യഥാര്‍ത്ഥ സന്പത്ത്
16
യേശു അവന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “ഒരിക്കലൊരിടത്ത് ഒരു ധനികനുണ്ടായിരുന്നു. അയാളുടെ വ്യാപാരങ്ങള്‍ നോക്കിനടത്താന്‍ ഒരു കാര്യസ്ഥനെ നിയമിച്ചിരുന്നു. ഈ കാര്യസ്ഥന്‍ തന്നെ വഞ്ചിക്കുന്നുണ്ടെന്ന് ധനികന് പിന്നീട് അറിവു കിട്ടി. അതിനാലയാള്‍ കാര്യസ്ഥനെ വിളിച്ച് ഇങ്ങനെ പറഞ്ഞു, ‘നിന്നെക്കുറിച്ച് ഒരുപാട് കുറ്റങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു. എന്‍റെ സ്വത്ത് നീ എന്തു ചെയ്തുവെന്ന് വിവരം തരിക. ഇനി നീ എന്‍റെ കാര്യസ്ഥനായി തുടരുന്നത് ശരിയല്ല’
“പിന്നീട് കാര്യസ്ഥന്‍ സ്വയം ചിന്തിച്ചു, ‘ഞാനെന്തു ചെയ്യും? യജമാനനെന്നെ ജോലിയില്‍നിന്നും പിരിച്ചുവിടുന്നു. കിളയ്ക്കാന്‍ വേണ്ട ശക്തിയെനിക്കില്ല. ഇരക്കാന്‍ അഭിമാനം അനുവദിക്കുന്നുമില്ല. എന്തു ചെയ്യണമെന്നെനിക്കറിയാം. ജോലി പോയാലും മറ്റുള്ളവര്‍ എന്നെ സ്വീകരിക്കും വിധം ചിലതു ഞാന്‍ ചെയ്യും.’
“യജമാനനോട് കടം വാങ്ങിയ പണം മടക്കിക്കൊടുക്കാനുണ്ടായിരുന്ന എല്ലാവരെയും അയാള്‍ വിളിച്ചുകൂട്ടി. ഒന്നാമനോട് അയാള്‍ ചോദിച്ചു, ‘നീ എന്‍റെ യജമാനന് എന്തു കൊടുക്കാനുണ്ട്?’ അയാള്‍ പറഞ്ഞു, ‘എണ്ണായിരം പൌണ്ടിന്‍റെ ഒലീവെണ്ണ.’ കാര്യസ്ഥന്‍ അയാളോടു പറഞ്ഞു, ‘ഇതാ നിന്‍റെ കടപ്പത്രം. വേഗം ഇരുന്ന് ഇത് നാലായിരമായി കുറച്ചെഴുതുക.’
“പിന്നീടയാള്‍ മറ്റൊരാളോടു ചോദിച്ചു, ‘നീ യജമാനനു എന്തുകൊടുക്കാനുണ്ട്?’ അയാള്‍ പറഞ്ഞു, ‘അറുപതിനായിരം പൌണ്ടിന്‍റെ ഗോതന്പ്.’ കാര്യസ്ഥന്‍ അയാളോടു പറഞ്ഞു, ‘ഇതാ നിന്‍റെ കടപ്പത്രം കുറച്ച് അന്പതിനായിരം പൌണ്ടിന്‍റെ ആക്കുക.’
“പിന്നീട് യജമാനന്‍ നെറികെട്ട അയാളുടെ മിടുക്കിനെ അഭിനന്ദിച്ചു. അതെ, ഈ ലോകത്തിലെ ആള്‍ക്കാര്‍ തങ്ങളുടെ സമകാലികരുമായി നടത്തുന്ന ഇടപാടുകളില്‍ ആത്മീയമനുഷ്യരെക്കാള്‍ മിടുക്കരാണ്.
“ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ലോകത്തു നിങ്ങള്‍ക്കുള്ളതുകൊണ്ട് സ്നേഹിതരെ ഉണ്ടാക്കുക. അവരെല്ലാം പോയിക്കഴിയുന്പോള്‍ നിങ്ങള്‍ നിത്യമായ വസതിയിലേക്കു സ്വാഗതം ചെയ്യപ്പെടും. 10 ഏറ്റവും ചെറിയ കാര്യത്തില്‍ പോലും വിശ്വസിക്കപ്പെടുന്നവന്‍ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തില്‍ കളങ്കം വരുത്തുന്നവന്‍ വലിയ ഇടപാടുകളിലും കളങ്കം ഏല്പിക്കും. 11 ലൌകീക സന്പന്നതയില്‍ നിങ്ങള്‍ വിശ്വസ്തനല്ലെങ്കില്‍ സ്വര്‍ഗ്ഗീയ സന്പന്നതയിലും നിങ്ങള്‍ വിശ്വസ്തരാകില്ല. 12 മറ്റുള്ളവരുടെ കാര്യങ്ങളില്‍ നിങ്ങള്‍ വിശ്വസ്തരല്ലെന്നു തെളിയിക്കപ്പെട്ടാല്‍ നിങ്ങള്‍ക്കു ഒന്നും സ്വന്തമായിട്ടും ഏല്പിക്കപ്പെടുകയില്ല.
13 “ഒരു ദാസനും ഒരേ സമയം രണ്ട് യജമാനന്മാരെ സേവിക്കുക സാദ്ധ്യമല്ല. ദാസന്‍ ഒരു യജമാനനെ വെറുത്ത് മറ്റെവനെ സ്നേഹിക്കും. അല്ലെങ്കില്‍ ഒരാളോടു വിശ്വാസം പ്രകടിപ്പിക്കുകയും മറ്റെവനെ അത്ര കാര്യമാക്കാതിരിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരേസമയം നിങ്ങള്‍ക്കു സേവിക്കാനാവില്ല.”
ദൈവനിയമം മാറ്റാനാവില്ല
(മത്താ. 11:12-13)
14 പരീശന്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പണത്തെ സ്നേഹിച്ച അവര്‍ യേശുവിനെ വിമര്‍ശിച്ചു. 15 യേശു പരീശന്മാരോടു പറഞ്ഞു, “നിങ്ങള്‍ മനുഷ്യരുടെ മുന്പില്‍ നല്ലവര്‍ ചമയുന്നവരാണ്. പക്ഷേ ദൈവം നിങ്ങളുടെ ഹൃദയമറിയുന്നു. മനുഷ്യര്‍ പ്രധാനമെന്നു കരുതുന്നവ ദൈവത്തിനു നിസ്സാരങ്ങളാണ്.
16 “ജനങ്ങള്‍ മോശെയുടെ ന്യായപ്രമാണങ്ങളും പ്രവാചകരുടെ ലിഖിതങ്ങളും അനുസരിച്ച് ജീവിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. എന്നാല്‍ സ്നാപകയോഹന്നാന്‍റെ കാലത്തിനു ശേഷം ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രചരിപ്പിക്കപ്പെടുന്നു. ദൈവരാജ്യത്തിലേക്ക് കയറിപ്പറ്റാന്‍ അനേകംപേര്‍ ശ്രമിക്കുന്നു. 17 ന്യായപ്രമാണത്തിന്‍റെ വള്ളിപുള്ളികള്‍ പോലും വിട്ടുകളയാനാവില്ല. ആകാശവും ഭൂമിയും കടന്നുപോകുന്നത് അതിലും എളുപ്പമാണ്.
വിവാഹമോചനവും പുനര്‍വിവാഹവും
18 “ഒരാള്‍ തന്‍റെ ഭാര്യയുമായി വിവാഹമോചനം നടത്തി മറ്റൊരുവളെ വിവാഹം ചെയ്താല്‍ അയാള്‍ വ്യഭിചരിക്കുന്നു. അതുപോലെ വിവാഹമോചിതരായ സ്ത്രീയെ വിവാഹം ചെയ്യുന്നവനും വ്യഭിചാരിയാണ്.”
ധനികനും ലാസറും
19 യേശു പറഞ്ഞു, “എപ്പോഴും ഏറ്റവും മേത്തരമായ വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്ന ഒരു ധനികനുണ്ടായിരുന്നു. എന്നും വിഭവസമൃദ്ധമായ ആഹാരം കഴിച്ച് ആഘോഷത്തോടെ ജീവിക്കത്തക്ക ധനികനാണയാള്‍. 20 അവിടെ ലാസറെന്നൊരു ദരിദ്രനും വസിച്ചിരുന്നു. ലാസറിന്‍റെ ശരീരമാകെ വ്രണങ്ങള്‍ നിറഞ്ഞിരുന്നു. അവനെന്നും ധനികന്‍റെ പടിവാതില്‍ക്കല്‍ കിടക്കും. 21 ധനികന്‍റെ ഊണുമേശയില്‍ നിന്ന് താഴെ വീഴുന്ന ഉച്ഛിഷ്ടമാണ് അവന്‍റെ ഭക്ഷണം. പലപ്പോഴും നായ്ക്കള്‍ അവന്‍റെ വ്രണങ്ങള്‍ നക്കിയിരുന്നു.
