എസ്രയോടൊപ്പം മടങ്ങുന്ന കുടുംബനാഥന്മാര്‍
8
1 എന്നോടൊപ്പം (എസ്രാ) ബാബിലോണില്‍ നിന്നും യെരൂശലേമിലേക്കു വന്ന കുടുംബനാഥന്മാര്‍ ഇവരാകുന്നു. അര്‍ത്ഥഹ്ശഷ്ടാരാജാവിന്‍റെ ഭരണകാലത്താണ് ഞങ്ങള്‍ യെരൂശലേമിലേക്കു വന്നത്. പേരുകളുടെ പട്ടിക ഇതാ:
2 ഫീനെഹാസിന്‍റെ പിന്‍ഗാമികളില്‍നിന്നും ഗേര്‍ശോം; ഈഥാമാരിന്‍റെ പിന്‍ഗാമികളില്‍നിന്നും ദാനീയേല്‍, ദാവീദിന്‍റെ പിന്‍ഗാമികളില്‍നിന്നും ഹത്തൂശ്;
3 ശെഖന്യാവിന്‍റെ പിന്‍ഗാമികളില്‍നിന്നും പാറോശിന്‍റെയും സെഖര്യാവിന്‍റെയും പിന്‍ഗാമികളും മറ്റു 150 പേരും;
4 പഹത്ത്-മോവാബിന്‍റെ പിന്‍ഗാമികളില്‍ നിന്നും സെരഹ്യാവിന്‍റെ പുത്രന്‍ എല്യെഹോവേനായിയും മറ്റ് ഇരുന്നൂറു പുരുഷന്മാരും;
5 സത്ഥൂവിന്‍റെ പിന്‍ഗാമികളില്‍നിന്നും യഹാസീയേലിന്‍റെ പുത്രനായ ശെഖന്യാവും മറ്റു മുന്നൂറു പുരുഷന്മാരും;
6 ആദീന്‍റെ പിന്‍ഗാമികളില്‍നിന്നും യോനാഥാന്‍റെ പുത്രനായ ഏബെദും മറ്റ് അന്‍പതു പുരുഷന്മാരും;
7 ഏലാമിന്‍റെ പിന്‍ഗാമികളില്‍നിന്നും അഥല്യാവിന്‍റെ പുത്രന്‍ യെശയ്യാവും മറ്റ് എഴുപതു പുരുഷന്മാരും;
8 ശെഫാത്യാവിന്‍റെ പിന്‍ഗാമികളില്‍നിന്നും മീഖായേലിന്‍റെ പുത്രനായ സെബദ്യാവും മറ്റ് എണ്‍പതു പുരുഷന്മാരും;
9 യോവാബിന്‍റെ പിന്‍ഗാമികളില്‍നിന്നും യെഹീയേലിന്‍റെ പുത്രനായ ഒബദ്യാവും മറ്റ് 218 പുരുഷന്മാരും;
10 ബാനിയുടെ പിന്‍ഗാമികളില്‍നിന്നും യോസഫ്യാവിന്‍റെ പുത്രനായ ശെലോമീത്തും മറ്റു 160 പുരുഷന്മാരും;
11 ബേബായിയുടെ പിന്‍ഗാമികളില്‍നിന്നും ബേബായിയുടെ പുത്രനായ സെഖര്യാവും മറ്റ് ഇരുപത്തെട്ടു പുരുഷന്മാരും;
12 അസാദിന്‍റെ പിന്‍ഗാമികളില്‍നിന്നും ഹക്കാന്‍റെ പുത്രനായ യോഹാനാനും മറ്റ് നൂറ്റിപ്പത്തു പുരുഷന്മാരും;
13 അദോനീക്കാമിന്‍റെ പിന്‍ഗാമികളില്‍നിന്നും ഇളയവരില്‍നിന്നുള്ള എലീഫേലെത്ത് യെയീയേല്‍ ശെമയ്യാവ് എന്നിവരും മറ്റ് അറുപതു പുരുഷന്മാരും;
14 ബിഗ്വായുടെ പിന്‍ഗാമികളില്‍നിന്നും ഊഥായിയും സക്കൂറും മറ്റ് എഴുപതു പുരുഷന്മാരും.
യെരൂശലേമിലേക്കുള്ള മടക്കം
15 അഹവായിലേക്കൊഴുകുന്ന നദിയുടെ കരയില്‍ സമ്മേളിക്കാന്‍ ഞാന്‍ (എസ്രാ) അവരെയെല്ലാം വിളിച്ചുകൂട്ടി. അവിടെ ഞങ്ങള്‍ മൂന്നു ദിവസത്തേക്കു പാളയമടിച്ചു. ആ ജനക്കൂട്ടത്തില്‍ പുരോഹിതരുണ്ടെങ്കിലും ലേവ്യരില്ലെന്ന് ഞാന്‍ മനസ്സിലാക്കി.
