യേശു എഴുപത്തിരണ്ടു പേരെ അയയ്ക്കുന്നു
10
1 അനന്തരം കര്‍ത്താവ് എഴുപത്തിരണ്ട്* പുരുഷന്മാരെക്കൂടി തിരഞ്ഞെടുത്തു. അവരെ രണ്ടു പേര്‍ വീതമുള്ള സംഘങ്ങളായി തിരിച്ച് അവന്‍ പോകാനിരിക്കുന്ന പട്ടണങ്ങളിലേക്ക് മുന്‍കൂട്ടി അയച്ചു.
2 യേശു അവരോടു പറഞ്ഞു, “അവിടെ കൊയ്യുവാന്‍ പിടിപ്പതുണ്ട്. പക്ഷേ വേലക്കാര്‍ കുറവാണ്. വിളവിന്‍റെ ഉടമ ദൈവമാണ്. വിളവെടുപ്പിനു കൂടുതല്‍ ജോലിക്കാരെ അയയ്ക്കാന്‍ അവനോടു പ്രാര്‍ത്ഥിക്കുക.
3 “നിങ്ങള്‍ക്കിപ്പോള്‍ പോകാം. പക്ഷേ ശ്രദ്ധിക്കൂ, ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെയെന്ന പോലെ.
4 ഒരു മടിശ്ശീലയോ സഞ്ചിയോ ചെരുപ്പോ കൈയിലെടുക്കരുത്. വഴിയില്‍ കാണുന്നവരോട് സംസാരിച്ചു നില്‍ക്കരുത്.
5 ഏതെങ്കിലും ഒരു വീട്ടില്‍ കയറും മുന്പ് ഈ വീടിനു സമാധാനം എന്നു പറയുക.
6 സമാധാനപ്രിയനായ ഒരാളിവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ വര്‍ത്തിക്കും. അയാള്‍ സമാധാനപ്രിയനല്ലെങ്കില്‍ അത് നിങ്ങളിലേക്ക് മടങ്ങും.
7 സമാധാനമുള്ള വീട്ടില്‍ തങ്ങുക. അവര്‍ തരുന്നതെന്തും തിന്നുകയും കുടിയ്ക്കുകയും ചെയ്യുക. വേലക്കാരന്‍ തന്‍റെ കൂലിക്കര്‍ഹനാണല്ലോ. നിങ്ങള്‍ ആ വീട് വിട്ട് മറ്റൊരു വീട്ടിലേക്കു മാറരുത്.
8 നിങ്ങളൊരു നഗരത്തിലേക്ക് ചെല്ലുന്പോള്‍ അവര്‍ നിങ്ങളെ സ്വീകരിച്ചാല്‍ അവര്‍ നിങ്ങളുടെ മുന്പില്‍ വച്ചു തരുന്ന ഭക്ഷണം കഴിക്കുക.
9 അവിടെയുള്ള രോഗികളെ ഭേദപ്പെടുത്തുക. എന്നിട്ടവരോടു പറയുക, ‘ദൈവരാജ്യം നിങ്ങളോടടുത്തിരിക്കുന്നു.’
10 “എന്നാല്‍ ഒരു നഗരത്തിലെ ആളുകള്‍ നിങ്ങളെ സ്വീകരിച്ചില്ലെങ്കില്‍ ആ നഗരത്തിലെ തെരുവിലേക്കിറങ്ങി ഇങ്ങനെ പറയുക:
11 ‘ഞങ്ങളുടെ പാദത്തില്‍ നിങ്ങളുടെ പട്ടണത്തില്‍നിന്നു പറ്റിയ പൊടികൂടി ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ തട്ടിക്കളയുന്നു. പക്ഷേ ഓര്‍ക്കുക, ദൈവരാജ്യം വരാറായിരിക്കുന്നു.’
12 ഞാന്‍ നിങ്ങളോടു പറയുന്നു: വിധിദിവസം സൊദോമിലെ ജനങ്ങളുടെ അവസ്ഥയെക്കാള്‍ മോശമായിരിക്കും ആ പട്ടണത്തിലെ അവസ്ഥ.
