യേശുവിനെ കൊല്ലാന്‍ യെഹൂദപ്രമാണിമാര്‍ പരിപാടിയിടുന്നു
(മത്താ. 26:1-5; ലൂക്കൊ. 22:1-2; യോഹ. 11:45-53)
14
1 പെസഹയ്ക്കും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിനും ഇനി രണ്ടു ദിവസമേയുള്ളൂ. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ ചതിച്ചു ബന്ധിക്കാന്‍ ഒരു വഴി ആലോചിക്കുകയായിരുന്നു. എന്നിട്ട് അവര്‍ക്ക് അവനെ വധിക്കണം.
2 അവര്‍ പറഞ്ഞു, “പക്ഷേ പെരുന്നാള്‍ ദിവസങ്ങളില്‍ അതു പാടില്ല. ജനങ്ങള്‍ രോഷാകുലരാകും. അതു കലാപം ഉണ്ടാക്കും.”
ഒരു സ്ത്രീ വിശേഷപ്പെട്ട ചിലതു ചെയ്യുന്നു
(മത്താ. 26:6-13; യോഹ. 12:1-8)
3 യേശു ബേഥാന്യയിലായിരുന്നു. അവിടെ അവന്‍ ശിമോന്‍ എന്ന കുഷ്ഠരോഗിയോടൊപ്പം അയാളുടെ വീട്ടില്‍ ആഹാരം കഴിക്കുകയായിരുന്നു. അവര്‍ അവിടെയായിരുന്നപ്പോള്‍ ഒരു സ്ത്രീ അവനെ സമീപിച്ചു. അവളുടെ കൈയില്‍ വളരെ വിലയേറിയ സുഗന്ധതൈലം നിറച്ച വെണ്‍കല്‍ഭരണി ഉണ്ടായിരുന്നു. ശുദ്ധമായ നാര്‍ദ്ദീനില്‍* നാര്‍ദ്ദീന്‍ നാര്‍ദ്ദീന്‍ ചെടിയുടെ വേരില്‍ നിന്നെടുക്കുന്ന വില കൂടിയ ഒരു സുദന്ധതൈലം. നിന്ന് ഉണ്ടാക്കിയതായിരുന്നു ആ തൈലം. അവള്‍ ഭരണി തുറന്ന് തൈലം യേശുവിന്‍റെ തലയില്‍ ഒഴിച്ചു.
4 ശിഷ്യന്മാരില്‍ ചിലര്‍ അതു കണ്ടു. അവര്‍ നീരസത്തോടെ പരസ്പരം പറഞ്ഞു, “എന്തിന് ഈ തൈലം അവള്‍ പാഴാക്കി?
5 ഒരു വര്‍ഷത്തെ അദ്ധ്വാനത്തിന്‍റെ വിലയുണ്ടതിന്. അതു വിറ്റ് ആ പണം പാവങ്ങള്‍ക്കു കൊടുക്കാമായിരുന്നു.” അവര്‍ ആ സ്ത്രീയെ ശക്തമായി വിമര്‍ശിച്ചു.
6 യേശു പറഞ്ഞു, “അവളെ വെറുതെ വിടൂ, നിങ്ങളെന്തിനാണവളെ വിഷമിപ്പിക്കുന്നത്. അവള്‍ എനിക്കായൊരു നല്ല കാര്യമാണ് ചെയ്തത്.
7 ദരിദ്രര്‍ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും. നിങ്ങള്‍ക്കെപ്പോള്‍ വേണമെങ്കിലും അവരെ സഹായിക്കാം. പക്ഷേ നിങ്ങള്‍ക്കെന്നെ എപ്പോഴും കിട്ടിയെന്നു വരില്ല.
8 ഈ സ്ത്രീയാകട്ടെ എനിക്കായി അവളെക്കൊണ്ടു ചെയ്യാവുന്നതേ ചെയ്തുള്ളൂ. അവള്‍ എന്‍റെ മേല്‍ സുഗന്ധം പൂശി. എന്‍റെ ശവസംസ്കാരത്തിനുള്ള തയ്യാറെടുപ്പിനായിട്ടാണ് അവളിതു ചെയ്തത്.
