യോഹന്നാന്‍ വ്യാജപ്രവാചകര്‍ക്കെതിരെ താക്കീതു നല്‍കുന്നു
4
1 പ്രിയരേ, ലോകത്തില്‍ ഇപ്പോള്‍ ധാരാളം വ്യാജപ്രവാചകന്മാര്‍ ഉണ്ട്. അതുകൊണ്ട് എല്ലാ ആത്മാക്കളെയും വിശ്വസിക്കരുത്. ദൈവത്തില്‍നിന്നുള്ളതാണോ അതെന്നു വിവേചിച്ചറിയുക.
2 ദൈവത്തിന്‍റെ ആത്മാവാണെന്ന് തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് ഇങ്ങനെ കഴിയും, “ഭൂമിയിലേക്ക് വന്ന് മനുഷ്യനായിത്തീര്‍ന്ന യേശുക്രിസ്തുവാണെന്ന് അംഗീകരിക്കുന്നവന്” ദൈവാത്മാവുണ്ട്.
3 യേശുവിനെപ്പറ്റി ഇങ്ങനെ അംഗീകരിക്കുവാന്‍ വിസ്സമ്മതിക്കുന്നവന്‍ ദൈവത്തില്‍നിന്നുള്ളവനല്ല. അത് ക്രിസ്തുവിന്‍റെ ശത്രുവിന്‍റെ ആത്മാവാണ്. ക്രിസ്തുവിന്‍റെ ശത്രു വരുന്നുവെന്ന് നിങ്ങള്‍ കേട്ടു. അവന്‍ ഇപ്പോള്‍ ഈ ഭൂമിയില്‍ തന്നെയുണ്ട്.
4 പ്രിയ മക്കളേ, നിങ്ങള്‍ ദൈവത്തിനുള്ളവരാണ്. അതുകൊണ്ട് വ്യാജപ്രവാചകരെ നിങ്ങള്‍ തോല്പിച്ചു. എന്തുകൊണ്ടെന്നാല്‍ നിങ്ങളിലുള്ള ദൈവം ലോകത്തില്‍ ഉള്ളവനേക്കാള്‍ ഉന്നതനാണ്.
5 വ്യാജപ്രവാചകര്‍ ലോകത്തിന്‍റെതാണ്. അതുകൊണ്ട് അവര്‍ പറയുന്ന കാര്യങ്ങളും ലോകത്തില്‍ നിന്നുള്ളതാണ്. ലോകമാകട്ടെ അവര്‍ പറയുന്നതു ശ്രദ്ധിക്കുകയും ചെയ്യുന്നു.
6 പക്ഷെ നമ്മള്‍ ദൈവത്തില്‍ നിന്നുമാണ്. അതുകൊണ്ട് ദൈവത്തെ അറിയാവുന്നവര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നു. എന്നാല്‍ ദൈവത്തില്‍ നിന്നല്ലാത്തവര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. അവര്‍ ഞങ്ങള്‍ പറയുന്നത് ശ്രവിക്കുന്നില്ല. അങ്ങനെയാണ് സത്യാത്മാവിനെയും അസത്യാത്മാവിനെയും ഞങ്ങള്‍ അറിയുന്നത്.
സ്നേഹം ദൈവത്തില്‍നിന്ന്
7 പ്രിയരേ, സ്നേഹം ദൈവത്തില്‍നിന്നും വരുന്നതുകൊണ്ട് നാം പരസ്പരം സ്നേഹിക്കണം. സ്നേഹിക്കുന്ന വ്യക്തി ദൈവത്തിന്‍റെ കുഞ്ഞായിത്തീരുന്നു.
8 സ്നേഹിക്കുന്നവനു ദൈവത്തെ അറിയാം. ദൈവം സ്നേഹമായതുകൊണ്ട് സ്നേഹിക്കാത്ത വ്യക്തി ദൈവത്തെ അറിയുന്നില്ല.
9 ദൈവം തന്‍റെ ഏകപുത്രനെ അവനിലൂടെ നമുക്കു നിത്യജീവന്‍ ലഭിക്കുന്നതിനായി ലോകത്തിലേക്ക് അയച്ചുകൊണ്ടാണ് നമ്മോടുള്ള സ്നേഹം പ്രദര്‍ശിപ്പിച്ചത്.
10 യഥാര്‍ത്ഥസ്നേഹം ദൈവത്തിനു നമ്മോടുള്ള സ്നേഹമാണ്. അല്ലാതെ ദൈവത്തോടു നമുക്കുള്ള സ്നേഹമല്ല. നമ്മുടെ പാപങ്ങളെ പോക്കുവാനുള്ള മാര്‍ഗ്ഗമായിട്ടാണ് ദൈവം തന്‍റെ പുത്രനെ അയച്ചത്.
