വിശ്വാസം
11
നാം പ്രത്യാശിക്കുന്ന വസ്തുക്കളെ സംബന്ധിച്ച ഉറപ്പും, കാണുന്നില്ലെങ്കിലും അവ യാഥാര്‍ത്ഥ്യവും എന്ന് അറിയുന്നതുമാണ് വിശ്വാസം. പണ്ട് ജീവിച്ചിരുന്നവരില്‍ ദൈവം പ്രസാദിച്ചത് അവരില്‍ ഇത്തരം വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ്.
ദൈവം തന്‍റെ കല്പനയാലാണ് ഈ ലോകം സൃഷ്ടിച്ചതെന്നു മനസ്സിലാക്കുവാന്‍ വിശ്വാസം നമ്മെ സഹായിക്കും. അദൃശ്യമായതെന്തോ അതില്‍ നിന്നാണ് ദൃശ്യമായതിനെ സൃഷ്ടിച്ചതെന്നാണ് ഇതര്‍ത്ഥമാക്കുന്നത്.
കയീനും ഹാബേലും ദൈവത്തിനു യാഗമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹാബേലിനു ദൈവത്തില്‍ വിശ്വാസം ഉണ്ടായിരുന്നതുകൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട യാഗം അവന്‍ ദൈവത്തിനര്‍പ്പിച്ചു. ഹാബേലിന്‍റെ നിവേദ്യത്തില്‍ താന്‍ പ്രീതനായെന്ന് ദൈവം പറഞ്ഞു, അവനു വിശ്വാസം ഉണ്ടായിരുന്നതിനാല്‍ ദൈവം ഹാബേലിനെ നല്ലവനെന്നു വിളിച്ചു. ഹാബേല്‍ മരിച്ചുവെന്നാലും അവന്‍റെ വിശ്വാസത്തിലൂടെ അവന്‍ ഇപ്പോഴും സംസാരിക്കുന്നു.
ഹാനോക്കിനെ ഈ ഭൂമിയില്‍ നിന്നും എടുത്തുകൊണ്ടുപോയി. അവന്‍ ഒരിക്കലും മരിച്ചില്ല. മുകളിലേക്ക് എടുക്കപ്പെടുന്നതിനു മുന്‍പുതന്നെ ഹാനോക്ക് ദൈവത്തെ പ്രീതിപ്പെടുത്തിയവനായിരുന്നു എന്നാണ് തിരുവെഴുത്ത് പറയുന്നത്. പിന്നീട് ജനങ്ങള്‍ക്ക് ഹാനോക്കിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാരണം ദൈവം തന്നോടുകൂടിയായിരിക്കേണ്ടതിനു ഹാനോക്കിനെ എടുത്തുകൊണ്ടുപോയി. വിശ്വാസം ഉണ്ടായിരുന്നതിനാലാണ് അവനിതു സംഭവിച്ചത്. വിശ്വാസം ഇല്ലാത്ത ഒരുവന് ദൈവത്തെ പ്രീതിപ്പെടുത്താന്‍ സാധിക്കയില്ല. ദൈവത്തിലേക്കു വരുന്ന ഏതൊരുവനും ദൈവത്തിന്‍റെ ആസ്തിത്വത്തില്‍ വിശ്വസിക്കണം. ദൈവത്തിലേക്കു വരുന്ന ഏതൊരുവനും ദൈവത്തെ സത്യമായും കണ്ടെത്താനാഗ്രഹിക്കുന്നവന് ദൈവം പ്രതിഫലം കൊടുക്കുമെന്ന് വിശ്വസിക്കണം.
അതുവരെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് നോഹ ദൈവത്താല്‍ താക്കീതു ചെയ്യപ്പെട്ടു. എന്നാല്‍ നോഹയ്ക്ക് ദൈവത്തോടു വിശ്വാസവും ആദരവും ഉണ്ടായിരുന്നു. അതിനാല്‍ അവര്‍ ഒരു പെട്ടകം തന്‍റെ കുടുംബത്തിന്‍റെ രക്ഷക്കായി നിര്‍മ്മിച്ചു. ഉറച്ച വിശ്വാസത്താല്‍ നോഹ ലോകത്തിന്‍റെ തിന്മ ലോകത്തിനു തന്നെ കാട്ടിക്കൊടുത്തു. വിശ്വാസം വഴി ദൈവമുന്പാകെ നീതീകരിക്കപ്പെട്ടവരില്‍ ഒരുവനാണ് നോഹ.