9 ഞാന്‍ നിങ്ങളോടു സത്യമായും പറയുന്നു. സുവിശേഷം ലോകം മുഴുവനും പ്രചരിപ്പിക്കപ്പെടുക വഴി ജനങ്ങള്‍ അവളെ ഓര്‍ക്കും. അവിടെയെല്ലാം ഈ സ്ത്രീയുടെ പ്രവൃത്തിയും പ്രസ്താവിക്കപ്പെടും.”
യേശുവിന്‍റെ ശത്രുക്കളെ സഹായിക്കാമെന്ന് യൂദാ സമ്മതിക്കുന്നു
(മത്താ. 26:14-16; ലൂക്കൊ. 22:3-6)
10 അപ്പോള്‍ പന്ത്രണ്ട് അപ്പൊസ്തലന്മാരിലൊരാള്‍ മഹാപുരോഹിതന്മാരുമായി സംസാരിക്കാന്‍ പോയി. അതു ഈസ്കര്യോത്താവായ യൂദാ ആയിരുന്നു. അയാള്‍ യേശുവിനെ അവര്‍ക്കു ഒറ്റിക്കൊടുക്കാനാണു പോയത്.
11 മഹാപുരോഹിതര്‍ ഇതില്‍ അതീവ സന്തുഷ്ടരായി. അവര്‍ യൂദായ്ക്കു പ്രതിഫലം വാഗ്ദാനം ചെയ്തു. അതിനാല്‍ യൂദാ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരം പാര്‍ത്തിരുന്നു.
പെസഹാ ഭക്ഷണം
(മത്താ. 26:17-25; ലൂക്കൊ. 22:7-14; 21-23; യോഹ. 13:21-30)
12 അന്ന് പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാളിന്‍റെ ഒന്നാം ദിവസമായിരുന്നു. പെസഹാ കുഞ്ഞാടിനെ† പെസഹാ കുഞ്ഞാട് പെസഹാ ആഘോഷത്തിന്‍റെ ഭാഗമായി ബലിയര്‍പ്പിക്കുന്ന കുഞ്ഞാടുകള്‍. പുറ. 12:3-9 കാണുക. യെഹൂദര്‍ യാഗമര്‍പ്പിക്കുന്ന ദിവസവുമായിരുന്നു അത്. ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു പറഞ്ഞു, “ഞങ്ങള്‍ പോയി നിനക്കായി പെസഹാ ഭക്ഷണം ഒരുക്കട്ടെ. എവിടെയാണു ഞങ്ങളൊരുക്കേണ്ടത്?”
13 യേശു തന്‍റെ ശിഷ്യന്മാരില്‍ രണ്ടു പേരെ നഗരത്തിലേക്കയച്ചു. യേശു അവരോടു പറഞ്ഞു, “നഗരത്തിലേക്കു പോകൂ, അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് നില്‍ക്കുന്ന ഒരാളെ കാണാം. അയാള്‍ നിങ്ങളെ സമീപിക്കും. അയാളെ പിന്തുടരുക.
14 അയാള്‍ ഒരു വീട്ടിലേക്കു കയറും. വീട്ടുടമയോട് നിങ്ങള്‍ ഇങ്ങനെ പറയണം, “അവനും ശിഷ്യന്മാര്‍ക്കും പെസഹ ഭക്ഷിക്കാനുള്ള മുറി ഏതാണെന്നു ഗുരു ചോദിക്കുന്നു.
15 അയാള്‍ മുകളിലത്തെ നിലയില്‍ ഒരുക്കി വച്ച വലിയ ഒരു മുറി കാട്ടിത്തരും. അവിടെ നമുക്കായി ആഹാരം ഒരുക്കുക.”
16 ശിഷ്യന്മാര്‍ നഗരത്തിലേക്കു പോയി. യേശു പറഞ്ഞതു പോലെയെല്ലാം സംഭവിച്ചു. ശിഷ്യന്മാര്‍ പെസഹ തയ്യാറാക്കി.
17 വൈകുന്നേരം അവന്‍ പന്ത്രണ്ട് ശിഷ്യന്മാരോടുമൊത്ത് ആ വീട്ടിലേക്കു പോയി.
