യേശു പ്രാര്‍ത്ഥനയെപ്പറ്റി പറയുന്നു
(മത്താ. 6:9-15)
11
1 ഒരിടത്തുവച്ച് യേശു പ്രാര്‍ത്ഥിക്കുകയായിരുന്നു. അവന്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരുവന്‍ പറഞ്ഞു, “കര്‍ത്താവേ, യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു. അതുപോലെ നീ ഞങ്ങളെയും പഠിപ്പിക്കണമേ.”
2 യേശു ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കൂ:
‘പിതാവേ, അങ്ങയുടെ നാമം പൂജിതമായിരിക്കേണമേ.
നിന്‍റെ രാജ്യം വരേണമേ.
3 അന്നന്നാവശ്യമുള്ള അപ്പം ഞങ്ങള്‍ക്കു നല്‍കേണമേ.
4 ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ,
എന്തെന്നാല്‍ ഞങ്ങളോടു തെറ്റു ചെയ്ത എല്ലാവരോടും ഞങ്ങള്‍ ക്ഷമിക്കുന്നു.
ഞങ്ങളെ പ്രലോഭനത്തില്‍ അകപ്പെടുത്തരുതേ.'”
തുടരെ ചോദിക്കുക
(മത്താ. 7:7-11)
5-6 യേശു അവരോടു പറഞ്ഞു, “നിങ്ങളിലൊരാള്‍ തന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ പാതിരാത്രിയില്‍ ചെന്ന് ഇങ്ങനെ പറയുന്നുവെന്നിരിക്കട്ടെ, ‘എന്‍റെ ഒരു സുഹൃത്ത് എന്നെ കാണാന്‍ എത്തിയിട്ടുണ്ട്. അയാള്‍ക്ക് കൊടുക്കാനെന്‍റെ കൈയിലൊന്നുമില്ല. ദയവായി എനിക്കു മൂന്നു കഷണം റൊട്ടി തരൂ.’
7 സുഹൃത്ത് അകത്തു നിന്നിങ്ങനെ പറയുന്നുവെന്നിരിക്കട്ടെ, ‘കടന്നുപോകൂ, എന്നെ ശല്യപ്പെടുത്തരുത്. വാതില്‍ പൂട്ടിയിരിക്കുന്നു. ഞാനും കുട്ടികളും കിടക്കയിലാണ്. എനിക്കിപ്പോള്‍ എഴുന്നേറ്റ് നിനക്കു റൊട്ടി തരാനൊന്നും വയ്യ.’
8 ഞാന്‍ നിങ്ങളോടു പറയുന്നു. അടുത്ത സ്നേഹിതനാണെങ്കിലും ആ സമയത്ത് അയാള്‍ നിങ്ങള്‍ക്ക് ഒന്നും തന്നില്ലെന്നു വരാം. എന്നാല്‍ നിര്‍ബന്ധപൂര്‍വ്വം തുടരെ, തുടരെ ചോദിച്ചാല്‍ തീര്‍ച്ചയായും അയാള്‍ എഴുന്നേറ്റ് വന്ന് എന്തെങ്കിലും തരും.
9 അതുകൊണ്ട് ഞാന്‍ നിങ്ങളോടു പറയുന്നു, തുടരെ ചോദിക്കുവിന്‍, ദൈവം നിങ്ങള്‍ക്കു തരും. തുടര്‍ച്ചയായി അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും. തുടര്‍ച്ചയായി മുട്ടുവിന്‍, നിങ്ങള്‍ക്കായി വാതില്‍ തുറക്കപ്പെടും.
10 അതെ, തുടര്‍ച്ചയായി അന്വേഷിക്കുന്നവന്‍ കണ്ടെത്തും. തുടര്‍ച്ചയായി മുട്ടുന്നവനു മുന്നില്‍ വാതില്‍ തുറക്കപ്പെടും.
