യേശു യെരൂശലേമില്‍ ഒരു രാജാവിനെപ്പോലെ പ്രവേശിക്കുന്നു
(മത്താ. 21:1-11; ലൂക്കൊ. 19:28-40; യോഹ. 12:12-19)
11
1 യേശുവും ശിഷ്യന്മാരും യെരൂശലേമിലേയ്ക്കടുത്തു. അവര്‍ ഒലിവുമലകള്‍ക്കടുത്തുള്ള ബേത്ത്ഫാഗ ബെഥാന്യഗ്രാമങ്ങളെ സമീപിച്ചു. യേശു രണ്ടു ശിഷ്യന്മാരെ അവിടെ ചിലതു ചെയ്യാനയച്ചു.
2 യേശു അവരോടു പറഞ്ഞു, “ആ കാണുന്ന ഗ്രാമത്തിലേക്കു പോകൂ. നിങ്ങള്‍ അവിടെ പ്രവേശിക്കുന്പോള്‍ നിങ്ങള്‍ക്കു എതിര്‍വശത്തു കെട്ടിയിടപ്പെട്ട ഒരു കഴുതക്കുട്ടിയെ കാണാം. ഇതുവരെ ആരും അതിന്‍റെ പുറത്ത് സഞ്ചരിച്ചിട്ടില്ല. അതിനെ കെട്ടഴിച്ച് ഇങ്ങോട്ടു കൊണ്ടുവരിക.
3 ആരെങ്കിലും ഇതിനെ എന്തിനു കൊണ്ടുപോകുന്നു എന്നു ചോദിച്ചാല്‍ അയാളോടു പറയുക ഗുരുവിന് ഈ കഴുതയെ ആവശ്യമുണ്ട്. താമസിയാതെ അവനിതിനെ തിരികെ തരും.”
4 ശിഷ്യന്മാര്‍ ഗ്രാമത്തിലേക്കു പോയി. അവിടെ ഒരു വീടിനു മുന്പിലായി വഴിയില്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതവര്‍ കണ്ടു. ശിഷ്യന്മാര്‍ കഴുതയെ അഴിച്ചു.
5 അവിടെ നിന്നിരുന്ന ചിലര്‍ ഇതു കണ്ടു. അവര്‍ ചോദിച്ചു, “എന്താണു നിങ്ങള്‍ ചെയ്യുന്നത്? എന്തിനാണു നിങ്ങളീ കഴുതയെ അഴിക്കുന്നത്.”
6 യേശു പഠിപ്പിച്ച ഉത്തരം ശിഷ്യന്മാര്‍ നല്‍കി. അവര്‍ കഴുതയെ കൊണ്ടുപോകാന്‍ ശിഷ്യന്മാരെ അനുവദിച്ചു.
7 ശിഷ്യന്മാര്‍ കഴുതയെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു. ശിഷ്യന്മാര്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ കഴുതയുടെ പുറത്തു വിരിച്ചു. യേശു കഴുതപ്പുറത്തു കയറി ഇരുന്നു.
8 അനേകം പേര്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ യേശുവിന്‍റെ വഴിയില്‍ വിരിച്ചു. ചിലര്‍ വയലുകളില്‍നിന്ന് മരച്ചില്ലകള്‍ വെട്ടി പാതയില്‍ വിരിച്ചു.
9 ചിലര്‍ യേശുവിനു മുന്പെ നടക്കുകയായിരുന്നു. വേറെ ചിലര്‍ യേശുവിനു പിന്നാലെയും നടക്കുകയായിരുന്നു. എല്ലാവരും വിളിച്ചു പറഞ്ഞു,
“അവനെ വാഴ്ത്തുവിന്‍,
‘കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ.’” സങ്കീര്‍ത്തനങ്ങള്‍ 118:25-26
10 “നമ്മുടെ പിതാവായ ദാവീദിന്‍റെ രാജ്യത്തെ ദൈവം അനുഗ്രഹിക്കട്ടെ.
ആ രാജ്യം വരവായി.
സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ വാഴ്ത്തുവിന്‍.”
11 യേശു യെരൂശലേമിലേക്കു പ്രവേശിച്ച് ദൈവാലയത്തിലേക്കു പോയി. അവന്‍ ദൈവാലയത്തിലുള്ളതെല്ലാം നോക്കി. പക്ഷെ അപ്പോള്‍ തന്നെ നേരം വൈകിയിരുന്നു. യേശു പന്ത്രണ്ടു അപ്പൊസ്തലന്മാരോടുമൊപ്പം ബെഥാന്യയിലേക്കു പോയി.
