ശബ്ബത്തു ദിവസം സുഖപ്പെടുത്തുന്നതു ശരിയോ?
14
1 ഒരു ശബ്ബത്തു ദിവസം യേശു ഒരു പരീശപ്രമാണിയുടെ വീട്ടില്‍ അയാളോടൊത്തു ഭക്ഷണം കഴിക്കുന്നതിനായി പോയി. അവിടെയുണ്ടായിരുന്നവരെല്ലാം യേശുവിനെ സശ്രദ്ധം വീക്ഷിച്ചു.
2 ദുഷിച്ച രോഗമുള്ള ഒരാള്‍ യേശുവിനു മുന്പില്‍ കൊണ്ടുവരപ്പെട്ടു.
3 യേശു ശാസ്ത്രിമാരോടും പരീശന്മാരോടും ചോദിച്ചു, “ശബ്ബത്തു ദിവസം സുഖപ്പെടുത്തുന്നതു ശരിയോ, തെറ്റോ?”
4 പക്ഷേ അവര്‍ ആ ചോദ്യത്തിനു മറുപടി പറഞ്ഞില്ല. യേശു അയാളെ സുഖപ്പെടുത്തി പറഞ്ഞയച്ചു.
5 യേശു പരീശന്മാരോടും ശാസ്ത്രിമാരോടുമായി പറഞ്ഞു, “നിങ്ങളുടെ മകനോ, പണിമൃഗമോ ശബ്ബത്തുദിവസം കിണറ്റില്‍ വീണാല്‍ നിങ്ങള്‍ വേഗം കരയ്ക്കു കയറ്റും.”
6 പരീശന്മാര്‍ക്കും അതിനെതിരായി ഒന്നും പറയാനായില്ല.
സ്വയം പ്രമാണിയാകരുത്
7 അപ്പോള്‍ ചില അതിഥികള്‍ പ്രധാന ഇരിപ്പിടങ്ങള്‍ തേടുന്നത് യേശു ശ്രദ്ധിച്ചു. അവന്‍ ഈ കഥ പറഞ്ഞു,
8 “ഒരാള്‍ നിങ്ങളെ ഒരു വിവാഹത്തിനു ക്ഷണിച്ചാല്‍ ഏറ്റവും പ്രധാന ഇരിപ്പിടത്തില്‍ ഇരിക്കരുത്. അയാള്‍ നിങ്ങളെക്കാള്‍ പ്രധാനപ്പെട്ട മറ്റൊരാളെ ക്ഷണിച്ചിട്ടുണ്ടാകും.
9 അപ്പോള്‍ നിങ്ങള്‍ പ്രധാനസ്ഥലത്ത് ഇരിക്കുകയാണെങ്കില്‍ ക്ഷണിച്ചയാള്‍ വന്ന് ഇങ്ങനെ പറയും, ‘നിങ്ങളുടെ ഇരിപ്പിടം ഇദ്ദേഹത്തിനു നല്‍കുക’ എന്ന്. അപ്പോള്‍ ഇരിക്കാന്‍ പോകുന്ന വഴിയില്‍ വിഡ്ഢിയായി കാണപ്പെടും.
10 “അതിനാല്‍ ഒരാള്‍ നിങ്ങളെ ക്ഷണിച്ചാല്‍ ഒട്ടും പ്രധാനമല്ലാത്ത ഒരു ഇരിപ്പിടത്തില്‍ പോയി ഇരിക്കുക. അപ്പോള്‍ നിങ്ങളെ ക്ഷണിച്ചയാള്‍ വന്നു പറയും, ‘സുഹൃത്തേ, എഴുന്നേറ്റ് ഈ പ്രധാന ഇരിപ്പിടത്തിലേക്കു കടന്നിരിക്കൂ’ എന്ന്. അപ്പോള്‍ മറ്റ് എല്ലാ അതിഥികളും നിങ്ങളെ ബഹുമാനിക്കും.
11 സ്വയം ഉന്നതനാകുന്നവനെ എളിയവനാക്കും. എന്നാല്‍ എളിയവനായിരിക്കുന്നവനെ ഉന്നതനുമാക്കും.”
തക്ക പ്രതിഫലം കിട്ടും
12 അനന്തരം തന്നെ ക്ഷണിച്ച പരീശന്മാരോടായി യേശു പറഞ്ഞു, “നിങ്ങള്‍ മദ്ധ്യാഹ്ന ഭക്ഷണമോ അത്താഴമോ കൊടുക്കുന്പോള്‍ നിങ്ങളുടെ സഹോദരന്മാരെയോ നിങ്ങളുടെ ബന്ധുക്കളെയോ ധനികരായ നിങ്ങളുടെ അയല്‍ക്കാരെയോ മാത്രം ക്ഷണിക്കരുത്. മറ്റൊരിക്കല്‍ അവര്‍ നിങ്ങളെയും തിരിച്ചു ക്ഷണിക്കാം. അപ്പോള്‍ നിങ്ങള്‍ക്കു തക്കപ്രതിഫലം കിട്ടിക്കഴിയും.
13 പകരം, നിങ്ങള്‍ വിരുന്നൊരുക്കുന്പോള്‍ പാവങ്ങളെയും തളര്‍വാതരോഗികളെയും അന്ധരെയുമൊക്കെ ക്ഷണിക്കൂ.
14 അപ്പോള്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെടും. എന്തെന്നാല്‍ അവര്‍ നിങ്ങള്‍ക്കൊന്നും തിരികെ തരുന്നില്ല. അവര്‍ ഒന്നുമില്ലാത്തവരാണ്. എന്നാല്‍ നല്ലവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്പോള്‍ നിങ്ങള്‍ക്കു ദൈവരാജ്യത്തില്‍ പ്രതിഫലം കിട്ടും.”
വന്‍ വിരുന്നിന്‍റെ കഥ
(മത്താ. 22:1-10)
15 യേശുവിനോടൊപ്പം ഭക്ഷണത്തിനിരുന്നവരില്‍ ഒരാള്‍ ഇതെല്ലാം കേട്ടു. അയാള്‍ യേശുവിനോടു പറഞ്ഞു, “ദൈവരാജ്യത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ സന്തുഷ്ടര്‍.”
16 യേശു അവരോടു പറഞ്ഞു, “ഒരാള്‍ ഒരു വലിയ വിരുന്നൊരുക്കി. അയാള്‍ അനേകം പേരെ ക്ഷണിച്ചു,
17 ആഹാരം തയ്യാറായപ്പോള്‍ അയാള്‍ ക്ഷണിക്കപ്പെട്ടവരോട് ‘വരിക, എല്ലാം തയ്യാറായി’ എന്നു പറയാന്‍ ദാസനെ അയച്ചു.
18 എന്നാല്‍ അതിഥികളെല്ലാം വരാന്‍ മടി കാണിച്ചു. ഓരോരുത്തരും ഓരോ ഒഴികഴിവുകള്‍ പറഞ്ഞു. ഒരാള്‍ പറഞ്ഞു, ‘ഞാന്‍ ഒരു വയല്‍ വാങ്ങിയിട്ടുണ്ട് എനിക്കതു പോയി നോക്കണം. ദയവായി എന്നെ ഒഴിവാക്കുക.’
19 മറ്റൊരാള്‍ പറഞ്ഞു, ‘ഞാന്‍ അഞ്ചുജോടി കാളകളെ വാങ്ങി. എനിക്കവയെ പരീക്ഷിച്ചു നോക്കാന്‍ പോകണം. ദയവായി എന്നോടു ക്ഷമിക്കൂ.’
20 മൂന്നാമന്‍ പറഞ്ഞു, ‘ഞാനിപ്പോള്‍ വിവാഹിതനായതേയുള്ളൂ. എനിക്കു വരാനാകില്ല.’
21 “അതെല്ലാം കേട്ട് ദാസന്‍ മടങ്ങിച്ചെന്ന് യജമാനനോട് കാര്യങ്ങള്‍ പറഞ്ഞു. അയാള്‍ ദേഷ്യപ്പെട്ട് ദാസനോടു പറഞ്ഞു, ‘വേഗം തെരുവുകളിലേക്കും നഗരത്തിലെ ഊടുവഴികളിലേക്കും പോയി പാവപ്പെട്ടവരെയും തളര്‍വാതരോഗികളെയും അന്ധരെയും മുടന്തരെയും വിളിച്ചുകൊണ്ടുവരിക.’
22 പിന്നീട് ദാസന്‍ അയാളോട് പറഞ്ഞു, ‘യജമാനനേ, അങ്ങു കല്പിച്ചതുപോലെ ഞാന്‍ ചെയ്തു. പക്ഷേ ഇനിയും വളരെയേറെപ്പേര്‍ക്ക് ഇരിക്കാന്‍ ഇടമുണ്ട്.’
23 യജമാനന്‍ ഭൃത്യനോടു പറഞ്ഞു, ‘പെരുവഴികളിലേക്കും നാട്ടുപാതകളിലേക്കും ചെന്ന് എല്ലാവരോടും വരാന്‍ പറയുക. എന്‍റെ വീട് അതിഥികളെക്കൊണ്ട് നിറയണം.
