13
നിങ്ങള്‍ ക്രിസ്തുവില്‍ സഹോദരീ സഹോദരന്മാര്‍ ആയതുകൊണ്ട് പരസ്പരം സ്നേഹത്തില്‍ തുടരുവിന്‍. വീട്ടിലേക്ക് ആള്‍ക്കാരെ സ്വീകരിച്ച് എപ്പോഴും സഹായിക്കുവിന്‍. ചിലര്‍ അങ്ങനെ ചെയ്തിട്ടുണ്ട്. ഇതുവഴി അവര്‍ ദൂതന്മാരെ അറിയാതെ തന്നെ സ്വീകരിച്ചു. കാരാഗൃഹത്തിലുള്ളവരെ മറക്കരുത്. അവരോടൊപ്പം നിങ്ങളും തടവിലിരുന്നു എന്നവണ്ണം സ്മരിക്കുക. ക്ലേശിതരെയും മറക്കരുത്. അവരോടൊപ്പം സഹിക്കുന്നവരെപ്പോലെ അവരെ ഓര്‍ക്കുക.
വിവാഹം എല്ലാവരാലും മാനിക്കപ്പെടണം. ഭാര്യാഭര്‍ത്താക്കന്മാര്‍ അന്യോന്യം വിശ്വസ്തരായിരിക്കണം. മറ്റ് ലൈംഗിക പാപങ്ങളെയും വ്യഭിചാരത്തെയും ദൈവം തീര്‍ച്ചയായും വിധിക്കും. ധനമോഹത്തില്‍ നിന്നും നിങ്ങളുടെ ജീവിതത്തെ വിടുതല്‍ ചെയ്തു പാലിക്കുക. ഉളളതുകൊണ്ടു സംതൃപ്തരാകുക. ദൈവം പറഞ്ഞു,
“ഞാന്‍ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല,
കൈവെടിയുകയുമില്ല.” ആവര്‍ത്തനം 31:6
അതിനാല്‍ ഉറപ്പിച്ച് ഇങ്ങനെ പറയാം.
“ദൈവം എന്‍റെ സഹായകനാണ്.
ഞാന്‍ ഭയപ്പെടുകയില്ല,
ജനത്തിന് എന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല.” സങ്കീര്‍ത്തനങ്ങള്‍ 118:6
നിങ്ങളുടെ നേതാക്കളെ അനുസ്മരിക്കുവിന്‍. അവര്‍ ദൈവത്തിന്‍റെ സന്ദേശം നിങ്ങളെ പഠിപ്പിച്ചു. അവര്‍ എങ്ങനെയാണ് ജീവിച്ചു മരിച്ചതെന്ന് ഓര്‍ത്ത് അവരുടെ വിശ്വാസം പകര്‍ത്തുവിന്‍. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരു പോലെ ആയിരിക്കും. എല്ലാ അപരിചിത ഉപദേശങ്ങളും നിങ്ങളെ തെറ്റായ രീതിയിലേക്കു നയിക്കുവാന്‍ അനുവദിക്കരുത്. നിങ്ങളുടെ ഹൃദയം ഭക്ഷണക്രമചട്ടങ്ങള്‍ കൊണ്ടല്ല ദൈവത്തിന്‍റെ കൃപകൊണ്ട് ശക്തിപ്പെടുത്തുവിന്‍. അത്തരം ചട്ടങ്ങള്‍ ജനങ്ങളെ സഹായിക്കയില്ല.
10 നമുക്ക് ഒരു യാഗമുണ്ട്. യെഹൂദ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്ന പുരോഹിതര്‍ക്ക് നമ്മുടെ യാഗത്തില്‍ നിന്ന് ഭക്ഷിക്കാന്‍ സാധ്യമല്ല. 11 മൃഗങ്ങളുടെ രക്തം മഹാപുരോഹിതന്‍ അതിവിശുദ്ധസ്ഥലത്തേക്കു സംവഹിക്കുന്നു. പാപപരിഹാരത്തിനു വേണ്ടി അവന്‍ രക്തം അര്‍പ്പിക്കുന്നു. എന്നാല്‍ ആ മൃഗങ്ങളുടെ ശരീരങ്ങള്‍ കൂടാരത്തിനു വെളിയില്‍ ദഹിപ്പിക്കുന്നു. 12 അതിനാല്‍ ക്രിസ്തുവും പട്ടണത്തിനു വെളിയില്‍ കഷ്ടത സഹിച്ചു. ക്രിസ്തു മരിച്ചത് അവന്‍റെ സ്വന്തം രക്തം കൊണ്ട് ജനങ്ങളെ ശുദ്ധീകരിക്കുന്നതിനാണ്. 13 അതിനാല്‍ വാസസ്ഥലത്തിനു വെളിയില്‍ ക്രിസ്തുവിനടുത്തേക്ക് നാമും പോകണം. യേശുവിനുണ്ടായ അതേ അപമാനം നാമും സ്വീകരിക്കണം. 14 ഇവിടെ ഈ ഭൂമിയില്‍ എന്നും നിലനില്‍ക്കുന്ന ഒരു പട്ടണം നമുക്കില്ല. ഭാവിയില്‍ നമുക്കു കിട്ടുന്ന ആ പട്ടണത്തെ നാം പാര്‍ത്തിരിക്കുന്നു. 15 അതിനാല്‍ ദൈവത്തിനു യാഗമര്‍പ്പിക്കുന്നത് യേശു വഴി നാം തുടരണം. ദൈവത്തിനു നമ്മുടെ നാവു കൊണ്ടുള്ള സ്തുതിയാണ് യാഗം. 16 അന്യര്‍ക്ക് സല്‍ക്കാര്യങ്ങള്‍ ചെയ്യാന്‍ മറക്കരുത്. അന്യരുമായി പങ്കുവയ്ക്കുക. ഇവയാണ് ദൈവത്തെ പ്രീതിപ്പെടുത്തുന്ന യാഗങ്ങള്‍.