യേശു അവിശ്വാസികള്‍ക്കു മുന്നറിയിപ്പു നല്‍കുന്നു
(മത്താ. 11:20-24)
13 “കോരസീനേ നിനക്കു കഷ്ടം! ബേത്ത്സെയിദേ നിനക്കു കഷ്ടം! ഞാന്‍ നിങ്ങളില്‍ വളരെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ഈ അത്ഭുതങ്ങള്‍ സോരിലും സീദോനിലുമുള്ളവരുടെമേല്‍ പ്രയോഗിച്ചിരുന്നെങ്കില്‍ അവര്‍ പണ്ടു തന്നെ മാനസാന്തരപ്പെട്ട് പാപവിമോചിതജീവിതം നയിക്കുമായിരുന്നു.
14 വിധിദിവസം സീദോന്‍റെയും സോരിന്‍റെയും അവസ്ഥയെക്കാള്‍ കഷ്ടമായിരിക്കും നിങ്ങളുടേത്.
15 കഫര്‍ന്നഹൂമേ, വാനോളം ഉയര്‍ത്തപ്പെടാന്‍ നീയാഗ്രഹിച്ചുവോ? നീ പാതാളത്തോളം താഴ്ത്തപ്പെടും.
16 “നിങ്ങളെ ശ്രവിക്കുന്ന ഒരാള്‍ എന്നെ ശ്രവിക്കുന്നു. നിങ്ങളെ തിരസ്കരിക്കുന്നവന്‍ എന്നെ തിരസ്കരിക്കുന്നു. എന്നെ തിരസ്കരിക്കുന്നവന്‍ എന്നെ അയച്ചവനെ തിരസ്കരിക്കുന്നു.”
സാത്താന്‍ വീഴുന്നു
17 എഴുപത്തിരണ്ടു ശിഷ്യന്മാരും സന്തോഷത്തോടെ തിരിച്ചു വന്നു. അവര്‍ പറഞ്ഞു, “കര്‍ത്താവേ, അങ്ങയുടെ നാമം ഉച്ചരിച്ചപ്പോള്‍ ഭൂതങ്ങള്‍ പോലും ഞങ്ങളെ അനുസരിച്ചു.”
18 യേശു അവരോടു പറഞ്ഞു, “സാത്താന്‍ ആകാശത്തുനിന്നും ഒരു മിന്നല്‍പ്പിണര്‍ പോലെ വീഴുന്നതു ഞാന്‍ കണ്ടു.
19 നോക്കൂ, സര്‍പ്പങ്ങളുടെയും തേളുകളുടെയും മുകളിലൂടെ നടക്കുവാന്‍ ഞാന്‍ നിങ്ങള്‍ക്ക് അധികാരം നല്‍കി. ഞാന്‍ നിങ്ങള്‍ക്ക് ശത്രുക്കളെക്കാള്‍ അധികം ശക്തി നല്‍കിയിരിക്കുന്നു. നിങ്ങളെ ഒന്നും ഉപദ്രവിക്കുകയില്ല.
20 ദുഷ്ടാത്മാക്കള്‍ നിങ്ങളെ അനുസരിക്കുന്നു. സന്തോഷിപ്പിന്‍. എന്തിനെന്നോ, നിങ്ങളുടെ ഈ ശക്തിയിലല്ല, മറിച്ച് സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പേര്‍ ചേര്‍ത്തിരിക്കുന്നതില്‍.”
യേശു പിതാവിനോടു പ്രാര്‍ത്ഥിക്കുന്നു
(മത്താ. 11:25-27; 13:16-17)
21 യേശു പരിശുദ്ധാത്മാവിനാല്‍ വളരെ സന്തോഷവാനായി, അവന്‍ പറഞ്ഞു, “സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, നന്ദി. ജ്ഞാനികളില്‍ നിന്നും വിവേകികളില്‍ നിന്നും നീ ഇക്കാര്യം മറച്ചുവെച്ചതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു. എങ്കിലും നീ ഈ കാര്യങ്ങള്‍ കേവലമായവര്‍ക്കു വെളിവാക്കിക്കൊടുത്തു. അതേ പിതാവേ, നിന്‍റെ ആഗ്രഹം അതു തന്നെയായിരുന്നു.
22 “എന്‍റെ പിതാവ് എനിക്ക് എല്ലാം തന്നു. പുത്രനാരെന്ന് പിതാവിനൊഴികെ മറ്റാര്‍ക്കും അറികയില്ല. പിതാവ് ആരെന്ന് പുത്രനു മാത്രമേ അറിയൂ. പുത്രന്‍ പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കുന്നതിനായി തിരഞ്ഞെടുത്തവര്‍ക്കു മാത്രമേ പിതാവിനെപ്പറ്റി അറിയൂ.”
