നിങ്ങളുടെ സ്വാതന്ത്ര്യം പരിപാലിക്കുക
5
ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയതുകൊണ്ട് നമുക്ക് സ്വാതന്ത്ര്യമുണ്ട്. ന്യായപ്രമാണത്തിന്‍റെ അടിമത്വത്തിലേക്കു തിരികെ പോയി മാറ്റം സംഭവിക്കാതിരിക്കാന്‍ ഉറച്ചു നില്‍ക്കുക. ശ്രദ്ധിക്കൂ! പൌലൊസായ ഞാന്‍ പറയുന്നു. പരിച്ഛേദന ഏറ്റവരായി ന്യായപ്രമാണത്തിലേക്കു നിങ്ങള്‍ തിരിച്ചു പോയാല്‍ ക്രിസ്തുവിനെക്കൊണ്ട് നിങ്ങള്‍ക്കൊരു പ്രയോജനവുമില്ല. വീണ്ടും ഞാനോരോരുത്തരെയും താക്കീതു ചെയ്യട്ടെ. നിങ്ങള്‍ സ്വയം പരിച്ഛേദനയ്ക്കു സമ്മതിക്കുകയാണെങ്കില്‍ ന്യായപ്രമാണം പൂര്‍ണ്ണമായും നിങ്ങള്‍ അനുസരിക്കണം. ന്യായപ്രമാണം വഴി ദൈവമുന്പാകെ നീതീകരിക്കപ്പെടാന്‍ ശ്രമിക്കുകയാണെങ്കില്‍ അപ്പോള്‍ ക്രിസ്തുവിലുള്ള നിങ്ങളുടെ ജീവിതം അവസാനിക്കുകയും ദൈവകരുണയെ ത്യജിക്കുകയും ചെയ്തു. എന്നാല്‍ വിശ്വാസം വഴി ദൈവമുന്പാകെ നീതീകരിക്കപ്പെടാമെന്ന് പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ പ്രതീക്ഷിച്ചുകൊണ്ട് നാം കാത്തിരിക്കുന്നു. ഒരുവന്‍ യേശുക്രിസ്തുവില്‍ ആയിരിക്കുന്പോള്‍ അവന്‍ പരിച്ഛേദന ഏറ്റവനോ, അഗ്രചര്‍മ്മിയോ എന്നത് അപ്രധാനമാണ്, സ്നേഹത്തിലൂടെ വര്‍ത്തിക്കുന്ന വിശ്വാസമാണ് അതിപ്രധാനം.
സത്യം അനുസരിച്ചുകൊണ്ട്, നിങ്ങളൊരു നല്ല ഓട്ടം ഓടുകയാണ്. സത്യപാത പിന്തുടരുന്നത് നിര്‍ത്തുവാന്‍ ആരാണ് നിങ്ങളെ പ്രേരിപ്പിച്ചത്? ആ പ്രേരണ നിങ്ങളെ വിളിച്ചവനില്‍ നിന്നുള്ളതല്ല. “സൂക്ഷിക്കുക! അല്പം പുളിമാവ് മുഴുവന്‍ മാവിനേയും പുളിപ്പിക്കുന്നു” 10 കുഴയ്ക്കുന്ന ആശയങ്ങളുമായി വരുന്നവരുടെ ആശയങ്ങളില്‍ നിങ്ങള്‍ വിശ്വസിക്കുകയില്ലെന്നു കര്‍ത്താവില്‍ ഞാന്‍ വിശ്വസിക്കുന്നു. അത്തരക്കാരന്‍ ആരുതന്നെ ആയാലും ശിക്ഷിക്കപ്പെടും.
11 എന്‍റെ സഹോദരരേ, പരിച്ഛേദന ഏല്‍ക്കണമെന്നു ഞാനാരെയും പഠിപ്പിക്കുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഞാനെന്തിന് പീഢിപ്പിക്കപ്പെടണം. പരിച്ഛേദന ഏല്‍ക്കണമെന്നു ഞാന്‍ പഠിപ്പിക്കുക ആയിരുന്നെങ്കില്‍ കുരിശിനെപ്പറ്റിയുള്ള എന്‍റെ പ്രസംഗം പ്രശ്നകരമാവില്ലായിരുന്നു. 12 നിങ്ങളെ ശല്യപ്പെടുത്തുന്ന ആള്‍ക്കാര്‍ പരിച്ഛേദനയുടെ കൂടെ അംഗഛേദവും കൂടെ കൂട്ടിയെങ്കില്‍ എന്നു ഞാനാശിക്കുന്നു.
