യെഹൂദന്മാരല്ലാത്തവരുമായുള്ള വിവാഹങ്ങള്‍
9
1 ഞങ്ങള്‍ ഇവയെല്ലാം നിര്‍വ്വഹിച്ചു കഴിഞ്ഞപ്പോള്‍ യിസ്രായേലിലെ ജനനേതാക്കള്‍ എന്‍റെയടുത്തു വന്നു. അവര്‍ പറഞ്ഞു, “എസ്രാ, യിസ്രായേല്‍ജനത ഞങ്ങള്‍ക്കു ചുറ്റും വസിക്കുന്ന മറ്റു ജനതകളില്‍നിന്നു വേര്‍പെട്ടു ജീവിച്ചിട്ടില്ല. പുരോഹിതരും ലേവ്യരും വേറിട്ടു കഴിഞ്ഞിട്ടില്ല. കനാന്യര്‍, ഹിത്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, അമ്മോന്യര്‍, മോവാബ്യര്‍, ഈജിപ്തുകാര്‍, അമോര്യര്‍ എന്നിവരുടെ ദുഷ്പ്രവൃത്തികളുടെ സ്വാധീനത്തിലാണ് യിസ്രായേല്‍ ജനത.
2 യിസ്രായേലുകാര്‍ ഞങ്ങള്‍ക്കു ചുറ്റിലുമുള്ളവരായി വിവാഹബന്ധമുണ്ടാക്കി. വിശിഷ്ടജനതയായിരിക്കേണ്ടവരാണ് യിസ്രായേലുകാര്‍. എന്നാലിപ്പോള്‍ അവര്‍ തങ്ങള്‍ക്കു ചുറ്റും വസിക്കുന്നവരുമായി കലര്‍ന്നിരിക്കുന്നു. യിസ്രായേല്‍ജനതയുടെ നേതാക്കളും പ്രധാന ഉദ്യോഗസ്ഥന്മാരുമാണ് ഇക്കാര്യത്തില്‍ തെറ്റായ മാതൃക കാട്ടിയത്.”
3 ഞാനിതു കേട്ടപ്പോള്‍ വല്ലാതെയായി. അതിനാല്‍ ഞാനെന്‍റെ മേലങ്കിയും നീളന്‍ കുപ്പായവും വലിച്ചുകീറി എന്‍റെ ദു:ഖം പ്രകടിപ്പിച്ചു. ഞാനെന്‍റെ തലയില്‍നിന്നും താടിയില്‍നിന്നും രോമങ്ങള്‍ പിഴുതു. ഞാന്‍ ഞെട്ടിത്തരിച്ചിരുന്നുപോയി.
4 അപ്പോള്‍, ദൈവത്തിന്‍റെ നിയമത്തെ ആദരിച്ചിരുന്നവരൊക്കെ ഭയന്നുവിറച്ചു. പ്രവാസത്തില്‍നിന്നും മടങ്ങിവന്ന യിസ്രായേലുകാര്‍ ദൈവത്തോടു വിശ്വസ്തരായിരുന്നില്ല എന്നതിനാലാണ് ഭയന്നത്. ഞാന്‍ ഞെട്ടിത്തരിച്ചു പോയി. സായാഹ്നബലിയാകും വരെ ഞാന്‍ താഴെയിരുന്നു. അവരെല്ലാം എന്‍റെ ചുറ്റിലും കൂടുകയും ചെയ്തു.
5 അനന്തരം, സായാഹ്നബലിക്കു സമയമായപ്പോള്‍ ഞാനെഴുന്നേറ്റു. അവിടിരിക്കുന്പോള്‍ ഞാന്‍ എനിക്കു തന്നെ നാണക്കേടുണ്ടാക്കിയിരുന്നു. എന്‍റെ നീളന്‍ കുപ്പായവും മേലങ്കിയും കീറിയിരുന്നു. ഞാന്‍ മുട്ടില്‍ നിന്ന് എന്‍റെ കൈകള്‍ എന്‍റെ ദൈവമാകുന്ന യഹോവയ്ക്കുനേരെ വിരിച്ചു.
