യേശു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു
(മത്താ. 28:1-10; മര്‍ക്കൊ. 16:1-8; യോഹ. 20:1-10)
24
1 ആഴ്ചയിലെ ആദ്യത്തെ ദിവസം അതിരാവിലെ ആ സ്ത്രീകള്‍ യേശുവിനെ അടക്കം ചെയ്ത കല്ലറയിലേക്കു വന്നു. സുഗന്ധലേപനങ്ങള്‍ അവര്‍ തയ്യാറാക്കി കൊണ്ടുവന്നിരുന്നു.
2 കല്ലറയുടെ വാതില്‍ ഒരു വലിയ കല്ലുകൊണ്ട് അടച്ചിരുന്നു. എന്നാല്‍ ആ കല്ല് കല്ലറയില്‍ നിന്ന് ഉരുട്ടി മാറ്റിയിരിക്കുന്നതായി അവര്‍ കണ്ടു.
3 അവര്‍ അകത്തേക്കു കടന്നു. കര്‍ത്താവായ യേശുവിന്‍റെ ശരീരം അവിടെ കണ്ടില്ല.
4 ആ സ്ത്രീകള്‍ക്കതു മനസ്സിലായില്ല. അവര്‍ വിസ്മയിച്ചു നില്‍ക്കവേ തിളങ്ങുന്ന വസ്ത്രങ്ങളുടുത്ത രണ്ടു പുരുഷന്മാര്‍ അവിടെ വന്നു.
5 സ്ത്രീകള്‍ ഭയന്നു തലകുനിച്ചു. ആ രണ്ട് പുരുഷന്മാര്‍ അവരോടു പറഞ്ഞു, “നിങ്ങളെന്തിന് ജീവിച്ചിരിക്കുന്ന ഒരാളെ ഇവിടെ തിരയുന്നു? ഇത് മരിച്ചവരുടെ സ്ഥലമാണ്.
6 യേശു ഇവിടെ ഇല്ല. അവന്‍ ഉയിര്‍ത്തെഴുന്നേറ്റു. അവന്‍ ഗലീലയില്‍ വച്ച് പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ?
7 മനുഷ്യപുത്രന്‍ ദുഷ്ടന്മാരുടെ കൈയില്‍ ഏല്പിക്കപ്പെടുമെന്നും അവര്‍ അവനെ ഒരു കുരിശില്‍ കൊല്ലുമെന്നും അവന്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും യേശു പറഞ്ഞിരുന്നു.”
8 അപ്പോള്‍ ആ സ്ത്രീകള്‍ യേശുവിന്‍റെ വാക്കുകള്‍ ഓര്‍ത്തു.
9 അവര്‍ ശവക്കല്ലറ വിട്ട് പതിനൊന്ന് അപ്പൊസ്തലന്മാരുടെയും മറ്റ് ശിഷ്യന്മാരുടെയും അടുത്തേക്കു പോയി. കല്ലറയില്‍ സംഭവിച്ചതെല്ലാം അവരോടു പറഞ്ഞു.
10 ആ സ്ത്രീകളില്‍ മഗ്ദലമറിയ, യോഹന്നാ, യാക്കോബിന്‍റെ അമ്മയായ മറിയ എന്നിവരും മറ്റു ചില സ്ത്രീകളും ഉണ്ടായിരുന്നു. അവര്‍ അപ്പൊസ്തലന്മാരോട് എല്ലാം പറഞ്ഞു.
11 പക്ഷേ അവര്‍ ആ സ്ത്രീകളുടെ വാക്കുകള്‍ വിശ്വസിച്ചില്ല. കാരണം അവരുടെ വാക്കുകള്‍ അപ്പൊസ്തലന്മാര്‍ക്ക് അസംബന്ധമായി തോന്നി.
12 എന്നാലിത് സത്യമാണോ എന്നറിയുവാന്‍ പത്രൊസ് കല്ലറയിലേക്ക് ഓടി. അവന്‍ കല്ലറയ്ക്കകത്ത് എത്തി നോക്കിയെങ്കിലും യേശുവിന്‍റെ ദേഹം പൊതിഞ്ഞിരുന്ന വസ്ത്രമൊഴികെ മറ്റൊന്നും കണ്ടില്ല. യേശു പോയി കഴിഞ്ഞു. ഇതെല്ലാമോര്‍ത്ത് അത്ഭുതപ്പെട്ട് പത്രൊസ് ഒറ്റയ്ക്ക് അകലേക്കു പോയി.
