പീലാത്തൊസ് യേശുവിനെ വിചാരണ ചെയ്യുന്നു
(മത്താ. 27:1-2, 11-14; ലൂക്കൊ. 23:1-5; യോഹ. 18:28-38)
15
1 പുലര്‍ച്ചെ തന്നെ മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും ശാസ്ത്രിമാരും യെഹൂദസമിതി മുഴുവനും യേശുവിനെ എന്താണു ചെയ്യേണ്ടതെന്നു തീരുമാനിച്ചു. അവര്‍ അവനെ ബന്ധിച്ച് പീലാത്തൊസിന്‍റെ മുന്പില്‍ കൊണ്ടുചെന്നു. അവര്‍ യേശുവിനെ പീലാത്തൊസിനെ ഏല്പിച്ചു.
2 പീലാത്തൊസ് യേശുവിനോടു ചോദിച്ചു, “നീ യെഹൂദരുടെ രാജാവാണോ?”
യേശു പറഞ്ഞു, “അതെ, അതു ശരിയാണ്.”
3 മഹാപുരോഹിതന്മാര്‍ യേശുവിന്‍റെമേല്‍ പല ആരോപണങ്ങളും ഉന്നയിച്ചു.
4 പീലാത്തൊസ് യേശുവിനോടു മറ്റൊരു കാര്യം കൂടി ചോദിച്ചു, “ഇവര്‍ നിനക്കെതിരായി പല കുറ്റങ്ങളും ആരോപിക്കുന്നു. എന്നിട്ടും നിന്‍റെ രക്ഷയ്ക്കായി നീയെന്താണ് മറുപടിയൊന്നും പറയാത്തത്.”
5 പക്ഷെ യേശു അപ്പോഴും ഒന്നും പറയാത്തതു കണ്ട് പീലാത്തൊസ് അത്ഭുതപ്പെട്ടു.
യേശുവിനെ മോചിപ്പിക്കാനുള്ള പീലാത്തൊസിന്‍റെ വിഫലശ്രമം
(മത്താ. 27:15-31; ലൂക്കൊ. 23:13-25; യോഹ. 18:39-19:16)
6 എല്ലാ പെസഹാനാളിലും പീലാത്തൊസ് ഒരാളെ വീതം തടവില്‍നിന്നും വിട്ടിരുന്നു. ജനങ്ങളാവശ്യപ്പെടുന്ന ആരെയും അയാള്‍ക്കു വിടാമായിരുന്നു.
7 ആ സമയം തടവറയില്‍ ബറബ്ബാസ് എന്നൊരാളുണ്ടായിരുന്നു. അയാള്‍ കലാപകാരികളുടെ കൂടെ തടവിലായിരുന്നു. കലാപങ്ങളിലെ കൊലയാളിയായിരുന്നു അവന്‍.
8 അത്തവണയും ജനങ്ങള്‍ പീലാത്തൊസിനോട് പതിവുപോലെ ഒരാളെ മോചിപ്പിക്കാനാവശ്യപ്പെട്ടു.
9 പീലാത്തോസ് അവരോടു ചോദിച്ചു, “യെഹൂദരാജാവിനെ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരണമോ?”
10 മഹാപുരോഹിതര്‍ അസൂയ കൊണ്ടാണ് യേശുവിനെ തന്നെ ഏല്പിച്ചതെന്ന് പീലാത്തൊസിന് അറിയാമായിരുന്നു.
11 പക്ഷേ യേശുവിനെയല്ലാതെ ബറബ്ബാസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുവാന്‍ മഹാപുരോഹിതര്‍ ജനങ്ങളെ പ്രേരിപ്പിച്ചു.
12 പീലാത്തൊസ് വീണ്ടും അവരോടു ചോദിച്ചു, “എങ്കില്‍ നിങ്ങള്‍ യെഹൂദരുടെ രാജാവെന്നു വിളിക്കുന്ന ഈ മനുഷ്യനെ ഞാനെന്തു ചെയ്യണം?”
13 ജനങ്ങള്‍ വീണ്ടും വിളിച്ചു പറഞ്ഞു, “അവനെ ക്രൂശിക്കുക!”