17 നിങ്ങളുടെ നേതാക്കളെ അനുസരിക്കുകയും അവരോടു വിധേയത്വം ഉള്ളവരാകുകയും ചെയ്യുക.നിങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്കാണ്. അതിനാല്‍ നിങ്ങളുടെ ആത്മാക്കളുടെ സംരക്ഷണത്തിന് അവര്‍ നിങ്ങളില്‍ ശ്രദ്ധവെക്കുന്നു. അവര്‍ സന്താപം ഒട്ടും ഇല്ലാതെ പൂര്‍ണ്ണ സന്തോഷത്തോടെ അവരുടെ ജോലി ചെയ്യേണ്ടതിന് അവരെ അനുസരിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്കു നല്ലതല്ല.
18 ഞങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കുക. എന്തുകൊണ്ടെന്നാല്‍ ഞങ്ങളുടെ ഹൃദയം സത്യസന്ധമാണെന്നും ഞങ്ങള്‍ എപ്പോഴും ശരിയായ കാര്യങ്ങള്‍ മെച്ചമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും ഉള്ളതിനാല്‍ ഞങ്ങള്‍ക്കുറപ്പുണ്ട്. 19 നിങ്ങളുടെ അടുത്തേക്ക് ദൈവം എന്നെ തിരികെ അയയ്ക്കുവാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് ഞാനഭ്യര്‍ത്ഥിക്കുന്നു. മറ്റെന്തിനെക്കാളും ഞാനിതാഗ്രഹിക്കുന്നു.
20-21 അവനാഗ്രഹിക്കുന്ന കാര്യങ്ങളുടെ നിര്‍വ്വഹണത്തിനായി നിങ്ങള്‍ക്കാവശ്യമുള്ള എല്ലാ നല്ല കാര്യങ്ങളും സമാധാനത്തിന്‍റെ ദൈവം നല്‍കണമേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുവിനെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ചവനാണ് ദൈവം. അവന്‍റെ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കര്‍ത്താവായ യേശുവിനെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ചതു ദൈവമാകുന്നു. യേശു ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ അവന്‍റെ ചൊരിയപ്പെട്ട രക്തത്തിന്‍റെ ശക്തി അവനോടു കൂടെ ഉണ്ടായിരുന്നു. എന്നെന്നേക്കും നിലനില്‍ക്കുന്ന നിയമം തുടങ്ങിയത് അവന്‍റെ രക്തമാണ്. അവനെ പ്രീതനാക്കുന്ന കാര്യങ്ങള്‍ ദൈവം നമ്മില്‍ ചെയ്യട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുക്രിസ്തു വഴി അവന്‍ ആ കാര്യങ്ങള്‍ ചെയ്യണമെന്നു ഞാന്‍ ആവശ്യപ്പെടും. യേശുവിന് എന്നും മഹത്വം ഉണ്ടാകട്ടെ ആമേന്‍.
22 ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കണമെന്നു എന്‍റെ സഹോദരീ സഹോദരന്മാരേ ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു. നിങ്ങളെ ശക്തിപ്പെടുത്താനാണ് ഞാന്‍ ഈ കാര്യങ്ങള്‍ പറഞ്ഞത്. ഈ കത്ത് അത്ര ദീര്‍ഘവും അല്ല. 23 തിമൊഥെയൊസ് ജയില്‍ വിമുക്തനായി എന്നത് നിങ്ങളറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ വേഗം എന്‍റെയടുത്തേക്കു വരികയാണെങ്കില്‍ ഞങ്ങള്‍ രണ്ടുപേരും നിങ്ങളെ കാണാന്‍ വരും.
24 നിങ്ങളുടെ എല്ലാ നേതാക്കന്മാര്‍ക്കും എല്ലാ ദൈവജനത്തിനും വന്ദനം പറയുവിന്‍. ഇതല്യയിലെ വിശ്വാസികള്‍ നിങ്ങളെ വന്ദനം ചെയ്യുന്നു.
25 ദൈവകൃപ നിങ്ങളോടെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.