ഗലാത്യര്‍ക്ക്
എഴുതിയ ലേഖനം
ഗലാത്യര്‍ക്കുള്ള ലേഖനം
1
അപ്പൊസ്തലനായ പൌലൊസില്‍ നിന്നുള്ളത്. അപ്പൊസ്തലനാകാന്‍, ഞാന്‍ മനുഷ്യരാല്‍ തിരഞ്ഞെടുക്കപ്പെട്ടവനല്ല. മനുഷ്യരില്‍ നിന്നും അയയ്ക്കപ്പെട്ടവനുമല്ല. യേശുക്രിസ്തുവും പിതാവായ ദൈവവുമാണ് എന്നെ അപ്പൊസ്തലനാക്കിയെടുത്തത്. ദൈവം ഒരുവനാണ് യേശുവിനെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ചത്. ക്രിസ്തുവില്‍ എന്നോടൊപ്പമുള്ള എല്ലാ സഹോദരങ്ങളില്‍ നിന്നും ആശംസകള്‍. ഗലാത്യയിലെ സഭകള്‍ക്കുളളതാണ് ഇത്.
പിതാവായ ദൈവവും കര്‍ത്താവായ യേശുക്രിസ്തുവും നിങ്ങള്‍ക്ക് കൃപയും സമാധാനവും നല്‍കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ പാപങ്ങള്‍ക്കായി യേശു അവനെത്തന്നെ കൊടുത്തു. നാം ജീവിക്കുന്ന ദുഷ്ടലോകത്തില്‍ നിന്നും മുക്തരാക്കാനാണ് യേശു ഇതു ചെയ്തത്. അതായിരുന്നു പിതാവായ ദൈവത്തിന്‍റെ അഭീഷ്ടം. മഹത്വം എന്നെന്നേക്കും ദൈവത്തിനുള്ളതാകട്ടെ. ആമേന്‍.
ഒരു സത്യസുവിശേഷമേ ഉള്ളൂ
അല്പ കാലത്തിനു മുന്പ് തന്നെ പിന്തുടരുവാന്‍ ദൈവം നിങ്ങളെ വിളിച്ചു. ക്രിസ്തുവിലൂടെ ആഗതമാകുന്ന അവന്‍റെ കൃപയിലാണ് അവന്‍ നിങ്ങളെ വിളിച്ചത്. എന്നാല്‍ ഇന്നു ഞാന്‍ നിങ്ങളെപ്പറ്റി അത്ഭുതാധീനനാണ്! നിങ്ങള്‍ നേരത്തെതന്നെ പിന്തിരിയുകയും വ്യത്യസ്ത സുവിശേഷത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ മറ്റൊരു സത്യസുവിശേഷമില്ല. എന്നാല്‍ ചിലര്‍ നിങ്ങളെ ആകെ ചിന്താക്കുഴപ്പത്തിലാക്കുകയാണ്. അവര്‍ ക്രിസ്തുവിന്‍റെ സുവിശേഷത്തിനു മാറ്റം വരുത്തുവാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ നിങ്ങളോടു സത്യസുവിശേഷം പറഞ്ഞു. അതിനാല്‍ ഞങ്ങള്‍ തന്നെയോ, സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ദൂതനോ നിങ്ങളോടു മറ്റൊരു സുവിശേഷം പറഞ്ഞാല്‍ അവന്‍ ശപിക്കപ്പെടും. ഞാനിതു നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും പറയുന്നു. നിങ്ങള്‍ നേരത്തെതന്നെ സുവിശേഷം സ്വീകരിച്ചിരുന്നു. രക്ഷ പ്രാപിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം ഒരുവന്‍ പറയുന്നുവെങ്കില്‍ അവന്‍ ശപിക്കപ്പെടും.
10 എന്നെ സ്വീകരിക്കുവാന്‍ ജനങ്ങളെ ഒരുക്കുകയാണ് ഞാനെന്നാണോ നിങ്ങള്‍ ഇപ്പോഴും വിചാരിക്കുന്നത്. അല്ല; ‘ദൈവം’ ഒരുവനെ മാത്രമാണ് ഞാന്‍ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഞാന്‍ മനുഷ്യരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുകയാണോ? ഞാന്‍ മനുഷ്യരെ പ്രീതിപ്പെടുത്താന്‍ ആഗ്രഹിച്ചുവെങ്കില്‍ ഞാന്‍ യേശുക്രിസ്തുവിന്‍റെ ദാസന്‍ ആകുന്നില്ല.