11 ദൈവം അത്രമാത്രം നമ്മെ സ്നേഹിച്ചു, പ്രിയരേ, അതുകൊണ്ട് നമ്മളും പരസ്പരം എപ്പോഴും സ്നേഹിക്കണം.
12 ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല. എന്നാല്‍ നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കില്‍ ദൈവം നമ്മില്‍ ജീവിക്കുന്നു. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കില്‍ ദൈവത്തിന്‍റെ സ്നേഹം അതിന്‍റെ ലക്ഷ്യം പ്രാപിച്ചിരിക്കുന്നു, ഇത് നമ്മില്‍ പൂര്‍ണ്ണമാക്കപ്പെട്ടിരിക്കുന്നു.
13 നമുക്കറിയാം ദൈവം നമ്മിലും നാം അവനിലും ജീവിക്കുന്നു എന്ന്. ഇത് നമുക്കറിയാന്‍ സാധിക്കുന്നത് ദൈവം അവന്‍റെ ആത്മാവിനെ നമുക്കു തന്നതുകൊണ്ടാണ്.
14 ലോകരക്ഷകനായിരിക്കുവാനാണ് ദൈവം തന്‍റെ പുത്രനെ അയച്ചതെന്ന് നാം കണ്ടു കഴിഞ്ഞു. അതാണു ജനങ്ങളോടു നാം ഇപ്പോള്‍ പറയുന്നത്.
15 “യേശു ദൈവപുത്രനെന്നു ഞാന്‍ വിശ്വസിക്കുന്നു” എന്ന് ഒരുവന്‍ പറയുന്നുവെങ്കില്‍ ദൈവം അവനിലുണ്ട്. അവന്‍ ദൈവത്തില്‍ വസിക്കുകയും ചെയ്യുന്നു.
16 അതുകൊണ്ട് ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെക്കുറിച്ച് നമുക്കറിയാം. ആ സ്നേഹത്തില്‍ വിശ്വസിക്കുവാനും നാം പഠിച്ചിട്ടുണ്ട്.
ദൈവം സ്നേഹമാണ്. സ്നേഹത്തില്‍ ജീവിക്കുന്നവന്‍ ദൈവത്തില്‍ ജീവിക്കുന്നു. ദൈവവും അവനില്‍ വസിക്കുന്നു.
17 ദൈവസ്നേഹം നമ്മില്‍ പരിപൂര്‍ണ്ണമാക്കപ്പെട്ടുവെങ്കില്‍ ദൈവം വിധിക്കുന്ന ആ ദിനത്തില്‍ ഭീതികൂടാതെ കഴിയാം. ഈ ലോകത്തില്‍ നാം ക്രിസ്തുവിനെപ്പോലെ ആയിരിക്കുന്നതു കൊണ്ട് നാം ഭീതിയില്ലാതെയിരിക്കും.
18 എവിടെ ദൈവസ്നേഹമുണ്ടോ അവിടെ ഭീതിയില്ല. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ പൂര്‍ണ്ണസ്നേഹം ഭീതിയെ പുറത്താക്കുന്നു. ദൈവത്തിന്‍റെ ശിക്ഷയാണ് ഒരുവനെ ഭീതിദനാക്കുന്നത്. അപ്പോള്‍ പേടിയുള്ള ഒരുവനില്‍ ദൈവസ്നേഹം പൂര്‍ണ്ണമാക്കപ്പെട്ടിട്ടില്ല.
19 ദൈവം ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ട് നാം സ്നേഹിക്കുന്നു.
20 “ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു” എന്നൊരുവന്‍ പറയുകയും തന്‍റെ സഹോദരനെയോ സഹോദരിയെയോ വെറുക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ ഒരു നുണയനാണ്. അവന് തന്‍റെ സഹോദരനെ കാണാന്‍ കഴിയുമെങ്കിലും അവനെ അവന്‍ വെറുക്കുന്നു. അതുകൊണ്ട് അത്തരം ഒരുവന് ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കില്ല. കാരണം അവന്‍ ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല എന്നതുതന്നെ.
21 ദൈവത്തെ സ്നേഹിക്കുന്ന ഒരുവന്‍ തന്‍റെ സഹോദരനെയും സ്നേഹിച്ചിരിക്ക ണം എന്ന കല്പന അവന്‍ തന്നിരിക്കുന്നു.