4
നിങ്ങളോടു ഞാനിതു പറയാന്‍ ആഗ്രഹിക്കുന്നു. അനന്തരാവകാശി ഒരു കുട്ടിയായിരിക്കേ ഒരടിമയില്‍ നിന്നും അവന് ഒരു വ്യത്യാസവുമില്ല. അനന്തരാവകാശി എല്ലാ ഉടമസ്ഥാവകാശവും വഹിക്കുന്നു എന്നതു പ്രശ്നമല്ല. എന്തുകൊണ്ടെന്നാല്‍ അവന്‍ കുട്ടിയായിരിക്കേ അവനെ സംരക്ഷിക്കുന്ന എല്ലാവരെയും അവന്‍ അനുസരിക്കേണ്ടതുണ്ട്. എന്നാല്‍ പിതാവ് നിശ്ചയിച്ച പ്രായമാകുന്പോള്‍ അവന്‍ സ്വതന്ത്രനാകും. അതു തന്നെയാണു നമ്മുടെയും സ്ഥിതി. നാമും ഒരിക്കല്‍ കുട്ടികളെപ്പോലെയായിരുന്നു. ഈ ലോകത്തിന്‍റെ നിരുപയോഗമായ നിയമങ്ങളുടെ അടിമകളായിരുന്നു നാം. എന്നാല്‍ ശരിയായ സമയം ആഗതമായപ്പോള്‍ ദൈവം അവന്‍റെ പുത്രനെ അയച്ചു. ദൈവപുത്രന്‍ ഒരു സ്ത്രീയില്‍ നിന്നും ജനിച്ചു. ദൈവപുത്രന്‍ ന്യായപ്രമാണത്തിനു വിധേയനായി ജീവിച്ചു. ന്യായപ്രമാണത്തിന് അധീനരായിരുന്ന ജനങ്ങളുടെ സ്വാതന്ത്ര്യത്തെ വാങ്ങുവാന്‍ തക്കവിധമാണ് ദൈവം ഇതു ചെയ്തത്. നമ്മെ അവന്‍റെ മക്കളാക്കുകയായിരുന്നു ദൈവത്തിന്‍റെ ഉദ്ദേശ്യം.
നിങ്ങള്‍ ദൈവമക്കളാണ്. അതിനാലാണ് നിങ്ങളുടെ ഹൃദയത്തിലേക്ക് ദൈവം തന്‍റെ പുത്രന്‍റെ ആത്മാവിനെ അയച്ചത്. ആത്മാവ് കേണു വിളിക്കുന്നു. “അപ്പാ, പ്രിയ പിതാവേ.” അതിനാല്‍ ഇനിമേല്‍ നിങ്ങള്‍ അടിമകളല്ല. നിങ്ങള്‍ മക്കളാകുന്നു. താന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ദൈവം നിനക്കു തരും. കാരണം നീ അവന്‍റെ കുട്ടിയാണ്.
ഗലാത്യരോടുള്ള പൌലൊസിന്‍റെ സ്നേഹം
പണ്ട് നിങ്ങള്‍ക്ക് ദൈവത്തെ അറികയില്ലായിരുന്നു. യഥാര്‍ത്ഥമല്ലാത്ത ദൈവങ്ങള്‍ക്കു നിങ്ങള്‍ അടിമകളായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ദൈവത്തെ നിങ്ങള്‍ ഇപ്പോള്‍ അറിയുന്നു. സത്യത്തില്‍ ദൈവത്തിനാണ് നിങ്ങളെ അറിയാവുന്നത്. അതിനാല്‍ മുന്പ് പിന്തുടര്‍ന്നിരുന്ന ദുര്‍ബ്ബലവും ഉപയോഗയോഗ്യവുമല്ലാത്ത ആ ചട്ടങ്ങളിലേക്ക് നിങ്ങളെന്തിനു മടങ്ങണം? വീണ്ടും നിങ്ങള്‍ക്ക് അക്കാര്യങ്ങളുടെ അടിമയാകണോ? 10 പ്രത്യേക ദിവസങ്ങളെക്കുറിച്ചും മാസങ്ങളെക്കുറിച്ചും പ്രത്യേക സന്ദര്‍ഭങ്ങളെക്കുറിച്ചും വര്‍ഷങ്ങളെക്കുറിച്ചും ന്യായപ്രമാണം ഉപദേശിക്കുന്നത് നിങ്ങള്‍ ഇപ്പോഴും പിന്തുടരുന്നു. 11 ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഭയക്കുന്നു. നിങ്ങള്‍ക്കു വേണ്ടിയുള്ള എന്‍റെ പ്രയത്നം വ്യര്‍ത്ഥമാകുമോ എന്നു ഞാന്‍ ഭയക്കുന്നു.