അത്തിമരം നശിക്കുമെന്നു യേശു പറയുന്നു
(മത്താ. 21:18-19)
12 അടുത്ത ദിവസം യേശുവും ശിഷ്യന്മാരും ബേഥാന്യ വിട്ടുപോകുകയായിരുന്നു. അവനു വിശക്കുന്നുണ്ടായിരുന്നു.
13 യേശു ദൂരത്തു നിന്നു ഇലകള്‍ നിറഞ്ഞ ഒരു അത്തിമരം കണ്ടു. യേശു അതിനടുത്തെത്തി അത്തിപ്പഴം ഉണ്ടോ എന്നു പരിശോധിച്ചു. എന്നാല്‍ ഇല അല്ലാതെ ഒരു പഴം പോലും അതിലുണ്ടായിരുന്നില്ല. അത്തിപ്പഴമുണ്ടാകുന്ന കാലമായിരുന്നില്ല അത്.
14 അതിനാല്‍ യേശു മരത്തോടു പറഞ്ഞു, “ആരും ഒരു കാലത്തും നിന്‍റെ പഴം കഴിയ്ക്കുകയില്ല.” അവന്‍റെ ശിഷ്യന്മാര്‍ അതു കേട്ടു.
യേശു ദൈവാലയത്തിലേക്കു പോകുന്നു
(മത്താ. 21:12-17; ലൂക്കൊ. 19:45-48; യോഹ. 2:13-22)
15 യേശു യെരൂശലേമിലേക്കു പോയി, അവന്‍ ദൈവാലയത്തിലേക്കു പ്രവേശിച്ചു. അവിടെ ക്രയവിക്രയങ്ങള്‍ നടത്തിയിരുന്നവരെ അവന്‍ പുറത്താക്കി തുടങ്ങി. നാണയം കൈമാറുന്നവരുടെ മേശകള്‍ അവന്‍ മറിച്ചിട്ടു. പ്രാവുകളെ വില്‍ക്കുന്നവരുടെ ഇരിപ്പിടങ്ങളും അവന്‍ മറിച്ചിട്ടു.
16 ദൈവാലയത്തിലൂടെ എന്തെങ്കിലും കൊണ്ടുപോകാന്‍ അവന്‍ ആരെയും അനുവദിച്ചില്ല.
17 അനന്തരം അവന്‍ അവരെ പഠിപ്പിച്ചു. യേശു പറഞ്ഞു, “എന്‍റെ ഭവനം എല്ലാ രാജ്യക്കാര്‍ക്കും പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും. എന്ന് തിരുവെഴുത്തുകളിലുണ്ട്. എന്നാല്‍ നിങ്ങള്‍ ദൈവത്തിന്‍റെ ഭവനം കള്ളന്മാരുടെ ഒളിത്താവളമാക്കുന്നു.”
18 മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ഇതു കേട്ടു. അവര്‍ യേശുവിനെ കൊല്ലാന്‍ ഒരു വഴി ആലോചിച്ചു. അവര്‍ യേശുവിനെ ഭയപ്പെട്ടിരുന്നു. എന്തെന്നാല്‍ അവന്‍റെ ഉപദേശം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.
19 ആ രാത്രിയില്‍ യേശുവും ശിഷ്യന്മാരും ആ നഗരം വിട്ടുപോയി.
യേശു വിശ്വാസത്തിന്‍റെ ശക്തി തെളിയിക്കുന്നു
(മത്താ. 21:20-22)
20 അടുത്ത പുലര്‍ച്ചെ യേശു ശിഷ്യന്മാരോടൊത്തു നടക്കുകയായിരുന്നു. യേശു ശപിച്ച അത്തിമരം വേരുമുതല്‍ തലപ്പുവരെ ഉണങ്ങി നില്‍ക്കുന്നത് അവര്‍ കണ്ടു.
21 പത്രൊസ് ഓര്‍ത്തു പറഞ്ഞു, “ഗുരോ, നോക്കൂ, ഇന്നലെ നീ ആ അത്തിമരത്തെ ശപിച്ചു, ഇന്നത് ഉണങ്ങിയിരിക്കുന്നു.”
22 യേശു പറഞ്ഞു, “ദൈവത്തില്‍ വിശ്വസിക്കുവിന്‍.
