മെരായോത്തിന്‍റെ പുത്രനായിരുന്നു അസര്യാവ്. മെരായോത്ത് സെരഹ്യാവിന്‍റെ പുത്രന്‍. സെരഹ്യാവ്, ഉസ്സിയുടെ പുത്രന്‍. ഉസ്സി ബുക്കിയുടെ പുത്രന്‍. ബുക്കി അബീശൂവയുടെ പുത്രന്‍. അബീശൂവാ ഫീനെഹാസിന്‍റെ പുത്രന്‍. ഫീനെഹാസ് എലെയാസാരിന്‍റെ പുത്രന്‍. ഉന്നത പുരോഹിതനായ അഹരോന്‍റെ പുത്രനായിരുന്നു എലെയാസാര്‍.
ബാബിലോണില്‍ നിന്നാണ് എസ്രാ യെരൂശലേമിലേക്കു വന്നത്. എസ്രാ ഒരു അദ്ധ്യാപകനായിരുന്നു. മോശെയുടെ നിയമം അയാള്‍ക്കു നന്നായറിയാമായിരുന്നു. യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവ നല്‍കിയതാണ് മോശെയുടെ നിയമം. യഹോവ എസ്രയോടൊപ്പമായിരുന്നതിനാല്‍ അര്‍ത്ഥഹ്ശഷ്ടാരാജാവ് എസ്രാ ആവശ്യപ്പെട്ടതെല്ലാം നല്‍കി. ധാരാളം യിസ്രായേലുകാര്‍ എസ്രയോടൊപ്പം വന്നു. പുരോഹിതര്‍, ലേവ്യര്‍, ഗായകര്‍, ദ്വാരപാലകര്‍, ആലയജോലിക്കാര്‍ എന്നിവരായിരുന്നു അവര്‍. അര്‍ത്ഥഹ്ശഷ്ടാരാജാവിന്‍റെ ഏഴാം ഭരണവര്‍ഷത്തിലായിരുന്നു അവര്‍ വന്നത്. അര്‍ത്ഥഹ്ശഷ്ടാവിന്‍റെ ഏഴാം ഭരണവര്‍ഷത്തിലെ അഞ്ചാം മാസത്തിലാണ് എസ്രാ യെരൂശലേമില്‍ എത്തിയത്. എസ്രയും സംഘവും ഒന്നാം മാസത്തിന്‍റെ ഒന്നാം തീയതി തന്നെ ബാബിലോണില്‍നിന്നും തിരിച്ചു. അഞ്ചാം മാസത്തിന്‍റെ ഒന്നാം തീയതി അയാള്‍ യെരൂശലേമില്‍ എത്തി. യഹോവയാകുന്ന ദൈവം എസ്രയോടൊപ്പമായിരുന്നു. 10 എസ്രാ തന്‍റെ മുഴുവന്‍ സമയവും യഹോവയുടെ നിയമം പഠിക്കുവാനും അനുസരിക്കുവാനും ഉപയോഗിച്ചു. യിസ്രായേല്‍ജനതയെ യഹോവയുടെ നിയമങ്ങളും കല്പനകളും പഠിപ്പിക്കണമെന്ന് എസ്രാ ആഗ്രഹിച്ചു. യിസ്രായേലില്‍ ആ നിയമങ്ങള്‍ അനുസരിക്കുന്നതിനു ജനങ്ങളെ സഹായിക്കണമെന്നും അയാള്‍ ആഗ്രഹിച്ചു.
എസ്രയ്ക്ക് അര്‍ത്ഥഹ്ശഷ്ടാ രാജാവിന്‍റെ കത്ത്
11 എസ്രാ ഒരു പുരോഹിതനും അദ്ധ്യാപകനുമായിരുന്നു. യഹോവ യിസ്രായേലിനു നല്‍കിയ കല്പനകളെയും നിയമങ്ങളെയും പറ്റി അയാള്‍ക്ക് നല്ല അറിവായിരുന്നു. അര്‍ത്ഥഹ്ശഷ്ടാരാജാവ്, അദ്ധ്യാപകനായ എസ്രയ്ക്കു നല്‍കിയ കത്തിന്‍റെ ഒരു പകര്‍പ്പാണിത്:
12 സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്‍റെ നിയമത്തിന്‍റെ അദ്ധ്യാപകനും പുരോഹിതനുമായ എസ്രയ്ക്ക് അര്‍ത്ഥഹ്ശഷ്ടാരാജാവ് എഴുതുന്നു:
ആശംസകള്‍! 13 ഞാന്‍ ഈ ഉത്തരവു നല്‍കുന്നു: യിസ്രായേലില്‍നിന്നും വന്ന ഏതൊരാള്‍ക്കും, പുരോഹിതനോ ലേവ്യനോ ആകട്ടെ: എന്‍റെ രാജ്യത്തു വസിക്കുന്ന അവര്‍ക്ക് എസ്രയോടൊപ്പം പോകണമെങ്കില്‍ പോകാം.
