ക്രിസ്തു നമ്മുടെ സഹായകന്‍
2
എന്‍റെ പ്രിയ മക്കളേ, നിങ്ങള്‍ പാപം ചെയ്യരുത് എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞാന്‍ ഇത് എഴുതുന്നത്. പക്ഷേ ഏതെങ്കിലും ഒരുവന്‍ പാപം ചെയ്താല്‍ പിതാവിന്‍റെ മുന്പില്‍ നമുക്കുവേണ്ടി ന്യായീകരിക്കുന്ന നീതിമാനായ യേശുക്രിസ്തുവുണ്ട്. നമ്മുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണ് ക്രിസ്തു. എല്ലാ മനുഷ്യരുടെയും പാപങ്ങള്‍ മാറ്റിക്കളയാനുള്ള പാതയാണ് ക്രിസ്തു.
ദൈവം നമ്മോടു ആജ്ഞാപിച്ച കാര്യങ്ങള്‍ നാം അനുസരിക്കുകയാണെങ്കില്‍ നമുക്കു സത്യമായും ദൈവത്തെ അറിയാം എന്നുള്ളത് നിശ്ചയമാണ്. ഒരുവന്‍ “എനിക്കു ദൈവത്തെ അറിയാം” എന്നു പറയുകയും ദൈവകല്പനകളെ ധിക്കരിക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ നുണയനാണ്. സത്യം അവനില്‍ ഇല്ല. എന്നാല്‍ ഒരുവന്‍, ദൈവത്തിന്‍റെ ഉപദേശം അനുസരിക്കുന്പോള്‍ ദൈവത്തിന്‍റെ സ്നേഹം അവനില്‍ സത്യമായും അതിന്‍റെ ലക്ഷ്യം കൈവരിച്ചു. ഇങ്ങനെയാണ് നാം ദൈവത്തെ പിന്തുടരുകയാണെന്ന് അറിയുന്നത്. ഒരുവന്‍ ദൈവത്തില്‍ ജീവിക്കുന്നു എന്നു പറയുകയാണെങ്കില്‍ അവന്‍ ക്രിസ്തു ജീവിച്ചതുപോലെ ജീവിക്കണം.
അന്യരെ സ്നേഹിക്കണം
എന്‍റെ പ്രിയ സ്നേഹിതരേ, പുതിയൊരു കല്പനയല്ല ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. ആദി മുതല്‍ക്കേ നിങ്ങള്‍ക്ക് ഉണ്ടായിരുന്ന അതേ കല്പനയാണ് ഞാന്‍ എഴുതുന്നത്. നേരത്തേ തന്നെ കേട്ട ഉപദേശമാണ് ഈ കല്പനകള്‍. എന്നിരിക്കിലും പുതിയൊരു കല്പനയായാണ് ഞാന്‍ ഇതെഴുതുന്നത്. ഈ കല്പന സത്യം ആണ്; അതിന്‍റെ സത്യം യേശുവിലും നിങ്ങളിലും നിങ്ങള്‍ക്കു കാണുവാന്‍ സാധിക്കും. ഇരുള്‍ മാഞ്ഞു പോകുകയും സത്യപ്രകാശം മുന്നേതന്നെ പ്രകാശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ഒരുവന്‍ “ഞാന്‍ പ്രകാശത്തിലാണ്” എന്നു പറയുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ ഇപ്പോഴും അന്ധകാരത്തിലാണ്. 10 തന്‍റെ സഹോദരനെ സ്നേഹിക്കുന്നവന്‍ പ്രകാശത്തിലായിരിക്കുകയും തെറ്റ് ചെയ്യിക്കുന്ന ഒന്നും അവനില്‍ ഇല്ലാതിരിക്കുകയും ചെയ്യും. 11 എന്നാല്‍ തന്‍റെ സഹോദരനെ വെറുക്കുന്നവന്‍ ഇരുളിലാണ്. അവന്‍ ജീവിക്കുന്നത് ഇരുട്ടിലാണ്. എങ്ങോട്ടാണ് താന്‍ പോകുന്നതെന്ന് അവനറിഞ്ഞുകൂടാ. എന്തുകൊണ്ടെന്നാല്‍ ഇരുള്‍ അവനെ അന്ധനാക്കി.
12 നിങ്ങളുടെ പാപങ്ങള്‍ യേശു വഴി ക്ഷമിക്കപ്പെട്ടതുകൊണ്ട് പ്രിയമക്കളേ,
ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു.
13 ആദിമുതല്‍ക്കേ ഉണ്ടായിരുന്നവനെ നിങ്ങള്‍ അറിഞ്ഞിരിക്കയാല്‍ പിതാക്കന്മാരേ,
നിങ്ങള്‍ക്കു ഞാന്‍ ഇതെഴുതുന്നു.
ദുഷ്ടനെ ജയിച്ചിരിക്കയാല്‍ യുവാക്കളേ,
ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നു.
14 പിതാവിനെ അറിയാമെന്നതുകൊണ്ട് മക്കളേ,
ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു.
ആദിമുതല്‍ നിലനിന്നവനെ നിങ്ങള്‍ക്ക് അറിയാമെന്നതുകൊണ്ട് പിതാക്കന്മാരേ,
ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നു. നിങ്ങള്‍
കരുത്തരായതുകൊണ്ട് യുവാക്കളേ,
ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു.
ദൈവത്തിന്‍റെ വചനം നിങ്ങളില്‍ ജീവിക്കുകയും നിങ്ങള്‍ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു.
15 ലോകത്തെയോ അതിലുള്ളവയെയോ സ്നേഹിക്കരുത്. ഒരുവന്‍ ലോകത്തെ സ്നേഹിക്കുന്നുവെങ്കില്‍ പിതാവിന്‍റെ സ്നേഹം അവനിലില്ല. 16 ലോകത്തിലെ ദുഷ്ക്കാര്യങ്ങള്‍ ഇവകളാണ്. പാപം നിറഞ്ഞ സ്വയത്തെ പ്രീതിപ്പെടുത്താനുള്ള നമ്മുടെ കാമം, നാം കാണുന്ന ദുഷ്ടത നിറഞ്ഞ കാര്യങ്ങള്‍ സ്വന്തമാക്കാനുള്ള കാമം, നമ്മുടെ സ്വത്തുക്കളിലുള്ള നമ്മുടെ അഹങ്കാരം. എന്നാല്‍ ഇവയൊന്നും പിതാവായ ദൈവത്തില്‍നിന്നുള്ളതല്ല. അത്തരം കാര്യങ്ങള്‍ ലോകത്തില്‍ നിന്നാണ് വരുന്നത്. 17 ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നു. ലോകത്തിലെ ജനങ്ങളുടെ ആഗ്രഹവും മാറിപ്പോകുന്നു. എന്നാല്‍ ദൈവം ആഗ്രഹിക്കുന്നതു ചെയ്യുന്നവന്‍ എക്കാലവും ജീവിക്കും.
ക്രിസ്തുവിന്‍റെ ശത്രുക്കളെ അനുകരിക്കരുത്
18 പ്രിയമക്കളേ, ഇത് അന്ത്യനാഴിക ആയിരിക്കുന്നു. ക്രിസ്തുവിന്‍റെ ശത്രു എതിര്‍ ക്രിസ്തു വന്നുകൊണ്ടിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇവിടെ ഇപ്പോള്‍ ക്രിസ്തുവിന്‍റെ ശത്രുക്കള്‍ ധാരാളം ഉണ്ട്. അതുകൊണ്ട് ഇത് അന്ത്യനാഴിക ആകുന്നുവെന്ന് നമുക്കറിയാം. 19 ക്രിസ്തുവിന്‍റെ ആ ശത്രുക്കള്‍ നമ്മുടെ ഇടയിലുണ്ടായിരുന്നു. പക്ഷെ അവര്‍ നമ്മില്‍ നിന്ന് പുറത്തുപോയി. യഥാര്‍ത്ഥത്തില്‍ അവര്‍ നമ്മിലുള്ളവരല്ല. അവര്‍ സത്യത്തില്‍ നമ്മുടേതായിരുന്നുവെങ്കില്‍ അവര്‍ നമ്മോടൊപ്പം വസിക്കുമായിരുന്നു. പക്ഷേ അവര്‍ പോയി. അവര്‍ നമ്മുടെ ആള്‍ക്കാര്‍ അല്ല എന്ന് ഇത് തെളിയിക്കുന്നു.
20 പരിശുദ്ധനായവന്‍ (ദൈവം അഥവാ ക്രിസ്തു) നിങ്ങള്‍ക്ക് തന്ന ദാനം നിങ്ങള്‍ക്കുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സത്യം അറിയാം. 21 എന്തുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്? നിങ്ങള്‍ക്ക് സത്യം അറിയാന്‍ പാടില്ലാത്തതുകൊണ്ടാണോ? അല്ല, നിങ്ങള്‍ക്ക് സത്യം അറിയാം എന്നുള്ളതുകൊണ്ടാണ് ഞാന്‍ എഴുതുന്നത്. കളവൊന്നും സത്യത്തില്‍ നിന്ന് വരുന്നില്ല എന്നും നിങ്ങള്‍ക്കറിയാം.
22 അതുകൊണ്ട് ആരാണ് നുണയന്‍? യേശു, ക്രിസ്തു അല്ല എന്നു പറയുന്ന വ്യക്തിയാണ്. യേശു, ക്രിസ്തു അല്ല എന്നു പറയുന്നവന്‍ ക്രിസ്തുവിന്‍റെ ശത്രുവാണ്. ആ വ്യക്തി പിതാവിലോ അവന്‍റെ പുത്രനിലോ വിശ്വസിക്കുന്നില്ല. 23 ഒരുവന്‍ പുത്രനില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവനു പിതാവില്ല. പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്.
24 ആദിമുതല്‍ക്കേ നിങ്ങള്‍ കേട്ട ഉപദേശമാണ് പിന്തുടരുന്നതെന്ന് ഉറപ്പാക്കിക്കൊള്ളുക. നിങ്ങളതില്‍ തന്നെ തുടരുന്നു എങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിലനില്‍ക്കും. 25 ഇതാണ് പുത്രന്‍ സ്വയമായിത്തന്നെ നമുക്കു വാഗ്ദാനം ചെയ്തിരിക്കുന്നത് - “നിത്യജീവന്‍.”
26 നിങ്ങളെ തെറ്റായ പാതയിലേക്കു നയിക്കാന്‍ ശ്രമിക്കുന്ന ആള്‍ക്കാരെപ്പറ്റിയാണ് ഞാനെഴുതുന്നത്. 27 എന്നാല്‍ ക്രിസ്തുവില്‍ നിന്നു ലഭിച്ച ദാനം നിങ്ങളില്‍ നിലനില്‍ക്കുന്നു. അതുകൊണ്ട് ഒരു അദ്ധ്യാപകനെ നിങ്ങള്‍ക്കാവശ്യമില്ല. നിങ്ങള്‍ക്കു ലഭിച്ച ദാനം നിങ്ങളെ എല്ലാം പഠിപ്പിക്കും. ഈ ദാനം സത്യമാണ്. ഭോഷ്ക്കല്ല. അതുകൊണ്ട് അവന്‍റെ ദാനം നമ്മെ പഠിപ്പിച്ചതുപോലെ ക്രിസ്തുവില്‍ തുടര്‍ന്നും ജീവിക്കുക.
28 അതെ, പ്രിയമക്കളേ, അവനില്‍ ജീവിക്കുക. ഇതു നമ്മള്‍ ചെയ്യുകയാണെങ്കില്‍ ക്രിസ്തുവിന്‍റെ തിരിച്ചുവരവില്‍ ആ ദിവസം ഭീതികൂടാതെ കഴിയാം. അവന്‍ വരുന്പോള്‍ നമുക്ക് നാണിച്ച് മറഞ്ഞിരിക്കേണ്ടതായി വരില്ല. 29 ക്രിസ്തു നീതിമാനാണെന്നു നിങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് ന്യായം ചെയ്യുന്ന ഏവനും ദൈവപൈതലാണ്.