12 സഹോദരരേ, ഞാനും ഒരിക്കല്‍ നിങ്ങളെപ്പോലെ ആയിരുന്നു. അതിനാല്‍ നിങ്ങളും എന്നെപ്പോലെയാകുക. നേരത്തേ നിങ്ങളെനിക്കു വളരെ നല്ലവരായിരുന്നു. 13 എന്തുകൊണ്ടാണ് ഞാനാദ്യതവണ നിങ്ങളുടെ അടുത്തേക്കു വന്നതെന്നു നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ? കാരണം, ഞാന്‍ രോഗിയായിരുന്നു. ഞാന്‍ നിങ്ങളോട് സുവിശേഷം പ്രസംഗിച്ചപ്പോഴായിരുന്നു അത്. 14 എന്‍റെ രോഗം നിങ്ങള്‍ക്കൊരു വലിയ ഭാരമായിരുന്നിരിക്കാം. എന്നാല്‍ എന്നോട് നിങ്ങള്‍ ഒരു വെറുപ്പും കാണിച്ചില്ല. നിങ്ങള്‍ എന്നെ തിരസ്കരിച്ചില്ല. ദൈവത്തില്‍ നിന്നുള്ള ഒരു ദൂതനെ എന്നവണ്ണമാണ് നിങ്ങള്‍ എന്നെ സ്വാഗതം ചെയ്തത്. ഞാന്‍ യേശുക്രിസ്തുവെന്നപോലെയാണ് നിങ്ങള്‍ എന്നെ സ്വീകരിച്ചത്. 15 അപ്പോള്‍ നിങ്ങള്‍ വളരെ സന്തുഷ്ടരായിരുന്നു. എവിടെപ്പോയി ആ സന്തോഷം? എന്നെ സഹായിക്കാന്‍ സാദ്ധ്യമായതൊക്കെയും നിങ്ങള്‍ ചെയ്തത് ഞാനോര്‍ക്കുന്നു. കഴിയുമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് എനിക്കു തന്നേനെ. 16 എന്നാല്‍ ഞാന്‍ സത്യം പറഞ്ഞതുകൊണ്ട് നിങ്ങളുടെ ശത്രുവായി എന്നാണോ?
17 നിങ്ങളെ പ്രേരിപ്പിക്കാന്‍ അവര്‍ കഠിനയത്നം നടത്തുന്നു. എന്നാല്‍ ഇതു നിങ്ങള്‍ക്കു നല്ലതല്ല. നിങ്ങളെ സ്വാധീനിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളെ ഞങ്ങള്‍ക്കെതിരാക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ അവരെ അല്ലാതെ മറ്റാരെയും പിന്തുടരാതിരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. 18 ആള്‍ക്കാരുടെ ലക്ഷ്യം നല്ലതാണെങ്കിലേ അവര്‍ക്ക് നിങ്ങളിലുള്ള താല്പര്യവും നന്നാകൂ. ഇത് എല്ലായ്പ്പോഴും ശരിയാണ്. ഞാന്‍ നിങ്ങളുടെ ഒപ്പം ഉള്ളപ്പോഴും അകലെ ആയിരിക്കുന്പോഴും ഇതു ശരിയാണ്. 19 എന്‍റെ കുഞ്ഞുങ്ങളേ, ഒരമ്മയുടെ പ്രസവവേദന പോലെ എനിക്കു നിങ്ങളെക്കുറിച്ച് വേദന തോന്നുന്നു. നിങ്ങള്‍ ക്രിസ്തുവിനെപ്പോലെയാകും വരെ എനിക്കിത് അനുഭവപ്പെടും. 20 ഇപ്പോള്‍ എനിക്കു നിങ്ങളോടുകൂടെ ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹി ക്കുന്നു. അപ്പോള്‍ എന്‍റെ സംസാരരീതിയും മാറ്റാമെന്നു തോന്നുന്നു. നിങ്ങള്‍ക്കുവേണ്ടി എന്തുചെയ്യണമെന്ന് ഇപ്പോളെനിക്ക് അറിഞ്ഞുകൂടാ.