14 എസ്രാ, ഞാനും എന്‍റെ ഏഴ് ഉപദേശകരും നിന്നെ അയയ്ക്കുന്നു. നീ യെഹൂദയിലേക്കും യെരൂശലേമിലേക്കും പോകണം. നിന്‍റെ ജനത ദൈവത്തിന്‍റെ നിയമങ്ങള്‍ എങ്ങനെ അനുസരിക്കുന്നുവെന്നു കാണുക. ആ നിയമം നിനക്കു സ്വന്തമായുണ്ട്.
15 ഞാനും എന്‍റെ ഉപദേശകരും യിസ്രായേലിലെ ദൈവത്തിന് സ്വര്‍ണ്ണവും വെള്ളിയും തരുന്നു. ദൈവം യെരൂശലേമില്‍ വസിക്കുന്നു. ഈ സ്വര്‍ണ്ണവും വെള്ളിയും നീ കൊണ്ടുപോകണം. 16 ബാബിലോണിലെ എല്ലാ പ്രവിശ്യകളിലൂടെയും നീ പോകണം. നിന്‍റെ ജനങ്ങളില്‍നിന്നു പുരോഹിതരില്‍ നിന്നും ലേവ്യരില്‍നിന്നും സമ്മാനങ്ങള്‍ ശേഖരിക്കുക. ആ സമ്മാനങ്ങള്‍ യെരൂശലേമിലെ അവരുടെ ദൈവത്തിന്‍റെ ആലയത്തിനു വേണ്ടിയുള്ളതാകുന്നു.
17 കാളകളെയും ആണാടുകളെയും ആണ്‍കുഞ്ഞാടുകളെയും വാങ്ങാന്‍ ഈ പണം ഉപയോഗിക്കുക. ആ ബലികളോടൊപ്പം പോകേണ്ട ധ്യാന്യബലികളും പാനീയയാഗങ്ങളും വാങ്ങുക. എന്നിട്ട് അവ യെരൂശലേമിലുള്ള യഹോവയുടെ ആലയത്തിലെ യാഗപീഠത്തില്‍ ബലിയര്‍പ്പിക്കുക. 18 അതിനുശേഷം മിച്ചമുള്ള സ്വര്‍ണ്ണവും വെള്ളിയും നിങ്ങള്‍ക്കും മറ്റ് യെഹൂദര്‍ക്കും ഇഷ്ടം പോലെ ചെലവാക്കാം. നിങ്ങളുടെ ദൈവത്തെ സന്തുഷ്ടനാക്കുന്ന തരത്തില്‍ അതു ചെലവാക്കുക. 19 ആ സാധനങ്ങളെല്ലാം യെരൂശലേമിലെ ദൈവത്തിന്‍റെയടുത്തേക്കു കൊണ്ടുപോവുക. നിങ്ങളുടെ ദൈവത്തിന്‍റെ ആലയത്തില്‍ ആരാധനയ്ക്കുള്ളതാണ് അവയൊക്കെ. 20 നിങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലേക്കു മറ്റെന്തെങ്കിലും കൂടി വേണമെന്നുണ്ടെങ്കില്‍ അവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ക്കാവശ്യമുള്ളതെന്തും വാങ്ങാന്‍ രാജാവിന്‍റെ ഖജനാവില്‍നിന്നും പണമെടുക്കാം. 21 ഇനി, ഞാന്‍, അര്‍ത്ഥഹ്ശഷ്ടാരാജാവ് ഈ ഉത്തരവു നല്‍കുന്നു: യൂഫ്രട്ടീസുനദിക്കു പടിഞ്ഞാറ് രാജാവിന്‍റെ പണം കയ്യിലുള്ള എല്ലാവരും എസ്രയ്ക്ക് ആവശ്യമുള്ളതെല്ലാം കൊടുക്കണമെന്ന് ഞാന്‍ കല്പിക്കുന്നു. എസ്രാ ഒരു പുരോഹിതനും സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്‍റെ നിയമങ്ങളുടെ അദ്ധ്യാപകനുമാണ്. ഇതെല്ലാം വളരെ വേഗത്തിലും പൂര്‍ണ്ണമായും ചെയ്യുക. 22 എസ്രയ്ക്ക് ഇത്രയും സാധനങ്ങള്‍ നല്‍കണം: നൂറു താലന്ത് വെള്ളി, നൂറു കോര്‍ ഗോതന്പ്, നൂറു ബാത് എണ്ണ, നൂറു ബാത് വീഞ്ഞ്, ആവശ്യത്തിന് ഉപ്പ്. 23 എസ്രയ്ക്കു നല്‍കപ്പെടണമെന്നു സ്വര്‍ഗ്ഗത്തിലെ ദൈവം കല്പിച്ചതെല്ലാം എത്രയും വേഗത്തിലും പൂര്‍ണ്ണമായും അയാള്‍ക്കു നല്‍കിയിരിക്കണം. സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്‍റെ ആലയത്തിനുവേണ്ടി അതെല്ലാം ചെയ്യുക. എന്‍റെ രാജ്യത്തിനോ എന്‍റെ പുത്രന്മാര്‍ക്കോ എതിരേ യഹോവയുടെ കോപം ഉണ്ടാകുന്നതിന് ഞങ്ങളാഗ്രഹിക്കുന്നില്ല.