6 അനന്തരം ഞാന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു:
എന്‍റെ ദൈവമേ, നിന്‍റെ മുഖത്തു നോക്കാന്‍ എനിക്കു ലജ്ജതോന്നുന്നു. കാരണം ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളുടെ തലയ്ക്കു മുകളിലേക്കുയര്‍ന്നതിനാല്‍ ഞാന്‍ ലജ്ജിക്കുന്നു. ഞങ്ങളുടെ പാപം സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നിരിക്കുന്നു.
7 ഞങ്ങളുടെ പാപം ഞങ്ങളുടെ പൂര്‍വ്വികരുടെ കാലം മുതല്‍ ഇന്നുവരെ വളരെ വളരെയുണ്ട്. ഞങ്ങള്‍ പാപം ചെയ്തതിനാല്‍ ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതരും ശിക്ഷിക്കപ്പെട്ടു. വിദേശരാജാക്കന്മാര്‍ ഞങ്ങളെ ആക്രമിക്കുകയും ഞങ്ങളുടെയാളുകളെ തടവുകാരായി കൊണ്ടുപോവുകയും ചെയ്തു. ആ രാജാക്കന്മാര്‍ ഞങ്ങളുടെ സന്പത്ത് കവര്‍ന്നെടുക്കുകയും ഞങ്ങളെ അപമാനിക്കുകയും ചെയ്തു. ഇന്നും അങ്ങനെ തന്നെയാണ്.
8 എന്നാല്‍ ഒടുവിലിപ്പോള്‍ നീ ഞങ്ങളോടു കാരുണ്യം കാട്ടി. ഞങ്ങളില്‍ ചിലരെ ഒരു അന്യദേശത്തെ പ്രവാസത്തില്‍നിന്നും രക്ഷപ്പെടുവാനും ഈ വിശുദ്ധസ്ഥലത്തു വരാനും നീ അനുവദിച്ചു. യഹോവേ നീ ഞങ്ങള്‍ക്കു ഞങ്ങളുടെ അടിമത്തത്തില്‍നിന്നും ആശ്വാസവും പുതിയൊരു ജീവിതവും തന്നു.
9 അതെ, ഞങ്ങള്‍ അടിമകളായിരുന്നു പക്ഷേ ഞങ്ങളെ എന്നെന്നേക്കും അടിമകളായി തുടരാന്‍ നീ അനുവദിച്ചില്ല. നീ ഞങ്ങളോടു കരുണ കാട്ടി. പാര്‍സി രാജാവിനെക്കൊണ്ട് നീ ഞങ്ങളോടു കരുണ കാണിപ്പിച്ചു. നിന്‍റെ ആലയം നശിപ്പിക്കപ്പെട്ടു. പക്ഷേ നിന്‍റെ ആലയം പുതുക്കിപ്പണി തുറപ്പിക്കാന്‍ നീ ഞങ്ങള്‍ക്ക് പുതിയ ജീവിതം തന്നു. ദൈവമേ, യെഹൂദയ്ക്കും യെരൂശലേമിനും സംരക്ഷണമേകാന്‍ ഒരു കോട്ട പണിയാന്‍ നീ ഞങ്ങളെ സഹായിച്ചു.
10 ദൈവമേ, ഞങ്ങളിപ്പോള്‍ നിന്നോടെന്തു പറയും? നിന്നെ അനുസരിക്കുന്നതു ഞങ്ങള്‍ വീണ്ടും നിര്‍ത്തിയിരിക്കുന്നു!
