യോഹന്നാന്‍ എഴുതിയ രണ്ടാം ലേഖനം
1
1 തെരഞ്ഞെടുക്കപ്പെട്ട വനിതയ്ക്കും അവളുടെ മക്കള്‍ക്കും മൂപ്പന്‍ അഭിവാദ്യങ്ങള്‍ നേരുന്നു:
നിങ്ങളെ എല്ലാവരെയും സത്യത്തില്‍ ഞാന്‍ സ്നേഹിക്കുന്നു.
സത്യം അറിയാവുന്ന ഏവരും നിങ്ങളെ സ്നേഹിക്കുന്നു.
2 നമ്മളില്‍ ജീവിക്കുന്ന സത്യം കാരണം ആണ് ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നത്. ഈ സത്യം എക്കാലവും നമ്മോടൊപ്പം ഉണ്ടാകും.
3 പിതാവായ ദൈവത്തില്‍ നിന്നും അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ നിന്നും കൃപയും, കരുണയും, സമാധാനവും നമ്മോടൊത്തുണ്ടായിരിക്കും. ഈ അനുഗ്രഹങ്ങള്‍ സത്യത്തിലൂടെയും സ്നേഹത്തിലൂടെയും നാം സ്വീകരിക്കുന്നു.
4 നിന്‍റെ മക്കളില്‍ ചിലര്‍ പിതാവായ ദൈവത്തോട് കല്പിച്ചതുപോലെയുള്ള സത്യത്തിന്‍റെ പാത പിന്തുടരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
5 ഇപ്പോള്‍, പ്രിയ വനിതേ, ഞാന്‍ നിന്നോടു അഭ്യര്‍ത്ഥിക്കുന്നു: നമ്മള്‍ എല്ലാവരും അന്യോന്യം സ്നേഹിക്കണം. ഇതൊരു പുതിയ കല്പനയല്ല. ആദിമുതലേ നമുക്കു ഉണ്ടായിരുന്ന അതേ കല്പനയാണ്.
6 സ്നേഹിക്കുക എന്നു പറഞ്ഞാല്‍, അവന്‍ നമ്മോട് കല്പിച്ചതുപോലെ നാം ജീവിക്കുക എന്നതാണ്. ദൈവകല്പന ഇതാണ്. സ്നേഹത്തില്‍ അധിഷ്ഠിതമായ ജീവിതം നിങ്ങള്‍ നയിക്കുക. ആദിമുതല്‍ നിങ്ങള്‍ കേട്ടതാണ് ഈ കല്പന.
7 കപട അദ്ധ്യാപകര്‍ ലോകത്തില്‍ ഇപ്പോള്‍ വളരെ ഉണ്ട്. ഈ കപടാദ്ധ്യാപകര്‍ യേശുക്രിസ്തു, മനുഷ്യനായി ഭൂമിയില്‍ വന്നു എന്ന സത്യം സമ്മതിക്കാന്‍ കൂട്ടാക്കുന്നില്ല. ഈ സത്യം അംഗീകരിക്കാത്തവന്‍ കപട അദ്ധ്യാപകനും ക്രിസ്തുവിന്‍റെ ശത്രുവുമാണ്.
8 ജാഗരൂകരാകുക നിങ്ങള്‍ ശ്രമിച്ചതിനുള്ള പ്രതിഫലം നഷ്ടപ്പെടുത്തരുത്. പൂര്‍ണ്ണപ്രതിഫലം സ്വീകരിക്കുന്നതിനായി ശ്രദ്ധാലുക്കളാകുക.
9 ക്രിസ്തുവിന്‍റെ ഉപദേശങ്ങള്‍ മാത്രമാണ് ഒരുവന്‍ തുടര്‍ച്ചയായി പിന്തുടരേണ്ടത്. ക്രിസ്തുവിന്‍റെ ഉപദേശം മാറ്റിമറിക്കുന്നവനില്‍ ദൈവം ഇല്ല. എന്നാല്‍ ക്രിസ്തുവിന്‍റെ ഉപദേശം പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നവനു, പിതാവും, പുത്രനുമുണ്ട്.
10 ക്രിസ്തുവിന്‍റെ ഉപദേശം കൊണ്ടുവരാതെ ഒരുവന്‍ നിന്‍റെയടുത്തു വരികയാണെങ്കില്‍, നിന്‍റെ വീട്ടില്‍ അവന് സ്വാഗതമരുളരുത്, അവനെ നീ സ്വീകരിക്കയുമരുത്.
11 അവനെ സ്വീകരിക്കുമെങ്കില്‍ അവന്‍റെ ദുഷ്പ്രവൃത്തികളെ നീ സഹായിക്കുകയാണ്.
12 എനിക്കു നിങ്ങളോടു പറയാന്‍ ധാരാളം ഉണ്ട്. പക്ഷേ പേപ്പറും മഷിയും ഉപയോഗിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനു പകരം നിങ്ങളെ എല്ലാം സന്ദര്‍ശിക്കാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ നമുക്ക് മുഖാമുഖം സംസാരിക്കാം. അതു നമ്മെ അധികം സന്തോഷം ഉള്ളവരാക്കും.
13 തെരഞ്ഞെടുക്കപ്പെട്ട നിങ്ങളുടെ സഹോദരിയും അവരുടെ മക്കളും സ്നേഹാന്വേഷണങ്ങളെ അറിയിക്കുന്നു.