14 പീലാത്തൊസ് ചോദിച്ചു, “എന്തിനാണ്? അവനെന്തു തെറ്റു ചെയ്തു?”
പക്ഷെ ജനങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, “അവനെ ക്രൂശിക്കുക.”
15 ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തുവാന്‍ പീലാത്തൊസ് ബറബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുത്തു. യേശുവിനെ ചാട്ടവാറുകൊണ്ടടിക്കാനും അയാള്‍ പട്ടാളക്കാരോട് ആജ്ഞാപിച്ചു. അനന്തരം യേശുവിനെ ക്രൂശിക്കുവാന്‍ പീലാത്തൊസ് അവനെ പട്ടാളക്കാരെ ഏല്പിച്ചു.
16 പട്ടാളക്കാര്‍ മുഴുവനും യേശുവിനെ നാടുവാഴിയുടെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. അവര്‍ മറ്റു പട്ടാളക്കാരെയും വിളിച്ചു.
17 അവരവനെ ഒരു ചുമന്ന മേലങ്കി ധരിപ്പിച്ചു. ഒരു മുള്‍ക്കിരീടമുണ്ടാക്കി അത് യേശുവിന്‍റെ തലയിലണിയിച്ചു.
18 അനന്തരം അവര്‍ യേശുവിനെ “യെഹൂദരുടെ രാജാവേ” എന്നു വിളിച്ചു.
19 പട്ടാളക്കാര്‍ അവന്‍റെ തലയില്‍ ഒരു വടി കൊണ്ട് അടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തു. അവര്‍ അവന്‍റെ മുന്പില്‍ മുട്ടുകുത്തി വന്ദിച്ച് അവനെ പരിഹസിച്ചു.
20 അതിനുശേഷം ചുവന്ന മേലങ്കി ഊരി അവന്‍റെ തന്നെ വസ്ത്രങ്ങള്‍ അവര്‍ അവനെ ധരിപ്പിച്ചു. പിന്നെ അവര്‍ അവനെ ക്രൂശിക്കാന്‍ കൊണ്ടുപോയി.
യേശു ക്രൂശിക്കപ്പെടുന്നു
(മത്താ. 27:32-44; ലൂക്കൊ. 23:26-39; യോഹ. 19:17-19)
21 കുറേനക്കാരന്‍ ശിമോന്‍ ആ വഴി കടന്നു പോകുകയായിരുന്നു. അയാള്‍ അലക്സന്തരിന്‍റെയും രൂഫൊസിന്‍റെയും പിതാവായിരുന്നു. അയാള്‍ നാട്ടിന്‍പുറത്തുനിന്നും നഗരത്തിലേക്കു വരികയായിരുന്നു. യേശുവിന്‍റെ കുരിശു ചുമക്കുവാന്‍ പട്ടാളക്കാര്‍ അയാളെ നിര്‍ബന്ധിച്ചു.
22 അവര്‍ യേശുവിനെ ഗൊല്‍ഗോഥായിലേക്കു കൊണ്ടുപോയി. (തലയോട്ടിയുടെ സ്ഥലം എന്നാണീ വാക്കിന്‍റെ അര്‍ത്ഥം)
23 ഗൊല്‍ഗോഥായില്‍ പട്ടാളക്കാര്‍ യേശുവിനെ വീഞ്ഞു കുടിപ്പിക്കുവാന്‍ ശ്രമിച്ചു. അതില്‍ മീറാ കലര്‍ത്തിയിരുന്നു. പക്ഷെ അതു കുടിക്കാന്‍ യേശു വിസമ്മതിച്ചു.
24 പട്ടാളക്കാര്‍ യേശുവിനെ കുരിശില്‍ ചേര്‍ത്തുവച്ച് ആണിയടിച്ചു. അവര്‍ അവന്‍റെ വസ്ത്രം കീറിയെടുത്ത് അവരുടെയിടയില്‍ വീതിച്ചു. ഓരോരുത്തര്‍ക്കും ഏതു വസ്ത്രഭാഗം കിട്ടണമെന്നവര്‍ നറുക്കിട്ടു.