18 ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യേശു പറഞ്ഞു, “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു നിങ്ങളിലൊരാള്‍ എന്നെ ഒറ്റിക്കൊടുക്കും, എന്നോടൊത്ത് ഭക്ഷണം കഴിക്കുന്ന ഒരാള്‍.”
19 ശിഷ്യന്മാര്‍ക്കു സങ്കടമായി. ഓരോരുത്തരും യേശുവിനോടു ചോദിച്ചു, “അതു ഞാനാണോ? തീര്‍ച്ചയായും അതു ഞാനല്ല.”
20 യേശു പറഞ്ഞു, “നിങ്ങള്‍ പന്ത്രണ്ടു പേരിലൊരാളായിരിക്കും. എന്നോടൊപ്പം ഈ പാത്രത്തില്‍ അപ്പം മുക്കുന്നവന്‍.
21 മനുഷ്യപുത്രന്‍ മരിക്കാന്‍ പോകുകയാണ്. തിരുവെഴുത്തില്‍ അങ്ങനെ സംഭവിക്കുമെന്ന് പറയുന്നുണ്ട്. പക്ഷെ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനു ദുരിതം. അവനെ സംബന്ധിച്ചിടത്തോളം ആ മനുഷ്യന്‍ ജനിക്കാതിരിക്കുന്നതായിരുന്നു നല്ലത്.”
കര്‍ത്താവിന്‍റെ അത്താഴം
(മത്താ. 26:26-30; ലൂക്കൊ. 22:15-20; 1കൊരി. 11:23-25)
22 അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കവേ, യേശു കുറച്ച് അപ്പമെടുത്തു. അവന്‍ അപ്പം തന്നതിന് ദൈവത്തോടു നന്ദി പറഞ്ഞ് അതു വീതിച്ച് ശിഷ്യന്മാര്‍ക്കു നല്‍കി. യേശു പറഞ്ഞു, “ഇതാ, ഈ അപ്പം ഭക്ഷിച്ചുകൊള്ളൂ. ഇതെന്‍റെ ശരീരമാണ്.”
23 എന്നിട്ട് യേശു ഒരു പാനപാത്രം വീഞ്ഞെടുത്തു. ദൈവത്തിനു നന്ദി പറഞ്ഞ് അതും ശിഷ്യന്മാര്‍ക്കു നല്‍കി. എല്ലാ ശിഷ്യന്മാരും ആ പാനപാത്രത്തില്‍നിന്നു കുടിച്ചു.
24 യേശു പറഞ്ഞു, “ഈ വീഞ്ഞ് എന്‍റെ രക്തമാണ്. അത് അനേകര്‍ക്കു വേണ്ടി ഒഴുക്കുന്നതുമാണ്. പുതിയ നിയമം ഇതോടെ തുടങ്ങുന്നു.
25 ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ദൈവരാജ്യത്തില്‍ ഇത് പുതിയതായി കുടിക്കുംവരെ ഞാന്‍ ഇനി വീഞ്ഞു കുടിക്കില്ല.”
26 ശിഷ്യന്മാരെല്ലാവരും ചേര്‍ന്ന് ഒരു സ്തോത്രഗീതം പാടി. അനന്തരം അവര്‍ ഒലിവുമലയിലേക്കു പോയി.
യേശുവിന്‍റെ ശിഷ്യന്മാര്‍ അവനെ വിട്ടുപോകും
(മത്താ. 26:31-35; ലൂക്കൊ. 22:31-34; യോഹ. 13:36-38)
27 അപ്പോള്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങളെല്ലാവര്‍ക്കും വിശ്വാസം നഷ്ടപ്പെടും. തിരുവെഴുത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു,
‘ഇടയനെ ഞാന്‍ കൊല്ലും,
ആട്ടിന്‍പറ്റം ചിന്നിച്ചിതറിപ്പോകും.’ സെഖര്യാവ് 13:7
28 പക്ഷെ എന്‍റെ മരണശേഷം ഞാന്‍ മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കും. എന്നിട്ട് ഞാന്‍ ഗലീലയിലേക്കു പോകും. നിങ്ങളെത്തുംമുന്പേ ഞാനവിടെ എത്തും.”
