ലൂക്കൊസ്
എഴുതിയ സുവിശേഷം
യേശുവിന്‍റെ ജീവിതത്തെപ്പറ്റി ലൂക്കൊസ് എഴുതുന്നു
1
1 പ്രിയപ്പെട്ട തെയോഫിലോസേ,
നമ്മുടെയിടയില്‍ നടന്ന കാര്യങ്ങളുടെ പ്രസക്തമായ വിവരണം എഴുതുവാന്‍ വളരെയാളുകള്‍ ശ്രമിച്ചിട്ടുണ്ട്.
2 ആരംഭം മുതല്‍ എല്ലാം കാണുകയും അവന്‍റെ സന്ദേശം ജനങ്ങളോട് പറയുകയും ചെയ്തതുകൊണ്ട് ദൈവത്തെ ശുശ്രൂഷിച്ചവര്‍ നമുക്കു കൈമാറിയ കാര്യങ്ങള്‍ തന്നെയാണവ.
3 പ്രഭോ! ഞാനെല്ലാക്കാര്യവും ആദ്യം മുതല്‍ തന്നെ ശ്രദ്ധാപൂര്‍വ്വം പഠിച്ചു. അപ്പോഴെനിക്കു തോന്നി നിനക്കു വേണ്ടി അതെഴുതണമെന്ന്. അതിനാല്‍ ഞാനതെല്ലാം ക്രമപ്പെടുത്തി ഒരു പുസ്തകമെഴുതി.
4 നിന്നെ അറിയിച്ച കാര്യങ്ങള്‍ സത്യമാണെന്നു നീ മനസ്സിലാക്കുന്നതിനാണ് ഞാനിതെഴുതിയത്.
സെഖര്യാവും എലീശബെത്തും
5 ഹെരോദാവ് യെഹൂദ്യരാജ്യത്തെ രാജാവായിരുന്ന കാലത്ത് സെഖര്യാവ് എന്നൊരു പുരോഹിതന്‍ ഉണ്ടായിരുന്നു. അബീയായുടെ ഗണത്തില്‍പ്പെട്ടവനായിരുന്നു അവന്‍. അഹരോന്‍റെ കുടുംബത്തില്‍നിന്നുള്ളവളായിരുന്നു സെഖര്യാവിന്‍റെ ഭാര്യ എലീശബെത്ത്.
6 ദൈവത്തിന്‍റെ മുന്പില്‍ അവര്‍ നല്ലവരായിരുന്നു. ദൈവത്തിന്‍റെ കല്പനകളെല്ലാം അവര്‍ അനുസരിക്കുകയും മുടക്കം വരാതെ വിശ്വസ്തതയോടെ പാലിക്കുകയും ജനങ്ങളോട് അങ്ങനെ ചെയ്യാന്‍ പറയുകയും ചെയ്തു.
7 പക്ഷേ സെഖര്യാവിനും എലീശബെത്തിനും കുട്ടികളില്ലായിരുന്നു. എലീശബെത്ത് വന്ധ്യയായിരുന്നു, ഇരുവരും വൃദ്ധരുമായിരുന്നു.
8 സെഖര്യാവ് ദൈവസന്നിധിയില്‍ പുരോഹിതനായി സേവനമനുഷ്ഠിക്കുകയായിരുന്നു. അയാളുടെ ഗണത്തിന്‍റെ ഊഴമായിരുന്നു അപ്പോള്‍.
9 ദൈവത്തിന്‍റെ മുന്പില്‍ ധൂമാര്‍പ്പണം നടത്താന്‍ പുരോഹിതര്‍ ഒരു പുരോഹിതനെ എപ്പോഴും തെരഞ്ഞെടുക്കുമായിരുന്നു. സെഖര്യാവിനെ അത്തവണ അത് ചെയ്യുന്നതിന് തെരഞ്ഞെടുത്തു. അതിനാലയാള്‍ കര്‍ത്താവിന്‍റെ ദൈവാലയത്തിനുള്ളിലേക്കു കടന്നു.
10 പുറത്ത് അനേകമനേകം ആള്‍ക്കാര്‍ ഉണ്ടായിരുന്നു. ധൂമാര്‍പ്പണം നടക്കുന്പോള്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.
11 അപ്പോള്‍ ധൂമബലപീഠത്തിനു വലതുവശത്തായി ദൈവത്തിന്‍റെ ദൂതന്‍ സെഖര്യാവിനു മുന്പില്‍ വന്നുനിന്നു.
