മാനസാന്തരപ്പെടുക
13
ആ സമയം അവനോടൊപ്പം ചിലരുണ്ടായിരുന്നു. ചില ഗലീലക്കാര്‍ക്ക് എന്തു സംഭവിച്ചുവെന്ന് അവര്‍ അവനോടു പറഞ്ഞു. അവര്‍ ആരാധിക്കവേ പീലാത്തോസ്* പീലാത്തൊസ് ക്രി. വ. 26-36 വരെ പൊന്തിയൊസ് പീലാത്തോസായിരുന്നു യെഹൂദയിലെ ഗവര്‍ണര്‍. അവരെ വധിച്ചു. അവരുടെ രക്തം യാഗത്തില്‍ മൃഗങ്ങളുടെ രക്തത്തോട് പീലാത്തോസ് കലര്‍ത്തി. യേശു പറഞ്ഞു, “അവര്‍ മറ്റെല്ലാ ഗലീലക്കാരെക്കാള്‍ പാപികളായതിനാലാണ് അവര്‍ക്കിതു സംഭവിച്ചതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? അല്ല, അവരങ്ങനെയായിരുന്നില്ല. പക്ഷേ നിങ്ങളെല്ലാവരും മാനസാന്തരപ്പെട്ടില്ലെങ്കില്‍ അവരെപ്പോലെ നിങ്ങളും നശിപ്പിക്കപ്പെടും. ശീലോഹാമിലെ ഗോപുരമിടിഞ്ഞു വീണു മരിച്ചവരോ, അവര്‍ യെരൂശലേമിലെ മറ്റാള്‍ക്കാരെക്കാള്‍ പാപികളാണെന്നു നിങ്ങള്‍ കരുതുന്നുവോ? ആയിരുന്നില്ല. പക്ഷേ ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ടില്ലെങ്കില്‍ നിങ്ങളെല്ലാം അതുപോലെ നശിപ്പിക്കപ്പെടും.”
പാഴ്മരം
യേശു ഈ കഥ പറഞ്ഞു, “ഒരാള്‍ക്ക് ഒരു അത്തിമരമുണ്ടായിരുന്നു. അത് അയാളുടെ മുന്തിരിത്തോട്ടത്തിലാണ് നട്ടിരുന്നത്. അയാള്‍ ആ മരത്തില്‍ കായ് വല്ലതുമുണ്ടോ എന്നു വന്നു നോക്കിയെങ്കിലും ഒന്നും കണ്ടില്ല. തോട്ടം സൂക്ഷിപ്പുകാരനായ ഒരു ദാസന്‍ അയാള്‍ക്കുണ്ടായിരു ന്നു. അയാള്‍ ദാസനോടു പറഞ്ഞു, ‘മൂന്നു വര്‍ഷമായി ഞാന്‍ ഈ അത്തിമരത്തില്‍ പഴം ഉണ്ടോ എന്നു നോക്കുന്നു. പക്ഷേ ഒരിക്കലും ഒന്നും കണ്ടില്ല. ഇതു വെട്ടിക്കളയൂ! എന്തിനാണിത്രയും ഭൂമി മെനക്കെടുത്തുന്നത്?’ പക്ഷേ ദാസന്‍ പറഞ്ഞു, ‘യജമാനനേ, ഈ മരത്തിന് കായ്ക്കാന്‍ ഒരുവര്‍ഷം കൂടി അനുവദിക്കൂ. ഞാനിതിന്‍റെ ചുവടു കിളച്ച് വളം ഇടാം. അടുത്ത വര്‍ഷം ഇതു കായ്ച്ചേക്കാം. എന്നിട്ടും കായ്ക്കുന്നില്ലെങ്കില്‍ അങ്ങയ്ക്കു വെട്ടിക്കളയാം.’”
ശബ്ബത്തു ദിവസം യേശു ഒരു സ്ത്രീയെ സുഖപ്പെടുത്തുന്നു
10 യേശു ശബ്ബത്തു ദിവസം യെഹൂദപ്പള്ളിയില്‍ പഠിപ്പിക്കുകയായിരുന്നു. 11 അവിടെ അശുദ്ധാത്മാവ് ബാധിച്ച ഒരു സ്ത്രീയുണ്ടായിരുന്നു. ആത്മാവ് അവളെ പതിനെട്ടു വര്‍ഷമായി കൂനിയാക്കിയിരുന്നു. അവള്‍ക്കു നിവര്‍ന്നു നില്‍ക്കുവാനാകുമായിരുന്നില്ല. 12 അവളെ കണ്ട യേശു അവളെ അടുത്തുവിളിച്ചു പറഞ്ഞു, “സ്ത്രീയേ, നീ രോഗവിമുക്തയായിരിക്കുന്നു.” 13 യേശു അവളുടെ പുറത്ത് അവന്‍റെ കൈകള്‍ വെച്ചു. അപ്പോള്‍ അവള്‍ക്കു നിവര്‍ന്നു നില്‍ക്കാനായി അവള്‍ ദൈവത്തെ വാഴ്ത്തി.