പൌലൊസിന്‍റെ അധികാരം ദൈവദത്തം
11 സഹോദരരേ, ഞാന്‍ നിങ്ങളെ ഉപദേശിച്ച സുവിശേഷം മനുഷ്യകല്പിതം അല്ല എന്നു നിങ്ങള്‍ അറിയണമെന്നു ഞാനാഗ്രഹിക്കുന്നു. 12 എനിക്കു മനുഷ്യരില്‍ നിന്നല്ല സുവിശേഷം ലഭിച്ചത്. മനുഷ്യരാരും എന്നെ സുവിശേഷം പഠിപ്പിച്ചില്ല. യേശുക്രിസ്തു എനിക്കതു നല്‍കി. ഞാന്‍ ജനങ്ങളോടു പറയേണ്ട സുവിശേഷം അവന്‍ എന്നെ കാണിച്ചു.
13 എന്‍റെ പൂര്‍വ്വജീവിതത്തെക്കുറിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ട്. ഞാന്‍ യെഹൂദ മതത്തിലായിരുന്നു. ദൈവത്തിന്‍റെ സഭയെ ഞാന്‍ വളരെയേറെ പീഢിപ്പിച്ചു. ഞാന്‍ സഭയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. 14 ഞാന്‍ യെഹൂദ മതത്തിലെ ഒരു നേതാവായിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ എന്‍റെ പ്രായത്തിലുള്ള മറ്റനേകം യെഹൂദരേക്കാള്‍ മെച്ചമായി പ്രവര്‍ത്തിച്ചു. നമ്മുടെ പൂര്‍വ്വികരുടെ പരന്പരാഗതമായ ചട്ടങ്ങള്‍ പിന്തുടരാന്‍ ഞാന്‍ മറ്റാരെക്കാളും ശ്രമിച്ചു.
15 എന്നാല്‍ ഞാന്‍ ജനിക്കുന്നതിനു മുന്പേ ദൈവത്തിനു എന്നെക്കുറിച്ചു പ്രത്യേകമായ പദ്ധതിയുണ്ടായിരുന്നു. അതിനാല്‍ ദൈവം തന്‍റെ കരുണയാല്‍ എന്നെ വിളിച്ചു. 16 തന്‍റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാന്‍ ജാതികളുടെ ഇടയില്‍ പ്രസംഗിക്കുവാന്‍ ദൈവം ആശിച്ചു. അതിനാല്‍ ദൈവം തന്‍റെ മകനെക്കുറിച്ച് എന്നെ പഠിപ്പിച്ചു. ദൈവം എന്നെ വിളിച്ചപ്പോള്‍ എനിക്ക് ഒരു മനുഷ്യനില്‍ നിന്നും സഹായമോ ഉപദേശമോ ലഭിച്ചില്ല. 17 യെരൂശലേമിലുള്ള അപ്പൊസ്തലരെ കാണുവാന്‍ ഞാന്‍ പോയില്ല. ഞാന്‍ അപ്പൊസ്തലനാകും മുന്‍പേ അവര്‍ അപ്പൊസ്തലന്മാരായിരുന്നു. എന്നാല്‍ പകരമായി ഞാന്‍ അറേബ്യയിലേക്കു പോയി. പിന്നീട് ഞാന്‍ ദമസ്കൊസിലേക്ക് മടങ്ങി.
18 മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ യെരൂശലേമിലേക്കു പോയി. ഞാന്‍ പത്രൊസിനെ കാണാന്‍ ആഗ്രഹിച്ചു. ഞാന്‍ പത്രൊസിനൊപ്പം പതിനഞ്ചു ദിവസം താമസിച്ചു. 19 യേശുവിന്‍റെ സഹോദരനായ യാക്കോബിനെ ഒഴിച്ച് മറ്റൊരു അപ്പൊസ്തലനെയും ഞാന്‍ കണ്ടില്ല. 20 ഞാന്‍ എഴുതുന്ന ഈ കാര്യങ്ങള്‍ പൊളിയല്ലെന്ന് ദൈവത്തിനറിയാം. 21 പിന്നീട് സുറിയ, കിലിക്യാ ഭാഗങ്ങളിലേക്കു പോയി.
22 യെഹൂദ്യയിലെ ക്രൈസ്തവ സഭകള്‍ എന്നെ നേരത്തെ കണ്ടിട്ടില്ല. 23 അവര്‍ എന്നെക്കുറിച്ച് ഇത് കേട്ടിട്ടേയുള്ളൂ: “ഈ മനുഷ്യന്‍ നമ്മളെ പീഢിപ്പിക്കുന്നവനാണ്. എന്നാല്‍ ഒരിക്കല്‍ ഇവന്‍ നശിപ്പിക്കുവാന്‍ ആഗ്രഹിച്ച അതേ വിശ്വാസം തന്നെ ഇപ്പോള്‍ ജനങ്ങളോടു പറയുന്നു.” 24 ഈ വിശ്വാസികള്‍ എന്നെപ്രതി ദൈവത്തെ പുകഴ്ത്തി.