12 ദൂതനെ കണ്ടപ്പോള്‍ സെഖര്യാവിന് പരിഭ്രമവും വളരെ ഭയവും ഉണ്ടായി.
13 പക്ഷേ ദൂതന്‍ അയാളോടു പറഞ്ഞു, “സെഖര്യാവേ, ഭയപ്പെടേണ്ട, നിന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടിട്ടുണ്ട്. നിന്‍റെ ഭാര്യ എലീശബെത്ത് ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം.
14 നീ വളരെയധികം സന്തോഷവാനായിത്തീരും. അവന്‍റെ ജനനത്തില്‍ അനേകം പേര്‍ സന്തോഷിക്കും.
15 ദൈവത്തിന്‍റെ മുന്പില്‍ യോഹന്നാന്‍ വലിയവനായിത്തീരും. അയാള്‍ ഒരിക്കലും വീഞ്ഞോ മദ്യമോ കുടിക്കുകയില്ല. അമ്മയുടെ ഗര്‍ഭത്തിലായിരിക്കെത്തന്നെ യോഹന്നാനില്‍ പരിശുദ്ധാത്മാവ് നിറയും.
16 “അനേകം യെഹൂദരെ യോഹന്നാന്‍ അവരുടെ ദൈവമായ കര്‍ത്താവിലേക്കു മടക്കിക്കൊണ്ടുവരും.
17 യോഹന്നാന്‍ ഏലീയാവിന്‍റെ ആത്മാവിലും ശക്തിയിലും കര്‍ത്താവിന്‍റെ മുന്പായി പോകും. ഏലീയാവിന്‍റെ ആത്മാവും ശക്തിയും അവനുണ്ടാകും. പിതാക്കന്മാര്‍ക്കും മക്കള്‍ക്കുമിടയില്‍ അവന്‍ സമാധാനം സ്ഥാപിക്കും. ദൈവത്തെ അനുസരിക്കാത്ത ഒട്ടേറെപ്പേരുണ്ട്. അവരെ നീതിമാന്മാരുടെ വിജ്ഞാനത്തിലേക്കു യോഹന്നാന്‍ കൊണ്ടുവരും. അങ്ങനെ കര്‍ത്താവിന്‍റെ വരവിനുവേണ്ടി അവന്‍ ജനങ്ങളെ ഒരുക്കി നിര്‍ത്തും.”
18 സെഖര്യാവ് ദൂതനോടു ചോദിച്ചു, “നീ പറയുന്നതു സത്യമാണെന്നു ഞാനെങ്ങനെയറിയും. ഞാനൊരു വൃദ്ധനും എന്‍റെ ഭാര്യ വയസ്സേറെ ചെന്നവളുമാണ്.”
19 ദൂതന്‍ പ്രതിവചിച്ചു, “ദൈവത്തിനു മുന്പിലുള്ള ഗബ്രിയേലാണു ഞാന്‍. നിന്നോടു സംസാരിക്കുവാനും ഈ നല്ല വര്‍ത്തമാനം നിന്നെ അറിയിക്കുവാനും ദൈവം എന്നെ അയച്ചതാണ്.
20 നോക്കൂ, ഇപ്പറഞ്ഞതെല്ലാം സംഭവിക്കുംവരെ നിനക്കു സംസാരശേഷി നഷ്ടപ്പെടുകയും നീ നിശ്ശബ്ദനാകുകയും ചെയ്യും. എന്തെന്നാല്‍, ഞാന്‍ നിന്നോടു പറഞ്ഞ കാര്യങ്ങള്‍ നീ വിശ്വസിച്ചില്ല. പക്ഷേ ഇതെല്ലാം യഥാര്‍ത്ഥത്തില്‍ സംഭവിക്കുകതന്നെ ചെയ്യും.”
21 പുറത്ത് ജനങ്ങള്‍ സെഖര്യാവിനായി കാത്തിരിക്കുകയായിരുന്നു. ദൈവാലയത്തിനുള്ളില്‍ വളരെനേരം അയാള്‍ ഇരിക്കുന്നതില്‍ അവര്‍ അത്ഭുതപ്പെട്ടു.