25 യേശുവിനെ അവര്‍ കുരിശില്‍ തറച്ചപ്പോള്‍ കാലത്തു ഒന്‍പതു മണിയായിരുന്നു.
26 യേശുവിനെതിരെയുള്ള കുറ്റം ആ മുദ്രപ്പത്രത്തില്‍ “യെഹൂദരുടെ രാജാവ്” എന്നും രേഖപ്പെടുത്തിയിരുന്നു.
27 അവര്‍ യേശുവിനോടൊപ്പം രണ്ടു കള്ളന്മാരെയും ക്രൂശിച്ചിരുന്നു. ഒരുവനെ അവന്‍റെ ഇടതുവശത്തും മറ്റവനെ അവന്‍റെ വലതുവശത്തും.
28 + ചില ഗ്രീക്കു പതിപ്പുകളില്‍ ഇരുപത്തെട്ടാം വാക്യം “തിരുവെഴുത്തുകള്‍ നിവൃത്തിയാക്കേണ്ടതിന്, അവനെ കുറ്റവാളികളോട് ചേര്‍ത്തു” എന്നു കൂടെ കാണുന്നു.
29 ആ വഴി കടന്നു പോയവരെല്ലാം യേശുവിനെ ദുഷിച്ചു പറഞ്ഞു. അവര്‍ തലയാട്ടിക്കൊണ്ടു പറഞ്ഞു, “നീ ദൈവാലയം പൊളിക്കുമെന്നും മൂന്നു ദിവസം കൊണ്ട് നീ അതു പണിയുമെന്നും പറഞ്ഞു.
30 എങ്കില്‍ നീ തന്നെ നിന്നെ രക്ഷിക്കൂ, കുരിശില്‍ നിന്നിറങ്ങി വരൂ.”
31 മഹാപുരോഹിതരും ശാസ്ത്രിമാരും അവിടെയുണ്ടായിരുന്നു.ജനങ്ങള്‍ ചെയ്തതു പോലെ തന്നെ അവരും യേശുവിനെ പരിഹസിച്ചു. അവര്‍ അന്യോന്യം പറഞ്ഞു. അവന്‍ മറ്റുള്ളവരെ രക്ഷിച്ചു. എന്നാല്‍ സ്വയം രക്ഷിക്കാനവനു കഴിയുന്നില്ല.
32 അവന്‍ യെഹൂദരാജാവായ യഥാര്‍ത്ഥ ക്രിസ്തുവാണെങ്കില്‍ അവന്‍ കുരിശില്‍ നിന്നിറങ്ങി വരട്ടെ. അതു കണ്ടാല്‍ നമുക്കവനില്‍ വിശ്വസിക്കാം. അവനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു.
യേശു മരിക്കുന്നു
(മത്താ. 27:45-56; ലൂക്കൊ. 23:44-49; യോഹ. 19:28-30)
33 ഉച്ചയ്ക്ക് രാജ്യമാകെ ഇരുണ്ടു. മൂന്നുമണി വരെ ഇരുട്ടു തുടര്‍ന്നു.
34 മൂന്നുമണിക്കു യേശു ഉറക്കെ നിലവിളിച്ചു, “എലോഹീ, എലോഹീ, ലമ്മാ ശബ്ബക്താനീ.” ഇതിന്‍റെ അര്‍ത്ഥം ഇങ്ങനെയാണ്, “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീയെന്താണെന്നെ കൈവിട്ടത്?”✡ ഉദ്ധരണി സങ്കീ. 22:1.
35 അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ ഇതു കേട്ടു. അവര്‍ പറഞ്ഞു, “നോക്കൂ അവന്‍ ഏലീയാവെ വിളിക്കുകയാണ്.”
36 ഒരാള്‍ ഓടിച്ചെന്ന് ഒരു നീര്‍പ്പഞ്ഞി കൊണ്ടുവന്നു. അയാള്‍ അതു വിനാഗിരിയില്‍ മുക്കി ഒരു കന്പില്‍ കെട്ടി. അയാള്‍ ആ കന്പ് ഉയര്‍ത്തി യേശുവിന് കുടിക്കാന്‍ നീര്‍പ്പഞ്ഞി കൊടുത്തു. അയാള്‍ പറഞ്ഞു, “അവനെ കുരിശില്‍നിന്നും ഇറക്കാന്‍ ഏലിയാവ് വരുമോ എന്നു നമുക്കു കാണാം.”