24 ആദ്യം ക്ഷണിക്കപ്പെട്ടവരില്‍ ആര്‍ക്കും ഇവിടെ ഭക്ഷണമില്ല.’”
ആസൂത്രണം ചെയ്യുക
(മത്താ. 10:37-38)
25 ഒരു വലിയ ആള്‍ക്കൂട്ടം യേശുവിനോടൊത്തു യാത്ര ചെയ്തിരുന്നു. യേശു അവരോടു പറഞ്ഞു,
26 “എന്‍റെ കൂടെ വരുന്നവന്‍ എന്നെക്കാള്‍ അവന്‍റെ പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും മാത്രമല്ല തന്നെത്തന്നെയും സ്നേഹിച്ചാല്‍ അയാള്‍ എന്‍റെ ശിഷ്യനായിരിക്കാന്‍ യോഗ്യനല്ല. അവന്‍ അവന്‍റെ എല്ലാറ്റിനെയുംകാള്‍ എന്നെ സ്നേഹിക്കണം.
27 സ്വന്തം കുരിശു ചുമക്കാതെ എന്നെ അനുഗമിക്കുന്നവന് എന്‍റെ ശിഷ്യനാകാന്‍ കഴിയുകയില്ല.
28 “നിങ്ങള്‍ ഒരു ഗോപുരം പണിയാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യം അതിനെന്തു ചിലവു വരുമെന്ന് കണക്കു കൂട്ടണം. പണി തീര്‍ക്കാനുള്ളത്ര പണം നിങ്ങളുടെ കൈവശം ഉണ്ടോ എന്നും നിങ്ങള്‍ നോക്കണം.
29 അങ്ങനെ ചെയ്തില്ലെങ്കില്‍ തുടങ്ങിയ പണി മുഴുപ്പിക്കാന്‍ നിങ്ങള്‍ക്കായെന്നു വരില്ല. പണി തീര്‍ക്കാന്‍ കഴിയാതെ വന്നാല്‍ ആളുകള്‍ നിങ്ങളെ പരിഹസിക്കും.
30 അവര്‍ പറയും, ‘അയ്യേ! ഇയാള്‍ വീടുപണി തുടങ്ങി, പക്ഷേ അതു തീര്‍ക്കാനവനു പറ്റിയില്ല’ എന്ന്.
31 “മറ്റൊരു രാജാവിനെതിരെ യുദ്ധത്തിനു പോകുന്ന ഒരു രാജാവ് ആദ്യം യുദ്ധമുറകള്‍ ആസൂത്രണം ചെയ്യും. പതിനായിരം പടയാളികളെ തനിക്കുള്ളൂവെങ്കില്‍ ഇരുപതിനായിരം പടയാളികളുള്ള ശത്രുരാജാവിനെ കീഴടക്കാന്‍ തനിക്കാകുമോ എന്നയാള്‍ കണക്കു കൂട്ടും.
32 പറ്റില്ലെന്നാകില്‍ അദ്ദേഹം മറ്റേ രാജാവുമായി സമാധാനം പുലര്‍ത്തുവാന്‍ ദൂതന്മാര്‍ വഴി ശ്രമിക്കും. അതും ആ രാജാവ് തന്നില്‍ നിന്നും വളരെ അകലെയായിരിക്കുന്പോള്‍.
33 “അതുപോലെ നിങ്ങളും ആദ്യം എല്ലാം ആസൂത്രണം ചെയ്യണം. നിങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിച്ച് എന്നെ പിന്തുടരുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്‍റെ ശിഷ്യനായിരിക്കാന്‍ കഴികയില്ല.
നിങ്ങളുടെ സ്വാധീനം കളയരുത്
(മത്താ. 5:13; മര്‍ക്കൊ. 9:50)
34 “ഉപ്പു നല്ലതാണ്. പക്ഷേ ഉപ്പിന് അതിന്‍റെ രസം നഷ്ടപ്പെട്ടാല്‍ അതൊന്നിനും കൊള്ളുകയില്ല. നിങ്ങള്‍ക്കതിനെ വീണ്ടും ഉപ്പുള്ളതാക്കാനാകയുമില്ല.
35 അത് വളത്തിനോ ചെടികള്‍ വളര്‍ത്താനുള്ള മണ്ണിനോ കൊള്ളില്ല. നിങ്ങള്‍ അതു വലിച്ചെറിയും.
“ചെവിയുള്ളവരേ കേള്‍ക്കുക.”