22 സെഖര്യാവ് പുറത്തേക്കു വന്നു. പക്ഷേ അയാള്‍ക്കു മിണ്ടുവാനാകുമായിരുന്നില്ല. ദൈവാലയത്തിനുള്ളില്‍ വച്ച് അയാള്‍ക്കൊരു ദര്‍ശനമുണ്ടായെന്ന് ജനങ്ങള്‍ മനസ്സിലാക്കി. സെഖര്യാവിനു സംസാരിക്കാനായില്ല. അയാള്‍ അവരോട് ആംഗ്യം കാണിച്ചു.
23 തന്‍റെ ശുശ്രൂഷാ സമയം കഴിഞ്ഞപ്പോള്‍ അയാള്‍ വീട്ടിലേക്കു പോയി.
24 പിന്നീട് സെഖര്യാവിന്‍റെ ഭാര്യ എലീശബെത്ത് ഗര്‍ഭിണിയായി. അതുകൊണ്ടു അവള്‍ അഞ്ചു മാസത്തേക്കു വീടിനു പുറത്തുപോയില്ല. എലീശബെത്തു പറഞ്ഞു,
25 “കര്‍ത്താവ് എനിക്കെന്താണു ചെയ്തിരിക്കുന്നതെന്നു നോക്കൂ. ഇപ്പോഴവന്‍ അവന്‍റെ പ്രീതി കാണിക്കുകയും കുട്ടികള്‍ ഇല്ലാത്തതുകൊണ്ട് എനിക്കു ജനത്തിനു മുന്പില്‍ ഉണ്ടായിരുന്ന അപമാനം ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു.”
കന്യകമറിയ
26-27 എലീശബെത്തിന് ആറുമാസം ഗര്‍ഭമുള്ളപ്പോള്‍ ദൈവം ഗലീലയിലെ നസറെത്തു പട്ടണത്തില്‍ താമസിക്കുന്ന ഒരു കന്യകയുടെ അടുത്തേക്ക് ഗബ്രീയേല്‍ ദൂതനെ അയച്ചു. മറിയ എന്നു പേരായ ആ കന്യക ദാവീദിന്‍റെ കുടുംബത്തില്‍പ്പെട്ട യോസേഫിന്‍റെ പ്രതിശ്രുതവധുവായിരുന്നു.
28 ദൂതന്‍ അവളുടെയടുത്തെത്തി പറഞ്ഞു, “ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവളേ, വന്ദനം! ദൈവം നിന്നോടൊപ്പമുണ്ട്.”
29 പക്ഷേ ദൂതന്‍ പറഞ്ഞതുകേട്ട് മറിയയ്ക്ക് ആശയക്കുഴപ്പമുണ്ടായി. അവളത്ഭുതം കൂറി. “എന്താണ് ഈ ആശംസയുടെ അര്‍ത്ഥം?”
30 ദൂതന്‍ അവളോടു പറഞ്ഞു, “ഭയപ്പെടാതിരിക്കൂ! മറിയേ, എന്തെന്നാല്‍ ദൈവം നിന്നില്‍ സംപ്രീതനായിരിക്കുന്നു.
31 നോക്കൂ! നീ ഗര്‍ഭവതിയാകും. ഒരാണ്‍കുഞ്ഞിനു നീ ജന്മമരുളും. നീയവന് യേശു എന്നു പേരിടേണം.
32 അവന്‍ വലിയവനായിരിക്കും. ജനങ്ങള്‍ അവനെ അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കും. കര്‍ത്താവായ ദൈവം അവന് പിതാവായ ദാവീദിന്‍റെ സിംഹാസനം നല്‍കും.
33 അവന്‍ യാക്കോബിന്‍റെ ജനതയെ എക്കാലവും ഭരിക്കും. അവന്‍റെ ഭരണം ഒരിക്കലും അവസാനിക്കുകയുമില്ല.”
34 മറിയ ദൂതനോടു ചോദിച്ചു, “അതെങ്ങനെ സംഭവിക്കും? ഞാന്‍ വിവാഹിതയല്ലല്ലോ?”
35 ദൂതന്‍ മറിയയോടു പറഞ്ഞു, “പരിശുദ്ധാത്മാവു നിന്നില്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്നില്‍ വാഴും. നിനക്കു ജനിക്കുന്ന കുഞ്ഞ് പരിശുദ്ധനാണ്. അവന്‍ ദൈവപുത്രനെന്നു വിളിക്കപ്പെടും.