37 അപ്പോള്‍ യേശു ഉച്ചത്തില്‍ കരയുകയും അന്ത്യശ്വാസം വിടുകയും ചെയ്തു.
38 യേശു മരിക്കുന്പോള്‍ ദൈവാലയത്തിലെ തിരശ്ശീല രണ്ടായി മുറിഞ്ഞു. മുകളില്‍നിന്ന് താഴെ വരെ അതു കീറി.
39 യേശു എങ്ങനെ മരിച്ചു എന്നത് അവനു മുന്പില്‍ നിന്നിരുന്ന ശതാധിപന്‍ കണ്ടു. അയാള്‍ പറഞ്ഞു, “ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ദൈവപുത്രനായിരുന്നു.”
40 ഏതാനും സ്ത്രീകള്‍ അകലെനിന്ന് എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. അതില്‍ മഗ്ദലമറിയയും ശലോമയും ചെറിയ യാക്കോബിന്‍റെയും യോസെയുടെയും അമ്മയായ മറിയയും ഉണ്ടായിരുന്നു.
41 ഇവര്‍ യേശു ഗലീലയില്‍ ആയിരുന്നപ്പോള്‍ അവനെ അനുഗമിച്ചിരുന്നു. മറ്റനേകം സ്ത്രീകളും അവിടെ ഉണ്ടായിരുന്നു. അവര്‍ യേശുവിനോടൊപ്പം യെരൂശലേമിലേക്കു വന്നവരായിരുന്നു.
യേശുവിനെ സംസ്കരിക്കുന്നു
(മത്താ. 27:57-61; ലൂക്കൊ. 23:50-56; യോഹ. 19:38-42)
42 അത് ഒരുക്കദിവസമായിരുന്നു. (അതായത് ശബ്ബത്തിന്‍റെ തലേന്ന്). അന്തരീക്ഷം ഇരുട്ടി.
43 അരിമത്ഥ്യാക്കാരനായ യോസേഫ് എന്നൊരാള്‍ പീലാത്തൊസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെടാന്‍ ധൈര്യം കാട്ടി. യോസേഫ് യെഹൂദസമിതിയിലെ പ്രധാനപ്പെട്ട ഒരു അംഗമായിരുന്നു. ദൈവരാജ്യം പ്രതീക്ഷിച്ചു കഴിഞ്ഞവനുമായിരുന്നു അയാള്‍.
44 യേശു മരിച്ച വാര്‍ത്ത പീലാത്തൊസിനെ അത്ഭുതപ്പെടുത്തി. യേശുവിനു കാവല്‍ നിന്ന ശതാധിപനെ പീലാത്തൊസ് വിളിച്ചു. യേശു മരിച്ചുകഴിഞ്ഞോ എന്നയാളോടു ചോദിച്ചു.
45 യേശു മരിച്ചെന്നയാള്‍ പറഞ്ഞു. യേശുവിന്‍റെ ശരീരം പീലാത്തൊസ് യോസേഫിനു വിട്ടുകൊടുത്തു.
46 യോസേഫ് കുറച്ചു നേരിയതുണി കൊണ്ടുവന്ന് യേശുവിന്‍റെ ശരീരം കുരിശില്‍ നിന്നിറക്കി നേരിയതുണിയില്‍ പൊതിഞ്ഞു. പാറയില്‍ വെട്ടിയുണ്ടാക്കിയ കല്ലറയില്‍ അയാള്‍ യേശുവിന്‍റെ ശരീരം വെച്ചു. ഒരു വലിയ കല്ലുകൊണ്ട് കല്ലറയുടെ വാതിലും അടച്ചു.
47 മഗ്ദലമറിയയും യോസെയുടെ മാതാവായ മറിയയും അവന്‍റെ ശരീരം വച്ച സ്ഥലം കണ്ടു.