പാപം ചെയ്യിപ്പിക്കരുത്, ക്ഷമിക്കുവാന്‍ തയ്യാറാകുക
(മത്താ. 18:6-7, 21-22; മര്‍ക്കൊ. 9:42)
17
1 യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “മനുഷ്യരെ പാപികളാക്കാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനു കാരണക്കാരന്‍ ആകുന്നവനു ദുരിതം.
2 ഈ ദുര്‍ബലരായ മനുഷ്യരെക്കൊണ്ടു പാപം ചെയ്യിക്കുന്നവര്‍ക്ക് വളരെ ദുരിതം. അങ്ങനെ ചെയ്യുന്നതിലും ഭേദം കഴുത്തില്‍ തിരികല്ലുകെട്ടി കടലില്‍ ചാടുന്നതു തന്നെ.
3 അതിനാല്‍ സൂക്ഷിക്കുക.
“നിങ്ങളുടെ സഹോദരന്‍ പാപം ചെയ്യുന്നുവെങ്കില്‍ അവന്‍റെ തെറ്റുകള്‍ കാണിച്ചു കൊടുക്കുക. ചെയ്ത തെറ്റില്‍ അവനു കുറ്റബോധമുണ്ടെങ്കില്‍ അവനോടു ക്ഷമിക്കുക.
4 നിങ്ങളുടെ സഹോദരന്‍ ഓരോ ദിവസവും ഏഴു പ്രാവശ്യം നിങ്ങളോടു പാപം ചെയ്യുകയും ഓരോ തവണയും അവന്‍ അനുതപിക്കുകയും ചെയ്താല്‍ അവനോടു ക്ഷമിക്കുക.”
വിശ്വാസത്തിന്‍റെ വലിപ്പം
5 അപ്പൊസ്തലന്മാര്‍ കര്‍ത്താവിനോടു പറഞ്ഞു, “ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ.”
6 കര്‍ത്താവ് പറഞ്ഞു, “നിങ്ങളുടെ വിശ്വാസം കടുകുമണിയോളം ഉണ്ടെങ്കില്‍ മള്‍ബറിച്ചെടിയോട് നിങ്ങള്‍ക്ക് കല്പിക്കാം, ‘വേരോടെ പറിഞ്ഞു കടലില്‍ സ്വയം വേരുറപ്പിക്കുക.’ ചെടി നിങ്ങളെ അനുസരിക്കും.
നല്ല ദാസരാകുക
7 “വയലില്‍ പണിയെടുക്കുന്ന ഒരു ദാസന്‍ നിങ്ങളില്‍ ഒരാള്‍ക്കുണ്ടെന്നിരിക്കട്ടെ. വയല്‍ ഉഴുകയും ആടിനെ മേയ്ക്കുകയും ചെയ്ത് അവന്‍ മടങ്ങിവരുന്പോള്‍ നിങ്ങള്‍ എന്താണ് അവനോടു പറയുക, ‘വന്നാട്ടെ, ഇരുന്നു ഭക്ഷണം കഴിക്കൂ’ എന്നാണോ?
8 അല്ല, ‘എനിക്കു കഴിക്കാനെന്തെങ്കിലും ഉണ്ടാക്ക്. എന്നിട്ട് എനിക്കു വിളന്പ്. ഞാന്‍ തിന്നും കുടിച്ചും കഴിയുന്പോള്‍ നിനക്ക് ഭക്ഷിക്കാം.’ ഇതായിരിക്കും നിങ്ങള്‍ അവനോട് പറയുക.
9 അവന്‍ ചെയ്യുന്ന ജോലിക്ക് അവനോടാരും പ്രത്യേകം നന്ദിയൊന്നും പറയുകയില്ല. യജമാനന്‍ കല്പിക്കുന്നത് അവന്‍ ചെയ്യും.
10 നിങ്ങളും അങ്ങനെ തന്നെ. ചെയ്യാന്‍ കല്പിച്ച ജോലികള്‍ എല്ലാം ചെയ്തു കഴിയുന്പോള്‍ ഇങ്ങനെ പറയുന്നു, ‘ഞങ്ങള്‍ പ്രത്യേക നന്ദിയ്ക്കൊന്നും അര്‍ഹരല്ല. ചെയ്യേണ്ട ജോലി ചെയ്തെന്നേ ഉള്ളൂ.’”