24 പുരോഹിതന്മാര്‍, ലേവ്യര്‍, ഗായകര്‍, കാവല്‍ക്കാര്‍, ആലയജോലിക്കാര്‍, ആലയത്തിലെ മറ്റു ജോലിക്കാര്‍ എന്നിവരെക്കൊണ്ടൊക്കെ കരം അടപ്പിക്കുന്നത് നിയമത്തിനു വിരുദ്ധമാണെന്ന് ഞാന്‍ നിങ്ങളെ അറിയിക്കാനാഗ്രഹിക്കുന്നു. അവര്‍ കരമോ രാജാവിനുള്ള കപ്പമോ മറ്റു നികുതികളോ കൊടുക്കേണ്ടതില്ല. 25 എസ്രാ, നിനക്കു നിന്‍റെ ദൈവത്തില്‍നിന്നും ലഭിച്ച ജ്ഞാനം ഉപയോഗിക്കുന്നതിനും മതന്യായാധിപന്മാരെയും ആഭ്യന്തരന്യായാധിപന്മാരെയും തെരഞ്ഞെടുക്കുന്നതിനും നിന്നെ ഞാന്‍ അധികാരപ്പെടുത്തുന്നു. ഇവര്‍ യൂഫ്രട്ടീസുനദിക്കു പടിഞ്ഞാറുള്ള എല്ലാ ജനങ്ങളുടെയുംമേല്‍ ന്യായവിധി നടത്തും. നിങ്ങളുടെ ദൈവത്തിന്‍റെ നിയമങ്ങളറിയാവുന്നവരുടെ മേല്‍ ആ ന്യായാധിപന്മാര്‍ വിധി നടത്തും. ആര്‍ക്കെങ്കിലും ആ നിയമങ്ങള്‍ അറിയില്ലെന്നുണ്ടെങ്കില്‍ ആ ന്യായാധിപന്മാര്‍ അവരെ ആ നിയമങ്ങളെപ്പറ്റി പഠിപ്പിക്കണം. 26 നിങ്ങളുടെ ദൈവത്തിന്‍റെ നിയമമോ രാജാവിന്‍റെ നിയമമോ അനുസരിക്കാതിരിക്കുന്നവര്‍ ശിക്ഷിക്കപ്പെടണം. കുറ്റത്തിന്‍റെ കാഠിന്യമനുസരിച്ച് അവരെ വധശിക്ഷയ്ക്കു വിധിക്കുകയോ നാടുകടത്തുകയോ അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുകയോ തടവിലിടുകയോ വേണം.
എസ്രാ ദൈവത്തെ വാഴ്ത്തുന്നു
27 നമ്മുടെ പൂര്‍വ്വികരുടെ ദൈവമാകുന്ന യഹോവ വാഴ്ത്തപ്പെട്ടവന്‍. യെരൂശലേമില്‍ യഹോവയുടെ ആലയത്തെ മഹത്വപ്പെടുത്തുകയെന്ന ആശയം രാജാവിന്‍റെ മനസ്സിലുദിപ്പിച്ചതു ദൈവമാകുന്നു.
28 രാജാവിന്‍റെയും അദ്ദേഹത്തിന്‍റെ ഉപദേശകരുടെയും പ്രധാന ഉദ്യോഗസ്ഥന്മാരുടെയും മുന്പില്‍ യഹോവ തന്‍റെ സത്യമായ സ്നേഹം എന്നോടു കാട്ടി. യഹോവയാകുന്ന ദൈവം എന്നോടൊപ്പമായിരുന്നു. അതെന്നെ ധൈര്യപ്പെടുത്തിയിരുന്നു. യിസ്രായേല്‍നേതാക്കളെ എന്നോടൊപ്പം യെരൂശലേമിലേക്കു പോകാന്‍ ഞാന്‍ ഒരുമിച്ചു കൂട്ടി.