യേശുവിന്‍റെ സംഘം
8
അടുത്ത ദിവസം യേശു ഏതാനും നഗരങ്ങളിലൂടെയും ചെറിയ പട്ടണങ്ങളിലൂടെയും സഞ്ചരിച്ചു. യേശു ദൈവരാജ്യത്തെപ്പറ്റിയുള്ള സുവിശേഷം പ്രസംഗിച്ചു. പന്ത്രണ്ടു ശിഷ്യന്മാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഏതാനും സ്ത്രീകളും അവനോടൊപ്പം ഉണ്ടായിരുന്നു. യേശു ആ സ്ത്രീകളെ അശുദ്ധാത്മാക്കളില്‍നിന്നും രോഗങ്ങളില്‍ നിന്നും രക്ഷിച്ചു. സ്ത്രീകളിലൊരുവള്‍ മറിയയായിരുന്നു. അവള്‍ മഗ്ദല എന്ന പട്ടണത്തില്‍ ഉള്ളവളാണ്. അവളില്‍ നിന്ന് ഏഴു ഭൂതങ്ങള്‍ പുറത്തു പോയിരുന്നു. ഹെരോദാവിന്‍റെ കാര്യവിചാരകനായ കൂസയുടെ ഭാര്യയായ യോഹന്ന, ശൂശന്ന തുടങ്ങി അനേകംപേര്‍ അവനോടൊത്തുണ്ടായിരുന്നു. ഈ സ്ത്രീകള്‍ യേശുവിനെയും ശിഷ്യന്മാരെയും സ്വന്തം പണം നല്‍കി സഹായിച്ചിരുന്നു.
വിത്തു വിതയ്ക്കുന്നതിനെപ്പറ്റിയുള്ള ഒരു കഥ യേശു ഉപയോഗിക്കുന്നു
(മത്താ. 13:1-17; മര്‍ക്കൊ. 4:1-12)
എല്ലാ പട്ടണങ്ങളില്‍ നിന്നും യേശുവിന്‍റെ അടുത്തേക്ക് അനവധി ആളുകള്‍ വന്നു. യേശു അവരോട് ഈ ഉപമ പറഞ്ഞു:
“ഒരു കൃഷിക്കാരന്‍ വിത്തു വിതയ്ക്കാനായി പുറപ്പെട്ടു. അതില്‍ ചില വിത്തുകള്‍ വഴിയോരത്തു വീണു. ആളുകള്‍ അവയെ ചവിട്ടി നടന്നു. പക്ഷികള്‍ അതു മുഴുവന്‍ തിന്നു. ചില വിത്തുകള്‍ പാറയില്‍ വീണു. അവ മുളച്ചുവളരാന്‍ തുടങ്ങിയെങ്കിലും വെള്ളം കിട്ടാതെ കരിഞ്ഞു. ചിലവ മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. അവ വളരാന്‍ തുടങ്ങിയെങ്കിലും അവയോടൊപ്പം വളര്‍ന്ന മുള്‍ച്ചെടികള്‍ അവയുടെ വളര്‍ച്ച തടഞ്ഞു. ചിലവ നല്ല കൃഷിയിടങ്ങളില്‍ തന്നെ വീണു. അവ വളര്‍ന്ന് നൂറു മേനി വിളവു നല്‍കി.”
യേശു കഥ അവസാനിപ്പിച്ചു. അനന്തരം അവന്‍ പറഞ്ഞു, “കേള്‍ക്കണമെന്നുള്ളവര്‍ കേള്‍ക്കട്ടെ.”
യേശുവിന്‍റെ ശിഷ്യന്മാര്‍ അവനോടു ചോദിച്ചു, “എന്താണ്, ഈ കഥയുടെ അര്‍ത്ഥം?”
10 യേശു പറഞ്ഞു, “നിങ്ങള്‍ ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ അറിയാന്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഞാന്‍ സാരോപദേശകഥകളിലൂടെ മറ്റുള്ളവരെ പഠിപ്പിക്കുന്നു. എന്തെന്നാല്‍,
‘മറ്റുള്ളവര്‍ നോക്കിയാലും
കാണാതിരിക്കാനും;
കേട്ടാലും മനസ്സിലാകാതിരിക്കാനും വേണ്ടി.’ യെശയ്യാവ് 6:9
വിത്തിന്‍റെ കഥ യേശു വിശദീകരിക്കുന്നു
(മത്താ. 13:18-23; മര്‍ക്കൊ. 4:13-20)
11 “ആ കഥയുടെ അര്‍ത്ഥമിതാണ്: വിത്തുകള്‍ ദൈവവചനമാണ്. 12 വഴിയോരത്തു വീണ വിത്തുകള്‍ ദൈവവചനം കേട്ടവരെപ്പോലെയാണ്. പക്ഷേ പിശാചു വന്നു അവരുടെ മനസ്സില്‍ നിന്നും വചനങ്ങളെ എടുത്തു കളയുന്നു. അവര്‍ വചനങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും തന്മൂലം രക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യും. 13 പാറയില്‍ വീണ വിത്തുകളാകട്ടെ വചനങ്ങള്‍ കേട്ടു സസന്തോഷം സ്വീകരിക്കുന്നവരെപ്പോലെയാണ്. പക്ഷേ അവര്‍ക്ക് ആഴത്തില്‍ വേരുകളില്ല. അവര്‍ കുറച്ചുനേരത്തേക്കു വിശ്വസിക്കുന്നു. പക്ഷേ പ്രലോഭനങ്ങള്‍ വരികയായി. അപ്പോളവര്‍ വിശ്വാസമവസാനിപ്പിച്ച് ദൈവത്തെ ഉപേക്ഷിക്കും.
14 “മുള്‍ച്ചെടികള്‍ക്കിടയില്‍ വീണ വിത്തുകള്‍ എന്തെന്നോ? അവര്‍ ദൈവവചനത്തെ കേള്‍ക്കുന്നതോടൊപ്പം ആശങ്കകളാലും, സന്പത്തിനാലും, ജീവിതസുഖങ്ങളാലും വളര്‍ച്ച മുരടിച്ചവരാണ്. അതിനാലവര്‍ നല്ല ഫലത്തെ ഉണ്ടാക്കുന്നില്ല. 15 എന്നാല്‍ നല്ല കൃഷിഭൂമിയില്‍ വീണ വിത്തുകള്‍ നല്ലതും സത്യസന്ധവുമായ ഹൃദയത്തോടെ ദൈവവചനം സ്വീകരിക്കുന്നവരാണ്. അവര്‍ ദൈവവചനത്തെ അനുസരിക്കുകയും ക്ഷമാപൂര്‍വ്വം നല്ല ഫലത്തെ ഉളവാക്കുകയും ചെയ്യുന്നു.
നിങ്ങള്‍ക്കുള്ളത് ഉപയോഗിക്കുക
(മത്താ. 4:21-25)
16 “ആരും വിളക്കു കൊളുത്തിയിട്ട് അത് പാത്രം കൊണ്ട് മൂടുകയോ, കട്ടിലിനടിയില്‍ ഒളിച്ചു വയ്ക്കുകയോ ചെയ്യുന്നില്ല. പകരം വീട്ടില്‍ വരുന്നവര്‍ക്കു വെളിച്ചം കാണേണ്ടതിലേക്കായി വിളക്ക് ഒരു വിളക്കുകാലില്‍ വയ്ക്കുകയാണ് ചെയ്യുന്നത്. 17 ഒളിച്ചുവയ്ക്കുന്നതെന്തും പുറത്തു കാണാറാകും. എല്ലാ രഹസ്യവും വെളിപ്പെടുകയും പുറത്തറിയുകയും ചെയ്യും. 18 നിങ്ങള്‍ എങ്ങനെ ശ്രദ്ധിക്കുന്നു എന്നതിനാല്‍ ജാഗരൂകരാകുക. ഉള്ളവന് കൂടുതല്‍ നല്‍കപ്പെടും. ഇല്ലാത്തവനില്‍ നിന്ന് തനിക്കുണ്ടെന്നവന്‍ കരുതുന്നതും എടുക്കും.”
യേശുവിന്‍റെ ശിഷ്യന്മാരാണവന്‍റെ യഥാര്‍ത്ഥ കുടുംബക്കാര്‍
(മത്താ. 12:46-50; മര്‍ക്കൊ. 3:31-35)
19 യേശുവിന്‍റെ അമ്മയും സഹോദരന്മാരും അവനെ കാണാനെത്തി. അവിടെ അനേകം പേരുണ്ടായിരുന്നതിനാല്‍ അമ്മയ്ക്കും സഹോദരന്മാര്‍ക്കും യേശുവിന്‍റെ അടുത്തെത്താന്‍ കഴിഞ്ഞില്ല. 20 ആരോ യേശുവിനോടു പറഞ്ഞു, “നിന്‍റെ അമ്മയും സഹോദരന്മാരും പുറത്തു നില്‍ക്കുന്നു. അവര്‍ നിന്നെക്കാണാന്‍ ആഗ്രഹിക്കുന്നു.”
21 യേശു അവരോടു പറഞ്ഞു, “എന്‍റെ അമ്മയും സഹോദരന്മാരും, ദൈവവചനം കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാരോ അവരാണ്.”
ശിഷ്യന്മാര്‍ യേശുവിന്‍റെ ശക്തി അറിയുന്നു
(മത്താ. 8:23-27; മര്‍ക്കൊ. 4:35-41)
22 ഒരു ദിവസം യേശുവും അവന്‍റെ ശിഷ്യന്മാരും ഒരു വള്ളത്തില്‍ കയറി. യേശു അവരോടു പറഞ്ഞു, “എന്നോടൊപ്പം തടാകം മുറിച്ചു കടക്കൂ.” അതിനാലവര്‍ തടാകം മുറിച്ചു കടക്കാന്‍ തുടങ്ങി. 23 അവര്‍ യാത്ര ചെയ്കേ യേശു ഉറങ്ങി. ഒരു കൊടുങ്കാറ്റടിച്ച് തടാകം ഇളകിമറിഞ്ഞു. വള്ളത്തില്‍ വെള്ളം നിറഞ്ഞു. അവരെല്ലാം അപകടത്തിലായി. 24 ശിഷ്യന്മാര്‍ യേശുവിനെ ഉണര്‍ത്തി. അവര്‍ പറഞ്ഞു, “ഗുരോ! ഗുരോ! ഞങ്ങള്‍ നശിക്കുന്നു.”
യേശു ഉണര്‍ന്നെണീറ്റു, അവന്‍ കൊടുങ്കാറ്റിനും തിരമാലകള്‍ക്കും ആജ്ഞ നല്‍കി. കാറ്റു നിന്നു. തടാകം ശാന്തമായി. 25 യേശു ശിഷ്യന്മാരോടു ചോദിച്ചു, “നിങ്ങളുടെ വിശ്വാസമെവിടെ?” ശിഷ്യന്മാര്‍ ഭയപ്പെടുകയും വിസ്മയിക്കുകയും ചെയ്തു.
അവര്‍ പരസ്പരം പറഞ്ഞു, “ഇവന്‍ എന്തൊരു മനുഷ്യന്‍? കാറ്റിനോടും ജലത്തോടും അവന്‍ കല്പിക്കുന്നു. അവ അനുസരിക്കുകയും ചെയ്യുന്നു.”
പിശാചു ബാധിച്ച ഒരാള്‍
(മത്താ. 8:28-34; മര്‍ക്കൊ. 5:1-20)
26 യേശുവും അവന്‍റെ ശിഷ്യന്മാരും ഗലീലയില്‍ നിന്ന് തടാകം മുറിച്ചു കടന്ന് ഗെരസേന്യര്‍ വസിക്കുന്നിടത്തു ചെന്നു. 27 യേശു വള്ളത്തില്‍ നിന്ന് കരയ്ക്കിറങ്ങിയപ്പോള്‍ ആ നഗരത്തില്‍ നിന്നു വന്ന ഒരാള്‍ യേശുവിന്‍റെ അടുത്തു ചെന്നു. ആ മനുഷ്യനെ ഭൂതം ബാധിച്ചിരുന്നു. വളരെക്കാലമായി അയാള്‍ വസ്ത്രം ധരിച്ചിരുന്നില്ല. അയാള്‍ വീട്ടിലല്ല, മരിച്ച ആള്‍ക്കാരുടെ ശവകുടീരങ്ങളിലാണ് വസിച്ചിരുന്നത്.
28-29 ഭൂതം പലതവണ അവനെ ആക്രമിച്ചു കീഴടക്കി. കാലും കൈയും ചങ്ങല കൊണ്ടു ബന്ധിച്ച നിലയില്‍ അവന്‍ കാരാഗൃഹത്തിലടയ്ക്കപ്പെട്ടു. അവന്‍ പലപ്പോഴും ചങ്ങല തകര്‍ത്തുവെങ്കിലും അവനിലെ ഭൂതം ജനവാസമില്ലാത്ത സ്ഥലത്തേക്കു പോകാന്‍ അവനെ നിര്‍ബന്ധിച്ചു. അപ്പോള്‍ യേശു അശുദ്ധാത്മാവിനോട് ആ മനഷ്യനില്‍ നിന്നും പുറത്തേക്കു പോകാന്‍ ആജ്ഞാപിച്ചു. അയാള്‍ യേശുവിന്‍റെ മുന്‍പില്‍ വീണ് വലിയ ഉച്ചത്തില്‍ അലറി, “യേശുവേ, അത്യുന്നതനായ ദൈവപുത്രാ, നിനക്കെന്നെക്കൊണ്ടെന്താണു വേണ്ടത്. എന്നെ ശിക്ഷിക്കരുതേ എന്നു ഞാനപേക്ഷിക്കുന്നു.”
30 യേശു അവനോടു ചോദിച്ചു, “നിന്‍റെ പേരെന്താണ്?”
അയാള്‍ മറുപടി പറഞ്ഞു, “ലെഗ്യോന്‍.” (അയാളെ അനേകം ഭൂതങ്ങള്‍ ബാധിച്ചിരുന്നു.) 31 പാതാളത്തിലേക്കു* പാതാളം “ശാശ്വതാന്ധകാരം” എന്നര്‍ത്ഥം. അന്തമില്ലാത്ത കുഴിയോ ഗര്‍ത്തമോ പോലെ എന്തോ ഒന്ന്. പോകുവാന്‍ തങ്ങളോട് ആജ്ഞാപിക്കരുതേയെന്നവര്‍ യേശുവിനോടപേക്ഷിച്ചു. 32 അവിടെയൊരു മലഞ്ചെരുവില്‍ ഒരു വലിയ പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. അവയ്ക്കുള്ളിലേക്കു പ്രവേശിക്കുവാന്‍ അനുവദിക്കണമെന്ന് ഭൂതങ്ങള്‍ യേശുവിനോട് യാചിച്ചു. യേശു അനുവദിച്ചു. 33 അപ്പോള്‍ ഭൂതങ്ങള്‍ അയാളില്‍ നിന്നിറങ്ങി പന്നികളിലേക്ക് പ്രവേശിച്ചു. പന്നികള്‍ കുന്നിറങ്ങി താഴെ തടാകത്തില്‍ വീണു മുങ്ങിച്ചത്തു.
34 പന്നികളെ മേയിച്ചിരുന്നവര്‍ ഓടിപ്പോയി. അവര്‍ നഗരത്തിലും ഗ്രാമങ്ങളിലും ഇക്കാര്യം പറഞ്ഞു. 35 എന്താണു സംഭവിച്ചതെന്നു കാണുവാന്‍ ജനങ്ങള്‍ പുറത്തു വന്നു. അവന്‍ യേശുവിന്‍റെ അടുത്തു വന്നു. യേശുവിന്‍റെ കാല്‍ക്കല്‍ ഭൂതങ്ങളില്‍ നിന്നു വിമുക്തനായവന്‍ ഇരിക്കുന്നതവര്‍ കണ്ടു. അയാള്‍ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. അയാള്‍ പ്രശാന്തനായിരുന്നു. ജനങ്ങള്‍ ഭയചകിതരായി. 36 സംഭവങ്ങളെല്ലാം കണ്ടവര്‍ മറ്റുള്ളവരോട് യേശു അയാളെ എങ്ങനെ സുഖപ്പെടുത്തി എന്നതു വിശദീകരിച്ചു. 37 ഗെരസേന്യപ്രദേശത്തുള്ള എല്ലാവരും അവിടം വിട്ടുപോകാന്‍ യേശുവിനോടാവശ്യപ്പെട്ടു. എല്ലാവരും ഭയന്നിരുന്നു.
അതിനാല്‍ യേശു വഞ്ചിയില്‍ കയറി ഗലീലയിലേക്കു മടങ്ങി. 38 ഭൂതങ്ങളില്‍ നിന്നു വിമുക്തനായവന്‍ തന്നെക്കൂടി കൊണ്ടുപോകുവാന്‍ അവനോടു യാചിച്ചു. 39 “വീട്ടിലേക്കു മടങ്ങുക. നിനക്കു ദൈവം ചെയ്തുതന്നതെല്ലാം എല്ലാവരോടും പറയുക”
എന്നു പറഞ്ഞ് യേശു അയാളെ അയച്ചു. അയാള്‍ നഗരത്തിലാകെ സഞ്ചരിച്ച് യേശു അവനായി ചെയ്ത പ്രവൃത്തികള്‍ വിവരിച്ചു.
യേശു മരിച്ച ഒരു പെണ്‍കുട്ടിയെ ജീവിപ്പിക്കുകയും, ഒരു രോഗിണിയെ സുഖപ്പെടുത്തുകയും ചെയ്യുന്നു
(മത്താ. 9:18-26; മര്‍ക്കൊ. 5:21-43)
40 ഗലീലയില്‍ മടങ്ങിയെത്തിയ യേശുവിനെ ജനക്കൂട്ടം സ്വാഗതം ചെയ്തു. അവര്‍ ഓരോരുത്തരും അവനെ കാത്തിരിക്കുകയായിരുന്നു. 41 യായീറൊസ് എന്നു പേരായ ഒരുവന്‍ അവന്‍റെയടുത്തെത്തി. അയാളായിരുന്നു യെഹൂദപ്പള്ളിയിലെ പ്രമാണി. യായീറൊസ് യേശുവിന്‍റെ കാല്‍ക്കല്‍ വീണു തന്‍റെ വീട്ടിലേക്കു വരാന്‍ അപേക്ഷിച്ചു. 42 യായീറൊസിന് ഒരേ ഒരു മകളുണ്ടായിരുന്നു. പന്ത്രണ്ടു വയസ്സായ അവള്‍ മരിക്കാറായിരുന്നു.
യേശു യായീറൊസിന്‍റെ വീട്ടിലേക്കു പോകവേ അവനു ചുറ്റും ആളുകള്‍ തിക്കിത്തിരക്കി സമ്മര്‍ദ്ദമേല്പിച്ചുകൊണ്ടിരുന്നു. 43 പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ അവിടെ എത്തി. അവളുടെ പണം മുഴുവനും ചികിത്സയ്ക്കുവേണ്ടി ചെലവാക്കിയെങ്കിലും ഒരു വൈദ്യനും അവളുടെ രോഗം ഭേദമാക്കാനായില്ല. 44 അവള്‍ യേശുവിന്‍റെ പിന്നിലൂടെ വന്ന് അവന്‍റെ വസ്ത്രത്തിന്‍റെ തുന്പത്തു തൊട്ടു. ആ നിമിഷം അവളുടെ രക്തസ്രാവം നിലച്ചു. 45 അനന്തരം യേശു പറഞ്ഞു, “ആരാണെന്നെ തൊട്ടത്?” എല്ലാവരും തങ്ങളല്ല തൊട്ടതെന്നു പറഞ്ഞു.
പത്രൊസ് പറഞ്ഞു, “ഗുരോ, ആള്‍ക്കാര്‍ നിനക്കു ചുറ്റും കൂടി തിക്കിത്തിരക്കുന്നു.”
46 പക്ഷേ യേശു പറഞ്ഞു, “ആരോ, ഒരാള്‍ എന്നെ തൊട്ടിട്ടുണ്ട്. കാരണം എന്നില്‍നിന്ന് ശക്തി പുറത്തേക്കു പോകുന്നത് ഞാനറിഞ്ഞു.” 47 ഒളിച്ചിരിക്കാനാവില്ലെന്നു ബോധ്യമായപ്പോള്‍ ആ സ്ത്രീ വിറച്ചുകൊണ്ട് മുന്പോട്ടു വന്നു. അവള്‍ യേശുവിനു മുന്പില്‍ വണങ്ങി. എല്ലാവരും ശ്രദ്ധിച്ചിരിക്കെ അവള്‍ താനെന്തുകൊണ്ട് യേശുവിനെ തൊട്ടു എന്നു വിശദീകരിച്ചു. അവനെ സ്പര്‍ശിച്ച മാത്രയില്‍ തന്നെ തന്‍റെ രോഗം ഭേദമായെന്ന് അവള്‍ പറഞ്ഞു, 48 യേശു അവളോടു പറഞ്ഞു, “മകളേ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചു. സമാധാനത്തോടെ പോകൂ.”
49 അവന്‍ പഠിപ്പിച്ചുകൊണ്ടിരിക്കവേ, യെഹൂദപ്പള്ളി അധികാരിയുടെ വീട്ടില്‍ നിന്നൊരാള്‍ വന്നു പറഞ്ഞു, “നിന്‍റെ പുത്രി മരിച്ചുപോയി, ഗുരുവിനെ ഇനി ബുദ്ധിമുട്ടിക്കേണ്ട.”
50 യേശു അതു കേട്ടു. അവന്‍ യായീറൊസിനോടു പറഞ്ഞു, “ഭയപ്പെടേണ്ട, വിശ്വാസം മാത്രം മതി. നിന്‍റെ മകള്‍ സുഖപ്പെടും.”
51 യേശു ആ വീട്ടിലേക്കു പോയി. പത്രൊസ്, യോഹന്നാന്‍, യാക്കോബ് എന്നീ ശിഷ്യന്മാര്‍, കുട്ടിയുടെ അപ്പനമ്മമാര്‍ എന്നിവരൊഴികെ ആരെയും യേശുവിനോടൊപ്പം ഉള്ളില്‍ കടക്കാന്‍ അനുവദിച്ചില്ല. 52 എല്ലാവരും കുട്ടിയുടെ മരണത്തില്‍ ദുഃഖിച്ചു കരയുകയും വിലപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യേശു പറഞ്ഞു, “കരയാതിരിക്കൂ, അവള്‍ മരിച്ചിട്ടില്ല. അവള്‍ ഉറങ്ങുക മാത്രമാണ്.”
53 ജനങ്ങള്‍ യേശുവിനെ നോക്കി പരിഹസിച്ചു. എന്തെന്നാല്‍ കുട്ടി മരിച്ചുവെന്ന് അവര്‍ക്കുറപ്പായിരുന്നു.
54 എന്നാല്‍ യേശു അവളുടെ കൈയില്‍ പിടിച്ചു വിളിച്ചു, “കുഞ്ഞേ, എഴുന്നേല്‍ക്കൂ.” 55 അവളുടെ ആത്മാവ് തിരികെ വന്ന് അവളില്‍ പ്രവേശിക്കുകയും അവളുടന്‍ എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു. യേശു പറഞ്ഞു, “അവള്‍ക്കു തിന്നാനെന്തെങ്കിലും കൊടുക്കൂ.” 56 പെണ്‍കുട്ടിയുടെ അപ്പനമ്മമാര്‍ അത്ഭുതസ്തബ്ധരായി. നടന്നതെന്താണെന്ന് ആരോടും പറയരുതെന്ന് അവന്‍ അവരോട് നിര്‍ദ്ദേശിച്ചു.