16 അതിനാല്‍ ഞാന്‍ ഈ നേതാക്കളെ വിളിച്ചു വരുത്തി. എലീയേസെര്‍, അരീയേല്‍, ശെമയ്യാവ്, എല്‍നാഥാന്‍, യാരീബ്, എല്‍നാഥാന്‍, നാഥാന്‍, സെഖര്യാവ്, മെശുല്ലാം. യോയാരീബിനെയും എല്‍നാഥാനെയും കൂടി ഞാന്‍ വിളിച്ചു. (അദ്ധ്യാപകരായിരുന്നു ഇവര്‍.)
17 അവരെ ഞാന്‍ ഇദ്ദോവിന്‍റെ അടുത്തേക്കയച്ചു. കാസിഫ്യാനഗരത്തിലെ നേതാവായിരുന്നു ഇദ്ദോ. ഇദ്ദോവിനോടും അയാളുടെ ബന്ധുക്കളോടും എന്താണു പറയേണ്ടതെന്ന് ഞാന്‍ അവരോടു പറഞ്ഞിരുന്നു. കാസിഫ്യായിലെ ആലയത്തില്‍ ശുശ്രൂഷ നടത്തുകയായിരുന്നു അയാളുടെ ബന്ധുക്കള്‍. ദൈവത്തിന്‍റെ ആലയംപണിക്ക് ഇദ്ദോ ഞങ്ങള്‍ക്കു പണിക്കാരെ അയച്ചുതരുന്നതിനായിരുന്നു ഞാനവരെ ഇദ്ദോവിന്‍റെ അടുത്തേക്കയച്ചത്.
18 ദൈവം ഞങ്ങളോടൊപ്പമായിരുന്നതിനാല്‍ ഇദ്ദോവിന്‍റെ ബന്ധുക്കള്‍ ഈ ആളുകളെ ഞങ്ങളുടെ അടുക്കലേക്കയച്ചു:
മഹ്ലിയുടെ പിന്‍ഗാമികളില്‍നിന്നും ജ്ഞാനിയായ ശേരബ്യാവ്. ലേവിയുടെ പുത്രന്മാരിലൊരുവനായിരുന്നു മഹ്ലി. ലേവി, യിസ്രായേലിന്‍റെ പുത്രന്മാരിലൊരാളായിരുന്നു. ശേരബ്യാവിന്‍റെ പുത്രന്മാരെയും സഹോദരന്മാരെയും അയയ്ക്കുകയും ചെയ്തു. ആ കുടുംബത്തില്‍നിന്നും ആകെ പതിനെട്ടു പേരുണ്ടായിരുന്നു.
19 മെരാരിയുടെ പിന്‍ഗാമികളില്‍നിന്നും ഹശബ്യാവിനെയും യെശായ്യാവിനേയുംകൂടി അവര്‍ ഞങ്ങളുടെ അടുത്തേക്കയച്ചു. അവരുടെ സഹോദരന്മാരേയും അനന്തരവന്മാരേയും അവര്‍ അയച്ചു. ആ കുടുംബത്തില്‍നിന്നും ആകെ ഇരുപതു പേരുണ്ടായിരുന്നു.
20 ആലയം പണിക്കാരില്‍ 220 പേരെയും അവര്‍ അയച്ചു. ദാവീദും പ്രധാന ഉദ്യോഗസ്ഥന്മാരും, ലേവ്യരും സഹായിക്കാന്‍ തെരഞ്ഞെടുത്തവരായിരുന്നു അവരുടെ പൂര്‍വ്വികര്‍. അവരുടെയെല്ലാവരുടെയും പേരുകള്‍ പട്ടികയിലുണ്ട്.
21 അവിടെ അഹവാനദിയുടെ തീരത്തു വച്ച് ഞങ്ങളെല്ലാവരും ഉപവസിക്കണമെന്ന് ഞാന്‍ (എസ്രാ) പ്രഖ്യാപിച്ചു. തങ്ങളുടെ ദൈവത്തിന്‍റെ മുന്പില്‍ സ്വയം വിനീതരാകുന്നതിനായിരുന്നു അത്. ഞങ്ങള്‍ക്കും ഞങ്ങളുടെ കുട്ടികള്‍ക്കും ഞങ്ങളുടെ സാമഗ്രികള്‍ക്കും ഒരു സുരക്ഷിതമായ യാത്ര നല്‍കേണ്ടതിന് ദൈവത്തോടപേക്ഷിക്കാന്‍ ഞങ്ങളാഗ്രഹിച്ചു.