29 പത്രൊസ് പറഞ്ഞു, “മറ്റെല്ലാ ശിഷ്യന്മാര്‍ക്കും വിശ്വാസം നഷ്ടപ്പെടാം. പക്ഷെ എനിക്കൊരിക്കലും അതു നഷ്ടപ്പെടില്ല.”
30 യേശു പറഞ്ഞു, “ഞാന്‍ നിന്നോടു സത്യമായി പറയാം, ഇന്നു രാത്രി നീ എന്നെ തള്ളിപ്പറയും. കോഴി രണ്ടു തവണ കൂകും മുന്പ് നീയെന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും.”
31 പക്ഷെ പത്രൊസ് ശക്തമായി പറഞ്ഞു, “ഞാനൊരിക്കലും നിന്നെ തള്ളിപ്പറയില്ല. നിന്നോടൊപ്പം മരിക്കാനും ഞാന്‍ തയ്യാറാണ്.” എല്ലാ ശിഷ്യന്മാരും ഇതു തന്നെ പറഞ്ഞു.
യേശു തനിയെ പ്രാര്‍ത്ഥിക്കുന്നു
(മത്താ. 26:36-46, ലൂക്കൊ. 22:39-46)
32 യേശുവും ശിഷ്യന്മാരും ഗെത്ത്ശേമന എന്ന സ്ഥലത്തേക്കു പോയി. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു, “ഞാന്‍ പ്രാര്‍ത്ഥിക്കുന്പോള്‍ ഇവിടെയിരിക്കുക.”
33 യേശു പത്രൊസിനോടും യാക്കോബിനോടും യോഹന്നാനോടും തന്നോടൊപ്പം വരാന്‍ പറഞ്ഞു, അവന്‍ വളരെ വിഷാദിക്കാനും വിഷണ്ണനാകാനും തുടങ്ങി.
34 അവര്‍ മൂന്നു പേരോടുമായി യേശു പറഞ്ഞു, “എന്‍റെ ആത്മാവ് വേദന കൊണ്ട് നിറയുന്നു. ദുഃഖം കൊണ്ടെന്‍റെ ഹൃദയം പൊട്ടുന്നു. ഇവിടെ ഉണര്‍ന്നു കാത്തിരിക്കൂ.”
35 യേശു അവരില്‍ നിന്നല്പം അകലേക്കു പോയി. അവന്‍ തറയില്‍ വീണു പ്രാര്‍ത്ഥിച്ചു. കഴിയുമെങ്കില്‍ ഈ സമയം തന്നില്‍ നിന്ന് അകന്നു പോകണമേയെന്ന്.
36 അവന്‍ പ്രാര്‍ത്ഥിച്ചു, “അബ്ബാ പിതാവേ, നിനക്ക് എന്തും സാദ്ധ്യമാണ്. കഷ്ടതയുടെ ഈ പാനപാത്രം എന്നില്‍നിന്നും എടുക്കേണമേ. പക്ഷേ എന്‍റെ ഇഷ്ടമല്ല നിന്‍റെ ഇഷ്ടം നടക്കട്ടെ.”
37 അനന്തരം യേശു ശിഷ്യന്മാരുടെയടുത്തേക്കു പോയി. അവര്‍ ഉറങ്ങുന്നതവന്‍ കണ്ടു. അവന്‍ പത്രൊസിനോടു പറഞ്ഞു, “ശിമോനേ, നീയെന്താണുറങ്ങുന്നത്. നിനക്കെന്നോടൊപ്പം ഒരു മണിക്കൂര്‍പോലും ഉറങ്ങാതിരിക്കാന്‍ കഴിഞ്ഞില്ലേ?
38 പ്രലോഭിക്കപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുക. ശരിയായതു ചെയ്യാന്‍ ആത്മാവ് ആഗ്രഹിക്കുന്നു. എന്നാല്‍ ശരീരമാകട്ടെ ദുര്‍ബ്ബലവും.”
39 യേശു വീണ്ടും ദൂരേക്കു മാറി അതേ പ്രാര്‍ത്ഥന നടത്തി.