എമ്മവുസിലേക്കുള്ള വഴിയില്‍
(മര്‍ക്കൊ. 16:12-13)
13 അതേ ദിവസം തന്നെ യേശുവിന്‍റെ രണ്ടു ശിഷ്യന്മാര്‍ എമ്മവുസ് എന്ന ഗ്രാമത്തിലേക്കു പോകുകയായിരുന്നു. യെരൂശലേമില്‍നിന്നും ഏഴു നാഴിക അകലെയാണ് ആ ഗ്രാമം.
14 ഉണ്ടായ കാര്യങ്ങളെപ്പറ്റി അവര്‍ അന്യോന്യം സംസാരിക്കുകയായിരുന്നു.
15 ഇക്കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യവേ, യേശു അവരുടെ ഒപ്പമെത്തി നടന്നു.
16 (എന്നാല്‍ രണ്ടുപേര്‍ക്കും അവനെ തിരിച്ചറിയാന്‍ കഴിയാത്ത വിധം മറയ്ക്കപ്പെട്ടിരുന്നു.)
17 അപ്പോള്‍ യേശു പറഞ്ഞു, “എന്തു കാര്യങ്ങളാണ് നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്?”
ഇരുവരും ദുഃഖഭാവത്തോടെ നിന്നു.
18 ക്ലെയൊപ്പാവ് എന്നു പേരായ ഒരുവന്‍ മറുപടി പറഞ്ഞു, “ഈ ദിവസങ്ങളില്‍ യെരൂശലേമില്‍ നടന്ന കാര്യങ്ങളറിയാത്ത ഏക വ്യക്തി നീ ആയിരിക്കണം.”
19 യേശു അവരോടു ചോദിച്ചു, “എന്തിനെപ്പറ്റിയാണു നിങ്ങള്‍ പറയുന്നത്?”
അവര്‍ അവനോടു പറഞ്ഞു, “നസറെത്തിലെ യേശുവിനെപ്പറ്റിയാണ്. ദൈവത്തിന്‍റെയും എല്ലാ ആളുകളുടെയും കണ്ണിലെ പ്രവാചകന്‍. എല്ലാ മനുഷ്യര്‍ക്കും അവനൊരു മഹാനായ പ്രവാചകനായിരുന്നു. അവന്‍റെ വാക്കിലും പ്രവൃത്തിയിലും ശക്തിയുണ്ടായിരുന്നു.
20 എന്നാല്‍ ഞങ്ങളുടെ നേതാക്കളും മഹാപുരോഹിതരും അവനെ വധശിക്ഷയ്ക്കു വിധിച്ചു. അവര്‍ അവനെ ക്രൂശിച്ചു.
21 യിസ്രായേലിനെ സ്വതന്ത്രമാക്കുന്നത് അവനാണെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.
“മാത്രവുമല്ല, അവന്‍ മരിച്ചിട്ട് ഇന്ന് മൂന്നാം ദിവസമാണ്.
22 എന്നാല്‍ ഇന്ന് ഞങ്ങളുടെ ചില സ്ത്രീകള്‍ അത്യത്ഭുതകരമായ ചില കാര്യങ്ങള്‍ പറഞ്ഞു. ഇന്ന് അതിരാവിലെ ആ സ്ത്രീകള്‍ യേശുവിനെ അടക്കിയിരുന്ന കല്ലറയില്‍ ചെന്നു.
23 എന്നാല്‍ അവന്‍റെ ശരീരം അവരവിടെ കണ്ടില്ല. അവര്‍ മടങ്ങിവന്നു. തങ്ങള്‍ക്ക് രണ്ട് ദൂതന്മാരുടെ ദര്‍ശനമുണ്ടായെന്നു പറഞ്ഞു. യേശു ജീവിച്ചിരിക്കുന്നു എന്ന് ദൂതന്മാര്‍ അവരോടു പറഞ്ഞുവത്രേ!
24 അതിനാല്‍ ഞങ്ങളില്‍ ചിലര്‍ കല്ലറയില്‍ പോയി നോക്കി. എല്ലാം ആ സ്ത്രീകള്‍ പറഞ്ഞതുപോലെ തന്നെയായിരുന്നു. ഞങ്ങളിലാരും അവരും യേശുവിനെ കണ്ടില്ല.”
25 അപ്പോള്‍ യേശു രണ്ടുപേരോടും പറഞ്ഞു, “നിങ്ങള്‍ വിഡ്ഢികളും പതുക്കെ മാത്രം സത്യം അറിയുന്നവരുമാണ്. പ്രവാചകര്‍ പറഞ്ഞതു മുഴുവന്‍ നിങ്ങള്‍ വിശ്വസിക്കണമായിരുന്നു.
26 ക്രിസ്തു ഇതെല്ലാം സഹിച്ച് തന്‍റെ മഹത്വത്തില്‍ പ്രവേശിക്കുമെന്ന് പ്രവാചകര്‍ പറഞ്ഞിരുന്നു.”