22 ഞങ്ങളുടെ യാത്രയില്‍ സുരക്ഷയ്ക്കായി അര്‍ത്ഥഹ്ശഷ്ടാരാജാവിനോടു പട്ടാളക്കാരെയും കുതിരക്കാരെയും അയയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ എനിക്കു ലജ്ജ തോന്നി. വഴിയില്‍ ശത്രുക്കളുണ്ടായിരുന്നു. ഞങ്ങള്‍ രാജാവിനോട് ഒരു കാര്യം പറഞ്ഞിരുന്നതിനാലാണ് സംരക്ഷണം ആവശ്യപ്പെടാന്‍ ഞങ്ങള്‍ക്കു ലജ്ജ തോന്നിയത്. “ഞങ്ങളുടെ ദൈവം അവനില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയുടെയും കൂടെയുണ്ട്. എന്നാല്‍ അവനില്‍നിന്നും തിരിയുന്നവനോടു അവന്‍ കോപിക്കുകയും ചെയ്യും”എന്നാണ് ഞങ്ങള്‍ അര്‍ത്ഥഹ്ശഷ്ടാരാജാവിനോടു പറഞ്ഞത്.
23 അതിനാല്‍ ഞങ്ങള്‍ ഉപവസിക്കുകയും ഞങ്ങളുടെ യാത്രയെപ്പറ്റി ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു.
24 അനന്തരം ഞാന്‍ നേതാക്കളായ പുരോഹിതന്മാരില്‍നിന്നും പന്ത്രണ്ടു പേരെ തെരഞ്ഞെടുത്തു. ശേരബ്യാവ്, ഹശബ്യാവ്, അവരുടെ പത്തു സഹോദരന്മാര്‍ എന്നിവരെ ഞാന്‍ തെരഞ്ഞെടുത്തു.
25 ദൈവത്തിന്‍റെ ആലയത്തിനായി നല്‍കപ്പെട്ട വെള്ളിയും സ്വര്‍ണ്ണവും ഞാന്‍ തൂക്കി. ആ സാധനങ്ങള്‍ ഞാന്‍ തെരഞ്ഞെടുത്ത പന്ത്രണ്ടു പുരോഹിതര്‍ക്കുമായി നല്‍കി. അര്‍ത്ഥഹ്ശഷ്ടാരാജാവും അദ്ദേഹത്തിന്‍റെ ഉപദേഷ്ടാക്കളും അദ്ദേഹത്തിന്‍റെ പ്രധാന ഉദ്യോഗസ്ഥന്മാരും ബാബിലോണിലുള്ള യിസ്രായേലുകാരും ദൈവത്തിന്‍റെ ആലയത്തിലേക്കു നല്‍കിയതാണ് ആ സാധനങ്ങള്‍.
26 അതെല്ലാം ഞാന്‍ തൂക്കി. അറുന്നൂറ്റന്പതു താലന്തു വെള്ളിയുണ്ടായിരുന്നു. നൂറു താലന്തു വെള്ളിപ്പാത്രങ്ങളും സാധനങ്ങളും ഉണ്ടായിരുന്നു.
27 കൂടാതെ ഇരുപതു സ്വര്‍ണ്ണപ്പാത്രങ്ങളും ഞാനവര്‍ക്കു നല്‍കി. പാത്രങ്ങള്‍ക്ക് ആയിരം തങ്കക്കാശ് ഭാരമുണ്ടായിരുന്നു. സ്വര്‍ണ്ണത്തോളം വിലയുള്ള മിനുക്കിയ ഓടിലുണ്ടാക്കിയ മനോഹരമായ രണ്ടു പാത്രങ്ങളും ഞാനവര്‍ക്കു നല്‍കി.
28 അനന്തരം ഞാന്‍ ആ പന്ത്രണ്ടു പുരോഹിതന്മാരോടും പറഞ്ഞു: “നിങ്ങളും ഈ സാധനങ്ങളും യഹോവയ്ക്കു വിശുദ്ധങ്ങളാകുന്നു. നിങ്ങളുടെ പൂര്‍വ്വികരുടെ ദൈവമാകുന്ന യഹോവയ്ക്കു ജനങ്ങള്‍ നല്‍കിയതാണ് ഈ വെള്ളിയും സ്വര്‍ണ്ണവും.