11 ദൈവമേ, നീ നിന്‍റെ ദാസന്മാരായ പ്രവാചകരിലൂടെ ആ കല്പനകള്‍ ഞങ്ങള്‍ക്കു തന്നു. നീ പറഞ്ഞു: “നിങ്ങള്‍ ചെന്നു താമസിച്ചു സ്വന്തമാക്കാന്‍ പോകുന്ന ആ സ്ഥലം അശുദ്ധമായ സ്ഥലമാണ്. അവിടെ വസിക്കുന്ന ജനങ്ങള്‍ ചെയ്തിരിക്കുന്ന വലിയ തിന്മകളാലാണ് അത് അശുദ്ധമായത്. ഈ സ്ഥലത്തുള്ള എല്ലായിടത്തും അവര്‍ വളരെ തിന്മകള്‍ ചെയ്തു. അവര്‍ തങ്ങളുടെ പാപങ്ങളാല്‍ ഈ ദേശത്തെ മലിനമാക്കി.
12 അതിനാല്‍ യിസ്രായേലുകാരേ, അവരുടെ കുട്ടികളെ വിവാഹം കഴിക്കാന്‍ നിങ്ങളുടെ കുട്ടികളെ അനുവദിക്കരുത്. ആ ജനങ്ങളോടു ചേരരുത്! അവരുടേതൊന്നും ആവശ്യപ്പെടരുത്! എന്‍റെ കല്പനകളനുസരിച്ചുകൊണ്ട് നിങ്ങള്‍ക്കു ശക്തരായിരിക്കാനും ആ ദേശത്തെ മുഴുവന്‍ നന്മയുമനുഭവിക്കാനും കഴിയും. കൂടാതെ നിങ്ങള്‍ക്ക് ഈ സ്ഥലം കൈവശം വയ്ക്കാനും നിങ്ങളുടെ കുട്ടികള്‍ക്കു നല്‍കാനും കഴിയും.”
13 ഞങ്ങള്‍ക്കു സംഭവിച്ച ദുരിതങ്ങള്‍ ഞങ്ങളുടെ തന്നെ വീഴ്ചയാണ്. ഞങ്ങള്‍ തിന്മകള്‍ ചെയ്യുകയും ധാരാളം അപരാധങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍, ഞങ്ങളുടെ ദൈവമാകുന്ന നീ ഞങ്ങള്‍ അര്‍ഹിച്ചതില്‍നിന്നും വളരെ കുറഞ്ഞ ശിക്ഷയേ ഞങ്ങള്‍ക്കു തന്നുള്ളൂ. ഞങ്ങള്‍ കൊടുംപാപങ്ങളാണു ചെയ്തിരുന്നത്. ഞങ്ങള്‍ക്കു കടുത്ത ശിക്ഷ ലഭിക്കേണ്ടിയുമിരുന്നു. ഞങ്ങളില്‍ ചിലരെ ഒരു അന്യദേശത്തെ പ്രവാസത്തില്‍നിന്നും രക്ഷപ്പെടാന്‍ നീ അനുവദിക്കുകപോലും ചെയ്തു.
14 അതിനാല്‍ നിന്‍റെ കല്പനകള്‍ ലംഘിക്കരുതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ അവരെ വിവാഹം കഴിക്കാന്‍ പാടില്ല. അവര്‍ ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നു. ദൈവമേ, ഞങ്ങള്‍ തുടര്‍ന്നും അവരെ വിവാഹം കഴിച്ചാല്‍ നീ ഞങ്ങളെ നശിപ്പിക്കുമെന്ന് ഞങ്ങള്‍ക്കറിയാം! അപ്പോള്‍ യിസ്രായേല്‍ജനതയില്‍ ഒരുവന്‍ പോലും അവശേഷിക്കുകയുമില്ല.
15 യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവേ, നീ നന്മ നിറഞ്ഞവനാകുന്നു! ഇപ്പോഴും ഞങ്ങളില്‍ കുറേപേരെ നീ ജീവനോടെ വിട്ടു. അതെ, ഞങ്ങള്‍ അപരാധികളാണ്! ഞങ്ങളുടെ പാപം മൂലം ഞങ്ങളിലൊരുവനും നിന്‍റെ മുന്പില്‍ നില്‍ക്കാനും പാടില്ല.