27 തിരുവെഴുത്തുകളില്‍ അവനെക്കുറിച്ച് എഴുതുയിട്ടുളളതു മുഴുവന്‍ യേശു അവര്‍ക്കു വിശദീകരിച്ചു കൊടുത്തു. മോശെയില്‍നിന്നു തുടങ്ങി എല്ലാ പ്രവാചകരും ഉള്‍ക്കൊള്ളുന്ന എല്ലാ തിരുവെഴുത്തുകളും അവന്‍ വിശദീകരിച്ചു കൊടുത്തു.
28 അവര്‍ എമ്മവൂസിനടുത്തെത്തി. യേശു യാത്ര തുടരുന്നതായി ഭാവിച്ചു.
29 എന്നാലവര്‍ അവനില്‍ സമ്മര്‍ദ്ദം ചെലുത്തി. അവര്‍ യാചിച്ചു, “ഞങ്ങളോടൊപ്പം തങ്ങൂ. ഇപ്പോള്‍ത്തന്നെ നേരം വൈകിയിരിക്കുന്നു. പകല്‍ മിക്കവാറും കഴിഞ്ഞു.” അവന്‍ അവരോടൊപ്പം പാര്‍ക്കാന്‍ ചെന്നു.
30 യേശു അവരോടൊപ്പം ഭക്ഷണത്തിനിരുന്നു. അവന്‍ ഏതാനും അപ്പമെടുത്ത് ദൈവത്തിനു നന്ദി പറഞ്ഞു, അവനതു വീതിച്ച് അവര്‍ക്കു നല്‍കി.
31 ആ സമയം യേശുവിനെ തിരിച്ചറിയാന്‍ അവരെ അനുവദിച്ചു. അവനാരാണെന്നവര്‍ അറിഞ്ഞപ്പോള്‍ യേശു അപ്രത്യക്ഷനായി.
32 ഇരുവരും പരസ്പരം പറഞ്ഞു, “യേശു വഴിയില്‍ വച്ച് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയത്തില്‍ തീ എരിയുന്നതുപോലെ തോന്നി. തിരുവെഴുത്തുകളുടെ അര്‍ത്ഥം അവന്‍ വിശദീകരിച്ചപ്പോഴും മനസ്സ് ജ്വലിച്ചിരുന്നു.”
33 ഇരുവരും എഴുന്നേറ്റ് ഉടന്‍ യെരൂശലേമിലേക്കു പോയി. അവിടെ യേശുവിന്‍റെ ശിഷ്യന്മാര്‍ പതിനൊന്നുപേരും ഒരുമിച്ച് കൂടിയിരിക്കുന്നതവര്‍ കണ്ടു. പതിനൊന്ന് അപ്പൊസ്തലന്മാരും മറ്റുള്ളവരും
34 പറഞ്ഞു, “കര്‍ത്താവ് യഥാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവന്‍ ശിമോന് പ്രത്യക്ഷപ്പെട്ടു.”
35 വഴിയില്‍ വെച്ചുണ്ടായതെല്ലാം അവരിരുവരും വിശദീകരിച്ചു. അപ്പം വീതിച്ചപ്പോള്‍ തങ്ങള്‍ യേശുവിനെ തിരിച്ചറിഞ്ഞത് എങ്ങനെയെന്നും അവര്‍ പറഞ്ഞു.
യേശു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നു
(മത്താ. 28:16-20; മര്‍ക്കൊ. 16:14-18; യോഹ. 20:19-23; അ. പ്രവ. 1:6-8)
36 ഇരുവരും ഇക്കാര്യങ്ങള്‍ പറയവേ, യേശു അവര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടു. അവരോടു പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം”
37 ഒരു പ്രേതത്തെ കാണുന്നതു പോലെ അവര്‍ ഞെട്ടുകയും ഭയചകിതരാവുകയും ചെയ്തു.
38 എന്നാല്‍ യേശു പറഞ്ഞു, “നിങ്ങളെന്തിന് അസ്വസ്ഥരാകുന്നു? നിങ്ങള്‍ കാണുന്നതിനെ സംശയിക്കുന്നത് എന്തുകൊണ്ട്?
39 എന്‍റെ കൈകളിലേക്കും പാദങ്ങളിലേക്കും നോക്കൂ. ഇതു ശരിക്കും ഞാനാണ്! എന്നെ തൊട്ടു നോക്കൂ. എനിക്കു ജീവിക്കുന്ന ഒരു ശരീരമുണ്ടെന്ന് നിങ്ങള്‍ക്കു കാണാം; ഒരു പ്രേതത്തിനും അങ്ങനെയൊന്നും ഉണ്ടാകയില്ല.”
