സക്കായി
19
1 യേശു യെരീഹോപട്ടണത്തിലൂടെ പോവുകയായിരുന്നു.
2 യെരീഹോവില്‍ സക്കായി എന്നൊരാളുണ്ടായിരുന്നു. അയാള്‍ ധനികനും പ്രമാണിയുമായ ഒരു ചുങ്കക്കാരനായിരുന്നു.
3 യേശു ആരെന്നു കാണാന്‍ അയാള്‍ ആഗ്രഹിച്ചു. യേശുവിനെ കാണുവാന്‍ ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. സക്കായിക്ക് ഉയരം കുറവായിരുന്നതിനാല്‍ ജനക്കൂട്ടത്തിനു മുകളിലൂടെ അയാള്‍ക്ക് യേശുവിനെ കാണാനായില്ല.
4 അവന്‍ മുന്‍പോട്ടോടി യേശു സഞ്ചരിക്കുമെന്നറിഞ്ഞ സ്ഥലത്തു ചെന്ന് ഒരു കാട്ടത്തിമരത്തില്‍ കയറി ഇരുന്നു.
5 യേശു അവിടെ എത്തിയപ്പോള്‍ സക്കായി മരത്തിലിരിക്കുന്നതു കണ്ടു. അവന്‍ സക്കായിയോടു പറഞ്ഞു, “സക്കായിയേ, വേഗം താഴെയിറങ്ങിവരൂ. എനിക്ക് ഇന്ന് നിന്‍റെ വീട്ടില്‍ വസിക്കണം.”
6 സക്കായി വേഗം താഴെയിറങ്ങി വന്നു. യേശു തന്‍റെ വീട്ടില്‍ തങ്ങുന്നതില്‍ അവന്‍ സന്തോഷിച്ചു.
7 എല്ലാവരും ഇതു കണ്ടു. അവര്‍ പരാതിപ്പെടാന്‍ തുടങ്ങി, “കര്‍ത്താവിനു തങ്ങാന്‍ ഈ പാപിയുടെ വീടേ കിട്ടിയുള്ളോ?”
8 സക്കായി കര്‍ത്താവിനോടു പറഞ്ഞു, “ഞാന്‍ നന്മ ചെയ്യാനാഗ്രഹിക്കുന്നു. എന്‍റെ സ്വത്തുക്കളുടെ പകുതി ഞാന്‍ പാവങ്ങള്‍ക്കു കൊടുക്കാം. ഞാന്‍ ആരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കു നാലു മടങ്ങു നല്‍കാം.”
9 യേശു പറഞ്ഞു, “ഇയാള്‍ നല്ലവനാണ്. ഇയാള്‍ അബ്രാഹാമിന്‍റെ യഥാര്‍ത്ഥ പുത്രനാണ്. അതിനാലിന്ന് സക്കായി അവന്‍റെ പാപങ്ങളില്‍ നിന്നു മോചിതനായിരിക്കുന്നു.
10 നഷ്ടപ്പെട്ടവയെ കണ്ടെത്താനും രക്ഷിക്കാനുമാണ് മനുഷ്യപുത്രന്‍ വന്നിട്ടുള്ളത്.”
ദൈവം തന്നത് ഉപയോഗിക്കുക
(മത്താ. 25:14-30)
11 യേശു യെരൂശലേമിനടുത്തെത്തി. ദൈവരാജ്യം ഉടനെ വരുമെന്ന് ചിലര്‍ കരുതി.
12 ആളുകളുടെ മനോഗതിയറിഞ്ഞ യേശു ഈ കഥ പറഞ്ഞു, “ഉന്നതകുലജാതനായ ഒരാള്‍ രാജാവാകാന്‍ വേണ്ടി ദൂരെ ഒരു രാജ്യത്ത് പോകാന്‍ തുടങ്ങിയതായിരുന്നു. അനന്തരം അയാള്‍ മടങ്ങിവന്ന് സ്വന്തം ആള്‍ക്കാരെ ഭരിക്കാമെന്ന് പരിപാടിയിട്ടു.
13 അതിനാലയാള്‍ തന്‍റെ ദാസന്മാരില്‍ പത്തു പേരെ വിളിച്ചു. അയാള്‍ ഓരോരുത്തര്‍ക്കും ഓരോ പണക്കിഴി* പണക്കിഴി ഗ്രീക്കു ഭാഷയില്‍ “മിനവ”യെന്ന് ഉപയോഗിച്ചിരിക്കുന്നു. ഒരു തൊഴിലാളിയുടെ മൂന്ന് മാസത്തെ ശന്പളത്തിന് തുല്യമായ തുകയാണിത്. നല്‍കി പറഞ്ഞു, ‘ഞാന്‍ തിരിച്ചുവരുംവരെ ഈ പണം കൊണ്ട് വ്യാപാരം ചെയ്യൂ.’