29 അതിനാല്‍ ഇവയൊക്കെ ശ്രദ്ധയോടെ സൂക്ഷിക്കുക. യെരൂശലേമിലെ ആലയനേതാക്കളെ നിങ്ങളവ ഏല്പിക്കുംവരെ നിങ്ങള്‍ക്കാണവയുടെ ഉത്തരവാദിത്വം. പ്രധാന ലേവ്യരെയും യിസ്രായേലിലെ കുടുംബനാഥന്മാരെയും നിങ്ങളവ ഏലിപ്ക്കണം. അവരത് തൂക്കിനോക്കി യെരൂശലേമില്‍ യഹോവയുടെ ആലയത്തിലെ മുറികളില്‍ വയ്ക്കും.
30 അതിനാല്‍, എസ്രാ തൂക്കിക്കൊടുത്ത സ്വര്‍ണ്ണവും വെള്ളിയും വിശേഷവസ്തുക്കളും പുരോഹിതന്മാരും ലേവ്യരും സ്വീകരിച്ചു. യെരൂശലേമിലെ ദൈവത്തിന്‍റെ ആലയത്തിലേക്ക് അവ കൊണ്ടുവരണമെന്ന് അവര്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.
31 ഒന്നാം മാസത്തിന്‍റെ പന്ത്രണ്ടാം ദിവസം ഞങ്ങള്‍ അഹവാനദിക്കരയില്‍നിന്നും യെരൂശലേമിലേക്കു യാത്രയാരംഭിച്ചു. ദൈവം ഞങ്ങളോടൊപ്പമുണ്ടാവുകയും വഴിയിലുടനീളം ശത്രുക്കളില്‍നിന്നും കള്ളന്മാരില്‍നിന്നും ഞങ്ങളെ രക്ഷിക്കുകയും ചെയ്തു.
32 അനന്തരം ഞങ്ങള്‍ യെരൂശലേമില്‍ എത്തി. മൂന്നുദിവസം ഞങ്ങളവിടെ വിശ്രമിച്ചു.
33 നാലാം ദിവസം ഞങ്ങള്‍ ആലയത്തിലേക്കു ചെന്ന് സ്വര്‍ണ്ണവും വെള്ളിയും വിശേഷവസ്തുക്കളും തൂക്കിനോക്കി. അവയെല്ലാം ഞങ്ങള്‍ പുരോഹിതനായ ഊരിയാവിന്‍റെ പുത്രന്‍ മെരേമോത്തിനെ ഏല്പിച്ചു. ഫീനെഹാസിന്‍റെ പുത്രനായ എലെയാസാര്‍ മെരേമോത്തിനോടൊപ്പമുണ്ടായിരുന്നു. ലേവ്യരും യേശുവയുടെ പുത്രന്‍ യോസാബാദും ബിന്നൂവിയുടെ പുത്രന്‍ നോവദ്യാവും അവരോടൊപ്പമുണ്ടായിരുന്നു.
34 ഞങ്ങള്‍ എല്ലാം എണ്ണുകയും തൂക്കുകയും ചെയ്തു. അനന്തരം ഞങ്ങള്‍ ആകെ തൂക്കം എഴുതിവച്ചു.
35 അതിനുശേഷം, പ്രവാസത്തില്‍നിന്നും സ്വദേശത്തേക്കു മടങ്ങിവന്ന യെഹൂദന്മാര്‍ യിസ്രായേലിന്‍റെ ദൈവത്തിനു ഹോമയാഗങ്ങള്‍ അര്‍പ്പിച്ചു. അവര്‍ മുഴുവന്‍ യിസ്രായേലിനുമായി തൊണ്ണൂറ്റിയാറ് ആണാടുകളെയും എഴുപത്തിയേഴ് ആണ്‍കുഞ്ഞാടുകളെയും പന്ത്രണ്ട് ആണ്‍കോലാടുകളെയും പാപബലിയായി അര്‍പ്പിച്ചു. അതെല്ലാം യഹോവയ്ക്കുള്ള ഹോമയാഗമായിരുന്നു.
36 അനന്തരം അവര്‍ അര്‍ത്ഥഹ്ശഷ്ടാരാജാവിന്‍റെ കത്ത് രാജകീയനേതാക്കള്‍ക്കും യൂഫ്രട്ടീസുനദിക്കു പടിഞ്ഞാറുള്ള രാജാധികാരികള്‍ക്കും നല്‍കി. എന്നിട്ട് ആ നേതാക്കള്‍ യിസ്രായേല്‍ജനതയ്ക്കും ആലയത്തിനും തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു.