യേശു പിശാചിനാല്‍ പ്രലോഭിക്കപ്പെടുന്നു
(മത്താ. 4:1-11; മര്‍ക്കൊ. 1:12-13)
4
1 യേശു യോര്‍ദ്ദാനില്‍നിന്നും തിരിച്ചെത്തി. അവനില്‍ പരിശുദ്ധാത്മാവ് നിറഞ്ഞിരുന്നു. പരിശുദ്ധാത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു.
2 അവിടെ പിശാച് നാല്പതു ദിവസങ്ങള്‍ യേശുവിനെ പ്രലോഭിപ്പിച്ചു. ആ സമയം അവന്‍ ഒന്നും ഭക്ഷിച്ചിരുന്നില്ല. ആ ദിവസങ്ങളുടെ അന്ത്യത്തില്‍ യേശുവിന് നന്നേ വിശപ്പുണ്ടായിരുന്നു.
3 പിശാച് യേശുവിനോടു പറഞ്ഞു, “നീ ദൈവപുത്രനാണെങ്കില്‍ ഈ പാറയെ അപ്പമാകാന്‍ കല്പിക്കൂ.”
4 യേശു മറുപടി പറഞ്ഞു,
'മനുഷ്യന്‍ അപ്പം കൊണ്ടുമാത്രമല്ല ജീവിക്കുന്നതെന്നു തിരുവെഴുത്തില്‍ എഴുതിയിട്ടുണ്ടല്ലോ.’” ആവര്‍ത്തനം 8:3
5 അപ്പോള്‍ പിശാച് യേശുവിനെ ഉയരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരു നിമിഷത്തില്‍ കാട്ടിക്കൊടുത്തിട്ടു
6 പറഞ്ഞു, “ഈ കാണുന്ന എല്ലാ രാജ്യങ്ങളും അതിന്‍റെ എല്ലാ പ്രതാപത്തോടും തിളക്കത്തോടും കൂടി എനിക്ക് തന്നിട്ടുള്ളവയാണ്. എനിക്കിഷ്ടമുള്ള ആര്‍ക്കും അതു കൊടുക്കാം.
7 നീ എന്നെ മാത്രം നമസ്കരിച്ചാല്‍ ഇതെല്ലാം നിനക്കു ഞാന്‍ തരാം.”
8 യേശു പറഞ്ഞു, “തിരുവെഴുത്തിലുണ്ടല്ലോ:
'നീ നിന്‍റെ കര്‍ത്താവായ ദൈവത്തെ നമസ്കരിക്കുക.
അവനെ മാത്രം സേവിക്കുക.’” ആവര്‍ത്തനം 6:13
9 അനന്തരം പിശാച് യേശുവിനെ യെരൂശലേമിലേക്കു നയിച്ചു. ദൈവാലയത്തിനു മുകളിലത്തെ ഏറ്റവും ഉയര്‍ന്ന ബിന്ദുവില്‍ കയറ്റി. പിശാച് യേശുവിനോടു പറഞ്ഞു, “നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക.
10 തിരുവെഴുത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ:
‘ദൈവം തന്‍റെ ദൂതന്മാരോട് നിന്നെ രക്ഷിക്കാന്‍ കല്പിക്കും.’ സങ്കീര്‍ത്തനം 91:11
11 മാത്രവുമല്ല:
'നിന്‍റെ കാല്‍ പാറയില്‍ തട്ടാതെ
അവര്‍ കൈകള്‍ കൊണ്ട് നിന്നെ താങ്ങും’ എന്നും ഉണ്ടല്ലോ.” സങ്കീര്‍ത്തനം 91:12
12 യേശു പറഞ്ഞു, “പക്ഷേ, തിരുവെഴുത്തില്‍ ഇതും പറയുന്നുണ്ട്:
'നീ കര്‍ത്താവായ ദൈവത്തെ പരീക്ഷിക്കരുത്.’” ആവര്‍ത്തനം 6:16
13 പ്രലോഭനങ്ങളുടെയെല്ലാം അവസാനത്തിലെത്തിയ പിശാച് മറ്റൊരു സന്ദര്‍ഭവും പ്രതീക്ഷിച്ച് ദൂരേക്കു പോയി.
യേശു ജനങ്ങളെ പഠിപ്പിക്കുന്നു
(മത്താ. 4:12-17; മര്‍ക്കൊ. 1:14-15)
14 യേശു പരിശുദ്ധാത്മാവിന്‍റെ ശക്തിയോടു കൂടി ഗലീലയിലേക്കു മടങ്ങി. ഗലീലയ്ക്കു ചുറ്റുപാടും യേശുവിനെപ്പറ്റിയുള്ള വാര്‍ത്ത പ്രചരിച്ചു.
15 അവന്‍ അവരുടെ യെഹൂദപ്പള്ളികളില്‍ ഉപദേശിക്കാന്‍ തുടങ്ങി. എല്ലാവരും യേശുവിനെ വാഴ്ത്തി.
യേശു സ്വന്ത പട്ടണത്തിലേക്കു പോകുന്നു
(മത്താ. 13:53-58; മര്‍ക്കൊ. 6:1-6)
16 യേശു, അവന്‍ വളര്‍ന്ന പട്ടണമായ നസറെത്തിലേക്കു പോയി. എപ്പോഴുമെന്നപോലെ ശബ്ബത്തു ദിവസം അവന്‍ യെഹൂദപ്പള്ളിയിലേക്കു പോയി. യേശു വായിക്കാന്‍ എഴുന്നേറ്റു നിന്നു.
17 യെശയ്യാപ്രവാചകന്‍റെ പുസ്തകം അവനു നല്‍കിയിരുന്നു. യേശു പുസ്തകം തുറന്ന് ഇങ്ങനെ എഴുതിയിരിക്കുന്ന ഭാഗം കണ്ടു:
18 “കര്‍ത്താവിന്‍റെ ചൈതന്യം എന്നിലുണ്ട്.
ഒന്നുമില്ലാത്തവരോട് സുവിശേഷം പറയാന്‍ ദൈവം എന്നെ തെരഞ്ഞെടുത്തിരിക്കുന്നു.
പാപത്തിന്‍റെ തടവുകാര്‍ക്ക് മോചനം നല്‍കുമെന്നും അന്ധര്‍ക്കു
കാഴ്ച നല്‍കുമെന്നും ജനങ്ങളോടു പറയാന്‍ ദൈവം എന്നെ നിയോഗിച്ചിരിക്കുന്നു.
ദുര്‍ബ്ബലരെ അവരുടെ കഷ്ടപ്പാടുകളില്‍ നിന്നും മോചിപ്പിക്കാന്‍ ദൈവം എന്നെ അയച്ചിരിക്കുന്നു.
19 ജനങ്ങളോട് കാരുണ്യം കാട്ടാനും കര്‍ത്താവിന്‍റെ വര്‍ഷമെത്തിയെന്നറിയിക്കാനും എന്നെ നിയോഗിച്ചു.” യെശയ്യാവ് 61:1-2; 58:6
20 യേശു പുസ്തകമടച്ചു. പുസ്തകം പരിചാരകന് മടക്കിക്കൊടുത്ത് അവന്‍ നിലത്തിരുന്നു. യെഹൂദപ്പള്ളിയിലുള്ള എല്ലാവരും യേശുവിനെ അടുത്തു നിരീക്ഷിച്ചു.
21 യേശു അവരോട് സംസാരിക്കാന്‍ തുടങ്ങി. അവന്‍ പറഞ്ഞു, “നിങ്ങള്‍ ഈ വാക്കുകള്‍ കേള്‍ക്കെത്തന്നെ ഇവ അന്വര്‍ത്ഥമാകുന്നു.”
22 എല്ലാവരും യേശുവിനെപ്പറ്റി നല്ലതു പറഞ്ഞു. അവന്‍റെ ഹൃദ്യമായ വാക്കുകളില്‍ അവര്‍ അത്ഭുതപ്പെട്ടു. അവര്‍ പറഞ്ഞു, “അവനെങ്ങനെ ഇപ്രകാരം പറയാന്‍ കഴിയുന്നു? അവന്‍ യോസേഫിന്‍റെ മകന്‍ മാത്രമല്ലേ?”
23 യേശു അവരോടു പറഞ്ഞു, “വൈദ്യാ, സ്വയം സുഖപ്പെടുത്തൂ, എന്ന പഴഞ്ചൊല്ലു പോലെ നിങ്ങള്‍ എന്നോടു പറയുമെന്ന് എനിക്കറിയാം. ‘നീ കഫര്‍ന്നഹൂമില്‍ ചെയ്തതിനെപ്പറ്റി ഞങ്ങള്‍ കേട്ടിട്ടുണ്ട്. അതെല്ലാം നിന്‍റെ സ്വന്തപട്ടണത്തിലും ചെയ്യൂ.’”
24 അപ്പോള്‍ യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം ചെയ്യുന്നു. ഒരു പ്രവാചകനും സ്വന്തം പട്ടണത്തില്‍ സ്വീകാര്യനല്ല.
25-26 “ഞാന്‍ പറയുന്നതു സത്യമാണ്. ഏലീയാപ്രവാചകന്‍റെ കാലത്ത് യിസ്രായേലില്‍ മൂന്നരവര്‍ഷം മഴ പെയ്തില്ല. രാജ്യത്തെങ്ങും ഭക്ഷണവുമുണ്ടായിരുന്നില്ല. ആ സമയത്ത് യിസ്രായേലില്‍ അനേകം വിധവകളുണ്ടായിരുന്നു. പക്ഷേ ഏലീയാവ് യിസ്രായേലിലെ ആ വിധവകളുടെ അടുത്തേക്ക് അയയ്ക്കപ്പെട്ടില്ല. സീദോന്‍ ദേശത്തെ സരെപ്തയില്‍ ഒരു വിധവയുടെ അടുത്തേക്കാണ് ഏലീയാവ് അയയ്ക്കപ്പെട്ടത്.
27 “ഏലീശാപ്രവാചകന്‍റെ കാലത്ത് യിസ്രായേലില്‍ അനേകം കുഷ്ഠരോഗികളും ഉണ്ടായിരുന്നു. പക്ഷെ നയമാനൊഴികെ ആരും സുഖപ്പെട്ടില്ല. നയമാന്‍ യിസ്രായേല്‍ക്കാരനായിരുന്നില്ല. സുറിയക്കാരനായിരുന്നു.”
28 യെഹൂദപ്പള്ളിയിലുള്ള എല്ലാവരും ഇക്കാര്യങ്ങള്‍ കേട്ടു. അവര്‍ അത്യധികം കോപാകുലരായി.
29 അവര്‍ ചാടിയെഴുന്നേറ്റ് യേശുവിനെ നഗരത്തിനു പുറത്താക്കി. ഒരു മലയുടെ മുകളിലാണവരുടെ നഗരം പണിതിരിക്കുന്നത്. അവനെ താഴേക്കു തള്ളിയിടാനായി മലയുടെ അറ്റത്തേക്ക് അവര്‍ അവനെ നയിച്ചു.
30 എന്നാല്‍ യേശു അവരുടെ നടുവിലൂടെ നടന്ന് ദൂരെ പോയി.
യേശു പിശാചു ബാധിച്ചവരെ സുഖപ്പെടുത്തുന്നു
(മര്‍ക്കൊ. 1:21-28)
31 യേശു ഗലീലയിലെ നഗരമായ കഫര്‍ന്നഹൂമിലേക്കു പോയി. ശബ്ബത്തു ദിവസം അവന്‍ ജനങ്ങളെ ഉപദേശിക്കുകയായിരുന്നു.
32 അവന്‍റെ വാക്കുകള്‍ അധികാരത്തോടെ ആയിരുന്നതിനാല്‍ അവന്‍റെ ഉപദേശം ജനങ്ങളെ അത്ഭുതപ്പെടുത്തി.
33 അശുദ്ധാത്മാവ് ബാധിച്ച ഒരുവന്‍ ആ യെഹൂദപ്പള്ളിയിലുണ്ടായിരുന്നു. അയാള്‍ ഉച്ചത്തില്‍ വിളിച്ചു കൂവി,
34 “നസറായനായ യേശുവേ, ഞങ്ങളോട് നിനക്കെന്താണ് വേണ്ടത്. ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നി രിക്കുന്നത്. നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്‍റെ പരിശുദ്ധന്‍.”
35 പക്ഷേ ആ അശുദ്ധാത്മാവിനോടു നിര്‍ത്താന്‍ യേശു ആജ്ഞാപിച്ചു. യേശു പറഞ്ഞു, “മിണ്ടാതിരിക്കൂ, ആ മനുഷ്യനില്‍ നിന്നു പുറത്തു കടക്കൂ.” പിശാച് ആ മനുഷ്യനെ ജനങ്ങളുടെയിടയില്‍ തള്ളിയിട്ടു. എന്നിട്ട് അയാളെ ഉപദ്രവിക്കാതെ അയാളില്‍നിന്നു പുറത്തു കടന്നു.
36 ജനങ്ങള്‍ അത്ഭുതപ്പെട്ടു. അവര്‍ പരസ്പരം പറഞ്ഞു, “എന്താണിതിനര്‍ത്ഥം. അശുദ്ധാത്മാക്കളോടു അധികാരത്തോടെയും ശക്തിയാലും അവന്‍ ആജ്ഞാപിക്കുന്നു. അവര്‍ പുറത്തുവരുന്നു.”
37 അതിനാല്‍ യേശുവിനെപ്പറ്റിയുള്ള വാര്‍ത്ത ആ പ്രദേശത്തുള്ള എല്ലാ സ്ഥലത്തും പരന്നു.
യേശു ഒരു സ്ത്രീയെ സുഖപ്പെടുത്തുന്നു
(മത്താ. 8:14-17; മര്‍ക്കൊ. 1:29-34)
38 യേശു യെഹൂദപ്പള്ളി വിട്ടു. അവന്‍ ശിമോന്‍റെ വീട്ടിലേക്കു പോയി. ശിമോന്‍റെ ഭാര്യയുടെ അമ്മ രോഗം പിടിച്ചു കിടപ്പായിരുന്നു. അവര്‍ക്കു കടുത്ത പനിയായിരുന്നു. അവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് അവര്‍ അവനോടപേക്ഷിച്ചു.
39 അവന്‍ അവളുടെ വളരെ അടുത്തു നിന്നുകൊണ്ട് പനിയോട് അവളെ വിട്ടു പോകുവാന്‍ ആജ്ഞാപിച്ചു. പനി അവളെ വിട്ടുപോയി. അപ്പോള്‍ അവള്‍ എഴുന്നേറ്റ് അവരെ പരിചരിക്കാന്‍ തുടങ്ങി.
യേശു മറ്റനേകരെ സുഖപ്പെടുത്തുന്നു
40 സൂര്യാസ്തമയമായപ്പോള്‍ ജനങ്ങള്‍ രോഗബാധിതരായ അനേകരെ അവന്‍റെയടുക്കല്‍ കൊണ്ടുവന്നു. അവര്‍ക്ക് വിവിധ രോഗങ്ങളായിരുന്നു. യേശു ഓരോ രോഗിയുടെ മേലും കൈവച്ച് അവരെ സുഖപ്പെടുത്തി.
41 പലരിലും നിന്ന് ഭൂതങ്ങള്‍ പുറത്തുവന്നു. ഭൂതങ്ങള്‍ നിലവിളിച്ചു, “നീ ദൈവപുത്രനാണ്.” പക്ഷേ യേശു അവരെ ശകാരിക്കുകയും സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. അവന്‍ ക്രിസ്തുവാണെന്ന് ഭൂതങ്ങള്‍ക്ക് അറിയാമായിരുന്നു.
യേശു മറ്റു പട്ടണങ്ങളിലേക്കു പോകുന്നു
(മര്‍ക്കൊ. 1:35-39)
42 അടുത്ത ദിവസം യേശു ഏകാന്തമായൊരിടത്തേക്കു പോയി. ജനങ്ങള്‍ അവനു വേണ്ടി തിരഞ്ഞു. അവര്‍ അവനെ കണ്ടപ്പോള്‍ അവിടം വിട്ടുപോകുന്നതില്‍ നിന്ന് അവനെ തടയാന്‍ ശ്രമിച്ചു.
43 പക്ഷേ യേശു അവരോടു പറഞ്ഞു, “ദൈവരാജ്യത്തെ സംബന്ധിക്കുന്ന സുവിശേഷം എനിക്ക് മറ്റു പട്ടണങ്ങളിലും പ്രസംഗിക്കണം. അതിനാണ് ഞാന്‍ അയയ്ക്കപ്പെട്ടത്.”
44 അങ്ങനെ യെഹൂദ്യയിലെ യെഹൂദപ്പള്ളികളില്‍ അവന്‍ പ്രസംഗിച്ചു.