അബ്രാഹാമിനു വാഗ്ദാനം ചെയ്ത സ്ഥലത്തേക്കു ദൈവം അബ്രാഹാമിനെ വിളിച്ചു. ആ സ്ഥലം എവിടെയാണെന്നു അബ്രാഹാമിനു അറിവില്ലായിരുന്നു. എന്നാല്‍ അബ്രാഹാം ദൈവത്തെ അനുസരിക്കുകയും യാത്ര തുടങ്ങുകയും ചെയ്തു. കാരണം അബ്രാഹാമിനു വിശ്വാസം ഉണ്ടായിരുന്നു. ദൈവം അവനു വാഗ്ദാനം ചെയ്ത രാജ്യത്ത് അബ്രാഹാം താമസിച്ചു. അബ്രാഹാം ഒരു സന്ദര്‍ശകനെപ്പോലെ അവിടെ താമസിച്ചു. അബ്രാഹാമിനു വിശ്വാസം ഉള്ളതുകൊണ്ടാണ് ഇത് ചെയ്തത്. യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ അബ്രാഹാം കൂടാരങ്ങളില്‍ താമസിച്ചു. യിസ്ഹാക്കിനും യാക്കോബിനും ദൈവത്തില്‍നിന്നു അതേ വാഗ്ദാനം ലഭിച്ചു. 10 ദൈവത്തിന്‍റെ പദ്ധതിയനുസരിച്ചുള്ള യഥാര്‍ത്ഥ അടിത്തറയുള്ള നഗരത്തിനു വേണ്ടി അവന്‍ കാത്തിരിക്കുകയായിരുന്നു.
11 കുട്ടികളുണ്ടാകാന്‍ പറ്റാത്തവിധം അബ്രാഹാം വയസ്സനായിരുന്നു. സാറാ വന്ധ്യയായിരുന്നു. എന്നാല്‍ അബ്രാഹാമിനു വിശ്വാസം ഉണ്ടായിരുന്നു. അതിനാല്‍ ദൈവം അവരെ കുട്ടികളുള്ളവരാകാന്‍ കഴിവുള്ളവരാക്കി. അവന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ചെയ്യുന്നതിന് അബ്രാഹാം ദൈവത്തില്‍ ശരണം അര്‍പ്പിച്ചു. 12 ഈ മനുഷ്യന്‍ പ്രായാധിക്യത്താല്‍ മൃതപ്രായനായിരുന്നു. എന്നാല്‍ ആ ഒരു മനുഷ്യനില്‍ നിന്നുമാണ് ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ സന്തതികള്‍ ഉണ്ടായത്. കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ എണ്ണമറ്റവിധം ആളുകള്‍ അവനില്‍ നിന്ന് ഉണ്ടായി.
13 ആ മഹാന്മാരായ മനുഷ്യരെല്ലാം മരണം വരെ വിശ്വാസത്തില്‍ ജീവിച്ചു. ദൈവം ജനത്തിന് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ഒന്നും അവര്‍ക്കു കിട്ടിയില്ല. ഭാവിയില്‍ വരാനിരിക്കുന്ന കാര്യങ്ങളുടെ മനോരൂപത്തില്‍ ദൃഷ്ടിയൂന്നി അവര്‍ സന്തുഷ്ടരായി. ഈ ലോകത്തിലെ വെറും അപരിചിതരും സന്ദര്‍ശകരുമാണ് തങ്ങളെന്ന സത്യം അവര്‍ അംഗീകരിക്കുകയും അവരുടെ സ്വന്തമായ രാജ്യത്തിനായി കാത്തിരിക്കുകയും ചെയ്തു. 14 അവര്‍ സന്ദര്‍ശകര്‍ മാത്രമാണെന്നു ഇവിടെ കാണിക്കപ്പെട്ടു. 15 അവര്‍ ഉപേക്ഷിച്ച രാജ്യത്തെക്കുറിച്ച് വിചാരിക്കുകയായിരുന്നെങ്കില്‍ അവര്‍ക്കു തിരികെപ്പോകാമായിരുന്നു. 16 എന്നാല്‍ അക്കൂട്ടര്‍ മെച്ചപ്പെട്ട ഒരു രാജ്യത്തെ സ്വര്‍ഗ്ഗീയ രാജ്യത്തെ ആകാംക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു. അതിനാല്‍ അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിതനായില്ല. അക്കൂട്ടര്‍ക്കായി ദൈവം ഒരു നഗരം ഒരുക്കി.