നന്ദി ഉള്ളവരായിരിക്കുക
11 യേശു യേരൂശലേമിലേക്കു പോകുകയായിരുന്നു. അവന്‍ ഗലീലയില്‍നിന്നും ശമര്യയിലേക്കു പോയി.
12 അവന്‍ ഒരു ചെറുഗ്രാമത്തിലേക്കു വന്നു. അവിടെവെച്ച് കുഷ്ഠരോഗികളായ പത്തു പുരുഷന്മാര്‍ അവനെ വന്നു കണ്ടു. എന്നാല്‍ അവര്‍ അവന്‍റെയടുത്തേക്കു വന്നില്ല.
13 അല്പം മാറിനിന്ന് അവര്‍ അവനോടു വിളിച്ചു പറഞ്ഞു, “യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയണമേ.”
14 അവരെ കണ്ട യേശു പറഞ്ഞു, “പോയി പുരോഹിതന്മാര്‍ക്കു നിങ്ങളെ കാണിച്ചുകൊടുക്കൂ.”
അവര്‍ പുരോഹിതന്മാരുടെ അടുത്തേക്കു പോകവേ അവരുടെ രോഗം ഭേദമായി.
15 തന്‍റെ രോഗം ഭേദമായെന്നു കണ്ടപ്പോള്‍ അവരില്‍ ഒരുവന്‍ യേശുവിന്‍റെയടുത്തേക്കു മടങ്ങിച്ചെന്നു. അയാള്‍ ഉച്ചത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞു.
16 അയാള്‍ യേശുവിന്‍റെ കാല്‍ക്കല്‍ മുട്ടുകുത്തി അവനു നന്ദി പറഞ്ഞു. (ആ മനുഷ്യന്‍ ഒരു ശമര്യാക്കാരനായിരുന്നു, യെഹൂദനല്ലായിരുന്നു.)
17 യേശു ചോദിച്ചു, “പത്തുപേര്‍ സുഖപ്പെട്ടുവല്ലോ. എവിടെ മറ്റ് ഒന്‍പതു പേര്‍.
18 ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ ഈ വിദേശി ഒരാള്‍ മാത്രമേ മടങ്ങി വന്നുള്ളോ?”
19 അപ്പോള്‍ യേശു അവനോടു പറഞ്ഞു, “എഴുന്നേറ്റു പോകൂ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.”
ദൈവരാജ്യം നിങ്ങള്‍ക്കിടയിലാണ്
(മത്താ. 24:23-28, 37-41)
20 പരീശന്മാരില്‍ ചിലര്‍ യേശുവിനോടു ചോദിച്ചു, “ദൈവരാജ്യം എപ്പോള്‍ വരും?”
യേശു മറുപടി പറഞ്ഞു, “ദൈവരാജ്യം വരുന്നത് നിങ്ങളുടെ കണ്ണിനു കാണാനാവുന്ന വഴിയിലൂടെയായിരിക്കില്ല.
21 ‘നോക്കൂ, ദൈവരാജ്യം ഇതാ ഇവിടെ’ എന്നാര്‍ക്കും പറയാനാവില്ല. അല്ലെങ്കില്‍ ‘അതാ അവിടെ’ എന്നും ആര്‍ക്കും പറയാനാവില്ല. ദൈവരാജ്യം നിങ്ങളുടെ ഇടയിലാണ്.”
22 അനന്തരം യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “മനുഷ്യപുത്രന്‍റെ ദിവസങ്ങളിലൊന്ന് കാണാന്‍ നിങ്ങള്‍ വളരെ കൊതിക്കുന്ന സമയം വരും. എന്നാല്‍ നിങ്ങളതു കാണുകയില്ല.
23 ആളുകള്‍ നിങ്ങളോടു പറയും ‘അതാ അവിടെ’ അല്ലെങ്കില്‍ ‘ഇതാ ഇവിടെ’ നിങ്ങള്‍ നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കുക. ദൂരെയെങ്ങും അന്വേഷിച്ചു പോകേണ്ടതില്ല.