14 ശബ്ബത്തു ദിവസം യേശു രോഗശാന്തി വരുത്തിയതില്‍ യെഹൂദപ്പള്ളിയിലെ നേതാവ് രോഷാകുലനായി. അയാള്‍ ജനങ്ങളോടു പറഞ്ഞു, “ജോലി ചെയ്യാന്‍ ആറു ദിവസങ്ങളുണ്ട്. അതിനാല്‍ ആ ദിവസങ്ങളില്‍ വന്ന് രോഗശാന്തി നേടാം. പക്ഷേ ശബ്ബത്തു ദിവസം രോഗശാന്തിക്കായി വരാതിരിക്കുക.”
15 കര്‍ത്താവ് (യേശു) മറുപടി പറഞ്ഞു, “കപടഭക്തിക്കാരേ, നിങ്ങള്‍ ശബ്ബത്തു ദിവസം പോലും നിങ്ങളുടെ പണിമൃഗങ്ങളെ വെള്ളം കുടിപ്പിക്കാന്‍ കൊണ്ടുപോകാറില്ലേ. 16 ഞാനിപ്പോള്‍ രോഗശാന്തി വരുത്തിയ ഈ സ്ത്രീ ഒരു യെഹൂദസഹോദരിയാണ്. യെഹൂദ സഹോദരി അബ്രാഹാമിന്‍റെ പുത്രി” എന്നര്‍ത്ഥം. പക്ഷേ പതിനെട്ടു വര്‍ഷമായി സാത്താന്‍ അവളെ ബന്ധിച്ചിരിക്കുന്നു. തീര്‍ച്ചയായും ശബ്ബത്തു ദിവസം അവളെ അവളുടെ ബന്ധനത്തില്‍ നിന്ന് മോചിപ്പിച്ചതില്‍ തെറ്റില്ല.” 17 യേശു ഇതു പറഞ്ഞപ്പോള്‍ അവന്‍റെ എതിരാളികള്‍ എല്ലാം സ്വയം ലജ്ജിച്ചു. യേശു ചെയ്തുകൊണ്ടിരുന്ന അത്ഭുതകര്‍മ്മങ്ങളില്‍ എല്ലാവരും സന്തുഷ്ടരായി.
ദൈവരാജ്യത്തിന്‍റെ ഉപമ
(മത്താ. 13:31-33, മര്‍ക്കൊ. 4:30-32)
18 യേശു പറഞ്ഞു, “ദൈവരാജ്യം എന്തു പോലെയാണ്? എന്തിനോടാണ് ഞാനതിനെ ഉപമിക്കേണ്ടത്. 19 ദൈവരാജ്യം കടുകുചെടിയുടെ വിത്തു പോലെയാണ്. ഒരാള്‍ ഈ വിത്ത് അയാളുടെ തോട്ടത്തില്‍ വിതയ്ക്കുന്നു. വിത്ത് മുളച്ച് വലിയ ചെടിയാകുന്നു. പക്ഷികള്‍ അതിന്‍റെ ശാഖകളില്‍ കൂടുകൂട്ടുന്നു.”
20 യേശു വീണ്ടും പറഞ്ഞു, “ദൈവരാജ്യത്തെ ഞാനെന്തിനോടുപമിക്കണം. 21 അത് പുളിമാവുപോലെയാണ്. ഒരു സ്ത്രീ പാത്രത്തില്‍ മൂന്ന് അളവു റൊട്ടിമാവിനോടു പുളിമാവ് ചേര്‍ത്ത് കുഴയ്ക്കുന്നു. മാവു പുളിച്ചു പൊന്തുന്നു.”
ഇടുങ്ങിയ വാതില്‍
(മത്താ. 7:13-14, 21-23)
22 യേശു എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിക്കുകയായിരുന്നു. അവന്‍ യെരൂശലേമിലേക്കുള്ള യാത്ര തുടര്‍ന്നു. 23 ചിലര്‍ യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, എത്ര പേര്‍ രക്ഷിക്കപ്പെടും? കുറച്ചുപേര്‍ മാത്രമേ രക്ഷിക്കപ്പെടുകയുള്ളോ?”