ഹാഗാരിന്‍റെയും സാറായുടെയും മാതൃക
21 നിങ്ങളില്‍ ചിലര്‍ ഇപ്പോഴും മോശെയുടെ ന്യായപ്രമാണത്തിനു കീഴിലാകാന്‍ ആഗ്രഹിക്കുന്നു. എന്നോടു പറയൂ, ന്യായപ്രമാണം എന്താണു പറയുന്നതെന്നു നിങ്ങള്‍ക്കറിയാമോ? 22 തിരുവെഴുത്തുകള്‍ പറയുന്നു, അബ്രാഹാമിനു രണ്ടു മക്കളുണ്ടായിരുന്നെന്ന്. ഒരു പുത്രന്‍റെ അമ്മ അടിമയായിരുന്നു. മറ്റവളോ സ്വതന്ത്രയുമായിരുന്നു. 23 അടിമ സ്ത്രീയില്‍ നിന്നുള്ള അബ്രാഹാമിന്‍റെ പുത്രന്‍ പ്രകൃതരീത്യായാണ് ജനിച്ചത്. എന്നാല്‍ സ്വതന്ത്രയായവളില്‍ നിന്നുള്ള പുത്രനോ അബ്രാഹാമിനോടുള്ള ദൈവത്തിന്‍റെ വാഗ്ദാന പ്രകാരവും.
24 ഈ സത്യകഥ ഒരു ചരിത്രം നമുക്കു തരുന്നു. ഈ രണ്ടു സ്ത്രീകളും ദൈവവും മനഷ്യനും തമ്മിലുള്ള രണ്ട് നിയമങ്ങളെപ്പോലെയാണ്. സീനായ് മലയില്‍ വച്ച് ദൈവം ചമച്ചു നല്‍കിയ ന്യായപ്രമാണമാണ് ഒന്ന്. ഈ നിയമത്തിനു കീഴുള്ളവര്‍ അടിമകളെപ്പോലെയാണ്. ഹാഗാര്‍ ഈ നിയമം പോലെയാണ്. 25 അതിനാല്‍ അറേബ്യയിലെ സീനായ് മല പോലെയാണ് ഹാഗാര്‍. അവള്‍ ലൌകീക നഗരമായ യെരൂശലേമിന്‍റെ ചിത്രമാണ്. ഇതൊരു അടിമ നഗരവും അതിലെ നിവാസികള്‍ അടിമകളുമാണ്. 26 എന്നാല്‍ സ്വര്‍ഗ്ഗീയ യെരൂശലേം സ്വതന്ത്രയായ ഒരു സ്ത്രീയെപ്പോലെയാണ്. അത് നമ്മുടെ അമ്മയാണ്. 27 തിരുവെഴുത്തുകളില്‍ ഇങ്ങനെ പറയുന്നു.
“മക്കളില്ലാത്ത സ്ത്രീ സന്തോഷവതിയാകട്ടെ.
ജന്മം നല്‍കാത്ത അവള്‍
സന്തോഷത്താല്‍ ആര്‍ത്തുഘോഷിക്കട്ടെ.
കാരണം നിങ്ങള്‍ ഒരിക്കലും ഈറ്റുനോവനുഭവിച്ചിട്ടില്ല.
ഭര്‍ത്താവുള്ളവളേക്കാള്‍ ഏകാകിനിയായവള്‍
കൂടുതല്‍ കുഞ്ഞുങ്ങളുള്ളവളാകും.” യെശയ്യാവ് 54:1
28-29 അബ്രാഹാമിന്‍റെ ഒരു പുത്രന്‍ പ്രകൃതരീത്യായാണ് ജനിച്ചത്. എന്നാല്‍ അബ്രാഹാമിന്‍റെ ഇതര മകന്‍ ദൈവവാഗ്ദാനം കൊണ്ട് പരിശുദ്ധാത്മാവിന്‍റെ ശക്തിയാലാണു ജനിച്ചത്. എന്‍റെ സഹോദരീ സഹോദന്മാരേ, അന്ന് യിസ്ഹാക്ക് ആയിരുന്നതുപോലെ നിങ്ങളും വാഗ്ദാനത്തിന്‍റെ സന്തതികളാണ്. പ്രകൃതരീത്യാ ജനിച്ചവന്‍ വാഗ്ദത്ത പുത്രനെ പീഢിപ്പിച്ചു. ഇപ്പോഴും അങ്ങനെ തന്നെ. 30 എന്നാല്‍ തിരുവെഴുത്തുകള്‍ എന്താണു പറയുന്നത്? “അടിമ സ്ത്രീയേയും അവളുടെ സന്തതിയേയും പുറത്താക്കുക! സ്വതന്ത്രസ്ത്രീയുടെ മകന്‍ തന്‍റെ അപ്പനുള്ളതെല്ലാം ലഭിക്കുന്നു. എന്നാല്‍ അടിമ സ്ത്രീയുടെ മകന് ഒന്നും ലഭിക്കില്ല.” 31 അതിനാല്‍ സഹോദരീ സഹോദരന്മാരേ നമ്മള്‍ അടിമസ്ത്രീയുടെ മക്കളല്ല. നമ്മള്‍ സ്വതന്ത്രസ്ത്രീയുടെ മക്കളാണ്.