സ്വര്‍ഗ്ഗീയാനന്ദം
(മത്താ. 18:12-14)
15
അനേകം ചുങ്കക്കാരും പാപികളും യേശുവിനെ ശ്രവിക്കാനെത്തി. അപ്പോള്‍ പരീശന്മാരും ശാസ്ത്രിമാരും പരാതിപ്പെടാന്‍ തുടങ്ങി. “നോക്ക്, ഈ മനുഷ്യന്‍ പാപികളെ സ്വാഗതം ചെയ്യുകയും അവരോടൊത്ത് ഭക്ഷിക്കുകയും ചെയ്യുന്നു.”
അനന്തരം യേശു അവരോട് ഈ കഥ പറഞ്ഞു, “നിങ്ങളിലൊരാള്‍ക്ക് നൂറ് ആടുകളുള്ളതില്‍ ഒന്നിനെ നഷ്ടമായെന്നു കരുതുക. അപ്പോള്‍ അയാള്‍ മറ്റ് തൊണ്ണൂറ്റൊന്‍പതു ആടുകളെയും പുറത്ത് തനിയെ വിട്ട് നഷ്ടപ്പെട്ട ആടിനെ തേടിപ്പോകും. അതിനെ കണ്ടെത്തുംവരെ അയാള്‍ അന്വേഷിച്ചു കൊണ്ടിരിക്കും. നഷ്ടമായ ആടിനെ കണ്ടെത്തുന്പോള്‍ അയാള്‍ ആഹ്ളാദിക്കും. അയാള്‍ അതിനെ തോളിലേറ്റി, തന്‍റെ വീട്ടിലേക്കു പോകും. അയാള്‍ ചെന്ന് തന്‍റെ സുഹൃത്തുക്കളെയും അയല്‍ക്കാരെയും ചേര്‍ത്ത് പറയും, ‘എന്നോടൊത്തു സന്തോഷിക്കുക. നഷ്ടപ്പെട്ട ആടിനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.’ അതുപോലെ ഞാന്‍ നിങ്ങളോടു പറയുന്നു. പാപിയായ ഒരുവന്‍ അനുതപിക്കപ്പെടുന്പോള്‍ സ്വര്‍ഗ്ഗത്തില്‍ അളവറ്റ ആഹ്ളാദം ഉണ്ടാകുന്നു. മാനസാന്തരപ്പെട്ട തൊണ്ണൂറ്റൊന്‍പതു നല്ലവരെക്കാള്‍ ആ പാപിയാണ് കൂടുതല്‍ ഉല്ലാസം നല്‍കുന്നത്.
“ഒരു സ്ത്രീയ്ക്ക് പത്തു വെള്ളിനാണയങ്ങള്‍ ഉള്ളതില്‍ ഒന്നു നഷ്ടപ്പെട്ടുവെന്നിരിക്കട്ടെ. അവള്‍ ഒരു വിളക്ക് കത്തിച്ച് വീട് അടിച്ചുവാരും. നഷ്ടപ്പെട്ട നാണയം കണ്ടെത്തുംവരെ അവള്‍ പരതും. അതു കണ്ടെത്തുന്പോള്‍ അവള്‍ സുഹൃത്തുക്കളെയും അയല്‍ക്കാരെയും വിളിച്ചുചേര്‍ത്ത് അവരോടു പറയും, ‘എന്നോടൊത്തു ആഹ്ളാദിക്കുക. എനിക്കു നഷ്ടമായ നാണയം ഞാന്‍ കണ്ടെത്തിയിരിക്കുന്നു.’ 10 അതുപോലെ, ഞാന്‍ പറയുന്നു, മാനസാന്തരപ്പെടുന്ന പാപിയെച്ചൊല്ലി ദൈവത്തിന്‍റെ ദൂതന്മാരുടെ സന്നിധിയില്‍ ആഹ്ലാദമുണ്ടാകും.”