36 നിന്‍റെ ബന്ധുവായ എലീശബെത്തും ഗര്‍ഭം ധരിച്ചിരിക്കുന്നു. അവള്‍ വളരെ വൃദ്ധയാണ്. എങ്കിലും അവള്‍ക്കൊരു ആണ്‍കുട്ടിയുണ്ടാകാന്‍ പോകുന്നു. എല്ലാവരും കരുതി അവള്‍ക്കിനി കുട്ടിയുണ്ടാവില്ലെന്ന്. എന്നാല്‍ അവളിപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്.
37 ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല.”
38 മറിയ പറഞ്ഞു, “കര്‍ത്താവിന്‍റെ ദാസിയാണു ഞാന്‍. നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ.” അനന്തരം ദൂതന്‍ അവിടം വിട്ടു പോയി.
മറിയ സെഖര്യാവിനെയും എലീശബെത്തിനെയും സന്ദര്‍ശിക്കുന്നു
39 മറിയ ഉടനെ യെഹൂദ്യയില്‍ മലന്പ്രദേശത്തുള്ള പട്ടണത്തിലേക്കു പോയി.
40 സെഖര്യാവിന്‍റെ വീട്ടില്‍ ചെന്ന് അവള്‍ എലീശബെത്തിനെ വണങ്ങി.
41 മറിയയുടെ അഭിവാദ്യം കേട്ട എലീശബെത്തിന്‍റെ ഗര്‍ഭത്തിലെ ശിശു ചലിച്ചു. എലീശബെത്തില്‍ പരിശുദ്ധാത്മാവ് വന്നു നിറഞ്ഞു.
42 അവള്‍ വലിയ ശബ്ദത്തില്‍ പറഞ്ഞു, “ദൈവം നിന്നെ എല്ലാ സ്ത്രീകളെക്കാളും അനുഗ്രഹിച്ചിരിക്കുന്നു. നീ പ്രസവിക്കാനിരിക്കുന്ന കുഞ്ഞും അനുഗ്രഹീതനാണ്.
43 എന്‍റെ കര്‍ത്താവിന്‍റെ അമ്മയായ നീ എന്‍റെ അടുത്തു വന്നിരിക്കുന്നു. ഇതിനായി എനിക്കെങ്ങനെ ഭാഗ്യം ലഭിച്ചു.
44 നിന്‍റെ ശബ്ദം ഞാന്‍ കേട്ടപ്പോള്‍ എന്‍റെയുള്ളിലുള്ള കുട്ടി സന്തോഷംകൊണ്ട് കുതിച്ചുതുള്ളി.
45 കര്‍ത്താവിന്‍റെ അരുളപ്പാട് വിശ്വസിച്ചതിനാല്‍ നീ അനുഗ്രഹീതയാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്നതു നീ വിശ്വസിച്ചു.”
മറിയ ദൈവത്തെ വാഴ്ത്തുന്നു
46 അനന്തരം മറിയ പറഞ്ഞു,
47 “എന്‍റെ ആത്മാവ് കര്‍ത്താവിനെ വാഴ്ത്തുന്നു;
ദൈവം എന്‍റെ രക്ഷകനാകുന്നു. അതിനാല്‍ എന്‍റെ ഹൃദയം സന്തോഷമുള്ളതാകുന്നു.
48 ദൈവം അവന്‍റെ ദാസിയുടെ
താഴ്മയെ പരിഗണിച്ചിരിക്കുന്നു.
ഞാന്‍ അനുഗ്രഹീതയാണെന്ന് ഇപ്പോള്‍
മുതല്‍ എല്ലാവരും പറയും.
49 എന്തെന്നാല്‍, സര്‍വ്വശക്തന്‍ എനിക്കുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.
അവന്‍റെ നാമം പരിശുദ്ധമാകുന്നു.
50 തലമുറകളായി ദൈവം തന്നെ ഭയപ്പെടുന്നവര്‍ക്കു കരുണയുള്ളവനാണ്.
51 അവന്‍റെ ഭുജം ശക്തമാണ്.
സ്വയം വലിയവനെന്നു നടിക്കുകയും അഹങ്കരിക്കുകയും ചെയ്തവരെ ദൈവം ചിതറിച്ചു.
52 ഭരണാധികാരികളെ അവരുടെ സിംഹാസനത്തില്‍നിന്നും ദൈവം മറിച്ചിട്ടു.
താഴ്ന്നവരെ അവന്‍ ഉയര്‍ത്തി.
53 വിശക്കുന്നവര്‍ക്കു നന്മകള്‍ നല്‍കി ദൈവം അവരെ തൃപ്തിപ്പെടുത്തി.
പക്ഷേ ധനവാന്മാരെയും സ്വാര്‍ത്ഥരെയും വെറുംകയ്യോടെ പറഞ്ഞയച്ചു.
54 ദൈവം യെഹൂദരെ-അവനെ സേവിക്കുന്ന
അവന്‍റെ ആളുകളെയും സഹായിച്ചു.
55 അബ്രാഹാമിനോടും അയാളുടെ സന്തതിപരന്പരകളോടും, എന്നെന്നും കരുണയുള്ളവനായിരിക്കുമെന്ന് നമ്മുടെ പൂര്‍വ്വപിതാക്കളോടു വാഗ്ദാനം ചെയ്തതനുസരിച്ച് ദൈവം പ്രവര്‍ത്തിച്ചു.”
56 മൂന്നു മാസത്തോളം എലീശബെത്തിനോടൊത്തു താമസിച്ച്, മറിയ വീട്ടിലേക്കു മടങ്ങി.
യോഹന്നാന്‍റെ ജനനം
57 എലീശബെത്തിനു പ്രസവസമയമായപ്പോള്‍, അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു.
58 കര്‍ത്താവ് അവളോട് വലിയ കാരുണ്യം കാട്ടിയെന്നു കേട്ട അവളുടെ ബന്ധുക്കളും അയല്‍ക്കാരും അവളോടൊത്തു സന്തോഷിച്ചു.
59 കുട്ടിക്ക് എട്ടു ദിവസം പ്രായമായപ്പോള്‍, അവള്‍ കുട്ടിയുടെ പരിച്ഛേദനം* പരിച്ഛേദനം അഗ്രചര്‍മ്മം ഛേദിക്കല്‍. എല്ലാ യെഹൂദ ആണ്‍കുട്ടിക്കും ഇതു ചെയ്യും. ദൈവം അബ്രാഹാമുമായിണ്ടാക്കിയ ഒരു കരാറിന്‍റെ തുടര്‍ച്ചയാണിത് (ഉല്പ.17:9-14). നടത്താന്‍ വന്നു. അവര്‍ കുട്ടിയ്ക്ക് സെഖര്യാവെന്നു പേരിടാന്‍ തുനിഞ്ഞു. എന്തെന്നാല്‍ അവന്‍റെ അപ്പന്‍റെ പേര് അങ്ങനെയായിരുന്നു.
60 പക്ഷേ കുട്ടിയുടെ അമ്മ പറഞ്ഞു, “അല്ല! കുട്ടിക്കു യോഹന്നാന്‍ എന്നു പേരിടേണം.”
61 പക്ഷേ നിന്‍റെ കുടുംബത്തിലാര്‍ക്കും യോഹന്നാനെന്നു പേരില്ലല്ലോ? അവര്‍ എലീശബെത്തിനോടു പറഞ്ഞു.
62 അനന്തരം അവര്‍ ആംഗ്യത്തിലൂടെ കുട്ടിയുടെ അപ്പനോടു ചോദിച്ചു, “എന്തു പേരിടാനാണു നിങ്ങള്‍ക്കാഗ്രഹം?”
63 സെഖര്യാവ് ചെറിയ എഴുത്തുമേശ ആവശ്യപ്പെട്ടു. അയാളെഴുതി, “അവന്‍റെ പേര് യോഹന്നാന്‍ എന്നാകുന്നു.” എല്ലാവരും അത്ഭുതപ്പെട്ടു.
64 അപ്പോളയാള്‍ക്ക് വീണ്ടും സംസാരിക്കാമെന്നായി. അയാള്‍ ദൈവത്തെ സ്തുതിക്കാന്‍ തുടങ്ങി.
65 അവരുടെ എല്ലാ അയല്‍ക്കാരും ഭയചകിതരായി. ഈ സംഭവങ്ങള്‍ യെഹൂദ്യയിലെ മലന്പ്രദേശങ്ങളിലെങ്ങും പരന്നു.