17-18 ദൈവം അബ്രാഹാമിന്‍റെ വിശ്വാസത്തെ പരീക്ഷിച്ചു. ദൈവം അബ്രാഹാമിനോട് യിസ്ഹാക്കിനെ ഒരു യാഗമായി നല്‍കാന്‍ ആവശ്യപ്പെട്ടു. വിശ്വാസം ഉണ്ടായിരുന്നതുകൊണ്ട് അബ്രാഹാം അനുസരിച്ചു. അബ്രാഹാമിനു നേരത്തേ തന്നെ ദൈവത്തില്‍ നിന്നു വാഗ്ദാനങ്ങള്‍ കിട്ടിയിരുന്നു. “യിസ്ഹാക്കിലൂടെയാണ് നിന്‍റെ സന്തതികള്‍ വരുന്നത്” എന്നും ദൈവം നേരത്തേ തന്നെ അബ്രാഹാമിനോട് പറഞ്ഞിരുന്നു. എന്നാല്‍ അബ്രാഹാം തന്‍റെ ഏക മകനെ അര്‍പ്പിക്കുവാന്‍ തയ്യാറായിരുന്നു. വിശ്വാസം ഉള്ളതുകൊണ്ടാണ് അബ്രാഹാം ഇതു ചെയ്തത്. 19 ദൈവത്തിന് മരണത്തില്‍ നിന്നു ജനങ്ങളെ ഉയിര്‍പ്പിക്കാമെന്ന് അബ്രാഹാം വിശ്വസിച്ചു. യഥാര്‍ത്ഥത്തില്‍ യിസ്ഹാക്കിനെ കൊല്ലുന്നതില്‍ നിന്നും ദൈവം അബ്രാഹാമിനെ തടഞ്ഞപ്പോള്‍ അബ്രാഹാമിന് യിസ്ഹാക്കിനെ മരണത്തില്‍ നിന്നും തിരികെ കിട്ടിയതുപോലെയായിരുന്നു.
20 യിസ്ഹാക്ക് യാക്കോബിന്‍റെ ഭാവിയേയും ഏശാവിന്‍റെ ഭാവിയേയും അനുഗ്രഹിച്ചു. യിസ്ഹാക്ക് ഇത് ചെയ്തത് അവനു വിശ്വാസമുണ്ടായിരുന്നതിനാലാണ്. 21 യാക്കോബ് മരിക്കാറായ സമയത്തു യോസേഫിന്‍റെ ഓരോ മക്കളേയും അനുഗ്രഹിച്ചു. ഊന്നുവടിയില്‍ ഊന്നി അവന്‍ ദൈവത്തെ നമസ്കരിച്ചു. യാക്കോബിനു വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ് ഇതു ചെയ്തത്.
22 യോസേഫ് മൃതപ്രായനായപ്പോള്‍ മിസ്രയീമില്‍ നിന്നു മാറുവാന്‍ തുടങ്ങിയ യെഹൂദരെക്കുറിച്ച് സംസാരിച്ചു. തന്‍റെ ശരീരം എന്തു ചെയ്യണമെന്ന് യോസേഫ് അവരോടു പറഞ്ഞു, യോസേഫ് ഇതു പറഞ്ഞത് അവന് വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ്.
23 മോശെയുടെ ജനനത്തിനു ശേഷം മൂന്നു മാസങ്ങളോളം അവന്‍റെ അപ്പനും അമ്മയും കുട്ടിയെ ഒളിപ്പിച്ചു താമസിപ്പിച്ചു. വിശ്വാസം മൂലമാണ് അവരിങ്ങനെ ചെയ്തത്. മാത്രമല്ല, മോശെ സുമുഖനായ കുട്ടിയായിരുന്നു എന്ന് അവര്‍ കണ്ടു. ഫറവോന്‍റെ ആജ്ഞ ധിക്കരിക്കുന്നതിന് അവര്‍ക്കു ഭയമില്ലായിരുന്നു.