23 അനന്തരം യേശു തന്‍റെ ശിഷ്യന്മാര്‍ക്കു നേരെ തിരിഞ്ഞു. അവന്‍ പറഞ്ഞു, “നിങ്ങളിപ്പോള്‍ കാണുന്ന കാഴ്ചകള്‍ കാണുവാന്‍ അനുഗ്രഹിക്കപ്പെട്ടവരാണ്.
24 ഞാന്‍ നിങ്ങളോടു പറയുന്നു. ഈ കാഴ്ചകള്‍ കാണുവാന്‍ അനേകം പ്രവാചകരും രാജാക്കന്മാരും ആഗ്രഹിച്ചു. പക്ഷേ അവരിതു കണ്ടില്ല. നിങ്ങളിപ്പോള്‍ കേള്‍ക്കുന്നവ കേള്‍ക്കുവാനും അവര്‍ ആഗ്രഹിച്ചിരുന്നു. എന്നാലവര്‍ ഇതു കേട്ടില്ല.”
നല്ല ശമര്യക്കാരന്‍റെ കഥ
25 അപ്പോള്‍ ഒരു ശാസ്ത്രി എഴുന്നേറ്റു. അയാള്‍ യേശുവിനെ പരീക്ഷിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. അയാള്‍ പറഞ്ഞു, “ഗുരോ, നിത്യജീവന്‍ ലഭിക്കാന്‍ ഞാനെന്തു ചെയ്യണം.”
26 യേശു അയാളോടു ചോദിച്ചു, “ന്യായപ്രമാണത്തില്‍ എന്താണെഴുതിയിരിക്കുന്നത്? അതില്‍ നീ എന്തു വായിക്കുന്നു?”
27 അയാള്‍ മറുപടി പറഞ്ഞു, “‘നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ സ്നേഹിക്കണം. നിന്‍റെ മുഴുവന്‍ ഹൃദയത്തോടും മുഴുവന്‍ ആത്മാവോടും മുഴുവന്‍ ശക്തിയോടും മുഴുവന്‍ മനസ്സോടും അവനെ സ്നേഹിക്കണം.’✡ ഉദ്ധരണി ആവ. 6:5. കൂടാതെ ‘നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക.’”✡ ഉദ്ധരണി ലേവ്യ. 19:18.
28 യേശു അയാളോടു പറഞ്ഞു, “നിന്‍റെ ഉത്തരം ശരിയാണ്. അതുപോലെ പ്രവര്‍ത്തിക്കൂ. നിനക്കു നിത്യജീവിതം കിട്ടും.”
29 പക്ഷേ ചോദ്യം ചോദിച്ചതിനു തന്നെത്തന്നെ ന്യായീകരിക്കണമെന്നും അയാള്‍ക്കുണ്ടായിരുന്നു. അതിനാലവന്‍ യേശുവിനോടു ചോദിച്ചു, “പക്ഷേ ഞാന്‍ സ്നേഹിക്കേണ്ട എന്‍റെ അയല്‍ക്കാരന്‍ ആരാണ്?”
30 ഇതിനുത്തരമായി യേശു പറഞ്ഞു, “ഒരാള്‍ യെരൂശലേമില്‍ നിന്നും യെരീഹോവിലേക്കു പോകുകയായിരുന്നു. കുറെ കള്ളന്മാര്‍ അയാളെ വളഞ്ഞു. അവര്‍ അയാളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മര്‍ദ്ദിക്കുകയും ചെയ്തു. എന്നിട്ട് അയാളെ വഴിയിലിട്ടിട്ട് കടന്നുകളഞ്ഞു. അയാള്‍ അര്‍ദ്ധപ്രാണനായിരുന്നു.
31 “ആ സമയം ഒരു യെഹൂദപുരോഹിതന്‍ ആ വഴി കടന്നുപോയി. അവശനായ ആ മനുഷ്യനെ കണ്ടെങ്കിലും പുരോഹിതന്‍ അയാളെ സഹായിക്കാന്‍ നില്‍ക്കാതെ, നടന്നു മറുവശത്തുകൂടെ കടന്നുപോയി.