40 അവന്‍ ശിഷ്യന്മാരുടെയടുത്തേക്കു മടങ്ങിയെത്തി. വീണ്ടും അവര്‍ ഉറങ്ങുന്നത് യേശു കണ്ടു. അവരുടെ കണ്ണുകള്‍ വളരെ ക്ഷീണിച്ചിരുന്നു. യേശുവിനോടു എന്തു പറയണമെന്ന് അവര്‍ക്കറിയില്ലായിരുന്നു.
41 മൂന്നാം തവണ പ്രാര്‍ത്ഥിച്ച ശേഷം യേശു ശിഷ്യന്മാരുടെയടുത്തേക്കു മടങ്ങി വന്നു. അവന്‍ അവരോടു പറഞ്ഞു, “നിങ്ങള്‍ ഇപ്പോഴും ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുകയാണോ? മതി, മനുഷ്യപുത്രന്‍ പാപികളുടെ കൈയില്‍ ഏല്പിക്കപ്പെടാന്‍ സമയമായി.
42 എഴുന്നേല്‍ക്കൂ, നമുക്കു പോകാം. ഇതാ എന്നെ ഒറ്റിക്കൊടുക്കാന്‍ പോകുന്നവന്‍ എത്തിയിരിക്കുന്നു.”
യേശു ബന്ധിക്കപ്പെടുന്നു
(മത്താ. 26:47-56; ലൂക്കൊ. 22:47-53; യോഹ. 18:3-12)
43 അവര്‍ സംസാരിച്ചുകൊണ്ടിരിക്കവേ, യൂദാ അവിടെയെത്തി. പന്ത്രണ്ടു ശിഷ്യന്മാരിലൊരാളായിരുന്നു അയാള്‍. അയാളോടൊപ്പം അനേകം പേരുണ്ടായിരുന്നു. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിന്‍റെ മൂപ്പന്മാരും അയച്ചതാണവരെ. യൂദായോടൊപ്പം വന്ന അവര്‍ വാളും വടിയും എടുത്തിരുന്നു.
44 യേശുവിനെ ഒറ്റിക്കൊടുക്കുന്നതിന് യൂദാ അവര്‍ക്ക് ഒരടയാളം നല്‍കിയിരുന്നു. അവന്‍ പറഞ്ഞു, “ഞാന്‍ ചുംബിക്കുന്നവനാണ് യേശു. അവനെ ബന്ധിച്ച് ഭദ്രമായി കൊണ്ടുപോവുക.”
45 യൂദാ യേശുവിന്‍റെ അടുത്തെത്തി പറഞ്ഞു, “ഗുരോ,” അനന്തരം യൂദാ യേശുവിനെ ചുംബിച്ചു.
46 അപ്പോള്‍ അവര്‍ യേശുവിനെ പിടികൂടി ബന്ധിച്ചു.
47 യേശുവിനു ചുറ്റും നിന്നിരുന്ന ശിഷ്യന്മാരിലൊരാള്‍ വാള്‍ വലിച്ചൂരി. അവന്‍ മഹാപുരോഹിതന്‍റെ ദാസനെ വെട്ടി കാതറുത്തു കളയുകയും ചെയ്തു.
48 യേശു പറഞ്ഞു, “ഒരു കുറ്റവാളിയെ എന്നപോലെ വാളും വടിയുമായിട്ടാണോ എന്നെ പിടിക്കാന്‍ വന്നത്?
49 എന്നും ഞാനിവിടെ ദൈവാലയത്തില്‍ നിങ്ങളുടെ ഇടയില്‍ ഉപദേശിക്കുന്നുണ്ടായിരുന്നല്ലോ. നിങ്ങളെന്നെ പിടിച്ചില്ല. പക്ഷെ തിരുവെഴുത്തുകളിലുള്ളതു പോലെയൊക്കെ സംഭവിക്കട്ടെ.”
50 അപ്പോള്‍ ശിഷ്യന്മാരെല്ലാം അവനെ ഉപേക്ഷിച്ച് ഓടിപ്പോയി.
51 ഒരു യുവാവ് യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. അയാള്‍ ഒരു ലിനന്‍ പുതപ്പു മാത്രം ധരിച്ചിരുന്നു. അവര്‍ അവനെയും പിടിച്ചു.
52 അപ്പോള്‍ അവന്‍ പുതപ്പു വലിച്ചെറിഞ്ഞ് നഗ്നനായി ഓടിപ്പോയി.