23 ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. നിങ്ങളിലാരെങ്കിലും ഈ മലയോട്, പോയി കടലില്‍ പതിക്ക്, എന്നു പറഞ്ഞാല്‍ മനസ്സില്‍ സംശയമില്ലാതെ നിങ്ങള്‍ പറയുന്നത് നടക്കുമെന്ന് വിശ്വസിക്കുന്നുവെങ്കില്‍, ദൈവം നിങ്ങള്‍ക്കായി അതു ചെയ്തു തരും.”
24 അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ക്കു വേണ്ടതു ചോദിക്കുക. അവയെല്ലാം നിങ്ങള്‍ക്കു ലഭിച്ചുകഴിഞ്ഞു. എന്നു നിങ്ങള്‍ വിശ്വസിച്ചാല്‍ അതു നിങ്ങള്‍ക്കു ലഭിക്കും.
25 പ്രാര്‍ത്ഥിക്കുന്പോള്‍, നിങ്ങള്‍ക്കാരോടെങ്കിലും വല്ല വിരോധവും ഉണ്ടെങ്കില്‍ അതെല്ലാം പൊറുക്കുക. എന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങള്‍ ചെയ്ത പാപങ്ങളും പൊറുക്കും.
26 + ചില പുരാതന ഗ്രീക്കു പതിപ്പുകളില്‍ ഇരുപത്തിയാറാം വാക്യം “നിങ്ങള്‍ (ബഹുവചനം) ക്ഷമിക്കാതിരുന്നാല്‍, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവും നിങ്ങളുടെ തെറ്റുകളെ ക്ഷമിക്കയില്ലെന്ന് കാണുന്നു.”
യേശുവിന്‍റെ അധികാരത്തെ യെഹൂദപ്രമാണിമാര്‍ സംശയിക്കുന്നു
(മത്താ. 21:23-27; ലൂക്കൊ. 20:1-8)
27 യേശുവും ശിഷ്യന്മാരും വീണ്ടും യെരൂശലേമിലേക്കു പോയി. അവന്‍ ദൈവാലയത്തില്‍ നടക്കുകയായിരുന്നു. മഹാപുരോഹിതരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്‍റെ അടുത്തുവന്നു.
28 അവര്‍ യേശുവിനോടു ചോദിച്ചു, “പറയൂ, ഇതെല്ലാം ചെയ്യാന്‍ നിനക്കെന്തധികാരം? ആരാണ് നിനക്ക് ഈ അധികാരം തന്നത്?”
29 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടൊരു ചോദ്യം ചോദിക്കാം. നിങ്ങള്‍ മറുപടി പറയുക. അപ്പോള്‍ എന്തധികാരത്തിന്മേലാണ് ഞാന്‍ ഇതെല്ലാം ചെയ്യുന്നതെന്നു പറയാം.
30 0യോഹന്നാന്‍ സ്നാനപ്പെടുത്തിയപ്പോള്‍ ആ സ്നാനം ദൈവത്തില്‍ നിന്നോ മനുഷ്യനില്‍ നിന്നോ വന്നത്.”
31 യേശുവിന്‍റെ ചോദ്യം അവര്‍ പരസ്പരം ചര്‍ച്ച ചെയ്തു. “യോഹന്നാന്‍റെ സ്നാനം ദൈവത്തില്‍ നിന്നാണെന്നു നമ്മള്‍ പറഞ്ഞാല്‍ യേശു പറയും, ‘എന്നാലെന്തുകൊണ്ടു നിങ്ങള്‍ യോഹന്നാനില്‍ വിശ്വസിച്ചില്ല?’
32 എന്നാല്‍ ‘അതു മനുഷ്യരില്‍ നിന്നാണെന്നു പറഞ്ഞാല്‍ ആളുകള്‍ നമ്മോടു കോപിക്കും.’ (ഈ നേതാക്കള്‍ക്ക് ജനങ്ങളെ ഭയമായിരുന്നു. യോഹന്നാന്‍ ഒരു പ്രവാചകനാണെന്നും ജനം കരുതിയിരുന്നു.)
33 നേതാക്കള്‍ പറഞ്ഞു, “ഉത്തരം ഞങ്ങള്‍ക്കറിയില്ല.”
യേശു പറഞ്ഞു, “എന്നാല്‍ ഇതൊക്കെ ചെയ്യാന്‍ എന്തധികാരമാണ് എനിക്കുള്ളത് എന്ന് ഞാനും പറയുകയില്ല.”