24 “മനുഷ്യപുത്രന്‍ എന്നു വീണ്ടും വരുമെന്ന് നിങ്ങളറിയും. മേഘങ്ങള്‍ക്കു വിലങ്ങനെ മിന്നല്‍ക്കൊടിയെന്നപോലെ തിളങ്ങിക്കൊണ്ടാവും അവന്‍ വരിക.
25 എന്നാല്‍ അവന് ആദ്യം ഏറെ കഷ്ടം സഹിക്കേണ്ടിവരും. ഈ തലമുറയില്‍പ്പെട്ട ആളുകള്‍ അവനെ നിരസിക്കുകയും ചെയ്യും.
26 “മനുഷ്യപുത്രന്‍ വരുന്പോള്‍ നോഹയുടെ നാളില്‍ സംഭവിച്ചതുതന്നെ സംഭവിക്കും.
27 നോഹയുടെ കാലത്ത്, നോഹ പെട്ടകത്തില്‍ കയറിയ ആ ദിവസം പോലും ആളുകള്‍ തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോള്‍ പ്രളയമുണ്ടായി അവരെല്ലാം മരിച്ചു.
28 “ദൈവം സൊദോംനഗരം നശിപ്പിച്ച ലോത്തിന്‍റെ കാലത്തും ഇതൊക്കെയാണുണ്ടായത്. അവര്‍ തിന്നുകയും കുടിയ്ക്കുകയും വാങ്ങുകയും വില്‍ക്കുകയും നടുകയും വീടുപണിയുകയുമൊക്കെയായിരുന്നു.
29 ലോത്ത് പട്ടണം വിട്ടുപോകുന്പോഴും അവര്‍ ഇതൊക്കെ ചെയ്തുകൊണ്ടിരുന്നു. അപ്പോള്‍ ആകാശത്തുനിന്നും തീയും ഗന്ധവും പെയ്ത് അവരെല്ലാം മരിച്ചു.
30 മനുഷ്യപുത്രന്‍ വീണ്ടും വരുന്പോഴും ഇതുതന്നെയാവും സംഭവിക്കുക.
31 “ആ ദിവസം പുരപ്പുറത്തിരിക്കുന്നവന്‍ അകത്തു ചെന്ന് തന്‍റെ സാധനങ്ങളെടുക്കാന്‍ പാടില്ല. വയലില്‍ നില്‍ക്കുന്നവന്‍ മടങ്ങിപ്പോകാനും പാടില്ല.
32 ലോത്തിന്‍റെ ഭാര്യയ്ക്കെന്താണു സംഭവിച്ചതെന്ന് ഓര്‍മ്മിക്കുക.
33 “തന്‍റെ ജീവന്‍ സൂക്ഷിക്കാന്‍ ശ്രമിക്കുന്നവന് അതു നഷ്ടപ്പെടും. പക്ഷേ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന് തിരികെ ലഭിക്കും.
34 ഞാന്‍ വീണ്ടും വരുന്പോള്‍ ഒരു മുറിയിലുറങ്ങുന്ന രണ്ടുപേരുണ്ടാകും. ഒരാളെ എടുത്തുകൊണ്ടുപോയി മറ്റെയാളെ ഉപേക്ഷിക്കും.
35 രണ്ടു സ്ത്രീകള്‍ ഒരുമിച്ചു ജോലി ചെയ്യുന്നുണ്ടാവും. ഒരുവളെ ഉപേക്ഷിച്ച് മറ്റെവളെ എടുത്തുകൊണ്ടുപോകും.”
36 + ഏതാനും ഗ്രീക്കു പതിപ്പുകളില്‍ മുപ്പത്താറാം വാക്യത്തില്‍ ലൂക്കൊസ് ഇതുകൂടി ചേര്‍ത്തിട്ടുണ്ട്. “ഒരേ വയലിലുള്ള രണ്ടു പുരുഷന്മാരില്‍ ഒരാളെ എടുക്കുകയും അപരനെ ഉപേക്ഷിക്കുകയും ചെയ്യും.”
37 ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, എവിടെയായിരിക്കും എടുത്തുകൊണ്ടുപോവുക?”
യേശു മറുപടി പറഞ്ഞു, “കഴുകന്മാര്‍ തിരയുന്നിടത്ത് ശവമുണ്ടാകും.”