66 കേട്ടവരുടെ മനസ്സില്‍ അത് ആഴത്തില്‍ പതിഞ്ഞു, “ഈ കുട്ടി ആരായിത്തീരും?” അവര്‍ വിചാരിച്ചു. ദൈവം അവനോടൊപ്പം ആയതുകൊണ്ടാണിതെന്നവര്‍ പറഞ്ഞു.
സെഖര്യാവ് ദൈവത്തെ വാഴ്ത്തുന്നു
67 അനന്തരം യോഹന്നാന്‍റെ അപ്പനായ സെഖര്യാവില്‍ പരിശുദ്ധാത്മാവ് വന്നു നിറഞ്ഞു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നയാള്‍ പറഞ്ഞു:
68 “യിസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിനെ വാഴ്ത്തുവിന്‍.
തന്‍റെ ജനങ്ങളെ സഹായിക്കുന്നതിന് ദൈവമിതാ എത്തിയിരിക്കുന്നു. അവന്‍ അവര്‍ക്കു സ്വാതന്ത്യവും നല്‍കിയിരിക്കുന്നു.
69 ദൈവദാസനായ ദാവീദിന്‍റെ കുടുംബത്തില്‍ ദൈവം
നമുക്കു ശക്തനായൊരു രക്ഷകനെ നല്‍കിയിരിക്കുന്നു.
70 അവനിതു ചെയ്യുമെന്ന് ദൈവം വളരെ മുന്പു ജീവിച്ചിരുന്ന
വിശുദ്ധപ്രവാചകന്മാര്‍ മുഖേന അരുളിച്ചെയ്തിരുന്നു.
71 നമ്മുടെ ശത്രുക്കളില്‍നിന്നും നമ്മെ വെറുക്കുന്നവരുടെ
കൈകളില്‍ നിന്നും ദൈവം നമ്മെ രക്ഷിക്കും.
72 നമ്മുടെ പിതാക്കന്മാരോട് അവന്‍ കരുണ ഉള്ളവനായിരിക്കുമെന്ന് ദൈവം അരുളിച്ചെയ്തു.
തന്‍റെ വിശുദ്ധവാഗ്ദാനത്തെപ്പറ്റി അദ്ദേഹം ഓര്‍ക്കുകയും ചെയ്തു.
73 നമുക്കു ദൈവത്തെ ഭയം കൂടാതെ ശുശ്രൂഷിക്കാനുതകും വിധം ശത്രുക്കളുടെ ശക്തിയില്‍നിന്നും
74 നമ്മെ രക്ഷിക്കുമെന്ന് ദൈവം നമ്മുടെ പിതാവായ
അബ്രാഹാമിനു വാഗ്ദാനം ചെയ്തു.
75 ജീവിച്ചിരിക്കുന്ന കാലത്തോളം ദൈവത്തിന്‍റെ മുന്പില്‍ നാം വിശുദ്ധരും നീതിബോധമുള്ളവരും ആയിരിക്കണം.
76 കുഞ്ഞേ, ഇപ്പോള്‍ നീ അത്യുന്നതന്‍റെ പ്രവാചകനെന്നു വിളിക്കപ്പെടും.
കര്‍ത്താവിനു മുന്പെ ചെന്ന് നീ അവന്‍റെ വരവിന് ജനങ്ങളെ സന്നദ്ധരാക്കുകയും
77 തന്‍റെ ജനത്തിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട് അവര്‍ രക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് നീ അവരെ അറിയിക്കും.
78 “ദൈവത്തിന്‍റെ സ്നേഹദയയാല്‍ സ്വര്‍ഗ്ഗത്തില്‍നിന്നൊരു
പുതുദിനം നമ്മുടെമേല്‍ തിളങ്ങും.
79 ഇരുട്ടിലും മരണഭയത്തിലും ജീവിക്കുന്ന മനുഷ്യരെ ദൈവം സഹായിക്കും.
സമാധാനത്തിലേക്കുള്ള വഴിയേ, അവന്‍ നമ്മെ നടത്തും.”
80 ആത്മാവില്‍ ശക്തിയുള്ളവനായി യോഹന്നാന്‍ വളര്‍ന്നു. യിസ്രായേല്‍ക്കാരോട് പ്രസംഗിക്കാന്‍ വരുംവരെ യോഹന്നാന്‍ എല്ലാവരില്‍നിന്നും അകന്ന് ഒരിടത്ത് താമസിച്ചു.