മുടിയനായ പുത്രന്‍
11 അപ്പോള്‍ യേശു പറഞ്ഞു, “ഒരാള്‍ക്ക് രണ്ടു പുത്രന്മാരുണ്ടായിരുന്നു. 12 ഇളയവന്‍ അപ്പനോടു പറഞ്ഞു, ‘ഞങ്ങള്‍ക്കുള്ള സ്വത്തില്‍ എന്‍റെ പങ്കു മുഴുവന്‍ എനിക്കു തരിക.’ അപ്പന്‍ സ്വത്തു പകുത്ത് രണ്ടുമക്കള്‍ക്കുമായി കൊടുത്തു.
13 “ഇളയ മകന്‍ തനിക്കുള്ളതെല്ലാം വാരിക്കെട്ടി നാടു വിട്ടു. അവന്‍ ദൂരെയൊരു രാജ്യത്തേക്കു പോയി. ഒരു വിഡ്ഢിയെപ്പോലെ ജീവിച്ചു തന്‍റെ പണമെല്ലാം മുടിച്ചു. 14 തനിക്കുള്ളതെല്ലാം ചിലവാക്കി. എല്ലാം തീര്‍ന്നപ്പോള്‍ ആ നാടു മഴ കിട്ടാതെ വരണ്ടു. രാജ്യത്താകമാനം കൊടും ക്ഷാമമുണ്ടായി. ഇളയപുത്രന്‍ വിശന്നു വലഞ്ഞു. കയ്യില്‍ പണവുമില്ല. 15 അതിനാല്‍ അയാള്‍ ആ രാജ്യത്തെ ഒരാള്‍ക്കുവേണ്ടി ജോലി ചെയ്തു. അയാള്‍ അവനെ പന്നികളെ തീറ്റാന്‍ നിയോഗിച്ചു. 16 പന്നികള്‍ക്കുള്ള തീറ്റ തിന്നുവാന്‍ പോലും വിശപ്പുമൂലം അവന്‍ തയ്യാറായി. എങ്കിലും ആരും അവന് ഒന്നും കൊടുത്തില്ല.
17 “താനൊരു വിഡ്ഢിയാണെന്നവനു ബോദ്ധ്യമായി. അവന്‍ വിചാരിച്ചു, ‘എന്‍റെ അപ്പന്‍റെ എല്ലാ ദാസന്മാരും യഥേഷ്ടം ആഹാരം കഴിക്കുന്നു. ഞാനിവിടെ ഒന്നും കഴിക്കാനില്ലാതെ മരണതുല്യനായി കഴിയുന്നു. 18 ഞാനെന്‍റെ അപ്പന്‍റെ അടുത്തു പോകും. അപ്പനോടു പറയും: അപ്പാ, ഞാന്‍ ദൈവത്തോടു പാപം ചെയ്തു. അങ്ങയോടു തെറ്റു ചെയ്തു. 19 അങ്ങയുടെ മകനെന്നു വിളിക്കപ്പെടാന്‍ പോലും ഞാന്‍ യോഗ്യനല്ല. എങ്കിലും എന്നെ, അങ്ങയുടെ ഒരു ഭൃത്യനായി കരുതിയാലും.’ 20 അങ്ങനെ അവന്‍ അപ്പന്‍റെ വസതിയിലേക്കു തിരിച്ചു.
മകന്‍ മടങ്ങിവരുന്നു
“അകലെ വെച്ചുതന്നെ തന്‍റെ മകന്‍ വരുന്നത് അപ്പന്‍ കണ്ടു. അദ്ദേഹത്തിന് അവനോട് കരുണ തോന്നി. അദ്ദേഹം ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. 21 മകന്‍ പറഞ്ഞു, ‘അപ്പാ, ഞാന്‍ ദൈവത്തിനെതിരായും അങ്ങയുടെ മുന്പിലും പാപം ചെയ്തു. അങ്ങയുടെ മകനെന്നു വിളിക്കപ്പെടാന്‍ ഇനി ഞാന്‍ അര്‍ഹനല്ല.’