32 അടുത്തതായി ഒരു ലേവ്യന്‍ ആ വഴിക്കെത്തി. അയാളും യാത്രക്കാരനെകണ്ട് മറുവശത്തുകൂടി നടന്നുപോയി.
33 “പിന്നീട് ആ വഴി വന്നത് ഒരു ശമര്യാക്കാരനായിരുന്നു. ശമര്യാക്കാരന്‍ മുറിവേറ്റ ആളുടെയടുത്തെത്തി അയാളെ കണ്ടു. ശമര്യാക്കാരനു ദീനാനുകന്പ തോന്നി.
34 അയാള്‍ യാത്രക്കാരന്‍റെ മുറിവുകളില്‍ ഒലീവെണ്ണയും വീഞ്ഞും പുരട്ടി. മുറിവുകള്‍ തുണിവച്ച് കെട്ടി. അനന്തരം ശമര്യാക്കാരന്‍ തന്‍റെ കഴുതപ്പുറത്തിരുത്തി അയാളെ ഒരു സത്രത്തിലെത്തിച്ചു. അവിടെയിരുന്ന് അയാളെ ശുശ്രൂഷിച്ചു.
35 പിറ്റേന്ന് രണ്ടു വെള്ളിനാണയങ്ങളെടുത്ത് സത്രം സൂക്ഷിപ്പുകാരന് കൊടുത്തിട്ടു പറഞ്ഞു, ‘ഇയാളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഞാനിനിയും വരുന്പോള്‍ നിനക്കു ചെലവുവരുന്ന കൂടുതല്‍ തുക തന്നുകൊള്ളാം.’”
36 യേശു ചോദിച്ചു, “ഈ മൂന്നു പേരില്‍ ആരാണ് കവര്‍ച്ചക്കാര്‍ക്കിരയായ മനുഷ്യന് അയല്‍ക്കാരനായത്?”
37 ശാസ്ത്രി പറഞ്ഞു, “അയാളെ സഹായിച്ചവന്‍.”
യേശു പറഞ്ഞു, “എങ്കില്‍ നീയും പോയി അയാള്‍ ചെയ്തതു പോലെ ചെയ്യൂ.”
മറിയയും മാര്‍ത്തയും
38 തങ്ങളുടെ യാത്രക്കിടയില്‍ യേശു ഒരു പട്ടണത്തിലേക്കു പോയി. അവിടെ മാര്‍ത്തയെന്ന സ്ത്രീ അവനെ അവളുടെ വസതിയില്‍ സ്വാഗതം ചെയ്തു.
39 മാര്‍ത്തയ്ക്കു മറിയ എന്നൊരു സഹോദരിയുണ്ടായിരുന്നു. മറിയ യേശുവിന്‍റെ കാല്‍ക്കലിരുന്ന് അവന്‍റെ വചനങ്ങള്‍ കേട്ടുകൊണ്ടിരുന്നു. മാര്‍ത്തയാകട്ടെ വീട്ടുജോലികള്‍ ചെയ്തുകൊണ്ടിരുന്നു.
40 അധികം ജോലി ചെയ്യാനുണ്ടായിരുന്നതിനാല്‍ മാര്‍ത്തയ്ക്കു ദേഷ്യം വന്നു. അവള്‍ അകത്തു ചെന്നു പറഞ്ഞു, “കര്‍ത്താവേ, എന്‍റെ സഹോദരി വീട്ടുജോലികള്‍ എന്നെ മാത്രമേല്പിച്ചതില്‍ അങ്ങയ്ക്ക് വൈഷമ്യമില്ലേ? അവളോട് എന്നെ സഹായിക്കാന്‍ പറയൂ.”
41 പക്ഷേ യേശു ഇതാണു പറഞ്ഞത്, “മാര്‍ത്തയേ, മാര്‍ത്തയേ, നീ പലകാര്യങ്ങള്‍കൊണ്ട് ഉത്കണ്ഠപ്പെട്ടു മനം കലങ്ങിയിരിക്കുന്നു.
42 ഒന്നു മാത്രമാണു പ്രധാനം. മറിയ ശരിയായതു തിരഞ്ഞെടുത്തു. അത് അവളില്‍ നിന്ന് എടുത്തു കളയപ്പെടുകയില്ല.”