40 ഇതു പറഞ്ഞതിനു ശേഷം, യേശു തന്‍റെ കൈകളിലും പാദങ്ങളിലുമുള്ള ദ്വാരങ്ങള്‍ അവരെ കാണിച്ചു.
41 അവര്‍ അത്ഭുതപ്പെടുകയും യേശു ജീവിച്ചിരിക്കുന്നതില്‍ ആഹ്ലാദിക്കുകയും ചെയ്തു. തങ്ങള്‍ കാണുന്നതൊന്നും അവര്‍ക്കു വിശ്വസിക്കാനായില്ല. യേശു ചോദിച്ചു, “നിങ്ങളുടെ പക്കല്‍ എന്തെങ്കിലും ഭക്ഷണമുണ്ടോ?”
42 അവര്‍ പാകം ചെയ്ത ഒരു കഷണം മീന്‍ അവനു കൊടുത്തു.
43 ശിഷ്യന്മാര്‍ നോക്കിനില്‍ക്കേ യേശു മീന്‍ തിന്നു.
44 യേശു അവരോടു പറഞ്ഞു, “ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ എന്നെക്കുറിച്ച് മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകരുടെ പുസ്തകത്തിലും സങ്കീര്‍ത്തനങ്ങളിലും എഴുതിയിട്ടുള്ള എല്ലാ കാര്യങ്ങളും സംഭവിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.”
45 അനന്തരം യേശു എല്ലാ തിരുവെഴുത്തുകളും ശിഷ്യന്മാര്‍ക്കു വിശദീകരിച്ചു കൊടുത്തു. തന്നെപ്പറ്റി എഴുതിയിരിക്കുന്നത് മനസ്സിലാക്കാന്‍ അവനവരെ സഹായിച്ചു.
46 യേശു അവരോടു പറഞ്ഞു, “ക്രിസ്തു കൊല്ലപ്പെടുകയും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുമെന്ന് എഴുതപ്പെട്ടിട്ടുണ്ട്.
47-48 ഇക്കാര്യങ്ങള്‍ സംഭവിക്കുന്നത് നിങ്ങള്‍ കണ്ടു. നിങ്ങളതിനു സാക്ഷിയാണ്. നിങ്ങള്‍ പോയി ജനങ്ങളോട് അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടുവാന്‍ കഴിയുമെന്ന് പ്രസംഗിക്കണം. അവര്‍ മാനസാന്തരപ്പെടണമെന്നും പാപങ്ങള്‍ക്കുവേണ്ടി പശ്ചാത്തപിക്കണമെന്നും അവരോടു പ്രസംഗിക്കുക. അവരങ്ങനെ ചെയ്താല്‍ ദൈവം അവരോടു ക്ഷമിക്കും. എന്‍റെ നാമത്തില്‍ നിങ്ങളിത് യെരൂശലേമില്‍ തുടങ്ങി പ്രസംഗിക്കണം. ഈ സുവിശേഷം ലോകമെന്പാടുമുള്ളവരില്‍ എത്തിക്കണം.
49 ശ്രദ്ധിക്കൂ, എന്‍റെ പിതാവ് നിങ്ങള്‍ക്ക് ചില വാഗ്ദാനങ്ങള്‍ തന്നിട്ടുണ്ട്. ഞാനത് നിങ്ങള്‍ക്കയയ്ക്കും. എന്നാല്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍നിന്നും ശക്തി ലഭിക്കും വരെ നിങ്ങള്‍ യെരൂശലേമില്‍ താമസിക്കുക.”
യേശു സ്വര്‍ഗ്ഗത്തിലേക്കു മടങ്ങുന്നു
(മര്‍ക്കൊ. 16:19-20; അ. പ്രവ. 1:9-11)
50 യേശു തന്‍റെ ശിഷ്യന്മാരെ യെരൂശലേമില്‍നിന്നും ബെഥാന്യ വരെ നയിച്ചു. അവന്‍ കൈകളുയര്‍ത്തി തന്‍റെ ശിഷ്യന്മാരെ അനുഗ്രഹിച്ചു.
51 യേശു അവരെ അനുഗ്രഹിക്കവേ അവന്‍ അവരില്‍ നിന്ന് വേര്‍പെടുത്തപ്പെട്ട് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു.
52 ശിഷ്യന്മാര്‍ അവനെ അവിടെ നമസ്കരിച്ചിട്ട് വര്‍ദ്ധിച്ച ആഹ്ലാദത്തോടെ യെരൂശലേമിലേക്ക് മടങ്ങിപ്പോയി.
53 തങ്ങളുടെ മുഴുവന്‍ സമയവും ദൈവത്തെ വാഴ്ത്തിക്കൊണ്ട് അവര്‍ ദൈവാലയത്തില്‍ താമസിച്ചു.