11 നിങ്ങളുടെ മക്കള്‍ നിങ്ങളോടു മത്സ്യം ആവശ്യപ്പെട്ടാല്‍ നിങ്ങളെന്തു ചെയ്യും. ഏതെങ്കിലും പിതാവ് അപ്പോള്‍ പാന്പിനെ കൊടുക്കുമോ? ഇല്ല, നിങ്ങള്‍ മത്സ്യമേ കൊടുക്കൂ.
12 അല്ലെങ്കില്‍ നിങ്ങളുടെ മകന്‍ മുട്ട ചോദിച്ചാല്‍ നിങ്ങളവന് തേളിനെ കൊടുക്കുമോ? ഇല്ല.
13 നിങ്ങള്‍ എല്ലാവരെയും പോലെ ദുഷ്ടരാണ്. എങ്കിലും സ്വന്തം കുഞ്ഞുങ്ങള്‍ക്കെങ്ങനെ നല്ല സമ്മാനങ്ങള്‍ കൊടുക്കണമെന്ന് നിങ്ങള്‍ക്കറിയാം. അതിനേക്കാളേറെ നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവിന് തന്നോടു ചോദിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കണമെന്ന് നന്നായറിയാം.”
യേശുവിന് ദൈവത്തില്‍ നിന്നു ശക്തി
(മത്താ. 12:22-30; മര്‍ക്കൊ. 3:20-27)
14 യേശു ഒരിക്കല്‍ ഊമനായ ഒരാളില്‍ നിന്ന് ഭൂതത്തെ ഒഴിപ്പിക്കുകയായിരുന്നു. ഭൂതം പുറത്തു കടന്നപ്പോള്‍ അയാള്‍ക്കു സംസാരിക്കാറായി. ആളുകള്‍ അത്ഭുതപ്പെട്ടു.
15 പക്ഷേ ചിലര്‍ പറഞ്ഞു, “ഭൂതങ്ങളുടെ രാജാവായ ബെയെത്സെബൂലിന്‍റെ ശക്തിയാലാണ് യേശു ഭൂതങ്ങളെ ഒഴിപ്പിക്കുന്നത്.”
16 മറ്റു ചിലര്‍ക്ക് യേശുവിനെ പരീക്ഷിക്കണമായിരുന്നു. അവര്‍ അവനോടു ഒരു സ്വര്‍ഗ്ഗീയ അടയാളം ആവശ്യപ്പെട്ടു.
17 പക്ഷേ അവരുടെ വിചാരങ്ങള്‍ യേശുവിനറിയാമായിരുന്നു. അതിനാലവന്‍ അവരോടു പറഞ്ഞു, “അന്തഃച്ഛിദ്രമുള്ള ഏതു രാജ്യവും നശിക്കും. സ്വന്തം അംഗങ്ങള്‍ക്കെതിരായി പൊരുതുന്ന കുടുംബവും ചിതറിപ്പോകും.
18 അതുപോലെ സാത്താന്‍ സാത്താനെതിരെ പൊരുതിയാല്‍ അവന്‍റെ രാജ്യമെങ്ങനെ നിലനില്‍ക്കും. നിങ്ങള്‍ പറയുന്നു, ഭൂതങ്ങളെ ഒഴിപ്പിക്കാന്‍ ഞാന്‍ ബെയെത്സെബൂലിന്‍റെ ശക്തി ഉപയോഗിച്ചുവെന്ന്.
19 ഞാനങ്ങനെ ചെയ്യുന്നുവെങ്കില്‍ നിങ്ങളുടെ ആള്‍ക്കാര്‍ ഏതു ശക്തി ഉപയോഗിച്ചാണ് ഭൂതങ്ങളെ ഓടിക്കുക. നിങ്ങള്‍ പറയുന്നത് തെറ്റാണെന്ന് നിങ്ങളുടെ ആള്‍ക്കാര്‍ തന്നെ തെളിയിക്കുന്നു.
