യേശു ഉയിര്‍ത്തെഴുന്നേറ്റു
(മത്താ. 28:1-8; ലൂക്കൊ. 24:1-12; യോഹ. 20:1-10)
16
ശബ്ബത്തുദിനത്തിന്‍റെ പിറ്റേന്ന് മഗ്ദലമറിയയും ശലോമയും യാക്കോബിന്‍റെ അമ്മയായ മറിയയും യേശുവിനെ പൂശുന്നതിനായി സുഗന്ധതൈലങ്ങള്‍ വാങ്ങി. ആഴ്ചയിലെ ആദ്യദിവസം അതിരാവിലെ, അവര്‍ കല്ലറയിങ്കലേക്കു ചെന്നു. സൂര്യോദയം ആരംഭിച്ചതേയുള്ളൂ. ആ സ്ത്രീകള്‍ പരസ്പരം പറഞ്ഞു, “കല്ലറയുടെ വാതിലടയ്ക്കുന്ന ഒരു കല്ലുണ്ട്. നമുക്കു വേണ്ടി ആരത് മാറ്റും?”
അപ്പോള്‍ അവര്‍ നോക്കിയപ്പോള്‍ കല്ലു ഉരുട്ടിമാറ്റിയിരിക്കുന്നതു കണ്ടു. വളരെ വലിയതായിരുന്നിട്ടും ആ കല്ല് വളരെ ദൂരേക്കു മാറ്റിയിരിക്കുന്നതായി കണ്ടു. അവര്‍ കല്ലറയിലേക്കു നടന്നു. വെളുത്ത അങ്കി ധരിച്ചൊരു ചെറുപ്പക്കാരനെ അവര്‍ കണ്ടു. അവന്‍ കല്ലറയുടെ വലതുഭാഗത്ത് ഇരിക്കുകയായിരുന്നു. സ്ത്രീകള്‍ ഭയന്നു.
പക്ഷെ അയാള്‍ പറഞ്ഞു, “ഭയപ്പെടേണ്ട. നിങ്ങള്‍ ക്രൂശിക്കപ്പെട്ട നസറെത്തുകാരനായ യേശുവിനെ അന്വേഷിക്കുന്നു. അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവനിവിടെയില്ല. ‘നോക്കൂ, അവന്‍ മരിച്ചപ്പോള്‍ ഇവിടെയാണവനെ അടക്കിയത്. നിങ്ങള്‍ ചെന്ന് അവന്‍റെ ശിഷ്യന്മാരോടും പ്രത്യേകിച്ച് പത്രൊസിനോടും ഇങ്ങനെ പറയുക. യേശു ഗലീലയിലേക്കു പോകുന്നു. നിങ്ങളെക്കാള്‍ മുന്പേ അവനവിടെയെത്തും. അവന്‍ നിങ്ങളോടു മുന്പു പറഞ്ഞതുപോലെ നിങ്ങള്‍ക്കവിടെ അവനെ കാണാം.’”
ആ സ്ത്രീകള്‍ വളരെ ഭയപ്പെടുകയും പരിഭ്രമിക്കുകയും ചെയ്തു. അവര്‍ കല്ലറയില്‍നിന്നും ഓടിപ്പോയി. ഭയചകിതരായതിനാല്‍ അവര്‍ ആരോടും ഒന്നും പറഞ്ഞില്ല.+ ചില ഗ്രീക്കു കൈയെഴുത്തുകളില്‍ ഈ വാക്യത്തോടു കൂടെ പുസ്തകം അവസാനിക്കുന്നു.
ചില ശിഷ്യന്മാര്‍ യേശുവിനെ കാണുന്നു
(മത്താ. 28:9-10; യോഹ. 20:11-18; ലൂക്കൊ. 24:13-35)
ആഴ്ചയിലെ ആദ്യ ദിവസം പുലര്‍ച്ചയ്ക്കു തന്നെ യേശു ഉയിര്‍ത്തെഴുന്നേറ്റു. അവന്‍ ആദ്യം മഗ്ദലമറിയയ്ക്കു പ്രത്യക്ഷനായി. ഒരിക്കല്‍ അവന്‍ ഏഴു അശുദ്ധാത്മാക്കളെ അവളില്‍നിന്നും ഒഴിപ്പിച്ചതാണ്. 10 അവള്‍ വിവരം യേശുവിന്‍റെ ശിഷ്യന്മാരുടെ അടുത്തെത്തിച്ചു. അവര്‍ വളരെ ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരിക്കുകയായിരുന്നു. 11 പക്ഷെ യേശു ജീവിച്ചിരിപ്പുണ്ടെന്ന് മറിയ അവരോടു പറഞ്ഞു. താന്‍ അവനെ കണ്ടെന്നും അവള്‍ പറഞ്ഞു. പക്ഷെ ശിഷ്യന്മാര്‍ അവളെ വിശ്വസിച്ചില്ല.
