ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക
3
സഹോദരരേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. കര്‍ത്താവിന്‍റെ ഉപദേശം അതിവേഗം വ്യാപിക്കുവാന്‍ പ്രാര്‍ത്ഥിക്കുവിന്‍. ആ ഉപദേശങ്ങളെ, നിങ്ങള്‍ ബഹുമാനിച്ചതുപോലെ ജനങ്ങളും ബഹുമാനിക്കാന്‍ പ്രാര്‍ത്ഥിക്കുക. ദുഷ്ടന്മാരില്‍ നിന്നും മ്ളേച്ഛന്മാരില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമെന്നും പ്രാര്‍ത്ഥിക്കുക. എല്ലാവരും ദൈവത്തില്‍ വിശ്വസിക്കുന്നില്ല.
പക്ഷേ കര്‍ത്താവ് വിശ്വസ്തനാണ്. അവന്‍ നിങ്ങള്‍ക്കു ശക്തി തരുകയും ദുഷ്ടനില്‍ നിന്നും സൂക്ഷിക്കുകയും ചെയ്യും. ഞങ്ങള്‍ പഠിപ്പിച്ചതു പോലെയാണു നിങ്ങള്‍ ജീവിക്കുന്നത്. ഇതു ചെയ്യുന്നതില്‍ നിങ്ങള്‍ തുടരുമെന്നു ഞങ്ങള്‍ കര്‍ത്താവില്‍ ഉറച്ചിരിക്കുന്നു. ക്രിസ്തുവിന്‍റെ ദീര്‍ഘക്ഷമയിലേക്കും ദൈവത്തിന്‍റെ സ്നേഹത്തിലേക്കും നിങ്ങളുടെ ഹൃദയങ്ങളെ കര്‍ത്താവ് നയിക്കട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
വേല ചെയ്യുവാന്‍ കടപ്പാട്
സഹോദരരേ, ജോലി ചെയ്യാന്‍ വിസമ്മതിക്കുന്ന വിശ്വാസികളില്‍ നിന്നും അകന്നുനില്‍ക്കുവാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ അധികാരത്തില്‍ ഞങ്ങള്‍ ആജ്ഞാപിക്കുന്നു. ജോലി ചെയ്യാന്‍ വിസ്സമ്മതിക്കുന്നവര്‍ ഞങ്ങളുടെ ഉപദേശത്തെ പിന്തുടരുന്നില്ല. ഞങ്ങള്‍ ജീവിക്കുന്നതുപോലെ ജീവിക്കണം എന്നു നിങ്ങള്‍ക്കറിയാം. നിങ്ങളോടൊപ്പമായിരുന്നപ്പോള്‍ ഞങ്ങള്‍ മടിയരല്ലായിരുന്നു. മറ്റൊരുവന്‍റെ ഭക്ഷണം ഞങ്ങള്‍ കഴിച്ചപ്പോള്‍ ഞങ്ങള്‍ അതിനു പണം കൊടുത്തു. ഞങ്ങള്‍ നിങ്ങളില്‍ ഒരുത്തര്‍ക്കും ഭാരമാകാതിരിപ്പാന്‍ രാവും പകലും യത്നിച്ചു. ഞങ്ങളെ സഹായിക്കണമെന്ന് നിങ്ങളോടു പറയാന്‍ ഞങ്ങള്‍ക്കവകാശം ഉണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് മാതൃകയാകത്തക്കവണ്ണം ഞങ്ങളുടെ സംരക്ഷണത്തിന് ഞങ്ങള്‍ തന്നെ അദ്ധ്വാനിച്ചു. 10 ഞങ്ങള്‍ നിങ്ങളോടു കൂടിയായിരുന്നപ്പോള്‍ ഈ നിയമം ഞങ്ങള്‍ തന്നു: “ഒരുവന്‍ പണിയെടുക്കാനിച്ഛിക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷിക്കുകയും വേണ്ട.”
11 നിങ്ങളുടെ ഇടയിലുള്ള ചിലര്‍ പണിയെടുക്കാന്‍ വിസ്സമ്മതിക്കുന്നുവെന്നു ഞങ്ങള്‍ കേള്‍ക്കുന്നു. അവര്‍ ജോലി ചെയ്യുന്നില്ല. അന്യരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കു തിരക്കാണ്. 12 മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതു നിര്‍ത്തുവാന്‍ ഞങ്ങള്‍ ആജ്ഞാപിക്കുന്നു. ജോലി ചെയ്ത് സ്വന്തം ഭക്ഷണം തേടിപ്പിടിക്കാന്‍ ഞങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ അവരോട് അഭ്യര്‍ത്ഥിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു. 13 സഹോദരരേ, നന്മ ചെയ്യുന്നതില്‍ തളര്‍ന്നുപോകരുത്.
14 ഞങ്ങള്‍ ഈ കത്തില്‍ എഴുതിയ കാര്യങ്ങള്‍ അനുസരിക്കാന്‍ വിസ്സമ്മതിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ആ വ്യക്തിയാരെന്നു ഓര്‍ക്കുക. അവനുമായി കൂട്ടുചേരരുത്. അപ്പോള്‍ അവന്‍ ലജ്ജിതനായേക്കാം. 15 എന്നാല്‍ ഒരു ശത്രുവിനോടെന്നപോലെ അവനോടു പെരുമാറരുത്. ഒരു സഹോദരനെന്ന പോലെ താക്കീതു ചെയ്യുക.
സമാപന വാക്കുകള്‍
16 സമാധാനത്തിന്‍റെ കര്‍ത്താവ് നിങ്ങള്‍ക്കു സമാധാനം തരട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാക്കാലത്തും എല്ലാ വിധത്തിലും അവന്‍ സമാധാനം തരട്ടെ എന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവ് നിങ്ങളെല്ലാവരോടും കൂടി ഉണ്ടാകട്ടെ.
17 ഞാന്‍ പൌലൊസ്, എന്‍റെ തന്നെ കൈയ്യെഴുത്താല്‍ ഈ കത്ത് സമാപിക്കുന്നു. കത്തുകള്‍ എന്‍റേതാണെന്നു കാണിക്കുവാനായി എല്ലാ കത്തുകളിലും ഇങ്ങനെയാണ് ഞാന്‍ ഒപ്പിടുന്നത്, ഇങ്ങനെയാണ് ഞാന്‍ എഴുതുന്നത്.
18 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടു എല്ലാവരോടും കൂടിയുണ്ടാകട്ടെ.