24 മോശെ പുരുഷത്വത്തിലേക്ക് വളര്‍ന്നു. ഫറവോന്‍റെ പുത്രിയുടെ മകനെന്നു വിളിക്കപ്പെടാന്‍ മോശെ വിസ്സമ്മതിച്ചു. 25 പാപത്തിന്‍റെ സുഖം ആസ്വദിക്കാന്‍ മോശെ കാംക്ഷിച്ചില്ല. ആ സുഖങ്ങള്‍ വേഗം അവസാനിക്കും. അതിനു പകരം ദൈവജനത്തോടൊപ്പം ക്ലേശങ്ങള്‍ സഹിക്കുന്നതു തിരഞ്ഞെടുത്തു. മോശെ ഇതു ചെയ്തതും വിശ്വാസം കൊണ്ടാണ്. 26 മിസ്രയീമിന്‍റെ എല്ലാ നിധികളുള്ളവനാകുന്നതിലും ക്രിസ്തുവിനുവേണ്ടി കഷ്ടം സഹിക്കുന്നതാണ് നല്ലത് എന്നാണ് മോശെ വിചാരിച്ചത്. ദൈവം അവനു നല്‍കുന്ന സമ്മാനത്തിനായി കാത്തിരിക്കുകയായിരുന്നു മോശെ.
27 മോശെ മിസ്രയീമില്‍ നിന്നു വിട്ടുപോന്നു. വിശ്വാസം ഉള്ളതുകൊണ്ടാണ് അവന്‍ പാലായനം ചെയ്തത്. ഫറവോന്‍റെ കോപത്തെ മോശെ ഭയന്നില്ല. ആര്‍ക്കും കാണുവാന്‍ പറ്റാത്ത ദൈവത്തെ തനിക്കു കാണാമെന്നു കരുതി മോശെ ദൃഢമായി തുടര്‍ന്നു. 28 മോശെ പെസഹാ ഒരുക്കുകയും കട്ടളപ്പടിയാല്‍ രക്തം തളിക്കുകയും ചെയ്തു. മരണദൂതന്‍ യെഹൂദരുടെ ആദ്യജാതരെ കൊല്ലാതിരിക്കാനാണ് രക്തം വാതില്‍പ്പടികളില്‍ തളിച്ചത്. മോശെ വിശ്വാസത്താല്‍ ഇങ്ങനെ ചെയ്തു.
29 മോശെ നയിച്ച എല്ലാ ജനങ്ങളും ഒരു വരണ്ട ഭൂമിയിലൂടെയെന്ന പോലെ ചെങ്കടലിലൂടെ നടന്നു കയറി. അവര്‍ക്കു വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ് ഇതിനു കഴിവുണ്ടായത്. മിസ്രയീമ്യരും ചെങ്കടല്‍ കടക്കുവാന്‍ ശ്രമിച്ചെങ്കിലും അവര്‍ മുങ്ങിപ്പോയി.
30 ദൈവജനങ്ങളുടെ വിശ്വാസം നിമിത്തം യെരീഹോയുടെ മതിലുകള്‍ തകര്‍ന്നു വീണു. (യെരീഹോയുടെ മതിലുകള്‍ക്കു ചുറ്റും ജനങ്ങള്‍ ഏഴു ദിവസം നടന്നതിനു ശേഷമാണ് അതു തകര്‍ന്നു വീണത്.)
31 വേശ്യയായ രാഹാബ് യിസ്രായേല്‍ ചാരന്മാരെ സ്വാഗതം ചെയ്യുകയും അവരെ സഹായിക്കുകയും ചെയ്തു. അവളുടെ വിശ്വാസം നിമിത്തം അനുസരിക്കാന്‍ വിസ്സമ്മതിച്ചവരെപ്പോലെ അവള്‍ കൊല്ലപ്പെട്ടില്ല.