യേശു പറഞ്ഞു, 24 “സ്വര്‍ഗ്ഗത്തിലേക്കുള്ള ഇടുങ്ങിയ വാതിലിലൂടെ കടക്കുവാന്‍ കഠിനമായി പരിശ്രമിക്കൂ. അതു കടക്കാന്‍ പലരും ശ്രമിക്കും. എങ്കിലും ചിലര്‍ക്കേ അതിനു കഴിയൂ. 25 വീട്ടുടമ തന്‍റെ വാതില്‍ അടച്ചു കഴിഞ്ഞാല്‍, പുറത്തുനിന്ന് നിങ്ങള്‍ക്കു മുട്ടുവാന്‍ കഴിയും. എന്നാല്‍ അവന്‍ തുറക്കുകയില്ല. നിങ്ങള്‍ക്കു പറയാം, ‘യജമാനനേ, ദയവായി ഞങ്ങള്‍ക്കുവേണ്ടി വാതില്‍ തുറന്നാലും.’ പക്ഷേ അയാള്‍ മറുപടി പറയും, ‘എനിക്കു നിങ്ങളെ അറിയില്ല. നിങ്ങള്‍ എവിടെനിന്നാണ് വരുന്നത്?’ 26 അപ്പോള്‍ നിങ്ങള്‍ പറയും, ‘ഞങ്ങള്‍ നിന്നോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തിട്ടുണ്ട്. നീ ഞങ്ങളുടെ പട്ടണങ്ങളിലെ വഴികളില്‍ പഠിപ്പിച്ചിട്ടുണ്ട്.’ 27 അപ്പോള്‍ അവന്‍ പറയും, ‘എനിക്കു നിങ്ങളെ അറിയില്ല. നിങ്ങള്‍ എവിടെ നിന്നു വന്നു? എന്നില്‍ നിന്നു വളരെ അകലെ കടന്നുപോക. നിങ്ങളുടെ പ്രവര്‍ത്തികള്‍ ദുഷ്ടതയുള്ളതാണ്.’
28 “ദൈവരാജ്യത്ത് നിങ്ങള്‍ അബ്രഹാമിനെയും യിസ്ഹാക്കിനെയും യാക്കോബിനെയും മറ്റെല്ലാ പ്രവാചകരെയും കാണും. പക്ഷേ നിങ്ങളെ പുറത്തു തന്നെ നിര്‍ത്തും. അപ്പോള്‍ നിങ്ങള്‍ ഭയവും ക്രോധവും കൊണ്ട് നിലവിളിക്കും. 29 കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നീ ഭാഗങ്ങളില്‍നിന്നും ആളുകള്‍ വരും. അവര്‍ സ്വര്‍ഗ്ഗരാജ്യത്തിലെ മേശയ്ക്കു ചുറ്റും ഇരിക്കും. 30 ജീവിതത്തില്‍ ഏറ്റവും താഴ്ന്ന നിലയിലുള്ളവര്‍ക്ക് ദൈവരാജ്യത്ത് ഉന്നതസ്ഥാനം ലഭിക്കും. ഭൂമിയിലെ ഉന്നതര്‍ക്ക് ദൈവരാജ്യത്ത് താഴ്ന്ന സ്ഥാനവും.”
യേശു യെരൂശലേമില്‍ മരിക്കും
(മത്താ. 23:37-39)
31 ആ സമയം ഏതാനും പരീശന്മാര്‍ യേശുവിനെ സമീപിച്ചു പറഞ്ഞു, “ദൂരെ എവിടെയെങ്കിലും പോയി ഒളിക്കൂ. ഹെരോദാവിന് നിന്നെക്കൊല്ലണമെന്നുണ്ട്.”
32 യേശു അവരോടു പറഞ്ഞു, “പോയി ആ കുറുക്കനോടു പറയൂ, ‘ഇന്നും നാളെയും ഞാന്‍ ഭൂതങ്ങളെ ഒഴിപ്പിച്ചും, ആളുകളെ സുഖപ്പെടുത്തിയും ജോലി തീര്‍ത്തുകൊണ്ടിരിക്കും. അടുത്ത ദിവസം എന്‍റെ ജോലി അവസാനിക്കും.’ 33 അതിനുശേഷം ഞാന്‍ പോകും. എന്തെന്നാല്‍ പ്രവാചകന്‍ മരിക്കുക യെരൂശലേമിലായിരിക്കും.
34 “ഓ, യെരൂശലേം, യെരൂശലേം, നീ പ്രവാചകരെ വധിക്കുന്നു. ദൈവം നിന്‍റെ അടുത്തേക്കയച്ചവരെ നീ കല്ലെറിഞ്ഞു കൊല്ലുന്നു. നിന്‍റെ ജനങ്ങളെ ഞാന്‍ സഹായിക്കാന്‍ ആഗ്രഹിച്ചു. തള്ളക്കോഴി തന്‍റെ ചിറകിനടിയില്‍ കുഞ്ഞുങ്ങളെ കൂട്ടുന്നതുപോലെ ഞാന്‍ നിന്‍റെ ജനങ്ങളെ ഒന്നിച്ചു കൂട്ടാന്‍ ആഗ്രഹിച്ചു. പക്ഷേ നീയെന്നെ അതിനനുവദിച്ചില്ല. 35 ഇപ്പോള്‍ നിന്‍റെ വീട് ശൂന്യമാക്കപ്പെടും. ഞാന്‍ നിന്നോടു പറയുന്നു, ‘സ്വാഗതം: കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ’ എന്നു നീ പറയും വരെ നീ എന്നെ വീണ്ടും കാണില്ല.” ഉദ്ധരണി സങ്കീ. 118:26.