20 എന്നാല്‍ ഞാന്‍ ദൈവത്തിന്‍റെ ശക്തിയിലാണ് ഭൂതങ്ങളെ ഓടിക്കുന്നത്. ദൈവരാജ്യം നിങ്ങളുടെ അടുത്തെത്തിക്കഴിഞ്ഞുവെന്ന് ഇതു കാണിക്കുന്നു.
21 “ശക്തനായ ഒരുവന്‍ അനേകം ആയുധങ്ങളോടെ സ്വന്തം വീടിനു കാവല്‍ നിന്നാല്‍ അവന്‍റെ വീട്ടിലുള്ള സാമഗ്രികള്‍ സുരക്ഷിതമാണ്.
22 പക്ഷേ അവനെക്കാള്‍ ശക്തനായവന്‍ അയാളെ കീഴടക്കുമെന്നിരിക്കട്ടെ, അയാള്‍ മറ്റെയാള്‍ വിശ്വാസമര്‍പ്പിച്ചിരുന്ന എല്ലാ ആയുധങ്ങളും പിടിച്ചെടുക്കും. പിന്നെ ശക്തന്‍ മറ്റെയാളുടെ വീട്ടിലെ സാധനങ്ങള്‍ ആവശ്യം പോലെ എടുക്കും.
23 “എന്നോടൊപ്പം നില്‍ക്കാത്തവന്‍ എനിക്കെതിരാണ്. എന്നോടൊപ്പം പ്രവര്‍ത്തിക്കാത്തവന്‍ എനിക്കെതിരായി പ്രവര്‍ത്തിക്കുന്നു.
ശൂന്യമനുഷ്യന്‍
(മത്താ. 12:43-45)
24 “അശുദ്ധാത്മാവ് ഒരാളെ വിട്ടു പോകുന്പോള്‍ വിശ്രമിക്കാനിടം തേടി മരുഭൂമികളിലൂടെ സഞ്ചരിക്കും. പക്ഷേ അതിന് ഒരിടവും കിട്ടുകയില്ല. അതിനാല്‍ അശുദ്ധാത്മാവ് പറയുന്നു, ‘ഞാന്‍ വിട്ടൊഴിഞ്ഞു പോന്നവനിലേക്ക് തന്നെ മടങ്ങും.’
25 മടങ്ങിച്ചെല്ലുന്പോള്‍ ആ മനുഷ്യന്‍ വൃത്തിയാക്കപ്പെട്ടവനും ശുദ്ധനുമായി കാണുന്നു.
26 അശുദ്ധാത്മാവ് മടങ്ങിപ്പോയി തന്നെക്കാള്‍ ദുഷ്ടരായ ഏഴു അശുദ്ധാത്മാക്കളുമായി വന്നു. അവരെല്ലാം കൂടി അയാളില്‍ പ്രവേശിക്കുന്നു. അതോടെ അയാളുടെ ഗതി പഴയതിലും കഷ്ടമായി.”
യഥാര്‍ത്ഥ സന്തുഷ്ടര്‍
27 യേശു ഇത്രയും പറഞ്ഞപ്പോള്‍ അവിടെ കൂടിയിരുന്നവരില്‍ ഒരു സ്ത്രീ സംസാരിക്കാന്‍ തുടങ്ങി. അവള്‍ യേശുവിനോടു പറഞ്ഞു, “നിന്നെ പ്രസവിച്ചതിനാലും മുലയൂട്ടിയതിനാലും നിന്‍റെ അമ്മ അനുഗൃഹീതയാണ്.”
28 എന്നാല്‍ യേശു പറഞ്ഞു, “ദൈവവചനങ്ങള്‍ കേള്‍ക്കുകയും അതു അനുസരിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ സന്തുഷ്ടര്‍.”