യേശു യെഹൂദപ്രമാണിമാരുടെ മുന്പില്‍
(മത്താ. 26:57-68; ലൂക്കൊ. 22:54-55, 63-71; യോഹ. 18:13-14, 19-24)
53 അവര്‍ യേശുവിനെ ബന്ധിച്ച് മഹാപുരോഹിതന്‍റെ വീട്ടിലേക്കു കൊണ്ടുപോയി. എല്ലാ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും അവിടെ കൂടിയിരുന്നു.
54 പത്രൊസ് യേശുവിനെ പിന്തുടര്‍ന്നുവെങ്കിലും അവന്‍റെ അടുത്തേക്കു വന്നില്ല. പത്രൊസ് മുറ്റത്തുതന്നെ നിന്നു. അവനവിടെ കാവല്‍ക്കാരോടൊത്ത് ഇരുന്നു. അവരുടെകൂടെ തീയും കാഞ്ഞ് അവനിരുന്നു.
55 മഹാപുരോഹിതരും യെഹൂദസമിതി മുഴുവനും യേശുവിനെ കൊല്ലുന്നതിന് ഒരു കാരണമായി അവനെതിരെ എന്തെങ്കിലും തെളിവു കണ്ടുപിടിക്കാന്‍ ശ്രമിച്ചു. പക്ഷെ അവര്‍ക്കൊന്നും കണ്ടെത്താനായില്ല.
56 പലരുംവന്ന് യേശുവിനെതിരെ കള്ളസാക്ഷി പറഞ്ഞു. പക്ഷെ അവര്‍ പറഞ്ഞതെല്ലാം പരസ്പരവിരുദ്ധമായിരുന്നു.
57 അപ്പോള്‍ ചിലര്‍ എഴുന്നേറ്റ് അവനെതിരെ ഇങ്ങനെ കള്ളസാക്ഷ്യം കൊണ്ടുവന്നു:
58 “മനുഷ്യരുണ്ടാക്കിയ ഈ ദൈവാലയം ഞാന്‍ തകര്‍ക്കുമെന്നിയാള്‍ പറയുന്നതു ഞങ്ങള്‍ കേട്ടു. മൂന്നു നാള്‍ കഴിഞ്ഞ് മനുഷ്യന് നിര്‍മ്മിക്കാനാവാത്ത ഒരു ദൈവാലയം ഞാന്‍ പണിയും എന്നും.’”
59 പക്ഷേ അവര്‍ പറഞ്ഞ ഇക്കാര്യങ്ങളും പരസ്പര വിരുദ്ധങ്ങളായിരുന്നു.
60 അപ്പോള്‍ മഹാപുരോഹിതന്‍ എഴുന്നേറ്റുനിന്ന്, യേശുവിനോടു ചോദിച്ചു, “ഇവര്‍ നിനക്കെതിരെ ഉന്നയിക്കുന്ന ഈ ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ നിനക്കൊന്നുമില്ലേ? ഇവര്‍ സത്യമാണോ പറയുന്നത്?”
61 പക്ഷെ യേശു ഒന്നും മറുപടി പറഞ്ഞില്ല.
മഹാപുരോഹിതന്‍ യേശുവിനോടു മറ്റൊരു ചോദ്യം കൂടി ചോദിച്ചു, “നീയാണോ ക്രിസ്തു, വാഴ്ത്തപ്പെട്ട ദൈവത്തിന്‍റെ പുത്രന്‍?”
62 യേശു മറുപടി പറഞ്ഞു, “അതെ, ഞാനാണു ദൈവപുത്രന്‍. ഭാവിയില്‍ മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലതുവശത്തിരിക്കുന്നത് നിങ്ങള്‍ കാണും. സ്വര്‍ഗ്ഗമേഘങ്ങളില്‍ മനുഷ്യപുത്രന്‍ വരുന്നതും നിങ്ങള്‍ കാണും.”
63 ഇതു കേട്ട് മഹാപുരോഹിതന്‍ കോപാകുലനായി. അയാള്‍ തന്‍റെ വസ്ത്രങ്ങള്‍ കീറിക്കൊണ്ടു പറഞ്ഞു, “ഇനി ഞങ്ങള്‍ക്കു മറ്റു സാക്ഷികളെ വേണ്ട.