22 “പക്ഷേ ആ പിതാവ് തന്‍റെ ദാസന്മാരോടു പറഞ്ഞു, ‘നോക്കി നില്‍ക്കാതെ വേഗം പോയി മികച്ച വസ്ത്രങ്ങള്‍ കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. അവന്‍റെ വിരലില്‍ മോതിരവും കാലില്‍ ചെരുപ്പും അണിയിക്കുക. 23 ഒരു കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്ന് കൊന്ന് ഭക്ഷണമുണ്ടാക്കി നമുക്ക് തിന്ന് ആഘോഷിക്കാം. 24 എന്‍റെ ഈ മകന്‍ മരിച്ചിരുന്നു; എന്നാലിപ്പോഴവന്‍ വീണ്ടും ജീവിച്ചിരിക്കുന്നു. അവനെ നഷ്ടപ്പെട്ടിരുന്നു, പക്ഷേ ഇപ്പോള്‍ അവനെ കണ്ടെത്തിയിരിക്കുന്നു.’ അങ്ങനെ അവര്‍ ആഘോഷിക്കാന്‍ തുടങ്ങി.
മൂത്ത മകന്‍ വരുന്നു
25 “ആ സമയം അയാളുടെ മൂത്ത മകന്‍ പാടത്തായിരുന്നു. അയാള്‍ വീടിനോടടുത്തപ്പോള്‍ പാട്ടും നൃത്തവും നടക്കുന്ന കോലാഹലം കേട്ടു. 26 ഒരു ദാസനെ വിളിച്ച് അയാള്‍ ചോദിച്ചു, ‘എന്താണിതൊക്കെ?’ 27 ദാസന്‍ പറഞ്ഞു, ‘അങ്ങയുടെ അനിയന്‍ തിരിച്ചുവന്നിരിക്കുന്നു. അങ്ങയുടെ അപ്പന്‍ കൊഴുത്ത ഒരു കാളയെ കൊന്ന് ഭക്ഷണമൊരുക്കി. അങ്ങയുടെ അനിയന്‍ സുരക്ഷിതമായി തിരിച്ചുവന്നതില്‍ അപ്പന്‍ വളരെ സന്തുഷ്ടനാണ്.’
28 “മൂത്ത പുത്രന്‍ കോപാകുലനായി. അയാള്‍ അകത്തു പോയി ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ കൂട്ടാക്കിയില്ല. അപ്പന്‍ പുറത്തുവന്ന് അയാളോട് അകത്തുവന്ന് ആഘോഷത്തില്‍ ചേരാന്‍ കേണു പറഞ്ഞു. 29 അയാള്‍ തന്‍റെ അപ്പനോടു പറഞ്ഞു, ‘ഞാന്‍ വളരെക്കാലമായി ഒരടിമയെപ്പോലെ അങ്ങയെ സേവിച്ചു. അങ്ങയുടെ ആജ്ഞയെ എപ്പോഴും അനുസരിച്ചു. പക്ഷേ എനിക്കുവേണ്ടി ഒരിക്കലും ഒരാട്ടിന്‍കുട്ടിയെപ്പോലും അങ്ങ് കൊന്നില്ല. എനിക്കും എന്‍റെ സുഹൃത്തുക്കള്‍ക്കും വേണ്ടി അങ്ങ് ഒരിക്കലും ഒരാഘോഷവും നടത്തിയില്ല. 30 പക്ഷേ അങ്ങയുടെ മറ്റേ മകന്‍ വേശ്യകളുമൊത്ത് പണം മുഴുവന്‍ നശിപ്പിച്ചു. എന്നിട്ടവന്‍ മടങ്ങിവന്നപ്പോള്‍ അങ്ങ് അവനായി കൊഴുത്ത ഒരു കാളക്കുട്ടിയെ കൊന്നിരിക്കുന്നു.’
31 “പക്ഷേ അപ്പന്‍ അയാളോടു പറഞ്ഞു, ‘മകനേ നീയെപ്പോഴും എന്നോടൊത്തുണ്ട്. എനിക്കുള്ളതെല്ലാം നിനക്കുള്ളതുമാണ്. 32 നിന്‍റെ ഈ സഹോദരന്‍ മരിച്ചിരുന്നു. പക്ഷേ ഇപ്പോളവന്‍ ജീവിച്ചിരിക്കുന്നു. നഷ്ടപ്പെട്ട അവനെ തിരിച്ചു കിട്ടിയതിനാല്‍ നാം ഉചിതമായി ആഘോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു.’”