ഞങ്ങള്‍ക്കു തെളിവു നല്‍കൂ
(മത്താ. 12:38-42; മര്‍ക്കൊ. 8:12)
29 ജനക്കൂട്ടം വലുതായിക്കൊണ്ടിരുന്നു. യേശു പറഞ്ഞു, “ഇന്നത്തെ തലമുറ ദുഷിച്ചതാണ്. അവര്‍ ദൈവത്തിന്‍റെ അടയാളമായി ഒരത്ഭുത സംഭവം ആവശ്യപ്പെടുന്നു. പക്ഷേ അവര്‍ക്കതു കിട്ടില്ല. യോനായ്ക്കന്നു* യോനാ പഴയ നിയമത്തിലെ ഒരു പ്രവാചകന്‍. മൂന്നു ദിവസം ഒരു മീനിന്‍റെ ഉള്ളില്‍ കഴിഞ്ഞിട്ടും ജീവനോടെ അദ്ദേഹം പുറത്തു വന്നു. യേശു മൂന്നാം ദിവസം കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റതുപോലെ. സംഭവിച്ച അത്ഭുതമല്ലാതെ മറ്റൊരടയാളവും ലഭിക്കുകയില്ല.
30 യോനാ, നീനെവേക്കാര്‍ക്ക് ഒരു അടയാളമായിരുന്നു. മനുഷ്യപുത്രനും അതുപോലെ ഈ തലമുറക്കാര്‍ക്ക് അടയാളമായിരിക്കും.
31 “ന്യായവിധിദിവസം തെക്കിന്‍റെ രാജ്ഞി ഉയിര്‍ത്തെഴുന്നേറ്റ് ഈ തലമുറക്കാരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും. കാരണം അവള്‍ വളരെ വളരെ അകലെനിന്നും ശലോമോന്‍റെ ജ്ഞാനം നിറഞ്ഞ വചനം കേള്‍ക്കാനെത്തി. ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ ശലോമോനെക്കാള്‍ ശ്രേഷ്ഠനാണ്.
32 “ന്യായവിധിദിവസം നീനെവേക്കാര്‍ ഇന്നത്തെ തലമുറക്കാരോടൊപ്പം എഴുന്നേറ്റുനിന്ന് നിങ്ങള്‍ തെറ്റുകാരാണെന്നു പറയും. എന്തുകൊണ്ട്? യോനയുടെ പ്രസംഗങ്ങള്‍ കേട്ട് അവര്‍ മാനസാന്തരപ്പെട്ടു. ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ യോനയേക്കാളും ശ്രേഷ്ഠനാണ്.
ലോകത്തിനു പ്രകാശമാവുക
(മത്താ. 5:15; 6:22-23)
33 “ആരും വിളക്കു കൊളുത്തി പറയ്ക്കടിയില്‍ വെയ്ക്കുകയോ ഒളിച്ചു വെയ്ക്കുകയോ ചെയ്യുന്നില്ല. മറിച്ച് അകത്തു കടന്നുവരുന്നവര്‍ക്കു വ്യക്തമായി കാണാനായി അതു മേശയില്‍ വയ്ക്കുന്നു.
34 നിങ്ങളുടെ കണ്ണ് ശരീരത്തിന്‍റെ പ്രകാശമാണ്. കണ്ണുകള്‍ നന്നായിരുന്നാല്‍ നിങ്ങളുടെ ശരീരം പ്രകാശമാനമായിരിക്കും. കണ്ണുകള്‍ ചീത്തയായിരുന്നാല്‍ നിങ്ങളുടെ ശരീരം ഇരുണ്ടതായിരിക്കും.
35 അതിനാല്‍ ശ്രദ്ധാലുവായിരിക്കുക! നിങ്ങളിലെ പ്രകാശം ഇരുട്ടുവാനനുവദിക്കരുത്.
36 നിങ്ങളുടെ ശരീരമാകെ തിളക്കമാര്‍ന്നതായാല്‍, ഇരുണ്ട സ്ഥലമില്ലാതിരുന്നാല്‍, നിങ്ങള്‍ മിന്നല്‍ പോലെ പ്രകാശിക്കും.”
യേശു പരീശന്മാരെ വിമര്‍ശിക്കുന്നു
(മത്താ. 23:1-36; മര്‍ക്കൊ. 12:38-40; ലൂക്കൊ. 20:45-47)
37 യേശു സംസാരം അവസാനിപ്പിച്ചപ്പോള്‍ ഒരു പരീശന്‍ തന്നോടൊപ്പം ഭക്ഷണം കഴിക്കാന്‍ ചെന്നിരുന്നു.
38 എന്നാല്‍ ആഹാരത്തിനു മുന്പ് യേശു കൈകഴുകാതിരുന്നതു കണ്ട് പരീശന്‍ അത്ഭുതപ്പെട്ടു.
39 കര്‍ത്താവ് അയാളോടു പറഞ്ഞു, “നിങ്ങള്‍ പരീശന്മാര്‍ ചഷകങ്ങളടെയും പാത്രങ്ങളുടെയും പുറം മാത്രം കഴുകുന്നു. എന്നാല്‍ നിങ്ങളുടെ ഉള്ളില്‍ ദുരാഗ്രഹവും ദുഷ്ടതയും കൊണ്ട് നിറഞ്ഞിരിക്കുന്നു.
40 നിങ്ങള്‍ വിഡ്ഢികളാണ്. പുറം നിര്‍മ്മിച്ചവന്‍ (ദൈവം) തന്നെയാണകവും നിര്‍മ്മിച്ചത്.
41 നിങ്ങളുടെ ചഷകങ്ങളിലുള്ളതെല്ലാം ആവശ്യക്കാരനു കൊടുക്കുക. അപ്പോള്‍ നിങ്ങള്‍ പൂര്‍ണ്ണമായും ശുദ്ധമാകും.
42 “പക്ഷേ, പരീശന്മാരേ, നിങ്ങള്‍ക്കു ദുരിതം! കാരണം, നിങ്ങള്‍ തുളസിയിലും അരൂതയിലും എല്ലാ സസ്യങ്ങളിലും പോലും നേടിയതിന്‍റെ പത്തിലൊന്നു ദൈവത്തിനു നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ മറ്റുള്ളവരോട് നീതി പുലര്‍ത്തുന്നതില്‍ ഉപേക്ഷവരുത്തുന്നു. മര്യാദകാട്ടാനും ദൈവത്തെ സ്നേഹിക്കാനും മറക്കുന്നു. ഇതു നിങ്ങള്‍ ചെയ്യേണ്ടതാണ്. അതോടൊപ്പം പത്തിലൊന്നു കൊടുക്കുന്നതും നിങ്ങള്‍ തുടര്‍ന്നു ചെയ്യേണ്ടതുണ്ട്.
43 “പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. എന്തെന്നാല്‍ പള്ളികളില്‍ പ്രധാന ഇരിപ്പിടങ്ങള്‍ കിട്ടുന്നതു നിങ്ങളിഷ്ടപ്പെട്ടു. ചന്തയില്‍ ജനങ്ങളുടെ ബഹുമാനം നിങ്ങള്‍ ആഗ്രഹിച്ചു.
44 നിങ്ങള്‍ക്കു ദുരിതം, എന്തെന്നാല്‍ മറവിലുള്ള കുഴിമാടങ്ങള്‍ പോലെയാണു നിങ്ങള്‍. മനുഷ്യര്‍ അറിയാതെ അതിനു മുകളില്‍കൂടി നടക്കുന്നു.”
യേശു യെഹൂദപണ്ഡിത്മാരോടു സംസാരിക്കുന്നു
45 ശാസ്ത്രിമാരിലൊരാള്‍ യേശുവിനോടു പറഞ്ഞു, “ഗുരോ, പരീശന്മാരെപ്പറ്റി നീ ഇതു പറയുന്പോള്‍ ഞങ്ങളെക്കൂടി അധിക്ഷേപിക്കുകയാണ്.”
46 യേശു പറഞ്ഞു, “ശാസ്ത്രിമാരേ, നിങ്ങള്‍ക്കു കൂടി ദുരിതം. വിഷമകരമായ നിയമങ്ങള്‍ നിങ്ങളുണ്ടാക്കുന്നു. അവ അനുസരിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നു. എന്നാല്‍ നിങ്ങളാകട്ടെ അവയിലൊരു നിയമവും പാലിക്കാന്‍ ശ്രമിക്കുന്നു കൂടിയില്ല.
47 നിങ്ങള്‍ക്കു ദുരിതം, എന്തെന്നാല്‍ നിങ്ങള്‍ പ്രവാചകര്‍ക്കു ശവകുടീരങ്ങളൊരുക്കുന്നു. അവരെ നിങ്ങളുടെ പൂര്‍വ്വികര്‍ കൊന്നതാണ്.
48 ഇപ്പോഴാകട്ടെ നിങ്ങളുടെ പൂര്‍വ്വികരുടെ കര്‍മ്മത്തെ നിങ്ങള്‍ അംഗീകരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. അവര്‍ പ്രവാചകരെ കൊന്നു, നിങ്ങള്‍ പ്രവാചകര്‍ക്ക് ശവകുടീരങ്ങളൊരുക്കുന്നു.
49 അതിനാലാണു ദൈവത്തിന്‍റെ ജ്ഞാനം ഇങ്ങനെ പറയുന്നത്, ‘ഞാനവരുടെ അടുത്തേക്കു പ്രവാചകരെയും അപ്പൊസ്തലന്മാരെയും അയയ്ക്കും. അവരില്‍ ചിലരെ ദുഷ്ടമനുഷ്യര്‍ വധിക്കും. മറ്റുള്ളവര്‍ പീഢിപ്പിക്കപ്പെടും.’
50 “അതുകൊണ്ട് ഈ തലമുറക്കാരായ നിങ്ങള്‍ ലോകാരംഭം മുതല്‍ കൊല്ലപ്പെട്ട പ്രവാചകരുടെ മരണത്തിനു ശിക്ഷിക്കപ്പെടും.
51 ഹാബേലിന്‍റെ രക്തം ചിന്തിയതുമുതല്‍ സെഖര്യാവിന്‍റെ രക്തം ചിന്തിയതുവരെയുള്ള എല്ലാ കുറ്റങ്ങള്‍ക്കും നിങ്ങള്‍ ശിക്ഷിക്കപ്പെടും. സെഖര്യാവ് ബലിപീഠത്തിനും ദൈവാലയത്തിനുമിടയില്‍ വെച്ചു കൊല്ലപ്പെട്ടു. അതെ, ഞാന്‍ നിങ്ങളോടു പറയുന്നു ഈ തലമുറക്കാരായ നിങ്ങള്‍ അവയ്ക്കെല്ലാം വേണ്ടി ശിക്ഷിക്കപ്പെടും.
52 “ശാസ്ത്രിമാരേ, നിങ്ങള്‍ക്കു ദുരിതം. ദൈവജ്ഞാനത്തിന്‍റെ താക്കോല്‍ നിങ്ങള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നു. നിങ്ങള്‍ സ്വയം പഠിക്കുകയില്ല. മറ്റുള്ളവരെ പഠിപ്പിക്കുകയുമില്ല.”
53 യേശു അവിടം വിട്ടുപോകാന്‍ തുടങ്ങിയപ്പോള്‍ പരീശന്മാരും ശാസ്ത്രിമാരും അവനില്‍ ഉഗ്രമായി സമ്മര്‍ദ്ദം ചെലുത്തി. പലതിനെപ്പറ്റിയും അവര്‍ ചോദ്യങ്ങള്‍ ചോദിച്ച് അവനില്‍ നിന്നും ഉത്തരങ്ങളാവശ്യപ്പെട്ടു.
54 യേശുവിനെക്കൊണ്ട് തെറ്റായതെന്തെങ്കിലും പറയിച്ചു കുരുക്കാനായിരുന്നു അവരുടെ ശ്രമം.