പരസ്പരം സഹായിക്കുക
6
സഹോദരന്മാരേ, നിങ്ങളില്‍ ഒരുവന്‍ പാപം ചെയ്യുന്നു എന്നു വരികില്‍, നിങ്ങളില്‍ ആത്മീയത ഉള്ളവന്‍ അവന്‍റെ അടുത്തു പോകുകയും സൌമ്യതയോടെ ശരിയിലേക്കു കൊണ്ടുവരാന്‍ സ്വയം പ്രലോഭിതരാകാതെ സൂക്ഷിച്ച്, അവനെ സഹായിക്കുകയും വേണം. പ്രശ്നങ്ങളില്‍ പരസ്പരം സഹായിച്ച് യഥാര്‍ത്ഥമായും ക്രിസ്തുവിന്‍റെ ന്യായപ്രമാണത്തെ അനുസരിക്കുക. അപ്രധാനി ആയ ഒരുവന്‍ സ്വയം പ്രധാനി എന്നു കരുതുന്നുവെങ്കില്‍ അവന്‍ സ്വയം വിഡ്ഢിയാകുന്നു. ഒരു വ്യക്തി തന്നെ, അന്യനുമായി താരതമ്യപ്പെടുത്താതെ സ്വകര്‍മ്മങ്ങളെ വിധിക്കട്ടെ. അതില്‍ അവനു സ്വയം അഭിമാനിക്കാം. ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം.
ദൈവീകോപദേശങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നവന്‍ തനിക്കുള്ള നല്ല വസ്തുക്കളൊക്കെയും അദ്ധ്യാപകനുമായി പങ്കുവയ്ക്കണം.
ദൈവത്തെ വഞ്ചിക്കാന്‍ കഴിയുമെന്നു കരുതുന്ന വിഡ്ഢിത്തം അരുത്. ഒരുവന്‍ വിതച്ചതേ കൊയ്യൂ. ഒരുവന്‍ തന്‍റെ പാപം നിറഞ്ഞ സ്വയത്തെ തൃപ്തിപ്പെടുത്താനുള്ളതാണ് നടുന്നതെങ്കില്‍ അത് അവന് നിത്യമരണം കൊണ്ടു വരും. എന്നാല്‍ ഒരുവന്‍ ആത്മാവിനെ പ്രീതിപ്പെടുത്താനാണ് നടുന്നതെങ്കില്‍ അത് അവന് നിത്യജീവനെ ആത്മാവില്‍ നിന്നു കൊണ്ടു തരും. നാം നന്മ ചെയ്തു തളരരുത്. നാം ശ്രമം ഉപേക്ഷിക്കരുത്. 10 നമ്മള്‍ നല്ല കൃത്യങ്ങള്‍ തുടര്‍ന്നാല്‍ നിത്യജീവന്‍റെ കതിര്‍മണികള്‍ കൃത്യസമയത്ത് നമുക്കു ലഭിക്കും. അവസരം കിട്ടുന്പോള്‍ നാം എല്ലാവര്‍ക്കും നന്മ ചെയ്യണം, വിശേഷിച്ചും വിശ്വാസികളുടെ കുടുംബത്തില്‍പ്പെട്ടവരോടും.
പൌലൊസ് തന്‍റെ കത്ത് നിര്‍ത്തുന്നു
11 ഞാനിതു സ്വയം എഴുതുകയാണ് എത്ര വലിയ അക്ഷരങ്ങളാണ് ഞാനുപയോഗിച്ചിരിക്കുന്നതെന്ന് കണ്ടാലും. 12 ക്രിസ്തുവിന്‍റെ കുരിശിനെ പിന്തുടര്‍ന്നാല്‍ പീഢിപ്പിക്കപ്പെടുമെന്നു കരുതുന്നവര്‍ യെഹൂദരാല്‍ സ്വീകരിക്കപ്പെടത്തക്കവിധം പരിച്ഛേദന ഏല്‍ക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നു. യെഹൂദരാല്‍ സ്വീകരിക്കപ്പെടാനാണ് അവരിത് ചെയ്യുന്നത്. 13 പരിച്ഛേദന ഏറ്റവര്‍ തന്നെ ന്യായപ്രമാണം അനുസരിക്കുന്നില്ല. എന്നാല്‍ നിങ്ങളെ പ്രേരിപ്പിച്ചതിനെപ്പറ്റി പറഞ്ഞു മദിക്കാന്‍ നിങ്ങള്‍ പരിച്ഛേദന ഏല്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.
14 ഞാന്‍ അത്തരം കാര്യങ്ങളെപ്പറ്റി പുകഴ്ത്തി പറകയില്ല. എന്നു പ്രതീക്ഷിക്കുന്നു. എന്‍റെ പുകഴ്ത്തലിനു നിദാനം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശാണ്. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിലൂടെ ലോകം എനിക്കു ക്രൂശിതമായി,* ക്രൂശിതമായി “മരിച്ചിരിക്കുന്നു” എന്നര്‍ത്ഥം. കൂടാതെ ഞാന്‍ ലോകത്തിനു മരിക്കുകയും ചെയ്തു. 15 പുതിയൊരു ജനത ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടു എന്നതാണ് പരിച്ഛേദന ഏറ്റവനോ, അഗ്രചര്‍മ്മിയോ എന്നതിനെക്കാള്‍ പ്രധാനം. 16 ഈ നിയമം പാലിക്കുന്ന എല്ലാവര്‍ക്കും - എല്ലാ ദൈവമക്കള്‍ക്കും - സമാധാനവും കരുണയും ലഭിക്കും.
17 അതിനാല്‍ ഇനിയും എനിക്കു ആരും കൂടുതല്‍ പ്രശ്നങ്ങള്‍ നല്‍കാതിരിക്കട്ടെ. എന്‍റെ ശരീരത്തിലുള്ള ഈ വടുക്കള്‍ ഞാന്‍ യേശു ക്രിസ്തുവിന്‍റെതാണെന്നു കാണിക്കുന്നു. ഈ വടുക്കള്‍ … കാണിക്കുന്നു ക്രിസ്തുവിനെപ്പറ്റി പഠിപ്പിച്ചിരുന്നതിനാല്‍ പെൌലൊസിനെതിരായവര്‍ അദ്ദേഹത്തെ പലതവണ മര്‍ദ്ദിച്ചു. അതിന്‍റെ അടയാളമാണത്.
18 എന്‍റെ സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവിനൊപ്പം ഉണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍.