നാം ദൈവമക്കളാണ്
3
പിതാവ് നമ്മെ ഏറെ സ്നേഹിച്ചു. അവന്‍റെ സ്വന്തം മക്കള്‍ എന്നു നമ്മെ വിളിച്ചതില്‍ നിന്നും അതു മനസ്സിലാക്കാം. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ദൈവമക്കളാണ്. ലോകത്തിലെ ജനങ്ങള്‍ക്കു ദൈവത്തെ അറിയാത്തതുകൊണ്ട് നാം ദൈവമക്കളാണെന്നതു അവര്‍ക്കു മനസ്സിലാക്കാന്‍ കഴികയില്ല. പ്രിയ സ്നേഹിതരേ, ഇപ്പോള്‍ നാം ദൈവമക്കളാണ്. ഭാവിയില്‍ നാം എന്തായിരിക്കും എന്ന് ഇന്നുവരെ നമ്മെ കാണിച്ചിട്ടില്ല. എന്നാല്‍ ക്രിസ്തു വരുന്പോള്‍ നാം അവനെപ്പോലായിരിക്കും എന്ന് നാമറിയുന്നു. അവന്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയോ അങ്ങനെ തന്നെ നാം അവനെ കാണും. ക്രിസ്തു പരിശുദ്ധനാണ്. ക്രിസ്തുവില്‍ ഈ പ്രത്യാശയുള്ളവര്‍ എല്ലാവരും ക്രിസ്തു പരിശുദ്ധനായിരിക്കുന്നതുപോലെ തങ്ങളെ തന്നെ വിശുദ്ധിയില്‍ കാക്കും.
ഒരാള്‍ തെറ്റു ചെയ്യുന്പോള്‍, അയാള്‍ ദൈവത്തിന്‍റെ ന്യായപ്രമാണം ലംഘിക്കുന്നു. അതെ, നമ്മള്‍ പാപം ചെയ്യുന്നതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിന് എതിരായി ജീവിക്കുന്നതിനു തുല്യമാണ്. പാപം ഇല്ലാതാക്കുന്നതിനാണ് ക്രിസ്തു വന്നതെന്ന് നിങ്ങള്‍ക്കറിയാം. ക്രിസ്തുവില്‍ തിന്മ ഇല്ല. അതുകൊണ്ട് ക്രിസ്തുവില്‍ ജീവിക്കുന്നവന്‍ പാപജീവിതം തുടരില്ല. ഒരുവന്‍ തെറ്റു ചെയ്തുകൊണ്ടേയിരിക്കുകയാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ അവന്‍ ഒരിക്കലും ക്രിസ്തുവിനെ മനസ്സിലാക്കുകയോ അറിയുകയോ ചെയ്തിട്ടില്ല.
രിയ മക്കളേ, തെറ്റായ രീതിയിലേക്കു നയിക്കുവാന്‍ ഒരു വ്യക്തിയെയും അനുവദിക്കരുത്. ക്രിസ്തു നീതിമാനാണ്. ക്രിസ്തുവിനെപ്പോലെ നല്ലവനാകണമെങ്കില്‍ സത്യമായതു പ്രവര്‍ത്തിക്കണം. ആദിമുതലേ പിശാച് പാപം ചെയ്തുകൊണ്ടിരിക്കുന്നു. പാപം ചെയ്തുകൊണ്ടേയിരിക്കുന്നവന്‍ പിശാചിനുള്ളവനാണ്. പിശാചിന്‍റെ പണികളെ നശിപ്പിക്കുവാനാണ് ദൈവപുത്രന്‍ വന്നത്.
ഒരു വ്യക്തിയെ ദൈവം തന്‍റെ കുഞ്ഞാക്കുന്പോള്‍ അവന്‍ പാപം ചെയ്യുന്നതു തുടരുന്നില്ല. എന്തുകൊണ്ടെന്നാല്‍, ദൈവം അവനു നല്‍കിയ പുതുജീവന്‍ അവനില്‍ കുടികൊള്ളുന്നു. അതുകൊണ്ട് അവന് തിന്മ തുടരുന്നതിനു കഴിവില്ല. എന്തുകൊണ്ടെന്നാല്‍ അവന്‍ ദൈവത്തിന്‍റെ ഒരു മകനായി മാറി. 10 അതുകൊണ്ട് ദൈവത്തിന്‍റെ മക്കളാരെന്നു നമുക്കു കാണുവാന്‍ സാധിക്കും. അതുപോലെ പിശാചിന്‍റെ സന്തതികളെയും നമുക്കു കാണാന്‍ സാധിക്കും. നീതി ചെയ്യാത്തവര്‍ ദൈവത്തിന്‍റെ മക്കളല്ല. അതുപോലെ തന്‍റെ സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിന്‍റെ പൈതലല്ല.
നാം പരസ്പരം സ്നേഹിക്കണം
11 നാം പരസ്പരം സ്നേഹിക്കണം എന്നതാണ് നിങ്ങള്‍ ആദ്യം മുതലേ കേട്ടിട്ടുള്ള ഉപദേശം. 12 കയീനെപ്പോലാകരുത്. കയീന്‍ ദുഷ്ടനുള്ളവനാണ്. കയീന്‍ അവന്‍റെ സഹോദരനെ കൊന്നു. പക്ഷേ, എന്തിനാണ് കയീന്‍ സഹോദനെ കൊന്നത്? കയീന്‍ ചെയ്തത് ദുഷ്ടതയും അവന്‍റെ സഹോദരന്‍ ചെയ്ത കാര്യങ്ങള്‍ നല്ലതുമായിരുന്നു എന്നതാണ് കാരണം.
13 സഹോദരങ്ങളേ, ഈ ലോകത്തിന്‍റെ ആള്‍ക്കാര്‍ നിങ്ങളെ വെറുക്കുന്പോള്‍ നിങ്ങള്‍ അതിശയിക്കരുത്. 14 നമുക്കറിയാം നാം മരണത്തെ ഉപേക്ഷിച്ചു ജീവനിലേക്കു വന്നവരാണെന്ന്. നാം യേശുക്രിസ്തുവില്‍ നമ്മുടെ സഹോദരങ്ങളെ സ്നേഹിക്കുന്നതുകൊണ്ട് ഇതു നമുക്കറിയാം. സ്നേഹിക്കാത്ത വ്യക്തി ഇപ്പോഴും മരണത്തിലാണ്. 15 തന്‍റെ സഹോദരനെ വെറുക്കുന്ന ഏവനും കൊലപാതകി ആണ്. ഒരു കൊലയാളിക്കും നിത്യജീവന്‍ ഇല്ല എന്നു നിങ്ങള്‍ക്കറിയാം.
16 യഥാര്‍ത്ഥ സ്നേഹം എന്താണെന്ന് ഇങ്ങനെയാണ് നാം അറിയുന്നത്.ക്രിസ്തു അവന്‍റെ ജീവനെ നമുക്കായി തന്നു. അതുകൊണ്ട് നമ്മുടെ ജീവനെ ക്രിസ്തുവിലുളള നമ്മുടെ സഹോദരീ സഹോദരങ്ങള്‍ക്കായി നാം നല്‍കണം. യഥാര്‍ത്ഥസ്നേഹം എന്താണെന്ന് ഇങ്ങനെയാണ് നാം അറിയുന്നത്. 17 ഒരു വിശ്വാസി അവന് ആവശ്യമുള്ളവയെല്ലാം ഉണ്ടായിരിക്കാന്‍ തക്ക സന്പന്നനെന്നു വിചാരിക്കുക. തനിക്ക് അത്യാവശ്യമുള്ളതുകൂടി ഇല്ലാത്ത ദരിദ്രനായ തന്‍റെ സഹോദരനെ അവന്‍ കാണുന്നു. സന്പത്തുണ്ടായിട്ടും ദരിദ്രനായ സഹോദരനെ സഹായിക്കാത്ത അവനെന്തു വിശ്വാസി? അപ്പോള്‍ ആ ഉള്ളവന്‍റെ (സന്പന്നന്‍) ഹൃദയത്തില്‍ ദൈവസ്നേഹം കാണില്ല. 18 എന്‍റെ മക്കളേ, നമ്മുടെ സ്നേഹം വെറും വാക്കുകളും പറച്ചിലുകളും ആകരുത്. ഇല്ല, നമ്മുടെ സ്നേഹം യഥാര്‍ത്ഥമായിരിക്കണം. നമ്മുടെ പ്രവൃത്തിയിലൂടെ സ്നേഹം വ്യക്തമാക്കുകയും വേണം.
19-20 അങ്ങനെയാണ് നാം സത്യത്തിലുള്ളവരെന്നു അറിയുക. നമ്മുടെ ഹൃദയം നമ്മെ കുറ്റബോധം ഉള്ളവരാക്കുന്പോഴും സമാധാനത്തോടെ ദൈവമുന്പാകെ നില്‍ക്കുവാന്‍ ഇപ്പോഴും കഴിയുന്നതെന്തുകൊണ്ട്? ദൈവം നമ്മുടെ ബോധത്തെക്കാള്‍ അതീതനാണ്. ദൈവത്തിന് എല്ലാം അറിയാം.
21 പ്രിയ സ്നേഹിതരേ, നാം ചെയ്യുന്നതു തെറ്റല്ലെന്നു നമുക്ക് നിശ്ചയമുണ്ടെങ്കില്‍ നമുക്ക് ആത്മധൈര്യത്തോടെ ദൈവത്തിന്‍റെ അടുക്കല്‍ വരാന്‍ കഴിയും. 22 നാം ആവശ്യപ്പെടുന്നതു ദൈവം തരികയും ചെയ്യും. നമുക്ക് ഇത് ലഭിക്കുന്നത് ദൈവകല്പനകളെ അനുസരിക്കുന്നതുകൊണ്ടും അവനെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ടുമാണ്. 23 അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ വിശ്വസിക്കാനും പരസ്പരം സ്നേഹിക്കുവാനുമാണ് ദൈവം നമ്മോടു കല്പിക്കുന്നത്. 24 ദൈവകല്പനകളെ അനുസരിക്കുന്നവര്‍ ദൈവത്തില്‍ ജീവിക്കുന്നു. ദൈവം അവനില്‍ വസിക്കുകയും ചെയ്യുന്നു. ദൈവം നമ്മില്‍ കുടികൊള്ളുന്നു എന്ന് നമുക്ക് എങ്ങനെ അറിയാന്‍ സാധിക്കും? ദൈവം നമുക്ക് തന്ന ആത്മാവിനാല്‍ നമുക്കതറിയാം.