64 അവന്‍ ദൈവവിരുദ്ധമായി പറയുന്നതെല്ലാം നിങ്ങള്‍ കേട്ടില്ലേ, നിങ്ങള്‍ക്കെന്തു തോന്നുന്നു?”
യേശു കുറ്റക്കാരനാണെന്ന് എല്ലാവരും പറഞ്ഞു. അവന്‍ വധിക്കപ്പെടണമെന്ന് അവര്‍ പറഞ്ഞു.
65 അവരില്‍ ചിലര്‍ അവന്‍റെമേല്‍ തുപ്പി. അവര്‍ അവന്‍റെ മുഖം മൂടി അവനെ ഇടിച്ചു. അവര്‍ ആവശ്യപ്പെട്ടു, “നീ പ്രവാചകനാണെന്ന് സാക്ഷ്യപ്പെടുത്തുക.” കാവല്‍ക്കാര്‍ യേശുവിനെ ദൂരേക്കു കൊണ്ടുപോയി മര്‍ദ്ദിച്ചു.
പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നു
(മത്താ. 26:69-75; ലൂക്കൊ. 22:56-62; യോഹ. 18:15-18, 25-27)
66 ആ സമയം പത്രൊസ് മുറ്റത്ത് തന്നെയായിരുന്നു. മഹാപുരോഹിതന്‍റെ ഒരു ദാസി പത്രൊസിനെ സമീപിച്ചു.
67 അവര്‍ തീ കാഞ്ഞുകൊണ്ടിരിക്കുന്നത് അവള്‍ കണ്ടു. അവള്‍ അവനെ സൂക്ഷിച്ചു നോക്കി. അവള്‍ പറഞ്ഞു, “നീയും നസറെത്തിലെ യേശുവിന്‍റെ കൂടെ ഉണ്ടായിരുന്നല്ലോ.”
68 പക്ഷേ താനൊരിക്കലും യേശുവിനോടൊപ്പം ഉണ്ടായിരുന്നില്ലെന്ന് പത്രൊസ് പറഞ്ഞു. അവന്‍ പറഞ്ഞു, “നീ എന്തിനെപ്പറ്റിയാണു പറയുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല.” പത്രൊസ് മുറ്റത്തിന്‍റെ പടിവാതിക്കലേക്കു പോയി.
69 അവിടെയും ദാസി പത്രൊസിനെ കണ്ടു. അവള്‍ അവിടെ നിന്നവരോടു പറഞ്ഞു, “ഇയാള്‍ യേശുവിന്‍റെ കൂടെയുണ്ടായിരുന്നവരില്‍ ഒരാളാണ്.”
70 അപ്പോഴും പത്രൊസ് അതു വീണ്ടും നിഷേധിച്ചു. അല്പം കഴിഞ്ഞ് ചിലര്‍ പത്രൊസിന്‍റെ അടുത്തു നില്‍ക്കുകയായിരുന്നു.
അവര്‍ പറഞ്ഞു, “ഞങ്ങള്‍ക്കറിയാം നീ യേശുവിന്‍റെ അനുയായികളില്‍ ഒരാളാണെന്ന്. നീ ഒരു ഗലീലക്കാരനാണല്ലോ.”
71 അപ്പോള്‍ പത്രൊസ് ശപിക്കാന്‍ തുടങ്ങി. അവന്‍ ശക്തിയായി പറഞ്ഞു, “ദൈവം സാക്ഷിയായി ഞാന്‍ ആണയിടുന്നു. നിങ്ങള്‍ പറയുന്നയാളെ എനിക്കറിയില്ല.”
72 പത്രൊസ് ഇതു പറഞ്ഞുകഴിഞ്ഞപ്പോള്‍ കോഴി രണ്ടാമതും കൂകി. അപ്പോള്‍ യേശുവിന്‍റെ വാക്കുകള്‍ അവന്‍ ഓര്‍ത്തു. കോഴി രണ്ടു പ്രാവശ്യം കൂകും മുന്പ് മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും. പത്രൊസിന് സങ്കടമായി. അവന്‍ കരയാന്‍ തുടങ്ങി.