32 ഞാനിനിയും കൂടുതല്‍ ഉദാഹരണങ്ങള്‍ തരേണ്ടതുണ്ടോ? ഗിദ്യോന്‍, ബാരാക്ക്. ശിംശോന്‍, യിപ്താഹ്, ദാവീദ്, ശമുവേല്‍ പ്രവാചകന്‍ തുടങ്ങിയവരെപ്പറ്റി എല്ലാം പറയാന്‍ എനിക്കു മതിയായ സമയമില്ല. 33 ആ മനുഷ്യര്‍ക്കെല്ലാം ഉന്നതമായ വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസം കൊണ്ട് അവര്‍ രാജ്യങ്ങളെ തോല്പിച്ചു. അവര്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുകയും വാഗ്ദത്തം ചെയ്യപ്പെട്ട കാര്യങ്ങള്‍ നേടുകയും ചെയ്തു. ചില മനുഷ്യര്‍ വിശ്വാസം കൊണ്ട് സിംഹങ്ങളുടെ വായ് അടച്ചു. 34 ചിലര്‍ വന്‍ തീ അണയ്ക്കുകയും മറ്റു ചിലര്‍ വാളാല്‍ കൊല്ലപ്പെടുന്നതില്‍ നിന്നും രക്ഷപെടുകയും ചെയ്തു. അവര്‍ അതൊക്കെ ചെയ്തത് വിശ്വാസം മൂലമാണ്. ബലഹീനര്‍ അവരുടെ വിശ്വാസംമൂലം ശക്തരാക്കപ്പെട്ടു. അവര്‍ യുദ്ധത്തില്‍ ശക്തരാകുകയും മറ്റു സൈന്യങ്ങളെ നശിപ്പിക്കുകയും ചെയ്തു. 35 മരിച്ചവരെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ച് അവരുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ക്കു തിരികെ നല്‍കി. എന്നാല്‍ മറ്റു ചില ജനങ്ങള്‍ പീഢിപ്പിക്കപ്പെടുകയും സ്വന്തം സ്വാതന്ത്ര്യം ഉപേക്ഷിക്കുകയും ചെയ്തു. അവര്‍ ഇങ്ങനെ ചെയ്തത് നല്ലൊരു ജീവിതത്തിനായി മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുവാനാണ്. 36 ചില ആള്‍ക്കാര്‍ കളിയാക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്തു. മറ്റു ചിലര്‍ ബന്ധിതരായി കാരാഗൃഹത്തിലടയ്ക്കപ്പെട്ടു. 37 ചിലര്‍ കല്ലെറിഞ്ഞു കൊല്ലപ്പെടുകയും മറ്റു ചിലര്‍ രണ്ടായി മുറിക്കപ്പെടുകയും ചെയ്തു. അവര്‍ വാളിനിരയാക്കപ്പെട്ടു. കോലാടിന്‍റെയും ചെമ്മരിയാടിന്‍റെയും തോലാണ് ചിലര്‍ ധരിക്കുന്നത്. അവര്‍ പാവങ്ങളും പീഢിതരും അന്യരാല്‍ ഉപദ്രവിക്കപ്പെടുന്നവരും ആണ്. 38 ആ മഹദ്വ്യക്തികള്‍ക്ക് ഇണങ്ങുന്നതല്ല ഈ ലോകം. ഇക്കൂട്ടര്‍ മരുഭൂമികളിലും മലനിരകളിലും അലഞ്ഞു തിരിയുന്നവരും ഗുഹകളിലും മാളങ്ങളിലും വസിക്കുന്നവരുമാണ്.
39 ഇവരെല്ലാം അവരുടെ വിശ്വാസത്തിന്‍റെ പേരില്‍ പ്രശസ്തരാണ്. എന്നാല്‍ ഇവരിലാര്‍ക്കും തന്നെ ദൈവത്തിന്‍റെ മഹത്വാഗ്ദാനം ലഭ്യമായില്ല. 40 ദൈവം കൂടുതല്‍ മെച്ചമായ കാര്യങ്ങള്‍ നമുക്കു തരുവാനായി പദ്ധതിയിട്ടു. അപ്പോള്‍ അവരും പൂര്‍ണ്ണരാക്കപ്പെടും. പക്ഷേ നമ്മോടൊപ്പം എന്നു മാത്രം.