13 എന്‍റെ സഹോദരരേ, സ്വതന്ത്രരാകാന്‍ ദൈവത്താല്‍ വിളിക്കപ്പെട്ട നിങ്ങള്‍, നിങ്ങളുടെ പാപം നിറഞ്ഞ സ്വയത്തെ പ്രീതിപ്പെടുത്താന്‍ ആ സ്വാതന്ത്ര്യത്തെ ഒരു ഒഴികഴിവായി ഉപയോഗിക്കുന്നതിനു പകരം സ്നേഹത്തോടുകൂടെ പരസ്പരം ശുശ്രൂഷ ചെയ്യുക. 14 “നിന്നെപ്പോലെ തന്നെ അന്യരേയും സ്നേഹിക്കുക” എന്നതില്‍ മുഴുവന്‍ ന്യായപ്രമാണവും പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നു. 15 നിങ്ങള്‍ പരസ്പരം വ്രണപ്പെടുത്തുകയും പോരാടുകയും ചെയ്യുകയാണെങ്കില്‍ സൂക്ഷിക്കുക! നിങ്ങള്‍ പരസ്പരം പൂര്‍ണ്ണമായും നശിപ്പിക്കും.
ആത്മാവും മനുഷ്യ പ്രകൃതിയും
16 അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു ആത്മാവിനെ പിന്തുടര്‍ന്നു ജീവിക്കുകയാണെങ്കില്‍ നിങ്ങളുടെ പാപം നിറഞ്ഞ സ്വയം ആഗ്രഹിക്കുന്ന ദുഷ്ക്കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യില്ല. 17 നമ്മുടെ പാപം നിറഞ്ഞ സ്വയം ആഗ്രഹിക്കുന്നവ ആത്മാവിനും, ആത്മാവാഗ്രഹിക്കുന്നവ പാപം നിറഞ്ഞ സ്വയത്തിനും എതിരാണ്. അവ പരസ്പരവിരുദ്ധമാണ്. അതിനാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നില്ല. 18 എന്നാല്‍ നിങ്ങളെ നയിക്കുവാന്‍ ആത്മാവിനെ അനുവദിക്കുമെങ്കില്‍ നിങ്ങള്‍ ന്യായപ്രമാണത്തിനു വിധേയരല്ല.
19 ലൈംഗികമായ അസാന്മാര്‍ഗീകത്വം, ശുദ്ധിയില്ലായ്മ, അപമര്യാദയായ പെരുമാറ്റം, 20 വ്യാജദൈവങ്ങളെ ആരാധിക്കുക, മന്ത്രവാദം നടത്തുക, വെറുക്കുക, പ്രശ്നങ്ങളുണ്ടാക്കുക, അസൂയാലുക്കളാകുക, വളരെ കോപിഷ്ഠരാകുക, തന്‍കാര്യം നോക്കുന്നവരാകുക, പരസ്പരം കുഴപ്പം സൃഷ്ടിക്കുക, 21 വിഭാഗീയത വളര്‍ത്തുക, മദ്യപന്മാരാകുക, സംസ്ക്കാരരഹിതമായ ആഘോഷങ്ങള്‍ നടത്തുക, ഇതുപോലെയുള്ള മറ്റുകാര്യങ്ങള്‍ ചെയ്യുക എന്നിവയാണ് നമ്മുടെ പാപം നിറഞ്ഞ സ്വയം ചെയ്യുന്ന കാര്യങ്ങള്‍ എന്നു വ്യക്തം. ഇപ്പോഴത്തെപ്പോലെ പണ്ടും ഞാന്‍ നിങ്ങളെ താക്കീതു ചെയ്തിരുന്നു. 22 ഇക്കാര്യങ്ങള്‍ ചെയ്യുന്നവര്‍ ദൈവരാജ്യത്തില്‍ കാണുകയില്ല. എന്നാല്‍ ഒരു ന്യായപ്രമാണവും തെറ്റെന്നു പറയാത്ത സ്നേഹവും ആനന്ദവും സമാധാനവും ക്ഷമയും, 23 ദയയും നന്മയും വിശ്വസ്തതയും സൌമ്യതയും ആത്മനിയന്ത്രണവുമാണ് ആത്മാവ് നല്‍കുന്നത്. 24 ക്രിസ്തുയേശുവിനുള്ളവര്‍ അവരുടെ പഴയ സ്വാര്‍ത്ഥവിചാരങ്ങളും ചെയ്യുവാനാഗ്രഹിച്ച ദുഷ്കര്‍മ്മങ്ങളും ത്യജിച്ച് അവരുടെ പാപം നിറഞ്ഞ സ്വയത്തെ കുരിശില്‍ തറച്ചു കൊന്നു. 25 നമുക്ക് നമ്മുടെ പുതുജീവിതം ഈ ഘട്ടം മുതല്‍ ഉണ്ടായതിനാല്‍ നാം ആത്മാവുമായി രജ്ഞിപ്പോടെ ജീവിക്കണം. 26 നാം ഗര്‍വ്വിഷ്ടരാകാതിരിക്കുകയും മറ്റൊരാളെ ശുണ്ഠി പിടിപ്പിക്കാതിരിക്കുകയും അസൂയപ്പെടാതിരിക്കുകയും ചെയ്യണം.