14 പക്ഷേ അന്നാട്ടുകാര്‍ അയാളെ വെറുത്തിരുന്നു. അതാനാലവര്‍ അയാളെ പിന്തുടരാന്‍ ഒരു സംഘം ആളുകളെ മറ്റേ രാജ്യത്തേക്കയച്ചു. അവര്‍ മറ്റേ രാജ്യത്തെത്തിപ്പറഞ്ഞു, ‘അയാളെ ഞങ്ങള്‍ക്കു രാജാവായി വേണ്ട.’
15 “എന്നാല്‍ അയാള്‍ രാജാവായി. വീട്ടില്‍ മടങ്ങിയെത്തി അയാള്‍ പറഞ്ഞു, ‘ഞാന്‍ പണം കൊടുത്ത ദാസന്മാരെ വിളിക്കൂ. അതുവച്ച് എത്ര പണം അവര്‍ അധികം ഉണ്ടാക്കിയെന്നെനിക്കറിയണം.’
16 ഒന്നാമത്തെ ദാസന്‍ വന്നു പറഞ്ഞു, ‘അങ്ങു തന്ന ഒരു കിഴി പണം കൊണ്ട് പത്തു കിഴി പണം ഞാന്‍ സന്പാദിച്ചു.’
17 രാജാവ് അയാളോടു പറഞ്ഞു, ‘കൊള്ളാം, നീയൊരു നല്ല ദാസനാണ്. നിന്നെ ചെറിയ കാര്യങ്ങളില്‍ പോലും വിശ്വസിക്കാമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഞാന്‍ നിന്നെ പത്തു നഗരങ്ങളുടെ ഭരണാധികാരിയാക്കുന്നു!’
18 “രണ്ടാം ദാസന്‍ പറഞ്ഞു, ‘അങ്ങു തന്ന ഒരുകിഴി പണംകൊണ്ട് അഞ്ചു കിഴി പണം ഉണ്ടാക്കി.’
19 രാജാവ് അയാളോടു പറഞ്ഞു, ‘നിനക്ക് അഞ്ചു നഗരങ്ങള്‍ ഭരിക്കാം.’
20 “പിന്നെ മറ്റൊരു ദാസന്‍ വന്നു. അയാള്‍ പറഞ്ഞു, ‘യജമാനനേ, ഇതാ അങ്ങയുടെ പണം. ഞാനതു തുണിയില്‍ പൊതിഞ്ഞ് ഒളിച്ചു വെച്ചു.
21 എനിക്ക് അങ്ങയെ ഭയമായിരുന്നു. എന്തെന്നാല്‍ അങ്ങ് ശക്തനാണ്. അങ്ങ് കര്‍ക്കശക്കാരനാണെന്നും എനിക്കറിയാം. സ്വയം സന്പാദിക്കാത്ത പണവും സ്വയം കൃഷി ചെയ്യാത്ത ധാന്യവും അങ്ങ് പിടിച്ചെടുക്കുമെന്ന് എനിക്കറിയാം.’
22 “രാജാവ് അയാളോടു പറഞ്ഞു, ‘വൃത്തികെട്ടവന്‍, നിന്‍റെ വാക്കുകളുപയോഗിച്ച് ഞാന്‍ നിന്നെ അപലപിക്കുന്നു. ഞാനൊരു കഠിനഹൃദയനാണെന്നു നീ പറഞ്ഞു, ഞാന്‍ സ്വയം സന്പാദിക്കാത്ത പണവും കൃഷി ചെയ്യാത്ത ധാന്യവും പോലും ഞാന്‍ പിടിച്ചെടുക്കുമെന്ന് നീ പറഞ്ഞു.
23 അതു ശരിയാണെങ്കില്‍ നീയെന്‍റെ പണം പണമിടപാടുകാരുടെ പക്കല്‍ നിക്ഷേപിക്കണമായിരുന്നു. എങ്കില്‍ ഞാന്‍ മടങ്ങിവരുന്പോഴേക്കും അതിനു പലിശയെങ്കിലും കിട്ടിയേനെ.’
24 അനന്തരം ഇതെല്ലാം കണ്ടുനിന്നവരോടു രാജാവു പറഞ്ഞു, ‘ഇയാളുടെ കൈയില്‍ നിന്നും പണമെടുത്ത് പത്തു മടങ്ങു പണം സന്പാദിച്ചവനു കൊടുക്കുക.’
25 “അവര്‍ രാജാവിനോടു പറഞ്ഞു, ‘പക്ഷേ, അയാള്‍ക്ക് ഇപ്പോള്‍ത്തന്നെ പത്തു മടങ്ങു പണമുണ്ടല്ലോ?’
26 “രാജാവു പറഞ്ഞു, ‘അവനവനുള്ളത് ഉപയോഗിക്കുന്നവന് വീണ്ടും കിട്ടും. തനിക്കുള്ളതെല്ലാം ഉപയോഗിക്കാത്തവനില്‍ നിന്നും എല്ലാം എടുക്കപ്പെടും.
27 ഇപ്പോള്‍ എന്‍റെ ശത്രുക്കളെവിടെ? ഞാന്‍ അവരുടെ രാജാവാകാന്‍ ഇഷ്ടപ്പെടാത്തവര്‍ എവിടെ? എന്‍റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്നു കൊല്ലുക. അവര്‍ ചാകുന്നതെനിക്കു കാണണം!’”
യേശു യെരൂശലേമില്‍
(മത്താ. 21:1-11; മര്‍ക്കൊ. 11:1-11; യോഹ. 12:12-19)
28 ഇതു പറഞ്ഞതിനു ശേഷം യേശു യെരൂശലേമിലേക്കുള്ള തന്‍റെ യാത്ര തുടര്‍ന്നു.
29 യേശു ഒലീവുമലകള്‍ക്കു സമീപമുള്ള ബേത്ത്ഫാഗ, ബേഥാന്യ എന്നീ ഗ്രാമങ്ങള്‍ക്കടുത്തെത്തി. അവന്‍ തന്‍റെ രണ്ടുശിഷ്യന്മാരെ പറഞ്ഞയച്ചു.
30 അവന്‍ പറഞ്ഞു, “ആ കാണുന്ന ഗ്രാമത്തിലേക്കു പോകൂ.
അവിടേക്കു പ്രവേശിക്കുന്പോള്‍ത്തന്നെ, കെട്ടിയിരിക്കുന്ന ഒരു കഴുതക്കുട്ടിയെ കാണാം. ആരും ഇതുവരെ അതിന്‍റെ പുറത്ത് സവാരി ചെയ്തിട്ടില്ല. അതിനെ അഴിച്ചുകൊണ്ടുവരിക.
31 എന്താണ് കഴുതയെ അഴിച്ചുകൊണ്ടുപോകുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ പറയണം, ‘ഗുരുവിന് ഈ കഴുതയെ വേണം’ എന്ന്.’”
32 രണ്ടു ശിഷ്യന്മാരും ഗ്രാമത്തിലേക്കു പോയി. യേശു അവരോടു പറഞ്ഞവിധം അവര്‍ കഴുതയെ കണ്ടെത്തി.
33 അവര്‍ കഴുതയെ അഴിച്ചു. എന്നാല്‍ കഴുതയുടെ ഉടമസ്ഥന്‍ വന്നു. അവന്‍ ശിഷ്യന്മാരോടു ചോദിച്ചു, “എന്തിനാണ് ഞങ്ങളുടെ കഴുതയെ നിങ്ങളഴിക്കുന്നത്?”
34 ശിഷ്യന്മാര്‍ പറഞ്ഞു, “ഗുരുവിന് ഇതിനെ വേണം.”
35 ശിഷ്യന്മാര്‍ കഴുതയെ യേശുവിന്‍റെ സമീപത്തേക്കു കൊണ്ടുവന്നു. അവര്‍ തങ്ങളുടെ കുപ്പായം കഴുതപ്പുറത്തു വിരിച്ചു. യേശുവിനെ അതിന്‍റെ പുറത്തവര്‍ കയറ്റി.
36 യേശു യെരൂശലേമിലേക്കുള്ള വഴിയേ കഴുതപ്പുറത്തു സഞ്ചരിച്ചു. ശിഷ്യന്മാര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ യേശു സഞ്ചരിക്കേണ്ട പാതയില്‍ വിരിച്ചു.
37 യേശു യെരൂശലേമിനോടടുത്തു. അവന്‍ ഒലീവുമലയുടെ അടിവാരത്തിലെത്തി. ശിഷ്യന്മാരുടെ സംഘം മുഴുവനും സന്തോഷിച്ചു. അവര്‍ വളരെ ഉച്ചത്തില്‍ ദൈവത്തെ വാഴ്ത്തി. തങ്ങള്‍ കണ്ട എല്ലാ ശക്തമായ കാര്യങ്ങള്‍ക്കും അവര്‍ ദൈവത്തിനു നന്ദി പറഞ്ഞു.