12 പിന്നീട് രണ്ടു ശിഷ്യന്മാര്‍ വെളിന്പ്രദേശത്തിലൂടെ നടക്കുന്പോള്‍ യേശു അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. അവന്‍ കൊല്ലപ്പെടും മുന്പ് ഉണ്ടായിരുന്ന രൂപത്തിലായിരുന്നില്ല പ്രത്യക്ഷപ്പെട്ടത്. 13 ആ ശിഷ്യന്മാര്‍ മടങ്ങിച്ചെന്ന് സംഭവിച്ചതു മറ്റു ശിഷ്യന്മാരോടു പറഞ്ഞു. ഈ രണ്ടു പേരുടെ വാക്കും അവര്‍ വിശ്വസിച്ചില്ല.
യേശു ശിഷ്യന്മാരോടു സംസാരിക്കുന്നു
(മത്താ. 28:16-20; ലൂക്കൊ. 24:36-49; യോഹ. 20:19-23; അ.പ്രവ. 1:6-8)
14 പിന്നീട് പതിനൊന്നു ശിഷ്യന്മാരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ യേശു അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. അവരുടെ വിശ്വാസക്കുറവിന് യേശു അവരെ ശാസിച്ചു. ഉയിര്‍ത്തെഴുന്നേല്പിനു ശേഷം അവനെ കണ്ടവരെ വിശ്വസിക്കാത്തതിനും അവരുടെ ഹൃദയകാഠിന്യത്തിനുമാണവന്‍ ശാസിച്ചത്.
15 യേശു അവരോടു പറഞ്ഞു, “ലോകത്തിലെന്പാടും പോകൂ. എല്ലാവരോടും സുവിശേഷം പ്രസംഗിക്കൂ. 16 വിശ്വസിക്കുകയും സ്നാനപ്പെടുകയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും. 17 വിശ്വസിക്കുന്നവര്‍ക്ക് ഈ കഴിവുകള്‍ അടയാളമായി ഉണ്ടാകും. ഭൂതങ്ങളെ അവര്‍ എന്‍റെ നാമത്തില്‍ ഒഴിപ്പിക്കും. അവര്‍ ഒരിക്കലും പഠിക്കാത്ത ഭാഷകള്‍ സംസാരിക്കും. 18 അവര്‍ പാന്പുകളെ കൈയിലെടുക്കും, വിഷം കുടിച്ചാലും അവര്‍ക്കൊരു ദൂഷ്യവും വരികയില്ല. അവര്‍ രോഗികളുടെമേല്‍ സ്പര്‍ശിച്ചാല്‍ രോഗികള്‍ സുഖപ്പെടും.”
യേശു സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങിപ്പോകുന്നു
(ലൂക്കൊ. 24:50-53; അ.പ്രവ. 1:9-11)
19 ശിഷ്യന്മാരോട് കര്‍ത്താവായ യേശു ഇതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. അവിടെ യേശു ദൈവത്തിന്‍റെ വലതുവശത്തിരിക്കുന്നു. 20 ശിഷ്യന്മാര്‍ എല്ലായിടങ്ങളിലും സഞ്ചരിച്ച് സുവിശേഷം ജനങ്ങളില്‍ എത്തിച്ചു. കര്‍ത്താവ് അവരെ സഹായിച്ചു. സുവിശേഷം സത്യമാണെന്ന് കര്‍ത്താവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിനായി വീര്യപ്രവൃത്തികള്‍ കാട്ടാനുള്ള കഴിവ് അവന്‍ ശിഷ്യന്മാര്‍ക്കു നല്‍കി.