22 “പിന്നീട് ലാസര്‍ മരിച്ചു. ദൂതന്മാര്‍ ലാസറിനെ എടുത്ത് അബ്രാഹാമിന്‍റെ കൈകളിലെത്തിച്ചു. ധനികനും മരിച്ച് സംസ്കരിക്കപ്പെട്ടു. 23 അയാള്‍ പാതാളത്തില്‍ പീഢനങ്ങള്‍ക്ക് വിധേയനായി. ധനികന്‍ കണ്ണു തുറന്നു വളരെയകലെ ലാസര്‍ അബ്രഹാമിന്‍റെ കൈകളിലിരിക്കുന്നത് കണ്ടു. 24 അയാള്‍ വിളിച്ചു, ‘പിതാവേ, അബ്രാഹാമേ, എന്നോടു കരുണ കാട്ടേണമേ. തന്‍റെ വിരല്‍ വെള്ളത്തില്‍ മുക്കി എന്‍റെ നാക്കു തണുപ്പിക്കുവാന്‍ ലാസറിനെ അയക്കേണമേ. ഞാന്‍ ഈ തീയില്‍ പീഢിപ്പിക്കപ്പെടുന്നു.’
25 “പക്ഷേ അബ്രാഹാം പറഞ്ഞു, ‘നിന്‍റെ ജീവിതകാലത്തെ ഓര്‍ക്കുക. അന്നു നീ നല്ലതനുഭവിച്ചു. ലാസര്‍ ദുരിതവും. ഇപ്പോഴിവിടെ ലാസര്‍ സുഖിക്കുന്നു. നീ കഷ്ടപ്പെടുന്നു. 26 നിങ്ങള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു വലിയ അകല്‍ച്ചയുണ്ട്. അതു കടന്നു വന്ന് നിങ്ങളെ സഹായിക്കാന്‍ ആര്‍ക്കുമാവില്ല. ആര്‍ക്കും അവിടംവിട്ട് ഇങ്ങോട്ട് വരാനുമാവില്ല.’
27 “ധനികന്‍ പറഞ്ഞു, ‘ദയവായി ലാസറിനെ ഭൂമിയില്‍ എന്‍റെ അപ്പന്‍റെ വീട്ടിലേക്കയയ്ക്കണം. 28 എനിക്ക് അഞ്ച് സഹോദരന്മാരുണ്ട്. അവര്‍ ഈ യാതനാസ്ഥലത്തേക്ക് വരാതിരിക്കാന്‍ ലാസര്‍ ചെന്ന് അവര്‍ക്കു മുന്നറിയിപ്പു കൊടുക്കട്ടെ.’
29 “അബ്രാഹാം പറഞ്ഞു, ‘മോശെയുടെ ന്യായപ്രമാണവും പ്രവാചകരുടെ ലിഖിതങ്ങളും അവര്‍ക്കു മുന്നിലുണ്ട്. അവരതില്‍നിന്നും പഠിക്കട്ടെ.’
30 “എന്നാല്‍ ധനികന്‍ പറഞ്ഞു, ‘ഇല്ല, പിതാവായ അബ്രാഹാമേ, മരിച്ചവരാരെങ്കിലും അവരെ സമീപിച്ചാലേ അവര്‍ വിശ്വസിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യൂ.’
31 “എന്നാല്‍ അബ്രാഹാം അയാളോടു പറഞ്ഞു, ‘ഇല്ല മോശെയെയും പ്രവാചകരെയും അനുസരിക്കാത്ത നിന്‍റെ സഹോദരന്മാര്‍ മരിച്ചവര്‍ മടങ്ങിച്ചെന്ന് പറഞ്ഞാലും കേള്‍ക്കാന്‍ പോകുന്നില്ല.’”