38 അവര്‍ പറഞ്ഞു,
“‘കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്ന രാജാവിനെ ദൈവം അനുഗ്രഹിക്കട്ടെ.’ സങ്കീര്‍ത്തനങ്ങള്‍ 118:26
സ്വര്‍ഗ്ഗരാജ്യത്തു സമാധാനം, ദൈവത്തിനു മഹത്വം.”
39 ജനക്കൂട്ടത്തിലുണ്ടായിരുന്ന ചില പരീശന്മാര്‍ യേശുവിനോടു പറഞ്ഞു, “ഗുരോ, നിന്‍റെ ശിഷ്യന്മാരെ ശാസിക്കൂ.”
40 യേശു പ്രതിവചിച്ചു, “ഞാന്‍ നിങ്ങളോടു പറയുന്നു, ഇക്കാര്യങ്ങള്‍ പ്രസംഗിക്കപ്പെടണം. എന്‍റെ ശിഷ്യന്മാരതു പ്രസംഗിച്ചില്ലെങ്കില്‍ ഈ പാറകള്‍ അതു പ്രസംഗിക്കും.”
യേശു യെരൂശലേമിനായി കേഴുന്നു
41 യേശു യെരൂശലേമിനടുത്തെത്തി. നഗരം കണ്ടപ്പോള്‍ അവന്‍ അതിനായി കേണു.
42 യേശു യെരൂശലേമിനോടു പറഞ്ഞു, “നിനക്ക് സമാധാനം തരുന്നതെന്തെന്ന് ഇന്ന് നീ അറിഞ്ഞിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. പക്ഷേ നീയതറിയുന്നില്ല. എന്തെന്നാല്‍ അത് നിനക്ക് മറഞ്ഞിരിക്കുന്നു.
43 നിന്‍റെ ശത്രുക്കള്‍ നിനക്കു ചുറ്റും വളഞ്ഞ് എല്ലാ വശത്തുനിന്നും നിന്നെ ഞെരുക്കും. അവര്‍ എല്ലാ വശത്തുനിന്നും നിങ്ങളെ പിടിക്കും.
44 അവര്‍ നിന്നെയും നിന്‍റെ ജനങ്ങളെയും നശിപ്പിക്കും. നിന്‍റെ കെട്ടിടങ്ങളുടെ ഒരു കല്ലും മറ്റൊന്നിനു മുകളിലിരിക്കില്ല. ദൈവം രക്ഷയ്ക്കു വന്നതെപ്പോഴെന്നു നീ അറിഞ്ഞിട്ടില്ലാത്തതിനാല്‍ ഇതെല്ലാം സംഭവിക്കും.”
യേശു ദൈവാലയത്തിലേക്കു പോകുന്നു
(മത്താ. 21:12-17; മര്‍ക്കൊ. 11:15-19; യോഹ. 2:13-22)
45 യേശു ദൈവാലയത്തിനുള്ളിലേക്കു പോയി. അവിടെ വില്പന നടത്തിയിരുന്നവരെ അവന്‍ ഓടിച്ചു.
46 യേശു അവരോടു പറഞ്ഞു, “‘എന്‍റെ വീട് ഒരു പ്രാര്‍ത്ഥനാലയമായിരിക്കും’✡ ഉദ്ധരണി യെശയ്യാ. 56:7. എന്നു തിരുവെഴുത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ നിങ്ങളത് കള്ളന്മാരുടെ ഒളിസങ്കേതമാക്കിയിരിക്കുന്നു.”✡ ഉദ്ധരണി യിരമ്യ. 7:11.
47 യേശു ദൈവാലയത്തിലുള്ളവരെ എന്നും പഠിപ്പിച്ചു. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ചില ജനനേതാക്കളും യേശുവിനെ കൊല്ലാനാഗ്രഹിച്ചു.
48 പക്ഷേ എല്ലാവരും യേശുവിനെ ശ്രവിച്ചുകൊണ്ടിരിക്കുകയായിരുന്നു. യേശു പറഞ്ഞ കാര്യങ്ങളില്‍ അവര്‍ വളരെ തല്പരരായിരുന്നു. അതിനാല്‍ മഹാപുരോഹിതന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കും ജനനേതാക്കള്‍ക്കും യേശുവിനെ എങ്ങനെ വധിക്കാമെന്നറിവില്ലായിരുന്നു.